Image

ഓണം വന്നോണം വന്നേ...(ശ്രീപാര്‍വ്വതി)

Published on 05 September, 2014
ഓണം വന്നോണം വന്നേ...(ശ്രീപാര്‍വ്വതി)
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ...
എത്ര മനോഹരമായ ആചാരങ്ങള്‍ അല്ലേ? പണ്ട്‌ പണ്ടൊരു രാജാവുണ്ടായിരുന്നു മഹാബലി. അസുരന്‍മാരുടെ ചക്രവര്‍ത്തിയുടെ മഹായാഗത്തില്‍ അസൂയ പൂണ്ട ദേവേന്ദ്രന്‍ ലോക സമാധാനത്തിനായി മഹാവിഷ്‌ണുവിനോടഭ്യര്‍ത്ഥിച്ച്‌ മഹാബലിയെ ഭൂമിയില്‍ നിന്ന്‌ അപ്രത്യക്ഷമാക്കുന്നു. മൂന്നടി മണ്ണു ചോദിച്ചു വന്ന വാമന വേഷത്തിനുള്ളിലെ സൂത്രശാലിയായ മഹാവിഷ്‌ണുവിനെ തിരിച്ചറിയാതെ ആവശ്യമുള്ളത്‌ ദാനമായി കൊടുക്കുന്ന വിശാലഹൃദയം ഒന്നും രണ്ടും പാദങ്ങള്‍ക്കു ശേഷം മൂന്നാമത്തെ കാലടിയ്‌ക്കായി മഹാബലിയുടെ തലയില്‍ സ്‌പര്‍ശിക്കുന്ന ദേവന്‍. ഓണത്തിനെ സംബന്ധിച്ച്‌ കേട്ടു പഴകിയ കഥകള്‍ ഇപ്രകാരമൊക്കെയാണ്‌, ഇതിന്റെ ചരിത്രമോ സാംഗത്യമോ നമ്മള്‍ അന്വേഷിക്കാറുമില്ല, അതിവിടെ പ്രസക്തവുമല്ല. ഓണത്തിന്‍റെ ആശയമാണ്‌, പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്‌. ഗൃഹാതുരതകളാണ്‌, മലയാളികള്‍ ഏറ്റു വാങ്ങുന്നത്‌.

മലയാളിയുടെ ഓണം

ഓണത്തിനു പത്തു ദിവസം മുന്‍പ്‌ തുടങ്ങുകയായി ഒരുക്കങ്ങള്‍. പല ഗ്രാമ പ്രദേശങ്ങളിലും ഇപ്പോഴും പത്തു ദിവസവും ഓണപ്പൂക്കളമുണ്ടാകും. ആദ്യം നിലം മെഴുകി, തുളസി, തുമ്പ എന്നിവ നടുക്ക്‌ വച്ച്‌ അങ്ങനെ അങ്ങനെ. ഇനിയിപ്പോള്‍ മറ്റൊന്നും കിട്ടിയില്ലെങ്കിലും ഒരു തുമ്പ പൂ കൊണ്ടും കാര്യം സാധിക്കാം. പക്ഷേ ഏറ്റവും വിഷമകരമായ സത്യം തുമ്പപൂക്കള്‍ ഇന്ന്‌ പറമ്പുകളില്‍ കാണാനാവുന്നില്ല എന്നതാണ്‌. റമ്പര്‍ മരങ്ങളുടെ അതി പ്രസരം നമ്മുടെ പല നാടന്‍ ഹച്ചെടികളേയും അപ്രത്യക്ഷമാക്കിയ കൂട്ടത്തില്‍ തുമ്പ ചെടികളേയും പൂക്കളേയം കൊന്നു കളഞ്ഞിരിക്കുന്നു എന്നുള്ളതാണ്‌.

പൂക്കളമിടല്‍ ഇന്ന്‌ പലയിടങ്ങലിലും മത്സരമാണ്‌. സ്‌കൂളുകലും റെസിഡന്‍റ്‌സ്‌ അസോസിയേഷനുകളും പൂക്കളമിടീല്‍ മത്സരം നടത്തുന്നു. അത്‌ലൊങ്ങുന്നു നമ്മുടെ അത്തപ്പൂക്കളമാഹാത്മ്യം. എങ്കിലും സോഷ്യല്‍ മീഡിഅയകളുടെ അതി പ്രസരം കൊണ്ടാണെന്നു തോന്നുന്നു ഫെയ്‌സ്‌ബുക്കിലെ ഫോട്ടോ പോസ്റ്റിങ്ങിനു വേണ്ടി അത്തപ്പൂക്കളമിടുന്നവരും കുറവല്ല. പൂക്കളമിടുന്നതിന്‌, ഒരു ശൈലിയുണ്ടെന്നാണ്‌, പറയുക. എന്നാല്‍ ഇന്നോ അത്‌ മത്സരയിനമെന്ന നിലയില്‍ ചുരുങ്ങിയിരിക്കുന്നു. എങ്കിലും ആശ്വസിക്കാം അത്തപ്പൂക്കളങ്ങള്‍ അന്യം നിന്ന്‌ പോയില്ലല്ലോ.

ഓണക്കാലം ഏറ്റവുമധികം ഓര്‍മ്മിപ്പിക്കുന്നത്‌ കലാലയകാലത്തെയാണ്‌. തളിരിട്ടു നില്‍കുന്ന ബദാം മരച്ചുവട്ടില്‍ രണ്ടു ടീമുകളായി നടത്തുന്ന വടം വലി, പൂക്കളമിടല്‍ ...
പൂക്കള മത്സരത്തിനു ഒരിക്കല്‍ ഞങ്ങളുടെ ക്ലാസ്സിനായിരുന്നു ഒന്നാം സമ്മാനം അനൌണ്‍സ്‌ ചെയ്‌തത്‌. പക്ഷേ അഞ്ചു മിനിറ്റിനു ശെഷം മറ്റൊരു ആനൌണ്‍സ്‌മെന്‍റ്‌, കേള്‍ക്കുന്നു, ഒരു തെറ്റിപ്പോയ ഫലപ്രഖ്യാപനത്തിന്‍റെ സങ്കടത്തില്‍ ഞങ്ങളെല്ലാം ആവിയായിപ്പോയി. അന്നു പക്ഷേ അതും ഞങ്ങളാഘോഷിച്ചു. ഞങ്ങളെ ആരു തോല്‍പ്പിക്കാന്‍ എന്ന മട്ടില്‍ ക്ലാസ്സുകള്‍ തോറും കയറി നടന്ന്‌ മാവേലിയോടൊപ്പം മിഠായി വിതരണം നടത്തി. ക്ലാസ്സിലെ പാട്ടുകാരനായ സുമേഷ്‌ ഓണപ്പാട്ടുകള്‍ പാടി. ഓണത്തിന്‍റെ നിലാവു പെയുന്നത്‌ എപ്പോഴും ക്ലാസ്സ്‌ റൂമുകളില്‍ തന്നെയാണെന്ന്‌ ആ ഓരോ വര്‍ഷവും ഞങ്ങളെ ഓരോരുത്തരേയും പഠിപ്പിച്ചു കൊണ്ടിരുന്നു.

പ്രവാസിയുടെ ഓണം

മലയാളിയുടെ ഓണം എന്നാല്‍ ഇന്ന്‌ പ്രവാസിയുടെ ഓണമാണെന്ന്‌ പല പ്രവാസി സുഹൃത്തുക്കളും പറയുന്നു. അസോസിയേഷനിലെ എല്ലാ കുടുംബവും ഒത്തു കൂടി പാട്ടും ബഹളവും, ഭക്ഷണം പങ്കു വയ്‌ക്കലും എല്ലാം. ഒത്തൊരുമയുടെ ഓണം യഥാര്‍ത്ഥത്തില്‍ ആഘോഷിക്കുന്നത്‌ പ്രവാസികളാനെന്നു തോന്നിപ്പോയി അതു കേട്ടപ്പോള്‍. പണ്ട്‌ ഓണത്തിനു തറവാട്ടില്‍ എല്ലാവരും എത്തിച്ചേരുമായിരുന്നു. മുത്തശ്ശനും മുത്തശ്ശിയും, പലതരം വിഭവങ്ങളും കളികളും. അയല്‍വാസികള്‍ വരെ പങ്കെടുക്കും. അവിടെ ഹിന്ദു വെന്നോ മുസ്ലീമെന്നോ ഇല്ല. എല്ലാം കൂട്ടുകാര്‍. വടം വലി, കണ്ണുപൊത്തിക്കളി, കള്ളനും പോലീസും കളി അങ്ങനെ അങ്ങനെ.. ഇന്ന്‌ ഓണക്കളികള്‍ നാട്ടിന്‍പുറത്തെ ക്ലബ്ബുകാരുടെ വകയാണ്‌. അവിടെ എല്ലാവരും ഒത്തു കൂടുന്നു. പക്ഷേ വീടുകളിലെ ഓണം എപ്പൊഴോ അവസാനിച്ചുപോയില്ലേ? അക്കാര്യത്തില്‍ പ്രവാസികളോട്‌ അസൂയ തോന്നാറുണ്ടെന്ന്‌ നാട്ടിലുള്ളവര്‍ പറയാറുണ്ട്‌. ഒരുമിച്ചു ചേരുന്ന ഓണത്തിന്‍റെ ആശയത്തെ ഉള്‍ക്കോള്ളുന്നതില്‍.

ഓണസദ്യ

നല്ല തൂശനില വച്ച്‌ ഇഞ്ചിക്കറി, ഉപ്പുമാങ്ങ, അവിയല്‍, പായസം. നാലു ഓണത്തിനും നാലു തരം പായസം. അല്ലെങ്കില്‍ ഓരോ ദിവസം ഓരോ വീടുകള്‌ലാവുമ്‌ ഓണസദ്യ ണ്ണുക. ഒരു ദിവസം സ്വന്തം വീട്ടില്‍ അടുത്ത ദിബസം അമ്മയുടെ തറവാട്ടില്‍, പിന്നെടൊരു ദിവസം അച്ഛന്‍റെ വീട്ടില്‍. ചുരുക്കത്തില്‍ പറഞ്ഞാല്‍ ബാല്യകാലത്ത്‌ ഓണമെന്നാല്‍ സദ്യയാണ്‌. പൂക്കളത്തേക്കാളും ഓണക്കോടിയേക്കാളും ഇഷ്ടവും അതിനോടു തന്നെ. പിന്നെ ഉത്രാടത്തിനു ഓണചന്തയില്‍ ക്യൂ നിന്ന്‌ വാങ്ങിയ ഏത്തക്കായ്‌ വറുത്ത ഉപ്പേരി. ക്യൂ നില്‍ക്കാന്‍ അമ്മയോടൊപ്പം പോകുന്നതു തന്നെ ഉത്രാടം കാണാനാണ്‌. നിറയെ ആള്‍ക്കാര്‍, കുട്ടികള്‍, പച്ചക്കറികള്‍, ഇടയ്‌ക്കിടയ്‌ക്ക്‌ ബഹളങ്ങള്‍, ചില്ലറ വഴക്കുകള്‍, അമ്മ വാങ്ങുന്ന വലിപ്പമുള്ള ഏത്തയ്‌ക്ക. വൈകുന്നേരം അതുകൊണ്ടുണ്ടാക്കിയ ഉപ്പേരി. ഉപ്പേരി ഉണ്ടാക്കിയാലും ഏത്തയ്‌ക്കാ തൊണ്ട്‌ കളയില്ല, എടുത്തു വച്ച്‌ പിറ്റേന്ന്‌ അത്‌ തോരന്‍ വയ്‌ക്കാറുണ്ട്‌. പായസത്തില്‍ പ്രഥമനാണ്‌, മുന്‍ഗണന. സേമിയാ പായസം ഇഷ്ടമായതു കൊണ്ട്‌ ഒരു ദിവസം അതും വയ്‌ക്കാറുണ്ട്‌.

ഓണത്തിനിടയ്‌ക്ക്‌ പൂട്ടു കച്ചവടം

ഇന്നസെന്‍റിന്‍റെ മാവേലിയും ജഗതിയുടെ ശിഷ്യനും ഓണത്തിന്‍റെ തനതായ ഒരു മാസ്റ്റര്‍പീസാണ്‌. പണ്ടുകാലത്ത്‌ കാസറ്റുകളിലും സിഡിയിലും ഒതുങ്ങി നിന്ന ഡ്യൂപ്ലിക്കേറ്റ്‌മഹാബലിയും ശിഷ്യനും ഇന്ന്‌ ടിവി പ്രേക്ഷകരെ ഇരുത്തി ചിരിപ്പിക്കുന്നു . ടിവിയുടെ മുന്നില്‍ നിന്ന്‌ എഴുന്നേറ്റു പോകാന്‍ സ്‌മയമില്ലാതെ എല്ലാവരും അടിമകളായിരിക്കുന്നു, പ്രത്യേകിച്ച്‌ ഓണക്കാലത്ത്‌. ഓരോ ചാനലിലും മറി മാറി പുതിയ സിനിമകള്‍, തമാശകള്‍ , അടുക്കള പണി നേരത്തെ തീര്‍ക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്ന വീട്ടമ്മമാര്‍ വരെ ഉണ്ടെന്നുള്ളതാണ്‌, തമാശ. അവര്‍ പറയുന്നതിലും കാര്യമിലാതില്ല എന്നുള്ളതാണ്‌, സത്യം, തീയറ്ററില്‍ പോയി എന്തായാലും ഇത്രയും സിനിമ കാണാന്‍ കഴിയില്ല, അപ്പോള്‍ പിന്നെ ഓണത്തിനു വീട്ടിലെ ടിവിയില്‍ എങ്കിലും കാണാന്‍ കഴിയണ്ടേ?

ഓണക്കോടി

പണ്ടൊന്നും ഓണക്കോടി കിട്ടാറില്ല. സദ്യ ഉണ്ണുന്നതാണ്‌, പ്രധാനം, അതുകൊണ്ടു തന്നെ കോടിയുടെ കാര്യം അത്ര വിഷയമാക്കാറുമില്ല. എന്നാലും ചില ഓണങ്ങള്‍ക്ക്‌ ഓണക്കോടി ലഭിച്ചിട്ടുണ്ട്‌. അച്ഛന്‍ വാങ്ങി തരുന്ന വസ്‌ത്രങ്ങള്‍ അല്ലെങ്കിലും ഇഷ്ടമായിരുന്നു. അപാരമായ തിരഞ്ഞെടുപ്പാണ്‌, അച്ഛന്‍റേത്‌. നല്ല കളര്‍ സെന്‍സ്‌, സ്‌റ്റൈല്‍... ഇന്നിപ്പോള്‍ എല്ലാ ഓണത്തിനും ആചാരം പോലെ വസ്‌ത്രമെടുക്കാറുണ്ട്‌. ഓണക്കോടി എന്ന പേരില്‍. എങ്കിലും ഓണക്കോടി എന്ന ആശയത്തോട്‌ അത്ര താല്‍പ്പര്യമില്ലാത്തതു കൊണ്ടാവാം അത്തരം പരിപാടിയേക്കാള്‍ കൂടുതല്‍ ചിന്തിക്കുക ഓണത്തിനു എന്ത്‌ പ്രത്യേകമായി ഭക്ഷണമുണ്ടാക്കാന്‍ കഴിയും എന്നാണ്‌, അല്ലെങ്കില്‍ എവിടെയ്‌ക്ക്‌ ഒരു യാത്ര പോകാന്‍ കഴിയും എന്നാണ്‌.

ഓണത്തിന്റെ കഥകള്‍ കേരള സംസ്‌കാരത്തിന്‍റെ ഒരു വാഴ്‌ത്തുപാട്ട്‌ തന്നെയാണ്‌. ഇതിനിടയില്‍ മഹാബലിയും വാമനനും ഒന്നും വന്നിരുന്നില്ലെങ്കിലും ഈ ദിനങ്ങള്‍ നമ്മല്‍ ആഘോഷിച്ചേനേ. കൊയ്‌ത്തു പാട്ടിന്‍റെ താളത്തിലൂടെ ഞാറ്റുവേലയിലൂടെ ചൂടിലും ചൂരിലൂടെയും. മഹാബലി എന്ന അസുര രാജാവ്‌ കേരളമാണോ ഭരിച്ചത്‌ അതൊ മറ്റേതെങ്കിലും സ്ഥലമാണോ എന്ന്‌ ഇപ്പൊഴും അര്‍ത്ഥവിരാമിമിട്ട്‌ പലരും ചോദിക്കുന്ന ചോദ്യമാണ്‌. മഹാബലിയെ പാതാളത്തിലേയ്‌ക്ക്‌ ചവിട്ടി താഴ്‌ത്തുകയല്ല, അനുഗ്രഹിച്ചയക്കുകയായിരുന്നു എന്ന്‌ ഇതിഹാസങ്ങള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌, കഥയെന്തുമാകട്ടെ, ഓണക്കാലം മലയാളിയ്‌ക്ക്‌ ആഘോഷിക്കാനുള്ളതു തന്നെയാണ്‌. മഴ കഴിഞ്ഞ്‌ വസന്തത്തിന്‍റെ തേരോട്ടത്തില്‍ ഫലവൃക്ഷങ്ങള്‍ പൂകുകയും കായ്‌ക്കുകയും പൂക്കള്‍ ശോഭപരത്തുകയും ചെയ്യുന്ന സമയം, പത്തായത്തില്‍ അരി നിറയ്‌ക്കുന്ന സമയം, ഇന്നിപ്പോള്‍ ഞാറ്റുവേലയും പത്തായവുമൊക്കെ നഷ്ടകാലത്തിന്‍റെ വിഴിപ്പു ചുമന്ന്‌ അവശരായിരിക്കുന്നു.

ഓണത്തിനിപ്പോള്‍ ഒരു ടെക്കി മുഖമാണ്‌. സോഷ്യല്‍ മീഡിയകളില്‍ മുഖം പരതി നടക്കുന്നവര്‌ക്ക്‌ പോസ്റ്റുകളിടാന്‍ വേണ്ടി ഓണം പെട്ടെന്നു വരാന്‍ പ്രാര്‍ത്ഥിക്കുന്ന പലരേയും കണ്ടു. അത്തപ്പൂക്കളം, ഓണസദ്യ, ഓണക്കോടി , അങ്ങനെ മലയാളിയ്‌ക്ക്‌ മറക്കുവാനാകാത്ത പലതിലേയ്‌ക്കും സോഷ്യല്‍ മീഡിയ ഇറങ്ങി നടക്കുമ്പോള്‍ പ്രവാസികളെന്നോ നാട്ടിന്‍പുറത്തുകാരെന്നോ ഇല്ലാതെയാകുന്നു എന്ന നേട്ടമുണ്ട്‌. എല്ലാവരും ഒരുമിച്ച്‌ ഓണമാഘോഷിക്കുക, ഓണസന്ദേശങ്ങള്‍ പരസ്‌പരം കൈമാറുക, അല്ലാ ഇതൊക്കെ തന്നെയല്ലേ ഓണത്തിന്‍റെ കൂടിച്ചേരല്‍. അപ്പോള്‍ പിന്നെ സോഷ്യല്‍ മീഡിയയെ കുറ്റം പറയാനാകില്ല. മലയാളിയ്‌ക്ക്‌ എന്നും ഹൃദയത്തോട്‌ ചേര്‍ത്തു വയ്‌ക്കാന്‍ അങ്ങനെ കുറച്ചു ദിവസങ്ങളല്ലേ ഉള്ളൂ.
ഓണം വന്നോണം വന്നേ...(ശ്രീപാര്‍വ്വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക