Image

വീണ്ടും ഓണം (ജെയിന്‍ ജോസഫ്‌)

Published on 05 September, 2014
വീണ്ടും ഓണം (ജെയിന്‍ ജോസഫ്‌)
ഏതൊരു പ്രവാസിയുടേയും മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന വാക്കാണ്‌ ഓണം. ഓര്‍മ്മകളിലെ ഓണത്തിന്‌ നിറമേറെയാണ്‌. മലയാളിയുടെ മനസിലെ നിറമേറിയ ഓണമോര്‍മ്മകള്‍ പലപ്പോഴും കുട്ടിക്കാലത്തെ ഓണങ്ങളുടെതാണ്‌. ഉത്തരവാദിത്വങ്ങളുടേയും പ്രാരാബ്‌ദങ്ങളുടെയും അല്ലലുകളില്ലാതെ , പൂത്തുമ്പിയോടു കൂട്ടുകൂടിയും , പൂവട്ടിയുമായി പൂക്കള്‍ തേടി നടന്നും, പിന്നെ മത്സരിച്ച്‌ പൂക്കളങ്ങള്‍ തീര്‍ത്തും ,കൂട്ടുകാരോടൊത്ത്‌ ഊഞ്ഞാലാടി തിമിര്‍ത്തും നടന്ന ഓണക്കാലങ്ങള്‍ ! അഛനും , അമ്മയും, മുത്തശ്ശനും , മുത്തശ്ശിയും , ബന്ധുജനങ്ങളുമൊക്കെയായി തറവാടുവീടുകളില്‍ ആഘോഷിച്ചിരുന്ന ഓണം കുടുംബസമാഗമങ്ങളുടെ വേദിയായിരുന്നു. എല്ലാവരും ഒത്തുചേര്‍ന്നുണ്ടാക്കുന്ന സദ്യവട്ടങ്ങള്‍ ഓണത്തിന്റെ രുചിഭേദങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം , കുടുംബബന്ധങ്ങളുടെ രസക്കൂട്ടും ഭദ്രമാക്കി .

കാലച്ചക്രത്തിനനുസരിച്ചു വരുന്ന മാറ്റങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്‌. ഇന്ന്‌ ആഘോഷങ്ങളൊക്കെ കച്ചവടവത്‌ക്കരിക്കപ്പെട്ടിരിക്കുന്നു .പ്ലാസ്റ്റിക്‌ പൂക്കളും , പ്ലാസ്റ്റിക്‌ ഇലകളും , ഓര്‍ഡര്‍ കൊടുത്താല്‍ വീട്ടിലെത്തുന്ന ഓണസദ്യയുമൊക്കെ , മലയാളിയുടെ ഓണാഘോഷങ്ങളെ ആയാസരഹിതമാക്കിയിരിക്കുന്നു.

കച്ചവടവത്‌ക്കരണം നല്ലതോ ചീത്തയോ ആവട്ടെ , ആഘോഷങ്ങളുടെ ആത്മാവ്‌ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ നമുക്ക്‌ സാധിക്കുന്നുണ്ടോ ?

സമത്വത്തിന്റെയും , സാഹോദര്യത്തിന്റെയും, നന്മയുടേയും സന്ദേശമാണ്‌ ഓണം മലയാളിക്ക്‌ നല്‍കുന്നത്‌

ഓണം ഒരു ഓര്‍മ്മപ്പെടുത്തലാണ്‌; ഒരു നല്ല നാളിന്റെ ഓര്‍മ്മപ്പെടുത്തല്‍ ! ഓണം ഒരു ആഹ്വാനമാണ്‌ . നന്മ നിറഞ്ഞ ഒരു പുതുതലമുറക്കായി ; അതുവഴി ആപത്തും , അനര്‍ത്ഥവും , പൊളിവചനവും ഇല്ലാത്ത ഒരു നല്ല നാളേക്കായുള്ള ആഹ്വാനം !

നമ്മുടെ ബാല്യത്തിലെ നിറമേറിയ ഓര്‍മ്മകള്‍ പോലെ നമ്മുടെ കുഞ്ഞുങ്ങളുടെ മനസിലും തങ്ങി നില്‍ക്കുന്ന , നന്മയുടെ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒരോണം നമ്മുക്കൊരുക്കാം. പൂക്കള്‍ പ്ലാസ്റ്റിക്‌ ആയാലും , മുറ്റത്ത്‌ പൂവിട്ടതായാലും നമ്മളിടുന്ന പൂക്കളങ്ങള്‍ , നമ്മുടെ പൈതൃകത്തിന്റെ , സംസ്‌കാരത്തിന്റെ പ്രതീകങ്ങളാവട്ടെ .

എല്ലാവര്‍ക്കും ഓണാശംസകള്‍.

ജെയിന്‍ ജോസഫ്‌
വീണ്ടും ഓണം (ജെയിന്‍ ജോസഫ്‌)
Join WhatsApp News
Tom Mathews 2014-09-08 04:49:43
Dear Jane: Your write-up on Onam brings infinite memories of the care-free childhood years in Kerala, when everything and everybody had the scent of innocence and unconditional love . All I can say is "Thanks for the memories" to you, Jane. Tom Mathews, New Jersey
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക