Image

ശ്രീനാരായണഗുരുവിന്റെ അനശ്വര ജീവിത ദര്‍ശനങ്ങള്‍ (ജി. പുത്തന്‍കുരിശ്‌)

Published on 08 September, 2014
ശ്രീനാരായണഗുരുവിന്റെ അനശ്വര ജീവിത ദര്‍ശനങ്ങള്‍ (ജി. പുത്തന്‍കുരിശ്‌)
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഉദാരമാനുഷിക ദര്‍ശനത്തിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആധുനികകേരളത്തിന്‌ തുടക്കമിട്ട സന്യാസിവര്യന്‍ ആയിരത്തി എണ്ണൂറ്റി അമ്പത്തിയാറ്‌ ആഗസ്‌റ്റ്‌ ഇരുപതിന്‌ തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയില്‍ ജനിച്ചു. മഹാനായ യോഗി, സാമൂഹികപരിഷ്‌കര്‍ത്താവ്‌, നവോത്ഥാനകാലഘട്ടത്തിന്റെ നായകന്‍, കവി, ആദ്ധ്യാത്‌മികാചാര്യന്‍ എന്നീ നിലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ കാലദേശങ്ങളെ ഉലംഘിച്ചു നില്‌ക്കുന്നു. ആദ്ദേഹത്തിന്റെ കവിതകളും ഗദ്ധ്യകവിതകളും അടുങ്ങുന്ന എഴുപതോളം കൃതികളും ഏകദേശം ആറു ലേഖനങ്ങളും സത്യാന്വേഷികള്‍ക്കും മതങ്ങള്‍ക്കപ്പുറത്ത്‌ മനുഷ്യരെ അന്വേഷിക്കുന്നവര്‍ക്ക്‌ വഴികാട്ടിയായി നമ്മളോടൊപ്പം ഇന്നും നിലകൊള്ളുന്നു. തത്വശാസ്‌ത്രത്തിലൂടേയും, കവിതയിലൂടേയും, സാമൂഹ്യഉദ്‌ബോധനങ്ങളിലൂടേയും അദ്ദേഹം മനുഷ്യരാശിയെ ഏകതയില്‍ എത്തിക്കാന്‍ നല്‍കിയ സംഭാവനകള്‍ അനിര്‍വ്വചനീയമാണ്‌.

ഗദ്യപ്രാര്‍ത്ഥനയില്‍ കാണപ്പെടുന്നൊതൊക്കെയും സ്ഥൂലം, സൂഷ്‌മം, കാരണം എന്നീ മൂന്നു രൂപങ്ങളോട്‌കൂടിയതും, പരമാതമാവില്‍നിന്നുമുണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു അതിനാല്‍ പരമാത്‌മാവല്ലാതെ വേറൊന്നുമില്ല എന്ന ചിന്തകളിലൂടെ ഭൗതികതക്കപ്പുറത്ത്‌ മറഞ്ഞു നില്‌ക്കുന്ന അദൃശ്യലോകത്തിന്റെ വാതായനം നമ്മള്‍ക്കായി തുറന്നിടുന്നു. അയ്യോ ഇത്‌ എന്തോന്ന്‌ ഇന്ദ്രജാലമാണ്‌ ഈ പ്രപഞ്ചം! വെളിയില്‍ കാണുന്നതുമല്ല ഇന്ദ്രിയങ്ങളോടുകൂടി വരുന്നതുമല്ല. പിന്നെ എങ്ങനെയാണ്‌ നിര്‍ഹേതുകമായി കാണപ്പെടുന്നതെന്നും ചോദിച്ചാല്‍, അത്‌ അവിചാരദശയില്‍ കാനല്‍ജലംപോലെ തോന്നുന്നതല്ലാതെ, വിചാരിച്ചു നോക്കുമ്പോള്‍ എല്ലാം ശുദ്ധ ചിത്തായിത്തന്നെ വിളങ്ങുന്നു, കയറില്‍ കണ്ട നാഗം വെളിച്ചം വരുമ്പോള്‍ അധിഷ്‌ഠാനമായ കയറില്‍ മറയുന്നതുപോലെ, എന്ന തത്ത്വശാസ്‌ത്രപരമായ ചിജ്‌ജഡചിന്തകചിന്തകളിലൂടെ, ഈ ലോകജീവതത്തിന്റെ യാഥാര്‍ത്ഥ്യത്തെ മറച്ചു നിറുത്തുന്ന മായയിലേക്ക്‌ അദ്ദേഹം നമ്മളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

ജാതി വ്യവസ്ഥിതികള്‍ക്കെതിരെ അദ്ദേഹം പടപൊരുതിയിരുന്നു. അദ്ദേഹത്തിന്റെ പ്രബോധനകൃതികളില്‍ ഇത്‌ വളരെ പ്രകടമായി കാണുന്നു. ഒരു ജാതിയില്‍നിന്നല്ലോ പിറന്നിടുന്നു സന്തതി നരസംഘമിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം. നരജാതിയില്‍നിന്നത്രേ പിറന്നിടുന്നു വിപ്രനും പറയന്‍ താനുമെന്തുള്ളനന്തരം നരജാതിയില്‍ എന്നുള്ള വിചിന്തനങ്ങളും (മീമാംസകളും), പേരൂരു തൊഴിലീ മൂന്നും പോരുമായതു കേള്‍ക്കുക ആരു നീയെന്നു കേള്‍ക്കേണ്ടാ നേരു മെയ്‌ തന്നെ ചൊല്‍കയാല്‍ എന്ന കവിതയിലൂടെ ജാതി ലക്ഷണങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയുമൊക്കെ സമൂഹത്തില്‍ ജാതി ചിന്തകള്‍ വരുത്തുന്ന നാശമെത്രമെയന്നും അതിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകഥയേയും എടുത്തു കാണിക്കുന്നു. നല്ലതല്ലൊരുവന്‍ ചെയ്‌ത നല്ലകാര്യം മറപ്പത്‌ നല്ലതല്ലാത്തതുടനെ മറന്നീടുന്നതുത്തമം എന്ന കവിതയിലൂടെ സദാചാര ചിന്തകളേയും, എല്ലാവരും ആത്‌മസഹോദരരെന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം കൊല്ലുന്നതുമെങ്ങനെ ജീവികളെത്തെല്ലും കൃപയറ്റു ഭുജിക്കയതും എന്ന ജീവകാരുണ്യ ചിന്തകളിലൂടെ ഈ മനുഷ്യ സ്‌നേഹി മരണാനന്തരവും നമ്മേ ഉത്‌ബുദ്ധരാക്കിക്കൊണ്ടിരിക്കുന്നു.

ശ്രീനാരയണഗുരുവിന്റെ ജീവിത ദര്‍ശനവും ജീവിതശാസ്‌ത്രവും അദ്ദേഹത്തിന്റെ ദാര്‍ശനിക കവിതകളില്‍ ഒളിഞ്ഞു തെളിഞ്ഞും നില്‌ക്കുന്നു. ദൈവദശകത്തിലെ ആറാമത്തെ ശ്ലോകമായ, നീയല്ലോ മായയും മായവിയും മായാവിനോദനും നീയല്ലോ മായയെനീക്കി സായൂജ്യം നല്‍കുമാര്യനും എന്ന കാവ്യ ശകലത്തിലൂടെ സൃഷ്‌ടികര്‍ത്താവിനേ (അഞ്ചാം ശ്ലോകം) ദര്‍ശിക്കണമെങ്കില്‍ അജ്‌ഞാനവും, അറിവില്ലായ്‌മയും, ഉന്നതന്‍, താഴ്‌ന്നവന്‍, എന്ന അന്ധകാരനിബിഡമായ ചിന്തകളില്‍ നിന്ന്‌ പുറത്തു വരേണ്ട ആവശ്യകഥയെ ഏറ്റവും സുവ്യക്‌തമായും ലളിതമായും അദ്ദേഹം ചൂണ്ടികാട്ടുന്നു. ഒരു വ്യക്‌തിക്ക്‌ മേല്‍പ്പറഞ്ഞ മായയേ കടക്കാന്‍ കഴിഞ്ഞാല്‍ സായൂജ്യം അല്ലെങ്കില്‍ ഈശ്വരനുമായി ഒന്നായി തീരാന്‍ കഴിയുമെന്ന്‌ അദ്ദേഹം, ഉദ്‌ഭവ സ്ഥാനം അന്വേഷിച്ച്‌ കടലിന്റെ ആഴങ്ങളിലേക്ക്‌ പോകുകയും അവസാനം കടലില്‍ ലയിച്ച്‌ ഒന്നായി തീരുന്ന ഉപ്പ്‌ കട്ടയുടെ കഥ പറഞ്ഞ്‌കൊണ്ട്‌ ഒരു ഭക്‌തന്‌ ഞാന്‍ അല്ലെങ്കില്‍ അഹം നഷ്‌ടപ്പെടുമ്പോള്‍ ഈശ്വരനെ കണ്ടെത്താനും, ഈശ്വരനും താനുമൊന്നാണെന്ന സത്യം മനസ്സിലാക്കാനും കഴിയും. അറിവ്‌ അറിയപ്പെടുന്ന പദാര്‍ഥങ്ങള്‍ എന്നിവയുടെ പരമരഹസ്യം വിചാരം ചെയ്‌തറിയുമ്പോള്‍ അറിയപ്പെടുന്ന ഈ പ്രപഞ്ചം ബോധസ്വരൂപമായ അറിവ്‌ തന്നെയാണെന്ന്‌ തെളിയും. കടലില്‍ നിന്ന്‌ പൊന്തിവരുന്ന തിരമാല മറ്റൊന്നല്ല കടലിലെ ജലംതന്നെയെന്നപോലെ.

ശ്രീനാരായണ ഗുരുദേവകൃതികളുടെ പ്രശസ്‌ത വ്യാഖ്യാതാവായ പ്രൊഫ. ജി. ബാലകൃഷ്‌ണന്‍നായര്‍ പറഞ്ഞതുപോലെ, കേരളം ഒരിക്കല്‍ കൈവരിച്ച സാമ്പത്തികവും സാംസ്‌കാരികവുമായ പുരോഗതിയില്‍ ഇന്ന്‌ വിള്ളലുകളും വിടവുകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌. ഒരു കാലത്ത്‌ സാമൂഹിക പരിഷ്‌കരണ മുന്നേറ്റങ്ങളിലൂടെയും സാമൃാജ്യത്വ വിരുദ്ധ സമരങ്ങളിലൂടെയും കേരളീയ ജനത കൈവരിച്ച ഐക്യവും ദേശീയബോധവും ഇന്ന്‌ നഷ്‌ടമായിക്കൊണ്ടിരിക്കുന്നു. മനുഷ്യപുരോഗതിക്ക്‌ സാമൂഹിക മുന്നേറ്റത്തിനും വിലങ്ങുതടിയായി വര്‍ത്തിച്ച ജീര്‍ണ്ണ വിശ്വാസങ്ങളെ വലിച്ചെറിയാന്‍ മുമ്പ്‌ മലയാളിക്ക്‌ കഴിഞ്ഞിരുന്നു. എന്നാല്‍ അവയെല്ലാം കൂടുതല്‍ കരുത്തോടെ കേരള സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തി വേര്‍തിരിവിന്റെ പുതിയ മതിലുകള്‍ ഉയര്‍ത്തുമ്പോള്‍ അവയെ തച്ചുടയ്‌ക്കാന്‍, ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളും ചിന്തകളും കൂടുതല്‍ സഹായമായി തീരട്ടെയെന്ന്‌ ആത്‌മാര്‍ത്ഥമായി ആശിക്കുകയാണ്‌.

ഒന്നുണ്ട്‌ നേരു നേരല്ലി
തൊന്നും മര്‍ത്ത്യര്‍ക്ക്‌ സത്യവും
ധര്‍മവും വേണമായുസ്സും
നില്‍ക്കുകില്ലാര്‍ക്കുമോര്‍ക്കുക (ദത്താപഹാരം)

(സത്യമായി ഒന്നുണ്ട്‌. പുറമേ കാണുന്ന ഒന്നും സത്യമല്ല. മനുഷ്യര്‍ക്ക്‌ ആവശ്യമുണ്ടായിരിക്കേണ്ടത്‌ സത്യവും ധര്‍മ്മവുമാണ്‌. ആയുസ്സും ആര്‍ക്കും സ്ഥിരമല്ല. ഇതൊക്കെ ഒരുവന്‍ നല്ലപോലെ ചിന്തിക്കേണ്ടതാണ്‌.)
ശ്രീനാരായണഗുരുവിന്റെ അനശ്വര ജീവിത ദര്‍ശനങ്ങള്‍ (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
Vinu M. N. 2014-09-08 20:11:53

"...മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥന്മാരുണ്ടാക്കിയ കെട്ടുകഥ മാത്രമാണ്. അതിനെ സമ്മതിച്ചു കൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ  സ്വച്ചന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ചു ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.

ജാതിയുണ്ടെന്ന് വിശ്വസിക്കരുത്."    

ഏവർക്കും  ഗുരുജയന്തി ദിനാശംസകൾ....

വിദ്യാധരൻ 2014-09-09 04:29:27
ആഴമേറിയ ഗുരുവിന്റെ ചിന്തകൾ ജാതിയുടെയും മതത്തിന്റെയും തടവറയിൽ കിടക്കുന്ന മനസ്സുകളെ സ്വതന്ത്രമാക്കാൻപരിയാപ്തമായവതന്നെയാണ്. നല്ലൊരു ലേഖനം തയാറാക്കിയ ലേഖകന് അഭിനന്ദനം.
Anthappan 2014-09-09 06:59:48
A real good article for the people those who are barricaded in the religion, race, color and other inferior thinking.
Sudhir Panikkaveetil 2014-09-09 14:16:03
നല്ല ലേഖനം, അഭിനന്ദനങ്ങൾ
bijuny 2014-09-09 19:38:48
Lekhakan: " ഒരു കാലത്ത്‌ സാമൂഹിക  പരിഷ്‌കരണ മുന്നേറ്റങ്ങളിലൂടെയും സാമൃാജ്യത്വ വിരുദ്ധ സമരങ്ങളിലൂടെയും കേരളീയ ജനത  കൈവരിച്ച ഐക്യവും ദേശീയബോധവും ഇന്ന്‌ നഷ്‌ടമായിക്കൊണ്ടിരിക്കുന്നു.  മനുഷ്യപുരോഗതിക്ക്‌ സാമൂഹിക മുന്നേറ്റത്തിനും വിലങ്ങുതടിയായി വര്‍ത്തിച്ച ജീര്‍ണ്ണ  വിശ്വാസങ്ങളെ വലിച്ചെറിയാന്‍ മുമ്പ്‌ മലയാളിക്ക്‌ കഴിഞ്ഞിരുന്നു. എന്നാല്‍  അവയെല്ലാം കൂടുതല്‍ കരുത്തോടെ കേരള സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തി  വേര്‍തിരിവിന്റെ പുതിയ മതിലുകള്‍ ഉയര്‍ത്തുമ്പോള്‍ അവയെ തച്ചുടയ്‌ക്കാന്‍,  ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളും ചിന്തകളും കൂടുതല്‍ സഹായമായി തീരട്ടെയെന്ന്‌  ആത്‌മാര്‍ത്ഥമായി ആശിക്കുകയാണ്‌"

It is much more worse in Kerala Hindu society in America  than in Kerala. In Kerala there may be a need to fight on the basis of caste ( education/job/reservation benefits ) and that make people to stick more to their caste.   What is wrong with the so called well educated Nairs and Ezhavas in USA? What are they  trying to teach their younger generation by conducting so many caste based conventions and mamankams state level and national level? Shame on these Nair and Ezhava "leaders" in USA. Story is no different in Christian denominations from Kerala. I'm upper than you  mentality of Keralites.

Very nice eye opening article.  
എസ്കെ 2014-09-09 15:33:43

നല്ല ലേഖനം. ജയന്തി-സമാധി ദിവസങ്ങളില്‍ കേട്ടുവരുന്ന സ്ഥിരം  വാചകമടികളില്‍ നിന്ന് വൃത്യസ്തമായ വാക്കുകള്‍.

രാമൻ നായര് 2014-09-10 09:14:45
ഒരു നായര് ചീത്തയായെന്നു വച്ച് എല്ലാ നയാന്മാരും എങ്ങനെയാ ചീത്തയാകുന്നത് ബിജുണ്ണി? തന്നെ ആരെങ്കിലും എടുത്തിട്ടു പെരുമാരിയിട്ടുണ്ടായിരുക്കും (അത് കയ്യിൽ ഇരിപ്പ് ശരിയാല്ലാത്തത് കൊണ്ടായിരിക്കും) എന്ന് വച്ച് ലോകത്തിലുള്ള സർവ്വ നായന്മാരും ശരിയല്ല എന്ന് പറയുന്ന താൻ ആരാണ്? ചണ്‍ന്ധാലനോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക