Image

ഓണം ഓര്‍ക്കുന്നത് -സുനില്‍ ന്യൂയോര്‍ക്ക്

സുനില്‍ ന്യൂയോര്‍ക്ക് Published on 09 September, 2014
ഓണം ഓര്‍ക്കുന്നത് -സുനില്‍ ന്യൂയോര്‍ക്ക്
മഹാബലി, മൂന്നു ലോകങ്ങളിലും നേടിയ കീര്‍ത്തിയാല്‍ അഹങ്കരിച്ചിരിക്കണം. സ്വര്‍ഗ്ഗം ഭൂമിയില്‍ ഇറങ്ങിയതില്‍ ദേവകളും അസ്വസ്ഥരായിരിക്കണം. ചോദിക്കുന്നതെല്ലാം കൊടുക്കുവാന്‍ ഏത് രാജാവിനാണ് കഴിയുക?
അങ്ങനെ വിഷ്ണു, അദിതിയുടെ മകനായി വാമന്‍ എന്ന പേരില്‍ ജനിച്ചു. തലമുറകള്‍ കാത്തിരുന്ന് കണ്ടത് പോലെയായിരുന്നിരിക്കണം അവരുടെ സംഗമം.
മഹാബലി മഹത്തായ ബലി ചെയ്തതും വാമനന്‍ ത്രിവിക്രമനായതും പിന്നെ.
വല്യമ്മ വെറ്റില പുകയിലലും ചുണ്ണാമ്പും കൂട്ടി വായിലേക്കെറിഞ്ഞു. എന്നിട്ട് ചെല്ലം കട്ടിലിനടിയിലേക്ക് തള്ളി എഴുന്നേറ്റ് നിന്നു.
ഞങ്ങള്‍ കുട്ടികള്‍, വീടിന്റെ മധ്യത്തില്‍ തളര്‍ന്ന തടുപ്പും ഉയര്‍ത്തി മേല്‍ക്കൂരയോളം വളര്‍ന്ന വല്യമ്മയെ നോക്കി.വൃദ്ധ കഥ തുടര്‍ന്നു.
വാമനന്‍ ഭൂമിക്കും സ്വര്‍ഗത്തിനും മീതേ വളര്‍ന്നു. മനുഷ്യന്റെ അസ്ഥിത്വത്തെയോര്‍ത്ത് മഹാബലി ചിരിച്ചിട്ടുണ്ടാവണം. ഗുരു ശുക്രാചാര്യന്റെ നേരെ ക്ഷമാപൂര്‍വ്വം എന്ന് വേണമെങ്കിലും ചോദിച്ചോളൂ എന്ന് പറഞ്ഞതിന്റെ ജാമ്യതയില്‍ നോക്കിയിട്ടുണ്ടാവണം. പിന്നെ നിസംഗതയോടെ മൂന്നാമത്തെ അടി മണ്ണിനായി തല കുനിച്ച് സമര്‍പ്പിച്ചിരിക്കണം.
മഹത്തായ ബലി അല്ലേ കുട്ടികളെ? സ്വയം സമര്‍പ്പണത്തേക്കാള്‍ വലിയ ബലിയുണ്ടോ? സ്വയം തിരിച്ചറിയലാണ്. മനസിലാവാത്ത ഈ നിഗൂഡതക്ക് മുമ്പില്‍ തലകുനിക്കുന്നത് എളിമയാണ്.
വല്യമ്മ നീട്ടിതുപ്പി. ചെതുക്കിച്ച ജനാലത്തടികള്‍ക്കപ്പുറം തുപ്പല്‍ പുറത്തേക്ക്. മാറിലെ നരച്ച തോര്‍ത്ത് കുടഞ്ഞ് പിന്നെ വെളിയിലേക്ക്. മുറിയില്‍ കുഴമ്പിന്റെയും ഉപ്പേരി വറക്കുന്ന എണ്ണയുടെ മണവും  നിറഞ്ഞു. വല്യമ്മയുടെ കഥ നിഴല്‍ പോലെ മുറിയില്‍ പതിഞ്ഞ് കിടന്നു. മേല്‍ക്കൂരയും ഭേദിച്ച് ആകാശത്തിനപ്പുറം കാലന്‍കുടയും പിടിച്ച് വാമനന്‍ നില്‍ക്കുന്നത് മുകളിലേക്ക് നോക്കിയാല്‍ കാണാം.
പുറത്ത് ഓണം തിമിര്‍ക്കുന്നു. കനാലിന്റെ തണലില്‍ ഓണം ആഘോഷിച്ച് വന്ന് ഗോപി ഭാര്യയുമായി കയര്‍ക്കുന്നു. കുട്ടികള്‍ ഊഞ്ഞാലിന് ചുറ്റും പപ്പടവും തിന്ന് എണ്ണം പറഞ്ഞ് ഊഴത്തിനായി കാത്ത് നില്‍ക്കുന്നു. ആകാശവാണിയും അമ്പലത്തിലെ പാട്ടും കാറ്റില്‍ കുഴയുന്നു. ഏതോ അമ്മ ചെറുക്കനെ നീട്ടി വിളിക്കുന്നു. വല്ല്യപ്പന്‍മാരുടെ കൈകളില്‍ പകിട ഞെരിഞ്ഞമരുന്നു. രാജപ്പന്‍ വലിയ കൂടവും തലയില്‍ വച്ച്‌കൊണ്ട് കളി ശ്രദ്ധിക്കുന്നു.
വല്യമ്മയുടെ കഥ മഹാഭാരതത്തിലേക്ക് മാറിയിരിക്കുന്നു. മകന് പാല് കുടിക്കുവാന്‍ പശുവിനെ ചോദിച്ച് അപമാനിതനായി ദ്രുപദന്റെ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങിപോയ ദ്രോണരുടെ കഥ പറയുമ്പോള്‍ വല്യമ്മ നിശബ്ദയായി വല്യപ്പനെ നോക്കും.
ഇതെന്റെ കുട്ടിക്കാലം. ഓണവും, കഥയും ഗ്രാമവും ഇന്ന്  മാറിയിരിക്കുന്നു. ഇരമ്പുന്ന ബൈക്കിന്റെ ശബ്ദവും ടൗണിലെ ബാറിന്റെ ഉഷ്ണവും ഗ്രാമത്തിലെ ഓണത്തെ നിറച്ചിരിക്കുന്നു. നനഞ്ഞ ടാറിടാത്ത ഇടവഴികളും പുലരിമഞ്ഞും കുന്നില്ല. കളിസ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് മാടങ്ങള്‍ നിറഞ്ഞിരിക്കുന്നു. മാടക്കടകള്‍ എന്നേ പോയിരിക്കുന്നു. ഓണക്കറികള്‍ ഇന്നലെയേ ഉണ്ടാക്കി സ്ത്രീകള്‍ ടിവിക്കു മുമ്പില്‍ പുതിയ സിനിമയും കണ്ടിരിക്കുന്നു. കുട്ടികള്‍ ഫോണുകളില്‍ കുത്തിനേരം കളയുന്നു. എരിയുന്ന സൂര്യന്‍. ഉണങ്ങിയ പുല്ല്. ചടച്ച പശുക്കള്‍. യുവാക്കളൊക്കെ ജീവിതഭാരവും പേറി ജോലി തേടി എവിടെയൊക്കയോ പോയിരിക്കുന്നു. സ്വാത്വികനായ വൃദ്ധനെ പോലെ വലിയ മരങ്ങള്‍ കാറ്റിന്റെ ഭയയും കാത്ത് കണ്ണ് തുറന്ന് ഉറങ്ങുന്നു.
ഞാന്‍ വല്യമ്മയെ കണ്ടു. പണ്ട് ഗ്രാമം കഥ കേട്ട കോലാ ചെറുതായിരിക്കുന്നു. നിഴലുകള്‍ ഇരുട്ടിലേക്ക് വളര്‍ന്നിരിക്കുന്നു. ശുഷ്‌കിച്ച കൈകള്‍ എന്റെ മടിയില്‍ വച്ചു.
പഴയ വെറ്റില ചെല്ലത്തിന്റെ സ്ഥാനത്ത് ഇന്ന് തുപ്പല്‍ കോളാമ്പി. ചെതുക്കിച്ച് നിറം പോയ അതേ ജനാലകള്‍. കഥകള്‍കൊപ്പം നാക്കും വറ്റിയിരിക്കുന്നു.
“ദെന്തായിത്? മുടിയൊക്കെ വളര്‍ത്തി, അശ്വത്ഥാത്മാവിനെ പോലെ”? വല്യമ്മ ചുണ്ടനക്കി.
ഞാന്‍ വെറുതെ നോക്കിയിരുന്നു.
നെറ്റിയിലെ രത്‌നം ചൂഴ്ത്തപ്പെട്ട് ചോരയും ചലവും നാറി അലയുന്ന അശ്വത്ഥാത്മാവ് മുറിയില്‍ നിറഞ്ഞു.
നിനക്കോര്‍മ്മയുണ്ടോ പഴയ ഓണം. നീപ്പോ വല്ല്യ ആളായില്ലെ. എങ്ങനാ ഓര്‍ക്കാ”വല്യമ്മ കൈ മലര്‍ത്തി.
ഹൃദയം നൊന്തു. മാറാല മുറ്റിയ വല്യപ്പന്റെ കരിഞ്ഞ പൂക്കള്‍ക്ക് പുറകിലുള്ള ചിത്രത്തിലേക്ക് നോക്കി ഞാന്‍ ഇരുന്നു.
ജനാലയ്ക്കപ്പുറം അയല്പക്കത്തെ ആരോ ഒരാള്‍ ആരെയുടെ സംസാരവും കേട്ടി വെറുതെ നില്‍ക്കുന്നു.
“വല്യമ്മക്ക് എന്ത് വേണം”ഞാന്‍ ചോദിച്ചു.
“ഇനിയെന്ന് കുട്ടി. കണ്ടല്ലോ. ഇനി കാണില്ല. ഒറപ്പാണ്.” വാമനന്‍ ഭീമാകാരനായ, മഹാബലി തലകുനിച്ച, ദ്രോണര്‍ നിസംഗനായ വല്ല്യമ്മയുടെ മുറിയില്‍ ഇരുട്ട് പരന്നു. എന്റെ കണ്ണിലെ ഉറവയില്‍നിന്നും വല്ല്യമ്മയുടെ കുഴിഞ്ഞിറങ്ങിയ കണ്ണിലൂടെ ഒരു നദി ഒഴുകിയിറങ്ങി.


ഓണം ഓര്‍ക്കുന്നത് -സുനില്‍ ന്യൂയോര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക