Image

ഞാന്‍ ആരെന്നു എന്നോട്‌ തന്നെ ചോദിക്കുക? (ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം)

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 12 September, 2014
ഞാന്‍ ആരെന്നു എന്നോട്‌ തന്നെ ചോദിക്കുക? (ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം)
ഈ പ്രപഞ്ചത്തിലെ സൃഷ്ടവസ്‌തുക്കള്‍ മുഴുവന്‍ സൃഷ്ടിയുടെ നന്മക്കു വേണ്ടിയാണ്‌. ഒരു ഭൗതീകവസ്‌തുവും അനാവശ്യമായി ഈ പ്രപഞ്ചത്തിലില്ല. വിവേക പൂര്‍ണമായ വിവേചനത്തിലൂടെ സര്‍വത്തിനെയും ഉള്‍കൊള്ളാന്‍ കഴിയണം. ഒരേസമയം നാം ഈ പ്രപഞ്ചത്തിലാണ്‌. അതായത്‌ പ്രാപഞ്ചികമായ ജീവിതത്തിന്റെ പ്രതിസന്ധികളെ നേരിട്ടും വിജയിച്ചും വരിക. അതേസമയം നാം ഈ പ്രപഞ്ചത്തിന്റെ മായികഭാവങ്ങളില്‍ നിന്നെല്ലാം വേറിട്ട്‌ ഈശ്വരങ്കല്‍ ജീവിക്കുക. ഇത്‌ രണ്ടും നേര്‍രേഖയില്‍ ഒരുമിപ്പിക്കുന്നവനാണ്‌ പൂര്‍ണത കൈവരിക്കുന്നത്‌. സൃഷ്ടിയുടെ ആദിയില്‍ ഈ പ്രപഞ്ചത്തെ സംബന്ധിച്ച സര്‍വ്വ അറിവും ഉള്‍ക്കൊള്ളുന്ന ഒരു അറിവ്‌ നമുക്ക്‌ ഈശ്വരന്‍ കനിഞ്ഞുനല്‍കിയത്‌. ആ അറിവിനെയാണ്‌ വേദം എന്നു പറയുന്നത്‌. 'വേദം' എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അറിവ്‌ എന്നാണ്‌. ലോകത്തിലെ എല്ലാ അറിവുകളും അതതു വസ്‌തുക്കളില്‍ തന്നെ നിറഞ്ഞുനില്‍ക്കുന്നു.എല്ലാ അറിവും പൂര്‍ണമല്ല. ആര്‍ക്കും ഈ പൂര്‍ണത അവകാശപ്പെടുവാന്‍ സാധിക്കില്ല.

ബ്രഹ്മത്തില്‍ ചരിക്കുന്നതാണ്‌ ബ്രഹ്മചര്യം. ബ്രഹ്മചര്യം എന്നാല്‍ പലരുടേയും ധാരണ ലൈംഗിക ബന്ധത്തില്‍ നിന്ന്‌ ഒഴിഞ്ഞു നില്‌ക്കുക എന്നതാണ്‌. അതും ലൈംഗികതയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബ്രഹ്മത്തിനുവേണ്ടി ചെയ്യുന്ന ചര്യയാണ്‌ ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാല്‍ സ്‌ത്രീവിരുദ്ധസമീപനമാണെന്നു ചിലര്‍ തെറ്റിദ്ധരിച്ചു. സ്വന്തം ഭാവം എന്താണോ അതില്‍ പൂര്‍ണത തേടുക എന്നതാണ്‌ ബ്രഹ്മചര്യം. ജീവിതം സമ്പന്നമായാലെ ആത്മാവും സമ്പന്നമാകൂ. ശരീരവും ആത്മാവും ഒരുപോലെ ആനന്ദമനുഭവിക്കുവാന്‍ പരിശീലിക്കണം. ശരീരത്തിന്‌ വേണ്ടി മനസിനെയോ മനസിന്‌ വേണ്ടി ശരീരത്തെയോ തള്ളികളയുവാന്‍ ശ്രമിക്കരുത്‌.

എന്താണ്‌ സ്വന്തം ഭാവം?

കപടത ഇല്ലാത്ത, മുഖംമൂടി അണിയാത്ത, അഭിനയമില്ലാത്ത ഭാവം. അനുകരണം ഇന്ന്‌ എല്ലായിടത്തും കീഴടക്കിയിരിക്കുന്നു. മറ്റുള്ളവരെ അനുകരിക്കാനാണ്‌ മിക്കവരുടെയും ശ്രമം. നിങ്ങള്‍ ചെയ്യുന്നത്‌ പലതും മറ്റുള്ളവര്‍ ചെയ്യുന്നത്‌ അതേപടി പകര്‍ത്തുകയാണ്‌. തന്നില്‍ ഇല്ലാത്ത ഭാവങ്ങള്‍ ഉണ്ടെന്നു വരുത്തുവാനുള്ള ബോധപൂര്‍വമായ ശ്രമം. മനസ്‌ സൂക്ഷിക്കുന്ന സ്വകാര്യ ഭാവമാണ്‌ കപടത. ഉള്ളത്‌ പ്രകടിപ്പിക്കാന്‍ താല്‌പര്യ മില്ലാത്തത്‌ കൊണ്ട്‌ ഇല്ലാത്തത്‌ ഉണ്ടെന്നു ഭാവിക്കുന്നു. ഈ പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും തനതായ രൂപവും ഭാവവും ഉണ്ട്‌. അതില്ലെങ്കില്‍ ലോകം അപൂര്‍ണമായരിക്കും. മനുഷ്വനും തനതായ സ്ഥാനവും ഭാവവും ഉണ്ട്‌. സ്വന്തം ഭാവം എന്താണെന്നു അറിയുവാന്‍ നാം ശ്രമിക്കാറില്ല.

ആരാണ്‌ യധാര്‍ത്ഥ സന്യാസി ?

ഒന്നിനോടും ആസക്തി ഇല്ലാത്തവനാണ്‌ യഥാര്‍ത്ഥ സന്യാസി. സന്യാസിയില്‍ ആസക്തി ഉണ്ടാവില്ല. യഥാര്‍ത്ഥ സന്യാസത്തിന്റെ പ്രകടഭാവം അനാസക്തിയാണ്‌. ഒട്ടലും, ഒട്ടലില്ലായ്‌മയും ചേര്‍ന്നതാണ്‌ അനാസക്തി. രണ്ടും ത്യജിച്ചവന്‍ എന്നാണര്‍ത്ഥം. ഉദാഹരണത്തിനു ചിലര്‍ സ്‌ത്രീകളെ നോക്കാതിരിക്കും. അവര്‍ വരുന്ന സ്ഥലത്തേക്ക്‌ വരാതിരിക്കും. അവരുടെ ചിത്രങ്ങള്‍ കാണാതിരിക്കും. സ്‌ത്രീശബ്ദം കേള്‍ക്കാതിരിക്കും. ഇതെല്ലാം കണ്ടാല്‍ തോന്നും ഇവര്‍ വീതരാഗരാകാത്തതിനു കാരണം സ്‌ത്രീകളാണെന്ന്‌. വാസ്‌തവത്തില്‍ ഇത്‌ അനാസക്തിയാണെന്നു പറയുവാന്‍ സാധിക്കില്ല. ഇതും ഒരു തരത്തിലുള്ള ആസക്തിയാണ്‌. തന്റെ ഉള്ളിലുള്ള ആസക്തി നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള വിഷമമാണ്‌ പുറമേ കാണിക്കുന്ന ഈ കാട്ടിക്കൂട്ടല്‍. അതുമല്ലെങ്കില്‍ സ്‌ത്രീകളോടുള്ള വിരോധമായി വേണം ഗണിക്കാന്‍. ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത്‌ സ്‌ത്രീകളും കൂടിച്ചേര്‍ന്നാണ്‌ എന്നത്‌ ഇക്കൊട്ടര്‍ വിസ്‌മരിക്കുന്നു. ഓരോരുത്തരും ജന്മമെടുക്കുന്നതും വളരുന്നതും സ്‌ത്രീകളില്‍ നിന്നു തന്നെയാണ്‌. ചില നവീനവേദാന്തികള്‍ സ്‌ത്രീകളെ പാപത്തിന്റെ കവാടമായി ചിത്രീകരിക്കുന്നു.

ജീവിത തനിമ
ആന്തരികതയും ബാഹ്യതയും സമഞ്‌ജസഭാവമാണ്‌ ജീവിതം. നിങ്ങള്‍ നിങ്ങളുടെ തനിമയില്‍ ജീവിക്കണം. നിങ്ങള്‍ മാറി എന്ന്‌ പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നത്‌ ആത്മവഞ്ചനയാണ്‌. മനുഷ്യന്‌ ലഭ്യമായ പ്രബുദ്ധത എന്തെന്ന്‌ കണ്ടെത്തി ജീവിച്ചാല്‍ അതാണ്‌ യഥാര്‍ത്ഥ സന്യാസം. ആവശ്യമായവ ദൈവം തന്നുകൊള്ളും എന്ന പരിപൂര്‍ണ വിശ്വാസത്തോടെ ദൈവത്തോട്‌ പോലും ഒന്നും ആവശ്യപ്പെടാത്തവനാകണം സന്യാസി. ചിലര്‍ എല്ലാം ഉപേക്ഷിച്ച സന്യാസി ആണെന്ന്‌ പറയുകയും, എല്ലാം ചോദിച്ചും ആവശ്യപ്പെട്ടും കൊണ്ടിരിക്കുന്നു. ഇനി ഞാന്‍ ആരെന്നു എന്നോട്‌ തന്നെ ചോദിക്കുക. ബുദ്ധികൊണ്ടും ആത്മജ്ഞാനം കൊണ്ടും ജീവിതം അനുഭവിക്കുന്നവരാണ്‌ സന്യാസത്തില്‍ പൂര്‍ണത പ്രാപിച്ചവര്‍. നിങ്ങളിലുള്ള പ്രകൃതിനിയമങ്ങളെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കരുത്‌. വികാരമുള്ളവന്‍ അത്‌ പ്രകടിപ്പിക്കും. അടിച്ചമര്‍ത്തുന്നത്‌ പിന്നീട്‌ പാപത്തിനും, രോഗത്തിനും കാരണമാകും

സജീവവസ്‌തുക്കളിലെ തീവ്രമായ ആഗ്രഹമാണ്‌ തൃഷ്‌ണ അഥവാ ദാഹം. ജീവനുള്ള എന്തിലും ഈ ദാഹം പ്രകടമാണ്‌. വിഷയസുഖങ്ങളിലുള്ള എല്ലാതരം ആസക്തിയെയും തൃഷ്‌ണ എന്നു പറയുന്നു. തൃഷ്‌ണയെ കെടുത്താന്‍ ശ്രമിച്ചാല്‍ അത്‌ ശാരീരികമാനസിക പ്രതികരണങ്ങളുണ്ടാക്കും. ശരീരത്തെയും മനസ്സിനെയും ഒരുപോലെ അത്യാസക്തി കഷ്ടപ്പെടുത്തും. ഭൌതീക സുഖങ്ങള്‍ ത്യജിക്കുകയല്ല മറിച്ച്‌ തന്നിലെ സ്വാര്‍ത്ഥതയെയും, അഹന്തയും, ഞാനെന്ന ഭാവത്തെയും ത്യജിക്കാന്‍ സാധിക്കണം. ജീവിത അനുഭവങ്ങള്‍ നിഷേധിക്കാതെ ഉള്‍ക്കൊണ്ട്‌ ജീവിക്കന്നവനാണ്‌ യഥാര്‍ത്ഥ സന്യാസി.

അനാസക്തി

ഇതേപോലെയാണ്‌ ചിലര്‍ക്ക്‌ പണത്തിനോടും, ആഡംബരവസ്‌തുക്കളോടുമുള്ള സമീപനം. താനൊരിക്കലും പണം കൈ കൊണ്ടു തൊടില്ലെന്ന്‌ ചിലര്‍ സ്വയം പ്രഖ്യാപിക്കും. പണം ആരെയെങ്കിലും ദ്രോഹിച്ചതായി അറിവില്ല. പണത്തിനോടും ആഡംബരവസ്‌തുക്കളോടുമുള്ള വെറുപ്പിനെ നമുക്ക്‌ അനാസക്തി എന്നു പറയാനാവില്ല. സ്‌ത്രീയോടും, പണത്തിനോടും,ആഡംബരവസ്‌തുക്കളോടുമുള്ള നമ്മുടെ ഭാവമെന്താണ്‌? ചിലര്‍ക്ക്‌ സ്‌ത്രീയില്ലാതെ ഒരു ദിവസം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. ചിലരാകട്ടെ സ്‌ത്രീകളെ കാണുന്നതുതന്നെ വെറുക്കുന്നു. ഇവ രണ്ടും ഒട്ടലാണ്‌. ഒന്ന്‌ സ്‌ത്രീയോടുള്ള ഒട്ടല്‍. മറ്റൊന്ന്‌ സ്‌ത്രീവിരോധത്തോടുള്ള ഒട്ടല്‍. ആദ്യത്തെ ഒട്ടല്‍ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ രണ്ടാമത്തേത്‌ ഒരിക്കലും തിരിച്ചറിയാനാകില്ല.

യഥാര്‍ത്ഥ ആത്മീയത

ലൌകീക ജഡീകഭൌധീകലൈംഗീക ചിന്തകളില്ലാത്തതാണ്‌ യഥാര്‍ത്ഥ ആത്മീയത എന്ന്‌ ചിലര്‍ തെറ്റി ധരിച്ചിരിക്കുന്നു. ഇവക്കിടയിലൂടെയുള്ള ബാലന്‍സ്‌ ചെയ്യലാണ്‌ ആത്മീയത എന്നാ അറിവ്‌ ഉണ്ടാകണം. മനുഷ്യനിലെ സിദ്ധമായ എല്ലാ വസനകളെയും, കഴിവുകളേയും, അഭിരുചികളെയും സിദ്ധികളെയും സമന്വയിപ്പിച്ചു ജീവിക്കുമ്പോഴാണ്‌ ജീവിതം ധ്യന്യമാകുന്നത്‌.

ജീവിതം ഒന്നേ ഉള്ളു. അത്‌ ജീവിക്കുവാനുള്ളതാണ്‌. ജീവിതത്തോടു ആഴമായ പ്രേമമുണ്ടാകണം ദൈവത്തിന്റെ വരദാനമാണ്‌ ജീവിതം. സുഖവും, ദുഖവും എല്ലാം ചേര്‍ന്നത്‌. അതില്‍ ആത്മവിശ്വാസം നേടിയെടുക്കുകവാന്‍ കഴിയുന്നവന്‍ വിജയിക്കും. ഐശ്വര്യത്തേയും സമൃദ്ധിയേയും ആസ്വദിക്കുകയും, അനുഭവിക്കുകയും വേണം. ജീവിതത്തില്‍ നിന്നുള്ള പാലായനം രക്ഷ നേടുവാനുള്ള മാര്‍ഗമല്ല. അതോടൊപ്പം തികഞ്ഞ ആധ്യാത്മികനായി ഇരിക്കുകയും വേണം. ഒരേസമയം ആധുനികനായിരിക്കുക. ഒപ്പം ഉള്ളില്‍ നല്ലൊരു ഋഷിയുമായിരിക്കുക.

ഒരു ചെടിയുടെ വിത്ത്‌ അതിന്റെ പുഷ്‌പങ്ങളെ വിരിയിക്കുന്നു. താന്‍ ഏതു ചെടിയാണ്‌ എന്ന്‌ പ്രപഞ്ചത്തിനു കാട്ടികൊടുക്കുക എന്നതാണ്‌ വിത്തിന്റെ ജീവിത ലക്ഷ്യം. ഫലം കൊണ്ട്‌ വൃക്ഷം തിരിച്ചറിയും. നിലവിലുള്ളവയെ തകിടം മറിച്ചാലേ പുണ്യ പൂര്‍ണതലഭിക്കൂ എന്ന്‌ ചിന്തിക്കുന്നത്‌ അപകടകരമായ ഒരവസ്ഥയാണ്‌. ശതകോടി മനുജര്‍ ഈ പ്രപഞ്ചത്തില്‍ ജീവിച്ചു കടന്നുപോയി. അവരിലോരാളാകുവാന്‍ ശ്രമിക്കരുത്‌. നിങ്ങളുടെ അസ്ഥിത്വത്തോട്‌ നീതി പുലര്‍ത്തണം. നിങ്ങളുടെ ജീവിതത്തിന്റെ കയ്യൊപ്പ്‌ ഈ പ്രപഞ്ചത്തില്‍ എക്കാലവും നിലനില്‌ക്കണം.
ഞാന്‍ ആരെന്നു എന്നോട്‌ തന്നെ ചോദിക്കുക? (ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക