Image

കുട്ടികളുടെ വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ വേണം (ജോസ്‌ മാളേയ്‌ക്കല്‍)

Published on 12 September, 2014
കുട്ടികളുടെ വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ വേണം (ജോസ്‌ മാളേയ്‌ക്കല്‍)
വേനല്‍ അവധിക്കുശേഷം വിദ്യാലയങ്ങള്‍ തുറന്നു. കളിച്ചും, ബന്ധുവീടുകളില്‍ താമസിച്ചും, സമ്മര്‍ ക്യാമ്പുകളില്‍ പങ്കെടുത്തും ആര്‍ത്തുല്ലസിച്ചു നടന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ്‌ റൂമുകളിലേക്ക്‌ മടക്കയാത്ര തുടങ്ങി. അമേരിക്കയിലെ സ്‌കൂളുകളും കോളജുകളും മാത്രമല്ല, ക്രൈസ്‌തവ ദൈവാലയങ്ങളോട നുബന്ധിച്ചുള്ള മതബോധനസ്‌കൂളുകളൂം തുറന്ന്‌ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.

പ്രീകിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള കുട്ടികള്‍ക്ക്‌ ആഴ്‌ച്ചയില്‍ ഒരിക്കല്‍ ഏതാണ്ട്‌ ഒരു മണിക്കൂര്‍ വീതമുള്ള വിശ്വാസപരിശീലനം വളരെ പ്രധാനപ്പെട്ടതാണ്‌. കൊച്ചുകുട്ടികളില്‍ പ്രാര്‍ത്ഥനകളുടെ ബാലപാഠങ്ങള്‍ പ കരാനും, ക്രൈസ്‌തവവിശ്വാസം വളര്‍ത്താനും, ജീവിതമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാനും, പരസപരസ്‌നേഹം, സഹകരണം എന്നിവ പരിശീലിപ്പിക്കാനും ഉദ്ദേശിച്ചുള്ള വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണം.

ഒരു കൊച്ചുകുട്ടിയെ സംബന്ധിച്ച്‌ മാതാപിതാക്കളാണ്‌ ആദ്യ അദ്ധ്യാപകര്‍. ആദ്യത്തെ ക്ലാസ്‌ മുറി സ്വന്തം ഭവനവും. മാതാപിതാക്കള്‍ ഇതു മനസിലാക്കി കുഞ്ഞിനു തിരിച്ചറിവുവരുന്ന പ്രായം മുതല്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്ന തിനാവശ്യമായ എല്ലാ പഠനരീതികളും, സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തണം.

കൊച്ചുകുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌ ടി.വി. യുടെ മുമ്പിലാണു. ഗുണപാഠങ്ങള്‍ നല്‍കുന്ന പ്രോഗ്രാമുകളും, പരസ്‌പര സ്‌നേഹം, പങ്കുവക്കല്‍ മുതലായ നല്ലശീലങ്ങള്‍ ഉള്‍ക്കൊള്ളൂന്ന ടി. വി. പ്രോഗ്രാമുകളും, ചാനലുകളും തിരഞ്ഞെടുത്തു കൊടുക്കുന്നതില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ചെറുപ്രായത്തില്‍ പറഞ്ഞുകൊടുക്കുന്നതും, കാണിച്ചുകൊടുക്കുന്നതുമായ കാര്യങ്ങളാണു കുട്ടികളുടെ മനസില്‍ ആഴത്തില്‍ പതിയുക. കളിപ്പാട്ടങ്ങളും, ആഹാരസാധനങ്ങളും, വസ്‌ത്രങ്ങളും, സ്‌കൂള്‍ സാധനസാമഗ്രികളും പങ്കുവക്കുന്നതില്‍ കുട്ടികള്‍ വിമുഖരാണു. എന്നാല്‍ കുട്ടികളുടെ നല്ല കാര്‍ട്ടൂണ്‍ ഷോകള്‍ ഈ സ്വഭാവം മാറ്റിയെടുക്കുന്നതില്‍ സ്വാധീനം ചെലുത്തും.

കുട്ടിക്കാലത്ത്‌ വല്യപ്പനും, വല്യമ്മച്ചിയും മടിയിലിരുത്തി പറഞ്ഞുതന്ന കൊച്ചുകഥകള്‍ പഴയതലമുറ ഇന്നും മനസില്‍ മായാതെ സൂക്ഷിക്കുന്നുണ്ട്‌. അതുപോലെ, വൈകുന്നേരങ്ങളില്‍ കുരിശുമണികേള്‍ക്കുമ്പോള്‍ അപ്പനും അമ്മയും കുട്ടികളെയെല്ലാം വിളിച്ചിരുത്തി സന്ധ്യാപ്രാര്‍ത്ഥനയും ജപമാലയും ചൊല്ലിക്കുന്നതും മനസില്‍ തങ്ങിനില്‍ക്കുന്നുണ്ടാവും. ചുരുക്കിപ്പറഞ്ഞാല്‍ ഏഴ്‌, എട്ടു ക്ലാസുകള്‍വരെ നാം പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ കുട്ടിയുടെ ഭാവിജീവിതത്തില്‍ നിര്‍ണ്ണായകമാകും.

കുടുംബശിഥിലീകരണം മുന്‍പത്തെക്കാളേറെ വെല്ലുവിളി ഉയര്‍ത്തുന്ന ഇക്കാലത്ത്‌ വിശ്വാസപരിശീലനത്തിനും, കുടുംബങ്ങളില്‍ സ്‌നേഹത്തിന്റെ സന്ദേശം എത്തിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന്‌, ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തില്‍ ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പ നടത്തിയ ആഹ്വാനം ശ്രദ്ധേയമാണ്‌. വര്‍ദ്ധിതമായ കുടുംബശിഥിലീകരണത്തിലൂടെ കടന്നുപോകുന്ന എല്ലാ രാജ്യങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണത്‌.

കുടുംബമാണ്‌ സമൂഹത്തിന്റെ അടിസ്ഥാനഘടകം. അതുപോലെതന്നെ മാനുഷികവും, ആത്മീയവും, മൂല്യാതിഷ്‌ഠിതവുമായ കാര്യങ്ങള്‍ കുട്ടികള്‍ ആദ്യം അഭ്യസിക്കുന്നതും അവരുടെ ആദ്യത്തെ പാഠശാലയായ സ്വന്തം ഭവനത്തില്‍ തന്നെയാണ്‌. ബാല്യത്തില്‍ മതാപിതാക്കള്‍ നല്‍കുന്ന പാഠങ്ങളാണു പില്‍ക്കാലത്ത്‌ നന്മയുടെ ദീപസ്‌തംഭങ്ങളാകാനും, സത്യസന്ധതയുടെ വക്താക്കളാകാനും, സമൂഹനീതിക്കുവേണ്ടി നിലകൊള്ളുന്നവരാകാനും കുട്ടികളെ പ്രാപ്‌തരാക്കുന്നത്‌. അല്‍മായരുടെയും കുട്ടികളുടെയും വിശ്വാസപരിശീലനത്തില്‍ എല്ലാ ക്രൈസ്‌തവസമൂഹങ്ങളും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന്‌ പരിശുദ്ധ പിതാവ്‌ ഉല്‍ബോദിപ്പിക്കുന്നതിന്റെ പ്രസക്തി തിരിച്ചറിയണം.

അമേരിക്കന്‍ പ്രവാസിമലയാളികളുടെ കാര്യത്തില്‍, കുടിയേറ്റം ആരംഭിച്ച അറുപതുകളിലും, എഴുപതുകളിലും എത്തിയവര്‍ക്ക്‌ തങ്ങളുടെ മക്കള്‍ക്ക്‌ വിശ്വാസപരിശീലനം കൊടുക്കുന്നതിനോ, അനുദിനകുടുംബപ്രാര്‍ത്ഥനകളില്‍ അവരെ പ്രാപ്‌തരാക്കുന്നതിനോ പലര്‍ക്കും സാധിച്ചില്ല. കുടുംബത്തെയും, സഹോദരങ്ങളെയും കരകയറ്റണമെന്ന ചിന്തയില്‍ രണ്ടും മൂന്നും ജോലികള്‍ചെയ്‌ത്‌ മക്കളെ വേണ്ടരീതിയില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ വന്ന ഒന്നാം തലമുറക്കുണ്ടായ അനുഭവം വര്‍ണ്ണനാതീതമായിരുന്നു. അത്‌ അവരുടെ കുറ്റമല്ല, മറിച്ച്‌ അന്നത്തെ സാഹചര്യത്തില്‍ അവര്‍ക്കതേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു.

എന്നാല്‍ ഇന്ന്‌ സ്ഥിതി അതല്ല. എല്ലാ ക്രൈസ്‌തവസമൂഹങ്ങള്‍ക്കും സ്വന്തമായ ആരാധനാലയങ്ങളും, മുഴുവന്‍ സമയ അജപാലകരുമുണ്ട്‌്‌. അവിടെയെല്ലാം കുട്ടികള്‍ക്ക്‌ വിശ്വാസപരിശീലനം നല്‍കുന്നതിനുള്ള സാഹചര്യവുമുണ്ട്‌്‌. പക്ഷെ ഈ സൗകര്യങ്ങള്‍ നാം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

കുട്ടികളെ ആയോധനകലകളും മറ്റും അഭ്യസിപ്പിക്കാന്‍ അതീവശ്രദ്ധ ചെലുത്തുന്ന ചെറുപ്പക്കാരായ അനേകം മാതാപിതാക്കളെ ഈ ലേഖകനറിയാം. അനേകദൂരം യാത്രചെയ്‌ത്‌ കുട്ടികളെ ഡാന്‍സ്‌ ക്ലാസുകളില്‍ എത്തിച്ച്‌ ക്ലാസ്‌ തീരുംവരെ അവിടെ കാത്തിരിക്കാന്‍ അവര്‍ സമയം കണ്ടെത്താറുണ്ട്‌. എന്നാല്‍, മതബോധനവിഷയത്തില്‍ അത്രയും ശ്രദ്ധ മാതാപിതാക്കളുടെ ഭാഗത്തുനിന്ന്‌ കാണുന്നില്ലെന്നുള്ളതാണ്‌ ദീര്‍ഘകാലമായി കുട്ടികള്‍ക്കു വിശ്വാസപരിശീലനം നല്‍കിക്കൊണ്ടിരിക്കുന്ന ലേഖകന്റെ അനുഭവം. ഇതു ഭാവിയില്‍ വളരെ ദൂഷ്യം ചെയ്യും. പന്ത്രണ്ടാം ക്ലാസ്‌ വരെ ഇന്ന്‌ മതബോധനസ്‌കൂളുകള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്‌. ഇങ്ങനെ 12 വര്‍ഷം മതബോധനസ്‌കൂളിലെ പരിശീലനം നേടുന്ന കുട്ടികള്‍ സമൂഹത്തില്‍ മറ്റുള്ളവര്‍ക്കു വഴികാട്ടികളായും, വെളിച്ചം പകരുന്നവരായും കണ്ടുവരുന്നു.

ചെറുപ്രായത്തില്‍ കുട്ടികള്‍ കണ്ടും, കേട്ടും വിശിഷ്യ, മാതാപിതാക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചുമാണു പഠിക്കുന്നത്‌. എപ്പോഴും കണ്‍മുമ്പില്‍ കണ്ടുകൊണ്ടിരിക്കുന്ന മാതാപിതാക്കളും സഹോദരങ്ങളും ചെയ്യുന്ന കാര്യങ്ങള്‍ കുട്ടികള്‍ എളുപ്പത്തില്‍ അനുകരിക്കുകയും, അതവരുടെ ജീവിതശൈലി ആക്കുകയും ചെയ്യും. അതിനാല്‍ കുട്ടികളുടെ മുമ്പില്‍ മാതാപിതാക്കള്‍ നല്ല മാതൃകകളാകണം. കുട്ടികളുടെ മുമ്പില്‍ വച്ച്‌ ഭാര്യാഭര്‍ത്താക്കന്മാര്‍ വഴക്കടിക്കുന്നതും, പരസപര ബഹുമാനമില്ലാതെ സംസാരിക്കുന്നതും അവരുടെ മനസില്‍ ദുസ്വാധീനം സൃഷ്‌ഠിക്കും.

സ്വന്തം ഭവനത്തില്‍ ലഭിക്കുന്ന വിശ്വാസപരിശീലനത്തിന്റെ തുടര്‍ച്ചയായാണു മതബോധനസ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്‌. കുട്ടികളുടെ വിശ്വാസപരിശീലന യാത്രയിലെ മറ്റൊരുഘട്ടം എന്നുമാത്രമേ മതബോധനസ്‌കൂളുകളെ വിശേഷിപ്പിക്കാനാവൂ. വീട്ടില്‍ മാതാപിതാക്കളില്‍നിന്നും, സഹോദരങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രാര്‍ത്ഥനാചൈതന്യത്തെയും, വിശ്വാസതീക്ഷ്‌ണതയെയും അരക്കിട്ടുറപ്പിക്കുക മാത്രമേ?ആഴ്‌ച്ചയിലൊരിക്കല്‍ മാത്രമുള്ള സി.സി.ഡി ക്ലാസുകളും, വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും മറ്റും ചെയ്യുന്നുള്ളു.

നാലുവയസുവരെയുള്ള ഒരു കുട്ടിയെ സംബന്ധിച്ച്‌ അവന്റെ വീടാണ്‌ അവന്റെ സര്‍വകലാശാല. അവിടെനിന്നു ലഭിക്കുന്ന ബാലപാഠങ്ങളും, പ്രായോഗിക പരിശീലനങ്ങളും, സ്‌നേഹം, ക്ഷമ, പങ്കുവക്കല്‍, മറ്റുള്ളവരോടുള്ള കരുതല്‍ എന്നിവയെല്ലാമാണ്‌ അവന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്നത.്‌

ഒരാഴ്‌ച്ചയിലെ 168 മണിക്കൂറില്‍ ഒരുകുട്ടി മതബോധനസ്‌കൂളില്‍ ചെലവഴിക്കുന്നത്‌ വെറും ഒരു മണിക്കൂര്‍ മാത്രമാണ്‌. ബാക്കി സമയം മുഴുവന്‍ കുട്ടികള്‍ ബഹുഭൂരിപക്ഷവും ചെലവഴിക്കുന്നത്‌ വീട്ടിലെ അന്തരീക്ഷത്തില്‍ മാതാപിതാക്കളോടൊപ്പമാണ്‌. ഇതില്‍നിന്നു മനസിലാവും കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും, കൗദാശിക ജീവിതത്തിലും മാതാപിതാക്കള്‍ എന്തുമാത്രം പങ്കുവഹിക്കണമെന്ന്‌.
കുട്ടികളുടെ വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ വേണം (ജോസ്‌ മാളേയ്‌ക്കല്‍)
Join WhatsApp News
Vijyan ThOlvi 2014-09-13 07:40:39
ജീവിതത്തിന്റെ ഒരു ദുഃഖ സത്യമാണ് വിജയികൾ
പറയുന്നത് പരാജയപ്പെട്ടവർ കേൾക്കണമെന്ന്. മലയാളം സംസാരിക്കുന്ന, ഡോക്ടറും,എന്ജിനീയരുമായ മക്കളുള്ള ഒരാൾ
അങ്ങനെ ആകാത്ത മക്കളുള്ളവരെ കുറ്റം പറയുന്നു. ആര്ക്കും മക്കൾ നല്ല നിലയിൽ എത്തണമെന്നാണു
ആഗ്രഹം. അവർ ശ്രമിക്കുന്നു. പക്ഷെ പരാജയപ്പെടുന്നു. അത് വിധി. ഈ ലോകത്ത് ശാന്തിയുണ്ടാക്കാൻ
  ഭാഗ്യവാന്മാരും, വിജയികളും ദയവ് ചെയ്ത്
മറ്റുള്ളവരെ ഉപദെശിക്കാതിരുന്നാൽ മതി. സ്വന്തം ഭാഗ്യത്തിൽ സന്തോഷിക്കാൻ അയല്പക്കകാരന്റെ
ദുർവ്വിധി കരുവാക്കുന്നത് പാപമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക