Image

ദേവികുളത്തിന്റെ സൗന്ദര്യത്തില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 35: ജോര്‍ജ്‌ തുമ്പയില്‍)

Published on 13 September, 2014
ദേവികുളത്തിന്റെ സൗന്ദര്യത്തില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 35: ജോര്‍ജ്‌ തുമ്പയില്‍)
ആവി പറക്കുന്ന പുട്ടും കടലയും തിന്നതിനു ശേഷം ചെറിയൊരു നടത്തം. മഞ്ഞ്‌ ഞങ്ങളെ പൊതിഞ്ഞു തന്നെ നിന്നു. നേരിയ തണുപ്പ്‌ തിണിര്‍ത്തു നില്‍ക്കുന്നുണ്ടായിരുന്നു. പ്രകൃതി വെയിലിന്റെ ആവരണമേറ്റ്‌ തിളങ്ങി. ആകാശം വല്ലപ്പോഴും മാത്രം തെളിഞ്ഞു നിന്നു. കൊച്ചു കുട്ടികള്‍ ടോര്‍ച്ച്‌ അടിച്ചു പ്രകാശിപ്പിക്കുന്നതു പോലെ ഇടയ്‌ക്കിടെ സൂര്യന്‍ മുഖം കാണിച്ചു കൊണ്ടേയിരുന്നു. കുരുവിള ഒരു മഫ്‌ളര്‍ ഉപയോഗിച്ച്‌ മുഖം മറച്ചു വയ്‌ക്കുന്നതു കണ്ടപ്പോള്‍ എനിക്ക്‌ ചിരി വന്നു. കൊളുക്കുമലയില്‍ നിന്നുള്ള യാത്രയുടെ ക്ഷീണം തീര്‍ത്തതിനു ശേഷം ഞങ്ങള്‍ മൂന്നാറിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ന്‌ സന്തോഷിന്റെയും സുനിയുടെയും വീട്ടില്‍ നിന്നു ഞങ്ങള്‍ യാത്ര തിരിക്കും. ഒരു ഗൈഡിനെ പോലെ സന്തോഷ്‌ ഇന്ന്‌ ഞങ്ങള്‍ക്കൊപ്പം മൂന്നാറിലേക്ക്‌ വരുന്നുണ്ട്‌. അത്‌ നല്ലൊരു കാര്യമാണ്‌. ഒരു ഗൈഡിനെ പോലെ കാര്യങ്ങള്‍ വിശദമായി പറഞ്ഞു തരാന്‍ പറ്റിയ ഒരാള്‍ കൂടെ വേണമെന്നു നിര്‍ബന്ധം പിടിച്ചതു കുരുവിളയായിരുന്നു താനും. കുരുവിള ശരിക്കും യാത്ര ആസ്വദിക്കുന്നുണ്ടായിരുന്നു. പ്രകൃതിയുടെ സൗന്ദര്യം ക്യാമറയിലേക്ക്‌ മാത്രമല്ല, അത്‌ കണ്ണുകളിലേക്ക്‌ ആവാഹിക്കുന്നതിലും എന്റെ സുഹൃത്ത്‌ ഏറെ മുന്നിലാണെന്നു തോന്നി. എനിക്ക്‌ ഇതിലൊന്നും തീരെ അപരിചിതത്വം ഇല്ലാതിരുന്നതു കൊണ്ടു കൂടിയാവാം കാഴ്‌ചകളുടെ അനുഭൂതിയില്‍ അത്രമേല്‍ മതിമയങ്ങാന്‍ പറ്റാത്തത്‌. എന്നാലും ഒരു കാര്യം ഉറപ്പാണ്‌, മൂന്നാര്‍ മല നിരകളോളം ഭംഗി കുളു മണാലി മലകള്‍ക്ക്‌ പോലും ഇല്ല. അതിന്‌ വേറൊരു ഭംഗി, ഇതിന്‌ വേറൊരു ഭംഗി. രണ്ടും താരതമ്യം ചെയ്യുമ്പോള്‍ തുലാസില്‍ ഇത്തിരി മുകളില്‍ നില്‍ക്കുന്നത്‌ പച്ചപ്പിന്റെ പട്ട്‌ ഉടയാട ഉടുത്തിരിക്കുന്ന ഈ ഹരിതമനോഹരി തന്നെ. അതു പിന്നെ അങ്ങനെയാണല്ലോ. ആര്‍ക്കും സ്വന്തം കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌ എന്നു പറയുന്നതു പോലെ, നമുക്ക്‌ സ്വന്തം നാടിനോടായിരിക്കുമല്ലോ ഇത്തിരി ഇഷ്ടം കൂടുതല്‍.

എല്ലാവരും റെഡിയായി വന്നു. സന്തോഷിന്റെ കുട്ടികളും ഞങ്ങള്‍ക്കൊപ്പമുണ്ട്‌. വാഹനം സ്റ്റാര്‍ട്ടായി. ഒരു ഹോളിഡോ മൂഡിലായിരുന്നു എല്ലാവരും. വണ്ടി ചിന്നക്കനാലില്‍ നിന്നും ദേവികുളം ഭാഗത്തേക്ക്‌ തിരിഞ്ഞു.

മൂന്നാറിലേക്ക്‌ ഏകദേശം 20 കിലോമീറ്ററിനു മുകളിലുണ്ട്‌ ദൂരം. ദേവികുളത്ത്‌ നിന്നും മൂന്നാറിലേക്ക്‌ 16 കി.മി ദൂരമുണ്ട്‌. താഴെ വനമേഖലകള്‍ തെളിഞ്ഞു നില്‍ക്കുന്നു. ഇടയ്‌ക്ക്‌ കാണുന്ന വിടവിലൂടെ അഗാധമായ കൊക്കകളും അതിനപ്പുറമുള്ള സമതല പ്രദേശങ്ങളും കാണാം. ശരിക്കും ഒരു മലമ്പ്രദേശമാണ്‌ ദേവികുളം. ദേവികുളം എന്ന പദം ഉണ്ടായത്‌ രാമായണത്തിലെ ദേവിയായ സീത ദേവിയുടെ പേരില്‍ നിന്നാണെന്നു സന്തോഷ്‌ പറഞ്ഞു. സീതദേവി ഒരിക്കല്‍ ഇവിടെ ഉള്ള കുളത്തില്‍ കുളിച്ചു എന്നാണ്‌ പറയപ്പെടുന്നത്‌. അതു കൊണ്ടാണേ്രത ഈ സ്ഥലത്തിനു ദേവികുളം എന്ന പേരു വന്നത്‌. ഇപ്പോള്‍ സീത ദേവി തടാകം എന്നറിയപ്പെടുന്ന മനോഹരമായ ഒരു തടാകം ഇവിടെയുണ്ട്‌. എന്നാല്‍ റോഡില്‍ നിന്ന്‌ അതു കാണുക വയ്യാത്തതു കൊണ്ട്‌, ഞങ്ങള്‍ ആ റൂട്ടിലേക്ക്‌ കയറുന്നില്ല. 15 അടിയോളം ആഴമുള്ള ഈ സുന്ദര തടാകം ഒരിക്കലും വറ്റിയിട്ടില്ലേ്രത. തേയിലത്തോട്ടങ്ങളുടെ ഉടമകളായിരുന്ന ബ്രിട്ടീഷുകാര്‍ ബോട്ടിംഗിന്‌ വേണ്ടി ഈ തടാകത്തെ പരിപാലിച്ചിരുന്നുവെന്ന്‌ പറയപ്പെടുന്നു. തടാകത്തിന്‌ സമീപം ഒരു വലിയ കുളമുണ്ട്‌. വനവാസകാലത്ത്‌ പാണ്ഡവര്‍ ഇവിടെയെത്തിയപ്പോള്‍ പാഞ്ചാലി ഈ കുളത്തില്‍ നിന്നും കുളിച്ചിരുന്നുവെന്നാണ്‌ ഐതിഹ്യം. ദേവി കുളിച്ച കുളമായതിനാല്‍ ദേവികുളം എന്ന പേരുണ്ടായി എന്നാണ്‌ പറയപ്പെടുന്നത്‌. കുളത്തിന്‌ നടുവില്‍ ഭീമാകാരനായ ഒരു അത്തിമരമുണ്ട്‌.

സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ ഉയരത്തിലാണ്‌ ഞങ്ങള്‍ ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്‌. വഴിയരുകില്‍ ഒരു വെള്ളച്ചാട്ടം കണ്ടു.

പ്രകൃതിരമണീയമായ ഒരു പാട്‌ സ്ഥലങ്ങള്‍ ദേവികുളത്തുണ്ട്‌. പ്രകൃതി രമണീയമായ തേയില ത്തോട്ടങ്ങളുടെ വൈഡ്‌ ക്യാന്‍വാസ്‌ ചിത്രം പലേടത്തും പ്രതിഫലിച്ചു കണ്ടു. അതിനിടയ്‌ക്ക്‌ അലിക്കു ചാര്‍ത്തിയതു പോലെ, ചുവപ്പും നീലയും പൂക്കളുമായി വിടര്‍ന്നു പരിലസിക്കുന്ന അരക്കും മരങ്ങള്‍. എത്ര സുന്ദരമാണ്‌ ദേവികുളം... ദേവികളുത്തെക്കുറിച്ച്‌ ഒരു സിനിമാ പാട്ടുണ്ട്‌. ദേവികുളം മലയില്‍ തേനരുവിക്കരയില്‍ താനേ മുളച്ചൊരു താഴമ്പൂവിലെ വെള്ളി ദേവാ ആവനാഴിയില്‍ അമ്പു തീര്‍ന്നോ കാമദേവാ (ദേവികുളം) ചൂഴെ ചൂഴെ ചുഴി കുത്തി ചുറ്റും തടം വെട്ടി (ചൂഴെ ചൂഴെ) ഞാന്‍ നട്ടൊരു കുങ്കുമക്കൊടിയിലെ ... പ്രേംനസീര്‍ അഭിനയിച്ച തേനരുവി എന്ന സിനിമയിലെ പാട്ടാണിത്‌. പെട്ടെന്നു ഓര്‍ത്തുവെന്നു മാത്രം. വയലാറിന്റെ മനോഹരമായ വരികള്‍ക്ക്‌ ദേവരാജന്റെ സംഗീതം. യേശുദാസും സുശീലയും മാധുരിയുമൊക്കെ ചേര്‍ന്നു പാടി സുന്ദരമായ ഗാനം. ദേവികുളത്ത്‌ ആകാശവാണിയുടെ ഒരു റേഡിയോ സ്‌റ്റേഷനുണ്ടെന്ന്‌ സന്തോഷ്‌ പറഞ്ഞു. 1994 ലാണ്‌ ഇതു തുടങ്ങിയത്‌. ആകാശവാണി ദേവികുളം നിലയം ശ്രോതാക്കളില്‍ എത്തിത്തുടങ്ങിയിട്ട്‌ രണ്ടു പതിറ്റാണ്ട്‌ കഴിഞ്ഞെന്നു സന്തോഷ ്‌പറഞ്ഞു. ഇടുക്കിയിലെ തമിഴ്‌ ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദേവികുളത്തെ കുന്നിന്‍മുകളില്‍ ആകാശവാണിയുടെ ടവര്‍ സ്‌ഥാപിച്ചത്‌ 1993ലാണെങ്കിലും പ്രക്ഷേപണമാരംഭിച്ചത്‌ 1994ലാണ്‌. പിന്നീട്‌ 2009 മുതല്‍ ദേവികുളം സ്‌പൈസ്‌ എഫ്‌.എം. എന്ന പേരിലാണ്‌ ആകാശവാണി ദേവികുളം നിലയം അറിയപ്പെടുന്നത്‌. 101.4 ഫ്രീക്വന്‍സിയില്‍ വൈകിട്ട്‌ അഞ്ചു മുതല്‍ രാത്രി 11 വരെയാണ്‌ ദേവികുളം നിലയത്തിന്റെ പ്രക്ഷേപണം.

സ്വകാര്യ എഫ്‌.എം സ്‌റ്റേഷനുകളുടെ ബഹളമയത്തിലും സ്‌പൈസ്‌ എഫ്‌.എമ്മിനു സ്വന്തമായൊരിടം ശ്രോതാക്കള്‍ക്കിടയിലുണ്ട്‌. കിസാന്‍വാണി, സാഹിത്യകല, യുവവാണി അങ്കണം, ഇതളുകള്‍, പാട്ടിന്റെ നാട്ടുവഴിയില്‍, ഹൈറേഞ്ച്‌ വൃത്താന്തം, തമിഴ്‌ മാലൈ തുടങ്ങിയവയാണ്‌ ദേവികുളംനിലയത്തിന്റെ ജനപ്രിയ പരിപാടികള്‍. 20 വര്‍ഷങ്ങള്‍ പിന്നിടുന്‌പോഴും ജനങ്ങള്‍ക്കിടയിലെ ശബ്‌ദസാന്നിധ്യമായി സ്‌പൈസ്‌ എഫ്‌.എമ്മിന്റെ ജൈത്രയാത്ര തുടരുകയാണെന്നു സന്തോഷ്‌ പറഞ്ഞു.

ശരിക്കും മൂന്നാറിന്റെ തലസ്ഥാനമാണ്‌ ദേവികുളമെന്ന്‌ സന്തോഷ്‌ പറഞ്ഞു. കോടതിയും സര്‍ക്കാര്‍ ഓഫീസുകളുമെല്ലാം ദേവികുളത്താണത്രേ. ദേവികുളം ഗ്രാമപഞ്ചായത്ത്‌ നിലവില്‍ വന്നത്‌ 2005 ഗാന്ധിജയന്തി ദിനത്തിലാണെന്ന്‌ സന്തോഷ്‌ പറഞ്ഞു. ഭൂമിശാസ്‌ത്രപരമായും കാലാവസ്ഥ, സംസ്‌കാരം, കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്ന്‌ ഈ ഗ്രാമം ശരിക്കും വ്യത്യസ്‌തമാണ്‌. ചരിത്രപുരാവസ്‌തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക്‌ മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള പിതാമഹന്മാര്‍ വരച്ച എഴുത്തറകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മുനിയറകളും ഈ പ്രദേശത്തുണ്ട്‌. ഈ പ്രദേശത്തെ വാര്‍ഡുകളുടെ പേര്‌ സന്തോഷ്‌ പറഞ്ഞതു കേട്ടപ്പോള്‍ ശരിക്കും കൗതുകം തോന്നി. ബെന്മൂര്‍, കുണ്ടള, ചെണ്ടുവര, ചിറ്റൂവര, തീര്‍ത്ഥമല, എല്ലപ്പെട്ടി, അരുവികാട്‌, സൈലന്‍റ്‌ വാലി, ഗുഡാര്വിള, മാനില, ലാക്കാട്‌, ദേവികുളം, ചൊക്കനാട്‌, നെറ്റിക്കുടി, ഗ്രഹാംസ്ലാന്റ്‌, മാട്ടുപ്പെട്ടി, തെന്മല, ഗുണ്ടുമല എന്നിങ്ങനെ... പോകുന്നു സ്ഥലപ്പേരുകള്‍. (അന്നത്‌ കൃത്യമായി ഡയറിയില്‍ നോട്ട്‌ ചെയ്‌തതു കൊണ്ട്‌ ഇന്നത്‌ ഉപകാരപ്പെട്ടു.) വളരെ വിശാലമായ ഒരു പ്രകൃതി ദൃശ്യം കണ്ടിടത്ത്‌ ഞങ്ങള്‍ വണ്ടി നിര്‍ത്തി. ഒരു ചിത്രകാരന്‍ വരച്ചിട്ട ഓയില്‍ പെയിന്റ്‌ പോലെ താഴ്‌വാരം നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഭൂമിയേത്‌ ആകാശമേത്‌ എന്നു തിരിച്ചറിയാന്‍ വയ്യാത്തതു പോലെ, ഒരു മാജിക്കല്‍ റിയലിസം മാതിരി. ഇതാണ്‌ ബൈസണ്‍ വാലിയെന്ന്‌ സന്തോഷ്‌്‌ പറഞ്ഞു. ധാരാളം പേര്‍ ഈ ഭംഗി കാണാന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. റോഡിന്റെ മറുവശത്ത്‌ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ട്‌. പാറക്കെട്ടുകള്‍ തുരന്നുണ്ടാക്കിയ റോഡിലായിരുന്നു ഞങ്ങള്‍ കടന്നു വന്നത്‌. ഗ്യാപ്‌ റോഡ്‌ എന്നാണ്‌ ഇതിന്റെ പേര്‌. ശരിക്കും ഗ്യാപ്‌ റോഡ്‌ തന്നെ. ഒരു വണ്ടിക്ക്‌ കഷ്ടിച്ചു പോകാം. അത്ഭുതങ്ങള്‍ വിടര്‍ത്തുന്ന ദേവികുളത്തിന്റെ മുക്കും മൂലയും സന്തോഷ്‌ പറഞ്ഞു തന്നു കൊണ്ടേയിരുന്നു.

(തുടരും)
ദേവികുളത്തിന്റെ സൗന്ദര്യത്തില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 35: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക