Image

മുല്ലപ്പെരിയാര്‍: മാണിയും ജോസഫും ഉപവസിക്കുന്നു

Published on 05 December, 2011
മുല്ലപ്പെരിയാര്‍: മാണിയും ജോസഫും ഉപവസിക്കുന്നു
ഇടുക്കി/ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണി ഇടുക്കിയിലെ ചപ്പാത്തിലും ജലവിഭവമന്ത്രി പി.ജെ ജോസഫ് ന്യൂഡല്‍ഹിയിലെ ഗാന്ധിസ്മൃതിയിലും ഉപവസിക്കുന്നു. സമരമല്ല പ്രാര്‍ത്ഥനാ യജ്ഞമാണ് നടത്തുന്നതെന്ന് ഇരുവരും പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തെ ചപ്പാത്ത് പാലത്തില്‍നിന്ന് പ്രകടനമായെത്തിയാണ് കെ.എം മാണി ഉപവാസം തുടങ്ങിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകുന്നത് പ്രകൃതി ദുരന്തമാവില്ല, മറിച്ച് മനുഷ്യ നിര്‍മ്മിത ദുരന്തമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തടയാന്‍ കഴിയുമായിരുന്ന ദുരന്തം ഉണ്ടായാല്‍ ലോകം മുഴുവന്‍ നമ്മെ പഴിക്കും. ജനങ്ങള്‍ ആശങ്കയില്‍ കഴിയുമ്പോള്‍ മന്ത്രിയായതിനാല്‍ തനിക്ക് പ്രാര്‍ത്ഥനാ യജ്ഞത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല.

സാധാരണ പൗരനെന്ന നിലയിലും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയിലുമാണ് പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു മണ്‍കൂനയാണ്. കാലപ്പഴക്കംകൊണ്ട അണക്കെട്ടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി താഴ്ത്താന്‍ തമിഴ്‌നാടിനെ പ്രേരിപ്പിക്കാനുള്ള ചുമതല കേന്ദ്ര സര്‍ക്കാരിനുണ്ട്. കേന്ദ്രസര്‍ക്കാര്‍ ചുമതല നിര്‍വ്വഹിക്കണം. കേരളം നിര്‍മ്മിക്കുന്ന പുതിയ അണക്കെട്ടിനെ എന്ത് പേര് വിളിച്ചാലും കേരളത്തെ സംബന്ധിച്ചിടത്തോളം അതൊരു സംരക്ഷണഭിത്തി മാത്രമായിരിക്കുമെന്ന് മാണി പറഞ്ഞു.

മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പമാണ് ജലവിഭവമന്ത്രി പി.ജെ ജോസഫ് ന്യൂഡല്‍ഹിയിലെ ഗാന്ധിസ്മൃതിയില്‍ (ബിര്‍ളാഭവന്‍) ഉപവാസം നടത്തുന്നത്. മുല്ലപ്പെരിയാര്‍ സംബന്ധിച്ച ആശങ്ക പരത്തുന്നത് തമിഴ്‌നാടാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുല്ലപ്പെരിയാറിലെ പ്രതിഷേധ പ്രകടനങ്ങള്‍ സംസ്ഥാന പോലീസിന് നിയന്ത്രിക്കാന്‍ കഴിയും. സി.ഐ.എസ്.എഫിനെ നിയോഗിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ അക്കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഗാന്ധിയന്‍ സമരമാണ് താന്‍ നടത്തുന്നതെന്ന് ജോസഫ് കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ സമരമല്ല. മുല്ലപ്പെരിയാര്‍ വിഷയത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മനസ് മാറ്റാനുമാണ് ഉപവാസം നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകീട്ടുവരെയാണ് ഉപവാസം. മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഉന്നതാധികാര സമിതി യോഗം ചേരുന്ന സാഹചര്യത്തിലാണ് മന്ത്രി പി.ജെ.ജോസഫ് ഡല്‍ഹിയിലെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക