Image

എഴുത്തുകാരുടെ ശല്യം (നര്‍മ്മ ഭാവന: സുധീര്‍ പണിക്കവീട്ടില്‍)

Published on 18 September, 2014
എഴുത്തുകാരുടെ ശല്യം (നര്‍മ്മ ഭാവന: സുധീര്‍ പണിക്കവീട്ടില്‍)
ഒരാള്‍ സൃഷ്‌ടി നടത്തുമ്പോള്‍ ആ സൃഷ്‌ടി അയാള്‍ക്ക്‌ തന്നെ വിനയായി വരുന്നത്‌ ഒരത്ഭുത പ്രതിഭാസമാണ്‌. സാക്ഷാല്‍ ദൈവത്തിനുപോലും ഈ ദുരന്തം ഉണ്ടായി മനുഷ്യരെ സൃഷ്‌ടിച്ച അന്നു മുതല്‍ അദ്ദേല്‍ഹത്തിനു സമാധാനം ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്‌. ഭൂമിയിലെ മനുഷ്യര്‍ എന്തു ചെയ്യുന്നുവെന്നറിയാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. അതിനു നിത്യവും അങ്ങ്‌ ദേവലോകത്ത്‌ സദസ്സുകള്‍ കൂടി. അത്തരം സദസ്സുകളില്‍ മാലാഖമാര്‍ ഭൂമിയില്‍ നിന്നുള്ള വാര്‍ത്തയുമായി സന്നിഹിതരായി.

സദസ്സ്‌ നടക്കുമ്പോള്‍ തല്‍ക്ഷണം ഭൂമിയില്‍ നിന്നുള്ള വാര്‍ത്തകള്‍ പിടിച്ചെടുക്കാനുള്ള യന്ത്രങ്ങളുമായി ദൈവത്തിന്റെ സാങ്കേതിക വിഭാഗം തയ്യാറായി. അത്തരം സദസ്സുകളില്‍ അവര്‍ ശ്രദ്ധാലുക്കളായി. അങ്ങനെ പതിവുപോലെ അന്നത്തെ സദസ്സ്‌ ആരംഭിച്ചു. മാലാഖമാര്‍, വാര്‍ത്താപ്രതിനിധികള്‍, ക്യാമറ , കടലാസ്സ്‌, ആന്റിന, ഒക്കെ ശരിയായി. ദൈവം പ്രവേശിച്ചു.

സദസ്സ്‌ ഏണീറ്റ്‌ നിന്ന്‌ ആദരവു പ്രകടിപ്പിച്ചു.

ദൈവം എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞ്‌ ചുറ്റിലും ഒന്നു കണ്ണോടിച്ചു. ദൈവത്തിന്റെ പതിവ്‌ ചോദ്യം ചോദിച്ചു.

ഭൂമിയില്‍ ആര്‍ക്കെങ്കിലും എന്നെപോലെ ആകണമെന്നുണ്ടോ?

കോറസ്സ്‌ `ഈ നേരം വരെ ഇല്ല' (ഏദന്‍ തോട്ടത്തില്‍ വച്ച്‌ കൊടുത്ത ശിക്ഷ ഓര്‍ക്കുമ്പോള്‍ ആര്‍ക്കാണു ആ പൂതി തോന്നുക)

ദൈവത്തിനു സമാധാനമായി. അദ്ദേഹം പറഞ്ഞു ഭൂമിയില്‍ നിന്നുള്ളവാര്‍ത്തകള്‍ കേള്‍ക്കട്ടെ. മാലാഖമാര്‍ അവരുടെ യന്ത്രങ്ങള്‍ ചലിപ്പിച്ചു. ഏത്‌ ദിശയില്‍ നിന്നുള്ള വാര്‍ത്തകളാണു വേണ്ടത്‌ , മാലാഖമാര്‍ ചോദിച്ചു.

ദൈവം ഭാരതത്തില്‍ നിന്നും തന്നെയാകട്ടെ ആദ്യം. മാലാഖമാര്‍ ട്യൂണിങ്ങ്‌ തുടങ്ങി. ഹര..ഹരൊ... ഹര..ഹരാ ഹലേല്ലൂയ ...വാങ്ക്‌ വിളി, മണിയടി, കിടന്നുരുളല്‍, കയ്യടി, കൂട്ടകരച്ചില്‍, കാവടിയാട്ടം, അങ്ങനെ പല ചേഷ്‌ടകളും ബഹളങ്ങളും കേട്ട്‌ മാലാഖമാര്‍ പതിവുപോലെ പരിഭ്രാന്തരായി. ദൈവം മന്ദസ്‌മിതം തൂകി. അദ്ദേഹം വിശദീകരിച്ചു. ഭാരതം എന്നു പറയുന്നതാണു ബാബേല്‍ ഗോപുരം. അവിടെ ശാന്തിയുണ്ടാകില്ല. ഒരിക്കലും. അവര്‍ എന്നെ കണ്ടെത്താന്‍ പല മതങ്ങളും സഹായകമാകുമെന്നു വൃഥാ വിശ്വസിക്കുന്നു. അപ്പോഴേക്കും യന്ത്രത്തില്‍ നിന്നും ഒരു ശബ്‌ദം.

`അതാണ്ട, ഇതാണ്ട.. അരുണാചലം....'
എന്താണത്‌ ദൈവം മാലാഖമാരോട്‌ ചോദിച്ചു

മാലാഖമാര്‍: അതു തമിഴ്‌നാടാണ്‌. അവിടെ സിനിമതാരങ്ങളെയൊക്കെ ദൈവത്തെപോലെയാണ്‌ കരുതുന്നത്‌. അവിടത്തെ സൂപ്പര്‍ താരം രജനീകാന്തിനു ഒരു വരവേല്‍പ്പ്‌ കൊടുക്കുകയാണ്‌. അവിടെ താരമായിരുന്ന ഒരാള്‍ ഇവിടെയുണ്ട്‌ ഇപ്പോള്‍. ദാ, അങ്ങോട്ട്‌ നോക്കു, അവിടെ ഒരു സുന്ദരന്‍ നിന്നു പാട്ടു പാടുന്നു.`നാന്‍ ആണയിട്ടാല്‍ അതു നടന്ത്‌ വിട്ടാല്‍' ദൈവം പറഞ്ഞു മതി, മതി അടുത്ത സ്‌റ്റേഷന്‍ നോക്കുക...

`പുല്ലാണ്‌, പുല്ലാണ്‌ ഞങ്ങള്‍ക്കെല്ലാം പുല്ലാണ്‌. ഒരു ജാഥ , പോലീസ്‌, കണ്ണീര്‍വാതകം, വെടിവെയ്‌പ്പ്‌, ആകെ ബഹളം, മാലാഖമാര്‍ വിശദീകരണം നല്‍കി. അതു കേരളമാണ്‌. അവിടെ ഇപ്പോള്‍ നമ്മുടെ ദേവി സരസ്വതിയുടെ ചൈതന്യം ധാരാളമുണ്ട്‌. ഇയ്യിടെയായി മഹാലക്ഷിമിയും പ്രസാദിച്ചു. അപ്പോള്‍ നാഗരികത വിടപറഞ്ഞു. അവിടെ ആകെ കുഴപ്പമാണ്‌ ഇങ്ങനെ ഓരോന്നും ശ്രദ്ധിക്കുമ്പോള്‍ ഭയങ്കര നിലവിളിയും ബഹളവും, കയ്യടിയും, സ്‌തുതിയും...

ദൈവം: എന്താണത്‌.

മാലാഖ: ദാ ഇയ്യിടെ തുടങ്ങിയ ഒരു പരിപാടിയാണ്‌ അത്‌. ഭാരതം ഒട്ടുക്കുമുണ്ട്‌. ഒരു കൂട്ടം ആളുകള്‍ പ്രാര്‍ഥിക്കുകയും അങ്ങയെ സ്‌തുതിക്കുകയുമാണ്‌.

ദൈവം: ഇത്ര ശബ്‌ദത്തിലോ, ഞാന്‍ എന്ത ചെകിട്‌ പൊട്ടനോ?

മാലാഖമാര്‍ മറുപടി പറയാതെ നിന്നു. ഒരു മാലാഖ അല്‍പ്പം പരിങ്ങലോടെ പറഞ്ഞു.`കുറെ നാളായിിേറി ഭൂമിയിലേക്ക്‌ പോയിട്ട്‌, അപ്പോള്‍ പലവിധത്തിലാണ്‌. ജനങ്ങള്‍ അങ്ങയെ സങ്കല്‍പ്പിക്കുന്നത്‌. മേല്‍പറഞ്ഞവരാണു ശരിക്കും അങ്ങയെ അറിയുന്നവര്‍ എന്നവര്‍ അവകാശപ്പെടുന്നു. യഥാര്‍ഥ അങ്ങ്‌ ആരാണെന്നു അവര്‍ക്ക്‌ കാട്ടികൊടുക്കണം. മാലാഖ ഇതു പറയുന്നതിനിടയില്‍ യന്ത്രത്തില്‍ നിന്ന്‌ അസാധാരണമായി ഒരു ഇരമ്പല്‍. പെട്ടെന്ന്‌ സ്‌റ്റേഷന്‍ മാറി. ഒരു മുറവിളി, കരച്ചില്‍, ഏങ്ങല്‍, പ്രതിഷേധം.

ദൈവം : ആ സ്‌റ്റേഷന്‍ ഒന്നു വ്യക്‌തമാക്കു. മാലാഖമാര്‍ അതു അനുസരിച്ചു. പിന്നീട്‌ അവര്‍ ദൈവത്തോട്‌ പറഞ്ഞു. ഇതു ഭൂമിയിലെ ഒരു സമ്പന്നരാജ്യത്തില്‍ കുടിയേറിപാര്‍ത്തവരുടെ പ്രാര്‍ഥനയാണ്‌. ഏകദേശം അഞ്ചുവര്‍ഷങ്ങളായി ഈ പ്രാര്‍ഥന മുറുകാന്‍ തുടങ്ങിയിട്ട്‌.

ദൈവം: അവിടെ നല്ല സുഖമല്ലേ, എന്താണ്‌ അവര്‍ക്ക്‌ പിന്നെ വേണ്ടത്‌.

മാലാഖ: അവര്‍ക്ക്‌ എഴുത്ത്‌കാരുടെ ശല്യം കൊണ്ട്‌ ജീവിക്കാന്‍ വയ്യെന്നു.

ദൈവം അത്ഭുതപരതന്ത്രനായി എഴുത്തുകാര്‍ എന്നാല്‍ സര്‍ഗ്ഗസൃഷ്‌ടി നടത്തുന്നവര്‍. സൃഷ്‌ടി നടത്തുന്നവര്‍ക്കൊക്കെ അവരുടെ സ്രുഷ്‌ടികള്‍ വിനയാകുന്നത്‌ പതിവായല്ലോ?

മാലാഖഃ നമുക്ക്‌ അവരുടെ പരിദേവനങ്ങള്‍ ഒന്നു പരിശോധിച്ച്‌ നോക്കാം. താഴെ പറയുന്ന മുറവിളികള്‍ മാലാഖമാര്‍ ട്യൂണ്‍ ചെയ്‌തെടുത്തു.

`പൊന്നുകര്‍ത്താവെ, ഇയ്യുള്ളോന്റെ ജീവന്‍ നീ എടുത്താലും വേണ്ടില്ല, ഇവന്‍ന്മാരുടെ കഥകളും, കവിതകളും, ലേഖനങ്ങളും, കാണാന്‍ വയ്യായ്യെ, പൊന്നീശോയേ. ഒരാള്‍ ഇത്തിരി ഗൗരവത്തിലാണ്‌. ഈ പത്രക്കാര്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ. വല്ല കടക്കാരുടേയും സെയിലിന്റെ പരസ്യമിട്ടാല്‍ നാലുകാശ്‌ ലാഭമുണ്ടാക്കാം. ഓരോ അവന്മാരു പടച്ചു വിടുന്നത്‌ വായിക്കാന്‍ ഞാന്‍ എന്താ കോത്താഴത്തുകാരനോ....അതിനിടയില്‍ ഒരു സ്‌ത്രീ ശബ്‌ദം. ഈ നേഴ്‌സുമാരെ കളിയാക്കുന്നതാണോ കഥ, കവിത ...ബാക്കിയുള്ളൊരില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു.

ഈ ബഹളത്തിന്റടയില്‍ മാലാഖമാര്‍ ഒരു യജ്‌ഞശാല കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു ശില്‍പ്പശാലയാണെന്നവര്‍ക്ക്‌ മനസ്സിലായി. അവിടെ ഒരു നേതാവിന്റെ സ്വരം. `എലിയെപേടിച്ച്‌ ആരെങ്കിലും ഇല്ലം ചുടുമോ? ഒരു നായരെ പേടിച്ച്‌്‌ നിങ്ങള്‍ എഴുതാതിരിക്കരുത്‌. നിങ്ങള്‍ക്ക്‌ നഷ്‌ടപ്പെടാന്‍ പേനയിലെ മഷിമാത്രം. കയ്യടി ഗംഭീരം.. നേതാവ്‌ ആകെ കോരിത്തരിച്ചു. എണ്ണത്തില്‍ കുറവുള്ള എഴുത്തുകാരെ കടത്തിവെട്ടികൊണ്ട്‌ പൊതുജനം മുട്ടിപ്പായി പ്രാര്‍ഥിച്ചു. `കഴിയുമെങ്കില്‍ ഈ കാലമാടന്മാരുടെ കലാസൃഷ്‌ടികള്‍ ഞങ്ങളുടെ ഇടയില്‍ നിന്നു എടുക്കേണമേ..എന്നാലും നിന്റെ ഇഷ്‌ടം വരേണമേ..'

ദൈവം പറഞ്ഞു: എല്ലാ സ്‌റ്റേഷനുകളും ഓഫാക്കുക. എന്താണു ഞാനീ കേള്‍ക്കുന്നത്‌. വാസ്‌തവത്തില്‍ ഒരു ജനത എഴുത്തുകാരുടെ ശല്യം മൂലം പൊറുതിമുട്ടി കഴിയുന്നുവെന്നോ? ഇതന്വേഷിക്കണം. അഞ്ചു വര്‍ഷത്തില്‍ കൂടുതലായി ജനം നമ്മോട്‌ അപേക്ഷിക്കുന്നു. ദൈവം പ്രധാന മാലാഖയെ വിളിച്ച്‌ അന്വേഷണചുമതല ഏല്‍പ്പിച്ച്‌്‌ അല്‍പ്പം വിശ്രമിക്കാന്‍ പോയി. പ്രധാന മാലാഖ ഒരു രസികനായിരുന്നു. അദ്ദേഹം മറ്റ്‌ മാലാഖമാരെ എല്ലാംവിളിച്ച്‌ അന്വേഷണത്തിന്റെ പ്രാരംഭമായി ചര്‍ച്ച ആരംഭിച്ചു.

പ്രധാന മാലാഖ: ഈ എഴുത്തുകാര്‍ എന്നു പറയുന്നവരില്‍ ആരെങ്കിലും കായാറായിട്ടുണ്ടോ?

കോറസ്സ്‌: ഇല്ല. മിക്കവരും മദ്ധ്യവയസ്‌കരാണ്‌.

പ്രധാനമാലാഖ: അതെന്താണു മദ്ധ്യവയസ്‌കര്‍ എന്നു എടുത്ത്‌ പറഞ്ഞത്‌. അവര്‍ക്ക്‌ ഇനി അധികകാലം ഇല്ലെന്ന അര്‍ഥത്തിലാണോ?

കോറസ്സ്‌ : അല്ലേ അല്ല വിവരം ബോധിപ്പിച്ചതാണ്‌.

പ്രധാ: അവന്മാര്‍ക്ക്‌ പ്രഷര്‍, ഗ്യാസ്‌ട്രബിള്‍, ഷുഗര്‍, ഹാര്‍ട്ട്‌ട്രബിള്‍, കൊളൊസ്‌റ്റ്രോള്‍, ആര്‍ത്രൈറ്റിസ്‌,ല്‌പഅര്‍ശസ്സ്‌, മൂലകുരു ഇത്യാദി ഒന്നുമില്ലേ?

കോറസ്സ്‌: ചിലര്‍ക്കൊക്കെയുണ്ട്‌. അതിനൊക്കെ അവിടെ മരുന്നുകള്‍ ഉണ്ട്‌. ജീവന്‍വരെ പിടിച്ചുനിര്‍ത്താന്‍ മരുന്നുണ്ട്‌ ഭൂമിയില്‍. അവരുടെ പ്രധാന അസുഖം എഴുത്തിന്റെ അസ്‌കതയാണ്‌. സര്‍ഗ്ഗ പുളകം കൊണ്ട്‌ എല്ലാവരും കുത്തി കുറിക്കുന്നു. കവിതകളേക്കാള്‍ പദ്യങ്ങള്‍ എഴുതുന്നവരാണു്‌ കൂടുതല്‍. ലക്ഷ്‌മിയും സരസ്വതിയും ഒരുമിച്ചുവാഴുകയിക്ലെന്നു പറയുന്നത്‌ തിരുത്തുകയാണു ആ രാജ്യത്തെ എഴുത്തുകാര്‍. എന്നാല്‍ ഇവര്‍ക്കൊക്കെ സരസ്വതിയുടെ പ്രസാദം എത്രത്തോളം ഉണ്ടെന്ന കാര്യത്തിലാണ്‌ ജനം യോജിക്കാത്തത്‌. ലക്ഷ്‌മി പ്രസാദം ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

പ്രധാഃ പൊതുജനത്തിന്റെ നിലവിളിക്ക്‌ ഒരു സമാധാനമുണ്ടാക്കണമല്ലോ? സത്യം അറിയാന്‍ എന്താണു വഴി? ആരെങ്കിലും മരിച്ചെങ്കില്‍ സംഗതി എളുപ്പമായിരുന്നു. എല്ലാവരും ആയുഷ്‌മാന്‍ ഭവ: എന്ന അനുഗ്രഹവും വാങ്ങി ജീവിക്കയല്ലേ?

കോറസില്‍ നിന്നും ഒരഭിപ്രായം വന്നു. എഴുത്തുകാര്‍ എന്ന്‌ പറയുന്നവരില്‍ നിന്നും ആരെയെങ്കിലും ഒരാളെ തല്‍ക്കാലത്തേക്ക്‌ കൊല്ലുക. അയാളുടെ ആത്മാവ്‌ കൊണ്ടുവന്ന്‌ നമുക്ക്‌ പരിശോധിക്കാം. പിന്നെ ജീവന്‍ തിരിച്ചു കൊടുത്ത്‌ പുനര്‍ജീവിപ്പിക്കാം.

പ്രധാഃ അതു അപകടമാണു ആളുകള്‍ ഒക്കെ കൂടി മ്രുതദേഹം കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്‌താലോ?

കോര്‍ഃ ഏയ്‌ ഇപ്പോള്‍ അതൊക്കെ സാവകാശത്തിലാണ്‌ മരിച്ച്‌ കഴിഞ്ഞാല്‍ മൂന്നോ, നാലോ ദിവസം പ്രദര്‍ശനം, അതിനിടയില്‍ വീഢിയോ, അതിഥികളുടെ സന്ദര്‍ശനം, അനുശോചനയോഗം, പ്രസംഗ മത്‌സരം....പത്രങ്ങളില്‍ ഫോട്ടൊയും, ജീവചരിത്രവും.. അങ്ങനെ പോകുന്നു കലാപരിപാടികള്‍.. മരണം ഇപ്പോള്‍ ഗ്രാന്റായിട്ടല്ലേ ജനങ്ങള്‍ ആഘോഷിക്കുന്നത്‌. മനുഷ്യര്‍ ഇതൊക്കെ കാട്ടികൂട്ടുമ്പോള്‍ നമുക്ക്‌ കാര്യം അന്വേഷിച്ച്‌ കണ്ടുപിടിച്ച്‌ ദൈവത്തെ ബോധിപ്പിക്കാം.

അപ്രകാരം ഏതോ ഒരു സമ്പന്നരാഷ്‌ട്രത്തില്‍ (വായനക്കാരുടെ യുക്‌തം പോലെ ഇഷ്‌ടമുള്ള പേരു വിളിക്കാം) കുടിയേറി പാര്‍ത്തവരെ ശല്യം ചെയ്യുന്ന എഴുത്തുകാരില്‍ ഒരാളുടെ ജീവനെ മാലാഖമാരില്‍ ഒരാള്‍ ബന്ധിച്ചു. ആത്മാവ്‌ വേര്‍പ്പെട്ടപ്പോള്‍ അയാളുടെ ഭൗതിക ശരീരം അല്ലെങ്കില്‍ മ്രുതശരീരം.. കണ്ട്‌ ബന്ധുമിത്രാദികള്‍ പൊട്ടികരഞ്ഞു. പിന്നീട്‌ ത്രീപീസ്‌ സ്യൂട്ടില്‍ ആ ദേഹത്തെ പ്രദര്‍ശനത്തിനു വച്ചു.

ആത്മാവ്‌ ബന്ധിച്ചു കൊണ്ട്‌ പോകാന്‍ വന്ന മാലാഖ ആത്മാവിനോട്‌ ഒട്ടിപിടിച്ച ഒരു സാധനം കണ്ട്‌ അമ്പരന്ന്‌ ആത്മാവിനോട്‌ എന്താടോ അത്‌?

മരിച്ചയാള്‍ഃ ഇതൊരു പുസ്‌തകമാണ്‌.

മാലാഖഃ ഭൂമിയില്‍ നിന്ന്‌ തന്റെ ആത്മാവിനു മാത്രമെ പരലോകത്തില്‍ പ്രവേശനമുള്ളു. പുസ്‌തകം താഴെയിടൂ..

മരിച്ചയാള്‍ഃ അങ്ങനെ പറയരുത്‌. ഇതെന്റെ ജീവനാണ്‌. ആത്മാവാണ്‌.

മാലാഖഃ തനിക്ക്‌ ഒരാത്മാവേയുള്ളു. അതാണു ഞാന്‍ ബന്ധിച്ചിരിക്കുന്നത്‌ പുസ്‌തകം താഴെയിടൂ.
മരിച്ചയാള്‍ഃ എഴുത്തു എന്റെ രക്‌തത്തിലലിഞ്ഞിരിക്കയാണു. എഴുതാതെ എനിക്ക്‌ ജീവിക്കാന്‍ വയ്യ.

മാലാഖഃ ഇനി താന്‍ ജീവിക്കണ്ട. താന്‍ മരിച്ചു. പുസ്‌തകം താഴെയിട്ട്‌ എന്റെ കൂടെ വരൂ.

മരിച്ചയാള്‍; എന്റെ വീട്‌, അല്ല മാളിക, ആണ്മക്കള്‍, ഭാര്യ, ബാങ്ക്‌ നിക്ഷേപങ്ങള്‍ എല്ലാം ഞാന്‍ ഉപേക്ഷിക്കാം. പക്ഷെ ഈ പുസ്‌തകം, ഇതു ഞാന്‍ എഴുതിയതാണ്‌, സ്വന്തം ചിലവില്‍ അച്ചടിച്ചതാണ്‌, കൂടെകൊണ്ടുവരാന്‍ എന്നെ അനുവദിക്കണം.

മാലാഖ: ഇതു പണ്ട്‌ സാവിത്രി സത്യവാന്റെ ആത്മാവിന്റെ പുറകെപോയപോലെയുണ്ടല്ലോ? ഇങ്ങനെ സ്വയം പറഞ്ഞ്‌ തന്റെ പേജറില്‍ പ്രധാന മാലാഖയെ വിളിച്ച്‌ വിവരമറിയിച്ചു.

പ്രധാനമാലാഖ, ദൈവം, ദേവലോകസദസ്സ്‌, എല്ലാവരും എഴുത്തുകാരന്റെ ആത്മാവിന്റെ നിവേദനങ്ങള്‍ റീവൈന്‍ഡ്‌ ചെയ്‌ത്‌ കണ്ടു.

ദൈവംഃ പാവം എഴുത്തുകാര്‍, അവര്‍ക്ക്‌ എഴുത്തിനോട്‌ ആത്മാര്‍ഥതയുണ്ട്‌.

കോറസ്സ്‌ഃ എഴുത്തുകാരുടെ ശല്യം കൊണ്ട്‌ പൊറുതിമുട്ടിയ ജനങ്ങളോട്‌ എന്തു പറയണം., ദൈവമേ...

ദൈവംഃ എഴുത്തുകാര്‍ എഴുതുകയോ, വായിക്കുകയോ ചെയ്യട്ടെ, ആ ശല്യം ഒരു ശല്യമല്ല.

ഇതിനിടെ മരിച്ചു എന്നു കരുതിയ എഴുത്തുകാരന്റെ ഭാര്യയും മക്കളും സ്വന്തക്കാരും എല്ലാം ദുഃഖിച്ചിരിക്കയാണ്‌. ശാന്തനായി ഉറങ്ങുന്നപോലെ മരിച്ചു കിടക്കുന്ന ഭര്‍ത്താവിന്റെ അരികില്‍ അദ്ദേഹത്തിന്റെ അഭീഷ്‌ടപ്രകാരം അദ്ദേഹം എഴുതിയ പുസ്‌തകം കത്തിച്ചുവച്ച മെഴുകുതിരികള്‍ക്കടുത്ത്‌ വച്ച്‌ ഭാര്യ ഇരുന്നു. അവരുടെ നരച്ച തലമുടി വെളുത്ത പൂക്കള്‍ വിതറിയ പോലെ കാണപ്പെട്ടു, കരഞ്ഞ്‌വീര്‍ത്ത മുഖം. വിതുമ്പുന്ന ചുണ്ടുകള്‍. കണ്ണീര്‍ തുള്ളികള്‍ ഉണങ്ങിയ കവിളിലേക്ക്‌ ഇടക്കിടെ ഒഴുകുന്ന കണ്ണീര്‍. അവര്‍ ഒരു നിമിഷം കണ്ണടച്ച്‌്‌ ധ്യാനിച്ചിരുന്നു.

ഈ സമയം ദൈവത്തിന്റെ ആജ്‌ഞപ്രകാരം എഴുത്തുകാരനു ജീവന്‍ തിരിച്ചുകിട്ടി. എഴുത്തുകാരന്‍ കണ്ണു തുറന്നു. അയാള്‍ ഒരു പെട്ടിയില്‍ കിടക്കയാണെണ്‌ മനസ്സിലായി. ഇതിനിടയില്‍ ആരാണ്‌ തന്നെ പെട്ടിയിലാക്കിയതെന്നു അയാള്‍ ഓര്‍ക്കാന്‍ ശ്രമിക്കവെ തനിക്കരികില്‍ ഒരു യോഗിനിയെപോലെ തപസ്സ്‌ ചെയ്യുന്ന ഭാര്യ. മഞ്ഞില്‍ വിടര്‍ന്ന പൂവ്വ്‌ പോലെ. സജലങ്ങളായ കണ്ണുകള്‍. അയാള്‍ ഭാര്യയെ വിളിച്ചു. പ്രാണനാഥന്റെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഭാര്യയും മക്കളും ചുറ്റുംകൂടിയവരും സന്തോഷം കൊണ്ട്‌ ഒന്നും ഉരിയാടാനാവാതെ നിന്നപ്പോള്‍ എഴുത്തുകാരന്‍ അയാളുടെ ജന്മവാസന പ്രകടമാക്കുമാറു ഭാര്യയെനോക്കി ഒരു സിനിമാ ഗാനം പാടി....

ഞാന്‍ നിന്റെ പ്രേമത്തിന്‍
ജാലക വാതില്‍ക്കല്‍
ശ്രീരാഗപക്ഷിയായ്‌ പറന്നുണര്‍ന്നൂ

ആ രംഗം കണ്ടു നിന്ന ദൈവം മാലാഖമാരോട്‌ പറഞ്ഞു എന്റെ തീരുമാനത്തില്‍ മാറ്റമിച്ച, എഴുതുന്നവര്‍ എഴുതികൊള്ളട്ടെ. കണ്ടില്ലേ പാവം നമ്മളൊരുക്കിയ മരണത്തില്‍ നിന്ന്‌ ജീവന്‍ തിരിച്ചുകിട്ടിയ ഉടനെ പാട്ടായി, കഥയായി, സന്തോഷമായി...പാവം, പാവം എഴുത്തുകാര്‍......

(ഇത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രസിദ്ധീകരിച്ചതാണ്‌. എഴുത്തുകാരോടുള്ള ജനങ്ങളുടെ സമീപനം അന്നും വ്യത്യസ്‌തമായിരുന്നില്ല, ഇപ്പോഴും അങ്ങനെ തന്നെ)
എഴുത്തുകാരുടെ ശല്യം (നര്‍മ്മ ഭാവന: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
A.C.George, Houston 2014-09-18 21:02:02
I enjoyed the ever green humorous by Mr. Sudhir Panickkaveettil. The above article is filled with full of facts, situations covered with humor and fun. There is God, the involvements of his assistants, heaven, life after death, the India politics, strike, bundh, harthal, love, sex, stunt,...what else..and all the masala ingredients. Mainly all the pravasi writers are the heroes or villains. I can read and re-read, digest and laugh. It is an assest for our " Chiriarangu" . Also it is great and wonderful of writing. Congratulations to Sudhir for his right approach.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക