Image

പുതിയ ഡാം വേണമെന്ന് കെ.പി.സി.സി

Published on 05 December, 2011
പുതിയ ഡാം വേണമെന്ന് കെ.പി.സി.സി
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് പ്രമേയത്തിലൂടെ കെ.പി.സി.സി ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ ബലക്ഷയം കണക്കിലെടുത്ത് അടിയന്തരമായി ജലനിരപ്പ് 120 അടിയിലേക്ക് താഴ്ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗം ഈ പ്രമേയം അംഗീകരിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഇതുവരെ ചെയ്ത കാര്യങ്ങളില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തിയെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. കേരളത്തിന്റെ ആശങ്ക ഗൗനിക്കാത്ത തമിഴ്‌നാടിന്റെ നടപടി നിര്‍ഭാഗ്യകരമാണ്. പ്രശ്‌നത്തിന് ഒരു ശാശ്വതപരിഹാരം കണ്ടേ മതിയാകൂ. എ.ജിയുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഹാജരായി തനിക്ക് പറയാനുള്ളത് എം.ജി വിശദീകരിക്കും. എ.ജിക്ക് പറയാനുള്ളത് കൂടി കേട്ടശേഷമായിരിക്കും എന്ത് നടപടി വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.

ഇടുക്കി ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കെ.പി.സി.സി സെക്രട്ടറി ഇ.എം അഗസ്തി നിരഹാര സമരം തുടങ്ങും. ഡിസംബര്‍ 12 ന് 140 നിയോജകമണ്ഡലങ്ങളിലും ജനകീയ കൂട്ടായ്മ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു

ഹൈക്കോടതിയിലെ എ.ജിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കെ.പി.സി.സിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. കേരള താത്പര്യത്തിന് വിരുദ്ധമായി നിലപാടെടുത്ത എ.ജി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പി.ജെ.കുര്യന്‍ യോഗത്തില്‍ പറഞ്ഞു. കൂട്ടായ സമരങ്ങള്‍ക്ക് പകരം ഒറ്റയ്‌ക്കൊറ്റയ്ക്ക് സമരം നടത്തുന്നതിനെ എം.എം ഹസ്സന്‍ വിമര്‍ശിച്ചു. ഈ വിഷയം മുന്നണിയിലും ചര്‍ച്ചചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക