Image

ഇരട്ടപൗരത്വം നമ്മുടെ ജന്മാവകാശം- തോമസ് കൂവള്ളൂര്‍

തോമസ് കൂവള്ളൂര്‍ Published on 22 September, 2014
ഇരട്ടപൗരത്വം നമ്മുടെ ജന്മാവകാശം- തോമസ് കൂവള്ളൂര്‍
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജോസ് പിന്റോ സ്റ്റീഫന്‍, ഫിലിപ്പ് മാരേട്ട്, ലിങ്കോ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് അമേരിക്കയിലുള്ള ഇന്‍ഡ്യാക്കാര്‍ക്ക് ഇരട്ടപൗരത്വം(ഡ്യൂവല്‍ സിറ്റിസണ്‍ഷിപ്പ്) ലഭിക്കുന്നതിനു വേണ്ടി ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കാന്‍ വരുന്ന അവസരത്തില്‍ സമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓണ്‍ലൈന്‍ “ഐ പെറ്റീഷന്‍” പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പെറ്റീഷനില്‍ ഞാനും എന്റെ കുടുംബാംഗങ്ങളും അപ്പോള്‍ത്തന്നെ സൈന്‍ അപ്പ് ചെയ്യുകയും കമന്റ് കോളത്തില്‍ എന്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പ്രസ്തുത പെറ്റീഷന്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ട് ആഴ്ച ഒന്നു കഴിഞ്ഞു എങ്കിലും ലക്ഷക്കണക്കിന് മലയാളികളുള്ള അമേരിക്കയില്‍ ആരും തന്നെ അതിനുയാതൊരു പ്രാധാന്യവും കൊടുത്തു കണ്ടില്ല. ആ ഒറ്റക്കാരണം കൊണ്ടുമാത്രമാണ് ഇത്തരത്തില്‍ ഒരു വിശദീകരണം ഇരട്ടപൗരത്വത്തെക്കുറിച്ച് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
അമേരിക്കന്‍ പൗരത്വം എടുത്തവരെയും, എടുക്കാനിരിക്കുന്നവരെയും അവരുടെ കുഞ്ഞുങ്ങളെയും, മറ്റ് കുടുംബാംഗങ്ങളെയും മാത്രം ഉദ്ദേശിച്ചാണ് ഈ ലേഖനം. നിയമരഹിതമായി അമേരിക്കയില്‍ താമസിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ഈ ലേഖനം ബാധകമല്ല എന്നുകൂടി അറിയിച്ചുകൊള്ളട്ടെ.
യു.എസ്.എ., യു.കെ., സ്വിറ്റ്‌സര്‍ലാന്റ്, സൗത്ത് കൊറിയ, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക, ഈജിപ്ത്, ഗ്രീസ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാക്ക്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയില്‍, ടര്‍ക്കി, ഇസ്‌റായേല്‍, പാക്കിസ്ഥാന്‍ എന്നീ മുഖ്യ രാജ്യക്കാര്‍ക്കെല്ലാം ഇരട്ട പൗരത്വം ഉള്ളപ്പോള്‍ “ലോകം ഒരു കുടുംബം”(വാസുധൈവ കുടുംബകം) എന്ന ഉല്‍കൃഷ്ടമായ തത്വസംഹിതയ്ക്കു ജന്മമേകിയ ഇന്‍ഡ്യക്കാര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ വായ്മൂടിക്കെട്ടിയ അടിമകള്‍ക്കു തുല്ല്യമായി ഇക്കാര്യത്തിനുവേണ്ടി സംസാരിക്കാനോ അതിനെ പ്രോത്സാഹിപ്പിക്കാനോ മുതിരുന്നില്ല. ഈയിടെ ഇന്‍ഡ്യയുടെ മഹാനായ പ്രധാനമന്ത്രി “വാസുധൈവ കുടുംബകം” എന്ന മുദ്രാവാക്യം തന്റെ പ്രസംഗത്തിലൂടെ ലോകത്തിന്റെ മുന്‍പാകെ എടുത്തു പറയുന്നതും വാര്‍ത്തകള്‍ കാണാറുള്ള ചിലരെങ്കിലും കണ്ടുകാണുമെന്നു വിശ്വസിക്കുന്നു.

ഇരട്ടപൗരത്വത്തെപ്പറ്റിയുള്ള ആശയം ആരാണു മുമ്പോട്ടു വച്ചത് എന്നു നോക്കാതെ അതിന്റെ അര്‍ത്ഥം മനസ്സിലാക്കി. സമയോചിതമായി, ഉണരേണ്ട സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നീട് ആഗ്രഹിക്കുന്ന സമയത്ത് ഒരു പക്ഷേ ഉണരാന്‍ നമുക്കോ നമ്മുടെ വരും തലമുറയ്‌ക്കോ കഴിഞ്ഞെന്നു വരുകയില്ല. ഇരട്ടപൗരത്വം പ്രോത്സാഹിപ്പിക്കുന്ന ഒരു ഗവണ്‍മെന്റാണ് ഇന്ന് ഇന്‍ഡ്യ ഭരിക്കുന്നത് എന്നുള്ള സത്യം മനസ്സിലാക്കി അമേരിക്കയില്‍ കുടിയേറിയിട്ടുള്ള എല്ലാ മലയാളികളും ഇക്കാര്യത്തില്‍ മനസ്സുവെച്ചാല്‍ ലക്ഷക്കണക്കിന് ഒപ്പുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമുക്ക് സംഘടിപ്പിക്കുന്നതിനു യാതൊരു പ്രയാസവുമില്ല. ഇക്കാര്യത്തില്‍ ഫോമാ, ഫൊക്കാനാ, മറ്റ് മലയാളി സംഘടനകളും, മതസംഘടനകളും, രാഷ്ട്രീയ സംഘടനകളും എല്ലാം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഉദ്ദേശിക്കുന്നതില്‍ കൂടുതല്‍ ഒപ്പുകള്‍ ശേഖരിക്കാനാവും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ മലയാളികളെ പിറകോട്ടു നയിക്കുന്ന എന്തോ ഒരു വലിയ ബ്ലോക്ക് അവരുടെ മനസ്സുകളെ ഇക്കാര്യത്തില്‍ നിന്നും പിറകോട്ടു നയിക്കാന്‍ ഇടയാക്കുകയല്ലേ എന്നു സംശയിക്കേണ്ടയിരിക്കുന്നു.

“സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്” എന്ന് ഒരുകാലത്ത് ഉറക്കെ പ്രഖ്യാപിച്ച ബാലഗംഗാധരതിലകനെപ്പോലെ “ഇരട്ടപൗരത്വം എന്റെ ജന്മാവകാശമാണ്” എന്ന് ഓരോ ഇന്‍ഡ്യന്‍ അമേരിക്കന്‍ പ്രവാസികളും ഉറക്കെ പ്രഖ്യാപിക്കേണ്ട സമയമാണിത്. ഇതു നമുക്കു മാത്രമല്ല നമ്മുടെ വരും തലമുറയ്ക്കും ഒരു വന്‍നേട്ടത്തിനു കാരണമായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല. മുന്‍ പ്രധാനമന്ത്രി ആയിരുന്ന വാജ്‌പൈ  നമുക്ക് വാഗ്ദാനം ചെയ്തിരുന്ന ഒന്നായിരുന്നു ഇരട്ടപൗരത്വം എങ്കിലും അതിനുശേഷം വന്ന യുപിഎ ഗവണ്‍മെന്റ് വാസ്തവത്തില്‍ ചെയ്തത് വിദേശത്ത്, പ്രത്യേകിച്ച് അമേരിക്കയില്‍, സ്ഥിരമായി താമസിച്ച പ്രവാസികളുടെ എല്ലാവിധ അവകാശങ്ങളും അവരില്‍നിന്നും തട്ടിയെടുക്കുന്ന വിധത്തിലുള്ള കിരാതമായ ഒരു നിയമമാണ് കൊണ്ടുവരാന്‍ ശ്രമിച്ചത്.

അതിന്റെ ഭാഗമായി ഓസിഐ കാര്‍ഡ് എന്ന അപ്പക്കഷ്ണം മുമ്പോട്ട് എറിഞ്ഞു. അതിനുവേണ്ടി അപേക്ഷിച്ചവരോടെല്ലാം വളരെ തന്മയത്വപരമായി ഇന്‍ഡ്യന്‍പൗരത്വം സറണ്ടര്‍ ചെയ്യാനുള്ള ഒരു ഫോമില്‍ ഒപ്പിട്ടു വാങ്ങിയത് എത്രപേര്‍ ശ്രദ്ധിച്ചു കാണും. “റിനൗണ്‍സിയേഷന്‍” (renunciation) എന്നുള്ള ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം അറിയാവുന്നവര്‍ നമ്മുടെ ഇടയില്‍ ഇല്ലാതെപോയല്ലോ എന്നോര്‍ക്കുമ്പോള്‍ ഖേദമുണ്ട്. അമേരിക്കന്‍ പാസ്‌പോട്ട് എടുത്തവര്‍ ഇന്‍ഡ്യന്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ ഒരു സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് വച്ചുനീട്ടി അതില്‍ ഞാന്‍ എന്റെ ഇന്‍ഡ്യന്‍ സിറ്റിസണ്‍ഷിപ്പ് റിനൗണ്‍സ് ചെയ്തിരിക്കുന്നു” എന്ന് ഒപ്പിട്ട് വാങ്ങിച്ചു. എനിക്കും ഈ ദുര്‍ഗതി സംഭവിച്ചു. പ്രായമായ എന്റെ മാതാവിനെ കാണാന്‍ 2012 ല്‍ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ ചെന്നപ്പോഴാണ് ഈ ഗതികേടുണ്ടായത്. എന്തിനു ഞാന്‍ റിനൗണ്‍സു ചെയ്യണം, സോണിയാഗാന്ധിയോടോ, മദര്‍തെരേസയോടോ റിനൗണ്‍സു ചെയ്യാന്‍ ആരും ചോദിച്ചില്ലല്ലോ പിന്നെന്തിന് ഇന്‍ഡ്യക്കാരനായ എന്നോട് റിനൗണ്‍സു ചെയ്യാന്‍ നിങ്ങള്‍ ആവശ്യപ്പെടുന്നു എന്നു പറഞ്ഞപ്പോള്‍ അതുചെയ്തില്ലെങ്കില്‍ ഇന്‍ഡ്യക്കുപോകാനുള്ള വിസ നല്‍കുകയില്ല എന്ന മറുപടിയാണ് ലഭിച്ചത്

വാസ്തവത്തില്‍ അന്ന് എന്റെ ധാര്‍മ്മികരോഷം യുപിഎ ഗവണ്‍മെന്റിനെതിരെ ആളിക്കത്തി. അക്കാരണത്താല്‍ ബിജെപി ഗവണ്‍മെന്‌റിനു പിന്‍തുണ പ്രഖ്യാപിക്കേണ്ടതായും വന്നു എന്നുള്ള കാര്യവും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്താണെങ്കിലും ലോകത്തില്‍ ഇന്നുള്ള ഒരു ഗവണ്‍മെന്റുകളും ചെയ്യാത്ത ക്രൂരമായ നടപടിയാണ് ഈ സറണ്ടര്‍ നിയമത്തിലൂടെ ഓസിഐ കാര്‍ഡ് എടുത്തവരോടും, അമേരിക്കന്‍ പാസ്‌പോര്‍ട്ട് എടുത്തശേഷം വിസയ്ക്ക് അപേക്ഷിച്ചവരോടും അന്നത്തെ യുപിഎ ഗവണ്‍മെന്റ് ചെയ്തത് എന്നുള്ള കാര്യം തുറന്നു പറയാതെ വയ്യ.

ബൈബിളില്‍ ഏസാവിന്റെ അധികാരം അമ്മയുടെ സഹായത്തോടെ തന്ത്രപൂര്‍വ്വം അനുജന്‍ യാക്കോബ് തട്ടിയെടുത്തതുപോലെയും മഹാനായ മഹാബലിയെ തന്ത്രപൂര്‍വ്വം പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയ വാമനന്റെ കുതന്ത്രവും പോലെയാണ് വാസ്തവത്തില്‍ നമ്മളോട് കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഗവണ്‍മെന്റ് ചെയ്തത് എന്നുള്ളകാര്യം ഒരിക്കലും മറക്കാനാവില്ല. അതിന്റെ തിക്താനുഭവം അവര്‍ അനുഭവിക്കുകയും ചെയ്തു.

ഇനിയെങ്കിലും അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച് നമുക്ക് നമ്മുടെ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇരട്ടപൗരത്വത്തിന് അപേക്ഷിക്കുന്നതോടൊപ്പം മന്‍മോഹന്‍സിങ്ങിന്റെ ഗവണ്‍മെന്റ് കൊണ്ടുവന്ന പാസ്‌പോര്‍ട്ട് സറണ്ടര്‍ നിയമവും നമ്മുടെ സിറ്റിസണ്‍ഷിപ്പ് വേണ്ടെന്നു വച്ച് അവകാശം സറണ്ടര്‍ ചെയ്യുന്ന റിനൗണ്‍സിയേഷന്‍ പിന്‍വലിക്കാനും നാം ആവശ്യപ്പെടേണ്ടിയിരിക്കുന്നു. എന്നാണ് നമ്മുടെ സംഘടനാ നേതാക്കള്‍ ഇക്കാര്യത്തില്‍ മടിവിചാരിക്കുന്നത് എന്നു ഞാന്‍ ഓര്‍ത്തു പോവുകയാണ്.

ഈയിടെ അമേരിക്കന്‍ ഗണ്‍മെന്റില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുമായി ഇരട്ടപൗരത്വത്തെപ്പറ്റി ചര്‍ച്ചചെയ്യുന്നതിനെനിക്കു കഴിഞ്ഞു. ഏതോ ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ഒരു സ്ത്രീ അമേരിക്യുടെ മുകളിലൂടെ വിമാനത്തില്‍ യാത്രചെയ്തപ്പോള്‍ പ്രസവിച്ചതായും ആ കുട്ടിക്ക് അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് കിട്ടിയതായും അദ്ദേഹം പറഞ്ഞപ്പോള്‍ അമേരിക്കയില്‍ ഇരട്ടപൗരത്വം ഉണ്ടെന്നുള്ള സത്യം മനസിലാക്കുന്നതിനെനിക്കുകഴിഞ്ഞു. ലാറ്റിനില്‍ അമേരിക്കന്‍ പൗരന്‍ ആകാനുള്ള യോഗ്യതയെപ്പറ്റി രണ്ടുവാക്കുകള്‍ മനസ്സിലാക്കുന്നതിനും എനിക്കുകഴിഞ്ഞു." JUS SOLI"എന്നുപറഞ്ഞാല്‍ Right of soil or place എന്നും JUS SANGUINIS എന്നുപറഞ്ഞാല്‍ Right of Blood അമേരിക്കന്‍ പൗരന്മാരകാന്‍ അമേരിക്കയുടെ പരിധിയില്‍ എവിടെയങ്കിലും വച്ച് ജനിച്ചാലും രക്തബന്ധത്തിലൂടെ ഒരു അമേരിക്കന്‍ പൗരന്റെ കുട്ടിയാണെന്നു തെളിയിച്ചാലും ആ കുട്ടിക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കും. അവിടെ ജാതിയോ, മതമോ, ഏതു രാജ്യക്കാരനാണെന്നോ ഒന്നും പ്രശ്‌നമല്ല. ശത്രുരാജ്യത്തെ ആള്‍ ആണെങ്കില്‍ പോലും അവരെ അമേരിക്കന്‍ ഗവണ്‍മെന്റ് ഈ രാജ്യത്തെ പൗരന്മാരായി കണക്കാക്കും. അമേരിക്കയില്‍ മറ്റേതെങ്കിലും, രാജ്യത്തുനിന്നു ടൂറിസ്റ്റ് വിസയില്‍ വന്നിട്ട് ഇവിടെ കുട്ടി ജനിച്ചാല്‍ പോലും ആ കുട്ടിക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കും. അതുപോലെ തന്നെ ഒരു കുട്ടിയുടെ വല്ല്യപ്പനോ വല്ല്യമ്മയോ രക്തബന്ധത്തിലൂടെ അമേരിക്കന്‍ സിറ്റിസണ്‍ ആയിരുന്നുവെങ്കില്‍ പേരക്കിടാങ്ങളെപ്പോലും അമേരിക്കന്‍ഗവണ്‍മെന്റ് അമേരിക്കന്‍ സിറ്റിസണ്‍ ആയി കരുതുകയും സംരക്ഷിക്കുകയും ചെയ്യും.

ഇത്രയും കാര്യങ്ങള്‍ വ്യക്തമായി അറിയാമായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ യുപിഎ ഗവണ്‍മെന്റിന് എങ്ങിനെ ഇന്‍ഡ്യാക്കാരായ നമ്മുടെ അവകാശങ്ങള്‍ നമ്മളെക്കൊണ്ട് അടിയറവയ്പിക്കാന്‍ തോന്നി. ഈ സാഹചര്യത്തില്‍ നമുക്കോ നമ്മുടെ കുഞ്ഞുങ്ങള്‍ക്കോ ഇന്‍ഡ്യയിലുള്ള എല്ലാ അധികാരങ്ങളും, അവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ് എന്നുള്ള കാര്യം നാം ഓര്‍ക്കണം. ഇതെങ്ങിനെ നമുക്കു പൊറുക്കാനാവും.

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തി ആയി മാറിയിരിക്കുകയാണ് ഇന്‍ഡ്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കാലത്ത് അദ്ദേഹത്തെ എതിര്‍ത്തിരുന്നവര്‍ കൂടി അദ്ദേഹത്തെ പുകഴ്ത്താന്‍ തുടങ്ങി എന്നുള്ളത് ആശ്വാസകരമാണ്. ഈ വരുന്ന സെപ്തംബര്‍ 28-#ാ#ം തീയതി നരേന്ദ്രമോദി ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ എത്താനിരിക്കുകയാണ്. ഒരിക്കല്‍ അദ്ദേഹത്തിനു വിസാ നിരസിച്ച അമേരിക്ക ഇന്ന് ഏറ്റവും കൂടുതല്‍ പ്രധാന്യത്തോടുകൂടി അദ്ദേഹത്തിനു വരവേല്‍പ്പു നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനോടകം സ്റ്റേഡിയത്തില്‍ ഇരിക്കാനുള്ള സീറ്റുകള്‍ നിറഞ്ഞുകഴിഞ്ഞു. ടിക്കറ്റുകള്‍ക്കുവേണ്ടി, മോദിയെ നേരിട്ടുകാണാന്‍, ഒരു ടിക്കറ്റുകിട്ടാന് പല നേതാക്കളും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കയാണ്. ടൈം സ്‌ക്വയറില്‍ പടുകൂറ്റന്‍ സ്‌ക്രീനുകളില്‍ മോദിയയുടെ ഹിന്ദിയിലുള്ള പ്രഭാഷണം ലൈവ് ആയി കാണാനുള്ള സജ്ജീകരണങ്ങളും, തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. അന്നേദിവസം മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനും, ടൈം സ്‌ക്വയറുമെല്ലാം മനുഷ്യമഹാസമുദ്രമായി മാറുമെന്നുള്ളതില്‍ സംശയമില്ല.

ഈ സാഹചര്യത്തില്‍ മലയാളികളായ നാം കഴിഞ്ഞകാലത്തെ വെറുപ്പും വിദ്വേഷവുമെല്ലാം താല്ക്കാലികമായെങ്കിലും മറന്ന് ഓരോ അമേരിക്കന്‍ മലയാളിയും ഇരട്ട പൗരത്വത്തിനുവേണ്ടിയുള്ള ഐപെറ്റീഷന്‍ ഓണ്‍ലൈനിലൂടെ സൈന്‍അപ്പ് ചെയ്യാന്‍ മുന്‍കൈ എടുത്താല്‍ അത് മലയാളികള്‍ക്ക് എന്നും അഭിമാനിക്കാന്‍ കാരണമായിത്തീരും. സാധിക്കുന്നോടത്തോളം പേര്‍ അവരവരുടെ കുട്ടികളെക്കൊണ്ടും, മറ്റ് കുടുംബാംഗങ്ങളെക്കൊണ്ടും പെറ്റീഷനില്‍ സൈന്‍ ചെയ്യിക്കുക. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും സോഷ്യല്‍മീഡിയാകളിലൂടെയും നിമിഷനേരം കൊണ്ട് ഈ ആശയം പ്രചരിപ്പിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ നമ്മള്‍ വിജയിച്ചു. ഇരട്ടപൗരത്വം നമുക്കുലഭിക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ല. അതുവഴി ഇന്‍ഡ്യക്കാരായ നമുക്ക് ലോകത്തിന്റെ മുമ്പില്‍ തലയെടുപ്പോടെ നില്‍ക്കുന്നതിനും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇന്‍ഡ്യയെപ്പറ്റി ബഹുമാനം ഉണ്ടാകുന്നതിനും കാരണമായി ഭവിക്കും.

ലിങ്ക് എല്ലാവര്‍ക്കും കൈമാറുക.
http://www.ipetitions.com/petition-dual-citizenship-appeal

വാര്‍ത്ത അയ്ക്കുന്നത് :തോമസ് കൂവള്ളൂര്‍
ഇരട്ടപൗരത്വം നമ്മുടെ ജന്മാവകാശം- തോമസ് കൂവള്ളൂര്‍
Join WhatsApp News
O.C. Mathai 2014-09-22 04:10:35
ഓ. സി . കാർഡ് പോയി ഇപ്പോൾ ഇരട്ട പൗരത്വമായോ? ആദ്യം ഓ .സി .കാർഡ് ശരിയാകട്ടെ പിന്നാവാം ഇരട്ട പൗരത്വം. മതി മതി ഇനി എനിക്ക് വേറെ ചെരിപ്പില്ല തേയിക്കാൻ.
Vivekan 2014-09-22 08:50:55
മത്തായി താനീ ബസ്സേക്കേറി ബഹളം വെക്കുന്നതെന്തിനാ?
'ഓസി കാർഡും', 'ഓലെറ്റും', 'നെയ് റോസ്റ്റും' ഒന്നും ഇന്ത്യേൽപ്പോ വാൻ വേണ്ട. 'ഓസി കാർഡെന്നും' പറഞ്ഞൊരു കാർഡു ഇന്ത്യൻ ഗവർമെന്റു അമേരിക്കൻ സിറ്റിസന്മാർക്കു കൊടുക്കാൻ ഇതുവരെ ഉണ്ടാക്കിയിറക്കീട്ടുമില്ല. 'അമേരിക്കൻ സിറ്റിസൻ' വളച്ചു കയ്യിൽ പിടിച്ചിട്ടുണ്ടെന്നോ, കാലിനിടയിൽ വെച്ചിട്ടുണ്ടെന്നോ മറ്റോ അല്ലേ മുമ്പേ പറഞ്ഞേ? ഇനീ 'ഇരട്ട പൗരത്വം' ഉണ്ടോന്നു എന്തിനാ അന്വേഷിക്കുന്നേ? ഇന്ത്യയിൽ പോവാനാനെങ്കിൽ കയ്യിലുള്ള അമേരിക്കൻ ചെണ്ടക്കോലും കൊണ്ടങ്ങു പോവാൻ ഒരു പ്രയാസ്സോം ഇല്ലാല്ലോ?

അമേരിക്കൻ സിറ്റിസൻഷിപ്പു കളയാൻ വാങ്ങിച്ചിരുന്ന മുന്നൂറു ഡോളർ ഫീസ് കഴിഞ്ഞാഴ്ച മുതൽ മൂവായിരമാക്കിയ വിവരം അറിഞ്ഞാരുന്നോ? ഇച്ചിരൂടെക്കഴിയട്ടെ, അതയ്യായിരവും, പതിനായിരവുമാവുന്നതു കാണാം. അമേരിക്കൻ ഇമിഗ്രേഷൻ ആപ്പീസിൽക്കേറിക്കിടന്നു കൂവിയാലേ... സായിപ്പ് ഷൂസിട്ടു നാവിക്കു തൊഴിക്കും, അറിയാലോ? തിരിഞ്ഞു നിന്നു കൊടുക്കാനേ പറ്റൂ. പിന്നേം കിട്ടും!

Joseph 2014-09-23 08:36:03
വീടും പുരയിടവും വിറ്റാ അമേരിക്കയിൽ വന്നെ. എട്ടുമാസം കഴിഞ്ഞു ജോലി പോയിട്ട്. കയ്യിലുള്ളതെല്ലാം തീർന്നു. തിരിച്ചു പോയി വീട്ടുകാരെ വീണ്ടും ബുദ്ധിമുട്ടിച്ചാണെങ്കിലും ഒരു ജീവിതം ഉണ്ടാക്കി രക്ഷപെടാമെന്നു കരുതി. പണമില്ലാത്തതിനാൽ വൈകി. സിറ്റസൻ വേണ്ടാന്നു പറയാനും ഫീസു കൊടുക്കണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക