Image

മുല്ലപ്പെരിയാറിന്റെ പേരില്‍ സിപിഎമ്മിലും തുടര്‍ചലനങ്ങള്‍

ജി.കെ. Published on 06 December, 2011
മുല്ലപ്പെരിയാറിന്റെ പേരില്‍ സിപിഎമ്മിലും തുടര്‍ചലനങ്ങള്‍
റിക്‌ടര്‍ സ്‌കെയിലില്‍ നാലിനു മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാവുമോ എന്ന ചര്‍ച്ച അരങ്ങു തകര്‍ക്കുമ്പോള്‍ സിപിഎമ്മിനകത്തും തുടര്‍ ചലനങ്ങളുടെ പരമ്പര അരങ്ങേറുകയാണ്‌. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ നഷ്‌ടമാവുന്ന മനുഷ്യജീവനെക്കുറിച്ച്‌ കണ്ണീരൊഴുക്കാതെ തമിഴന്റെ നഷ്‌ടമാകുന്ന കൃഷിയെക്കുറിച്ചോര്‍ത്ത്‌ മാത്രം ആശങ്കപ്പെട്ട സിപിഎം പോളിറ്റ്‌ ബ്യൂറോയുടെ നിലപാടില്‍ പിടിച്ച്‌ വി.എസ്‌.അച്യുതാനന്ദന്‍ പാര്‍ട്ടിക്കയ്‌കത്ത്‌ സൃഷ്‌ടിച്ച ആദ്യ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങളാണ്‌ ഇപ്പോള്‍ സിപിഎമ്മിനകത്ത്‌ അരങ്ങേറുന്നത്‌. പിബി നിലപാടിനെ പരസ്യമായി വെല്ലുവിളിച്ച്‌ രംഗത്തുവന്ന വിഎസിനെതിരെ സെക്രട്ടറിയേറ്റ്‌ അംഗം ശിവദാസമേനോനില്‍ നിന്നാണ്‌ ആദ്യ തുടര്‍ചലനമുണ്‌ടായത്‌.

പാര്‍ട്ടി ഒരു നിലപാടെടുത്താല്‍ അത്‌ അംഗീകരിക്കുന്നവരാണ്‌ കമ്മ്യൂണിസ്റ്റുകാരനെന്നും അതിനെതിരെ സംസാരിക്കുന്നവര്‍ പാര്‍ട്ടിയില്‍ കാണില്ലെന്നുമുള്ള ശിവദാസമേനോന്റെ പ്രസ്‌താവന മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തില്‍ പാര്‍ട്ടിക്കകത്തുണ്‌ടാവുന്ന ആദ്യ തുടര്‍ചലമായിരുന്നു. എന്നാല്‍ ഇത്‌ ഒറ്റ ചലനം കൊണ്‌ട്‌ അവസാനിക്കില്ലെന്ന പ്രസ്‌താവനയാണ്‌ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന്‌ തുടര്‍ന്നുണ്‌ടായത്‌. മുല്ലപ്പെരിയാര്‍ സംബന്ധിച്ച്‌ പിബി നിലാടില്‍ അവ്യക്തതയില്ലെന്ന പിണറായിയുടെ മറുപടി അദ്ദേഹം പറഞ്ഞതുപോലെ വിവാദമുണ്‌ടാക്കുന്നവര്‍ക്കു വേണ്‌ടി മാത്രമല്ല. അത്‌ വി.എസിനു കൂടിയുള്ള മറുപടിയാണ്‌.

പാര്‍ട്ടിയ്‌ക്കത്തെ സ്വന്തം നിലനില്‍പ്പിനും ജനകീയ പ്രതിച്ഛായ വര്‍ധിപ്പിക്കാനുമായി പാര്‍ട്ടിയ്‌ക്കകത്തും പുറത്തും എന്നും പുതിയസമരമുഖങ്ങള്‍ തുറക്കാന്‍ ലഭിക്കുന്ന ഒരവസരവും അണുവിട പാഴാക്കാത്ത വി.എസിന്‌ യഥാര്‍ത്ഥത്തില്‍ കിട്ടിയ നല്ല വടിയായിരുന്നു മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോളിറ്റ്‌ ബ്യൂറോയുടെ അഴകൊഴമ്പന്‍ പ്രസ്‌താവന. പോളിറ്റ്‌ ബ്യൂറോ ഡാം കെട്ടണമെന്ന്‌ പറഞ്ഞിരുന്നെങ്കിലും പുരുട്‌ചി തലൈവിക്കോ മുല്ലപ്പെരിയാര്‍ ഡാമിനോ ഒന്നും സംഭവിക്കില്ലായിരുന്നു. എങ്കിലും ഉദ്ദിഷ്‌ടകാര്യത്തിന്‌ ഉപകാരസ്‌മരണ അറിയിക്കാന്‍ കിട്ടുന്ന അവസരം പിബി പാഴാക്കിതിരുന്നതോടെ വി.എസും ലഭിച്ച അവസരം ഫലപ്രദമായി വിനിയോഗിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം കെട്ടണമെന്നാവശ്യപ്പെട്ട്‌ പാര്‍ട്ടി തന്നെ മനുഷ്യമതില്‍ തീര്‍ക്കാനിരിക്കെയാണ്‌ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പിബി വഴുക്കലില്‍ വടി കുത്തിയത്‌.

മുല്ലപ്പെരിയാറില്‍ ഒറ്റയ്‌ക്കു സന്ദര്‍ശനം നടത്തി രാഷ്‌ട്രീയ മൈലേജ്‌ കൂട്ടാനുള്ള ശ്രമത്തിലെ അപകടസാധ്യത നേരത്തെ തിരിച്ചറിഞ്ഞ ഔദ്യോഗിക പക്ഷം അത്‌ ഇല്ലാതാക്കിയ സാഹചര്യത്തില്‍ കൈയില്‍ കിട്ടിയ വടികൊണ്‌ട്‌ വി.എസ്‌ സംസ്ഥാനത്തു നിന്നുള്ള പിബി അംഗങ്ങളുടെ തലയ്‌ക്കുതന്നെ ആദ്യ കിഴുക്കുകൊടുത്തു. വി.എസ്‌ ചോദ്യം ചെയ്‌തത്‌ പിബി നിലപാടിനെയാണെങ്കിലും അതു കൊള്ളുന്നത്‌ പിണറായിയിലും കോടിയേരിയിലും രാമചന്ദ്രന്‍ പിള്ളയിലുമായിരിക്കുമെന്ന്‌ അദ്ദേഹത്തിന്‌ മറ്റാരും പറഞ്ഞു കൊടുക്കേണ്‌ട കാര്യമില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്ത്‌ നിലനില്‍ക്കുന്ന ജനവികാരം കേന്ദ്രനേതൃത്വത്തെ അറിയിക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍ പരാജയമാണെന്നൊരു ധ്വനി കൂടി വി.എസിന്റെ പ്രസ്‌താവനയിലുണ്‌ടായിരുന്നു.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ പാര്‍ട്ടി വേദികളില്‍ ഔദ്യോഗികപക്ഷത്തെ ക്രൂശിക്കാന്‍ വി.എസിന്‌ ലഭിച്ച മികച്ച ആയുധം കൂടിയായിരുന്നു മുല്ലപ്പെരിയാര്‍. എന്നാല്‍ ഇതിലെ ഭീഷണി മുളയിലേ കണ്‌ട ഔദ്യോഗികപക്ഷം ആദ്യം ശിവദാസമേനോനിലൂടെയും പിന്നീട്‌ പാര്‍ട്ടി സെക്രട്ടറിയിലൂടെയും വിഎസിന്‌ അണകെട്ടുകയായിരുന്നു. ശിവദാസമേനോന്റെ പ്രതികരണങ്ങളെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ കാത്തിരുന്നു കാണാം എന്നു മാത്രമായിരുന്നു വി.എസിന്റെ മറുപടി.

എന്തായാലും കാത്തിരിപ്പിന്റെ സസ്‌പെന്‍സിന്‌ അധികം ആയുസില്ല. ബുധനാഴ്‌ച മുല്ലപ്പെരിയാറില്‍ വി.എസ്‌ നിരാഹാരമിരിക്കുന്നുണ്‌ട്‌. കാത്തിരുപ്പിന്‌ അതില്‍ കൂടുതല്‍ ആയുസുണ്‌ടാകുമെന്ന്‌ പിണറായിയോ പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷമോ പോലും കരുതുന്നില്ല. എന്തായാലും വി.എസിന്റെ ഉപവാസം കൊണ്‌ട്‌ മുല്ലപ്പെരിയാറിന്‌ ബലം കൂടിയില്ലെങ്കിലും അത്‌ ഭാവിയില്‍ പാര്‍ട്ടിയിലുണ്‌ടാക്കുന്ന കുലുക്കമെന്തായിരിക്കുമെന്ന്‌ മുല്ലപ്പെരിയാറിലെ ഭൂകമ്പം പോലെ പ്രവചനാതീതമാണ്‌. അതുകൊണ്‌ട്‌ മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ കാത്തിരുന്നു കാണുകയേ നിര്‍വാഹമുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക