Image

ജാവാ ബുള്ളറ്റും പിന്നെ ഞാനും (ചെറുകഥ: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്)

പോള്‍ ചാക്കോ തീമ്പലങ്ങാട്ട് Published on 24 September, 2014
ജാവാ ബുള്ളറ്റും പിന്നെ ഞാനും (ചെറുകഥ: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്)
ഭാഗം ഒന്ന്
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഏഴാം ക്ലാസ്സില്‍ നിന്നും ജയിച്ച് ആദ്യമായി ഹൈസ്‌ക്കൂളില്‍ ചെന്നപ്പോ സീനിയേഴ്‌സിന്റെ കൊട്ട് ധാരാളം കിട്ടീട്ടുള്ളതിനാല്‍ പത്താം ക്ലാസ്സില്‍ എത്തിയപ്പൊ നല്ല തലക്കനം. എട്ടിലും ഒന്‍പതിലും ഉള്ള പീക്കിരികളെ കിള്ളാന്‍ കിട്ടിയ സുവര്‍ണ്ണാവസരം. ഉള്ളില്‍ അഹങ്കാരം കൊടുമ്പിരി കൊണ്ടു നില്‍ക്കുന്നു. ഒരു സാധാ പലചരക്ക് കടക്കാരന്റെ മകന് ഇതിനും മാത്രം അഹങ്കരിക്കാന്‍  എന്താ ഉള്ളതെന്ന് നിങ്ങള്‍ക്ക് തോന്നാം. സത്യത്തില്‍ അതെനിക്കും തോന്നീട്ടുണ്ട് പലപ്പോഴും.
ചേട്ടന്‍ ഡല്‍ഹീന്ന് കൊണ്ടുവന്നു തന്നെ ബോംബൈ ഡൈയിംഗിന്റെ ഷര്‍ട്ടും ഒരിടത്തും എത്താത്ത ഒരു പാന്റും ഒക്കെയിട്ട്, വലത് ഷൂ ഇടതുകാലിലും ഇടത് ഷൂ വലത് കാലിലും വലിച്ചുകേറ്റ് കരിക്കാട്ടൂരുള്ള സ്‌ക്കൂള്‍ ലക്ഷ്യമാക്കി ഒരു സവാരി ഗിരിഗിരിയാണ് എന്നും രാവിലെ. പ്രത്യേകിച്ച് യാതൊരു ഉദ്ധേശ്ശോം ഇല്ലാത്ത ഒരു യാത്ര. ഏത് ഹൈസ്‌ക്കൂള്‍ ആണെന്ന് ചോദിക്കണ്ട; കരിക്കാട്ടൂര് ഒറ്റ സ്‌കൂളേ ഉള്ളൂ. അത് ഗൊവേന്ത പട്ടക്കാര് നടത്തുന്ന സീ.സീ.എം. തന്നെ. രാവിലെ ഒന്‍പതിന് വീട്ടീന്ന് തിരിച്ചാലോ സീ.സീ.എമ്മില്‍ പത്തിന് സ്‌ക്കൂളില്‍ എത്തൂ. രണ്ട്-മൂന്ന് കി.മി. നടക്കണം.
എന്റെ കമ്പനി തൊണ്ടുവേലില്‍ ഷാജി, പാഴൂര്‍ ടോമി, മുട്ടത്തുപാറ പോളി, മാവേലില്‍ മാത്യൂസ്, പാപ്പച്ചി സാറിന്റെ മോന്‍ ഷിബു, ളാമണ്ണില്‍ സജി എന്നിങ്ങനെ കുറെ ഭാവിയുടെ വാഗ്ദാനങ്ങളുടെ കൂടെയാണ്. വളരെ അച്ചടക്കം ഉള്ള ടീമുകള്‍. സയന്‍സ്, ബയോളജി, ഫിസിക്‌സ്, മാത്ത്‌സ് എന്നിങ്ങനെ എനിക്ക് മനസ്സിലാവാത്ത പല വിഷയങ്ങളിലും അപാരജ്ഞാനം ഉള്ള ടീം. എനിക്കാണെങ്കില്‍ ആറും എട്ടും തമ്മില്‍ കൂട്ടാന്‍ കൈവിരലേല്‍ എണ്ണി നോക്കണം. അന്നും ഇന്നും എനിക്കവരോട് അസൂയ മാത്രം പക്ഷെ ഞാനതൊന്നും പുറത്ത് കാണിക്കാറില്ല. നാളേം കാണണ്ട ആള്‍ക്കാരല്ലേ.
മാര്‍ച്ച് മാസ്സത്തിലെ ഒരു തണുത്തവെളുപ്പാന്‍ കാലം. രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ എനിക്ക് ചെറിയൊരു പനിക്കോള്. സ്‌ക്കൂളില്‍ പോണോ പോകണ്ടായോ എന്നിങ്ങനെ സംശയിച്ച് വീടിന്റെ തിണ്ണയില്‍ അപാരതയിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് അച്ചാച്ചന്‍ കാലാ കിളച്ച് ക്ഷീണിതനായി ഒരു തൊപ്പിപ്പാള ഒക്കെ തലേല്‍ ഫിറ്റ് ചെയ്ത് കേറിവരുന്നത്. എന്നെ കണ്ടപാടെ നിനക്കിന്ന് സ്‌കൂളില്ലേടാ എന്നൊരു ചോദ്യം. ചോദ്യം കേട്ടതോടെ എന്റെ പനി വിട്ടു. കുളിര് മാറി വിയര്‍പ്പായി. കാലിനു ചെറിയ വിറയലും. പെട്ടെന്ന് മറുപടി ഒന്നും വായില്‍ വന്നില്ല. അങ്ങനെ വായും പൊളിച്ചു ഞാന്‍ നിക്കുന്നത് കാണുമ്പോഴേ അങ്ങേര്‍ക്കറിയാം എന്തെങ്കിലും കള്ളം പറയാനുള്ള പുറപ്പാടാണ്. “പെട്ടെന്ന് തുണി മാറി പള്ളിക്കൂടത്തില്‍ പോടാ…” എന്നൊരു ആക്രോശമാണ് പിന്നെ ഞാന്‍ കേട്ടത്. അങ്ങേര് ഗോളടിച്ചു.
ഇനി അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് കാര്യമില്ല. പനിയാ, വയറ് വേദനയാ എന്നൊക്കെ അമ്മച്ചിയോട് പറഞ്ഞാ അമ്മച്ചി പാലില്‍ റെസ്‌ക് ഇട്ട് തന്നിട്ട് പറയും എന്റെ മാനിന്ന് സ്‌കൂളില്‍ പോകണ്ട എന്ന്. അമ്മച്ചിയുടെ അടുത്ത് എന്റെ ഒരു സ്ഥിരം നമ്പറാരുന്നു വയറുവേദന. പനിയും തലവേദനേം പോലെ തൊട്ടുനോക്കാന്‍ പറ്റില്ലല്ലോ വയറുവേദന. പക്ഷെ അച്ചാച്ചന്‍ എന്നേക്കാള്‍ വിളഞ്ഞ വിത്താ. എന്നെ വിറ്റ കാശ് അങ്ങേരുടെ കൈയില്‍ ഉണ്ട്. തര്‍ക്കിച്ചിട്ടും അടവെടുത്തിട്ടും കാര്യമില്ല. തന്നെയുമല്ല ഇനി പരുങ്ങി നിന്നാല്‍ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന പലതും അവിടെ നടക്കും. കണക്ക് പുസ്തകോം സാമൂഹ്യപാഠവും ബയോളജീം ഫിസിക്‌സും ഒക്കെ വാരിക്കെട്ടി ഭംഗിയായി റബ്ബര്‍ ബാന്‍ണ്ടൊക്കെ ഇട്ട് ചോറ്റുപാത്രോം അതിന് മുകളില്‍ സ്ഥാപിച്ച് അയ്യപ്പന്മാര് മലക്ക് പോകുന്നപോലെ പുസ്തക്കെട്ടും തലേല്‍ വച്ച് പതിയെ വീട്ടീന്നിറങ്ങി. പഠിപ്പിസ്റ്റുകള്‍ എല്ലാം പോയിക്കാണും. കാരണം അവരൊക്കെ സമയനിഷ്ട പാലിക്കുന്ന കുഞ്ഞാടുകളാണ്.

ഭാഗം രണ്ട്.
കറിക്കാട്ടൂര്‍ ആശുപത്രി സര്‍ക്കാര്‍ വകയാണ്. അവിടുത്തെ കബൗണ്ടര്‍ പുലിക്കല്ല് ഏരിയയിലെ തെങ്ങുകയറ്റക്കാരന്‍ രാഘവന്റെ മകന്‍ ശശിയാണ്. ശശി എന്റെ ചേട്ടന്റെ സഹപാഠിയും. എപ്പോള്‍ ഞാന്‍ ആശൂത്രീല്‍ ചെന്നാലും ശശിയുടെ വക സല്‍ക്കാരമുണ്ട്. അവിടെ ഇരിക്കുന്ന ഏതെങ്കിലും മരുന്നില്‍ ഒരെണ്ണം ഒരു ഗ്ലാസ്സില്‍ ഊറ്റി അവന്‍ എനിക്ക് തരും. ഞാനത് കുടിക്കും. സര്‍ക്കാര്‍ ആശൂത്രീലെ മരുന്നല്ലേ, ഗുണവും ദോഷവും ഉണ്ടാവില്ല. പക്ഷെ സത്യം പറയാമല്ലോ, ശശി ഊറ്റിത്തരുമ്പോ നല്ല മധുരമാണ് ഈ മരുന്നകള്‍ക്ക്. ഒരു ഐസിടാത്ത നാരങ്ങാവെള്ളം പോലെ!
രണ്ടാഴ്ച മുമ്പ് വരെ അവിടെ നിസ്വാര്‍ത്ഥസേവനം കാഴ്ചവച്ചിരുന്ന ഡോക്ടര്‍ ഒരു ക്രിസ്ത്യാനിയാരുന്നു. പേര് ജേക്കബ്. മുഴുവന്‍ പേര്‍ ഓര്‍ക്കുന്നില്ല. പക്ഷെ അങ്ങേരുടെ എപ്പോഴും പ്രസാദിച്ചിരിക്കുന്ന മുഖം ഞാന്‍ ഓര്‍ക്കുന്നു. അങ്ങേര്‍ക്കൊരു പഴയ കാറുണ്ടായിരുന്നു. പഴയത് എന്ന് പറഞ്ഞാ വാമന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താക്കുന്നതിന് മുമ്പുള്ള മോഡല്‍. കാറിന്റെ ഷേപ്പും നിറവും മാത്രേയുള്ളൂ. സ്റ്റാര്‍ട്ട് ആവില്ല. ഞങ്ങള്‍ വിദ്യാര്‍ത്ഥികളാണ് അതു തള്ളി സ്റ്റാര്‍ട്ട് ആക്കുന്നത്. സ്റ്റാര്‍ട്ട് ആയി കഴിയുമ്പോ സ്വതവേ ഉള്ള ആ പുഞ്ചിരി മുഖത്ത് അല്‍പ്പം കൂടി പരത്തിക്കാണിച്ച് അങ്ങേര് വണ്ടി ഓടിച്ചുപോകും. കേറുന്നാ, വരുന്നോ, പോരുന്നോ എന്നൊന്നും ഒരിക്കലും അങ്ങേര് ചോദിച്ചിട്ടില്ല. അതിനുള്ള പ്രതിഫലമായി ഉച്ചയൂണ് കഴിഞ്ഞ് വായും മുഖവും കഴുകാന്‍ ഞങ്ങള്‍ വെള്ളം കോരിയിരുന്നത് അങ്ങേരുടെ കിണറ്റില്‍ നിന്നുമാണ്.
അങ്ങനെ വണ്ടി ഉന്തീം തള്ളീം ഞങ്ങള് പോകുന്ന ഇടക്ക് ജേക്കബ് ഡോക്ടര്‍ക്ക് സ്ഥലം മാറ്റമായി. പിന്നെ വന്നത് ഒരു കേശവന്‍. ഡോക്ടര്‍ കേശവന്‍! അയ്യയ്യേ…. ഇമ്മാതിരി പേരൊക്കെ ഡോക്ടര്‍മാര്‍ക്ക് കൊള്ളാമോ. ഇതൊക്കെ ആനക്കും മറ്റും ഇടുന്ന പേരല്ലേ.
കേശവന്‍ ഡോക്ടര്‍ നടക്കുമ്പോ തല കുനിച്ചു പിടിച്ചാണ് നടക്കുന്നത്. നേരെ നോക്കില്ല. അന്നു രാവിലെ ഡോക്ടര്‍ ആശൂത്രീലോട്ട് നടന്നു വരുമ്പോഴാണ് പിനി പിടിച്ച്  തളര്‍ന്ന് അവശനായി ഞാന്‍ പുലിക്കല്ലില്‍ നിന്നും എതിരെ നടന്ന് വരുന്നത്. ഞാന്‍ അവിടെ നിന്നു. എന്നിട്ട് അദ്ദേഹം അടുത്ത് വന്നപ്പോ ഉള്ളതില്‍ കൂടുതല്‍ ഭവ്യത കാണിച്ച്, മയത്തില്‍ ഞാന്‍ ചോദിച്ചു.
ഡോക്ടര്‍, എനിക്ക് തീരെ വയ്യ, ഒരു പനിയും ചുമയും വിറയലും. എന്തെങ്കിലും ഒരു മരുന്ന്…?
“ആശുപത്രീലോട്ട് വാ.” മുഖം ഉയര്‍ത്താതുള്ള മറുപടി.
“ഞാന്‍ സ്‌കൂളില്‍ പോകുന്ന വഴിയാ. ലേറ്റ് ആകും”
“അനിയാ, വഴീല്‍ നിര്‍ത്തി ചികിത്സിക്കാന്‍ എനിക്കറിയില്ല. വേണേല്‍ ആശുപത്രീലോട്ട് വാ.”
എനിക്കത് ഒട്ടും പിടിച്ചില്ല. “ഇതാണോ നിങ്ങള്‍ ഡോക്ടര്‍മാരുടെ മര്യാദ?”
“ഇതാണോ നിങ്ങടെ മര്യാദ?” അങ്ങേരും വിട്ടില്ല. നിക്കുന്നിടത്ത് നിന്ന് സുരേഷ്‌ഗോപി സ്റ്റൈലില്‍ ഷൂസ് കൊണ്ട് ചവിട്ടിത്തിരിഞ്ഞ് അങ്ങേരൊരു ചോദ്യം!
രോഗിയായ എന്നെ ദയയോടെ ഒന്ന് നോക്കുകയോ ഒരു നല്ലവാക്ക് പറയുകയോ ചെയ്യാത് അയാള്‍ തിരിഞ്ഞുനടന്നു. എനിക്ക് സഹിച്ചില്ല. പനി വന്നപ്പോ തുള്ളി വിറച്ചതിനേക്കാള്‍ കൂടുതല്‍ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി, ദേഷ്യം കൊണ്ട്!
“ഡോക്ട്ടറെ ഞാന്‍ സ്ഥലം മാറ്റിക്കും, നോക്കിക്കോ” ദേഷ്യം കൊണ്ട് കലിതുള്ളി  വിറച്ച ഞാന്‍ ഡോക്ടര്‍ കേള്‍ക്കെ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു. അത് കേള്‍ക്കാത്ത  ഭാവത്തില്‍ അദ്ദേഹം തിരിഞ്ഞു നടന്നു. കാലക്രമേണ ഞാനീ സംഭവം മറന്നു പക്ഷെ ഡോക്ടര്‍ കേശവന്‍ മറന്നോ ഇല്ലയോ എന്ന് നമുക്ക് നോക്കാം.

ഭാഗം മൂന്ന്

വര്‍ഷം രണ്ടു-മൂന്ന് കഴിഞ്ഞു. ഞാനിപ്പോള്‍ പ്രായപൂര്‍ത്തി എത്തിയ പക്വമതിയായ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്. ഒരു വല്ലാത്ത പ്രായം! ആ പ്രായത്തില്‍ ആണുങ്ങളുടെ ഒരു ഹരമാണ് മോട്ടോര്‍ സൈക്കിള്‍. ഒരു കാമുകിയെ ഒക്കെ സംഘടിപ്പിച്ച് ബൈക്കിന്റെ പുറകില്‍  ഇരുത്തി പത്താള് കാണ്‍കെ ഒന്ന് ചെത്തുന്നതില്‍ പരം എന്താ ഒരു അഭിമാനം? തലയെടുപ്പ്! കൂട്ടുകാരുടെ ഇടയില്‍ എന്താ ഒരു ഗമ! ആദരവോടെ ഉള്ള അവരുടെ ആ നോട്ടം!  നാട്ടിലെ സാഹചര്യത്തില്‍ അത്ര ഓപ്പണ്‍ ആയി ചെത്താന്‍ പറ്റില്ലാ എങ്കിലും മോഹിക്കുന്നതിനും സ്വപ്നം കാണുന്നതിനും ആരുടേം ഒത്താശ വേണ്ടല്ലോ. ഒരു കാറ് മേടിച്ചാ അത്രേം പ്രചാരം കിട്ടില്ല. കാറിനകത്ത് ഒരു പെണ്ണിനേം വച്ചോണ്ട് പോയ ഏതവനാ കാണുന്നത്. അല്ലെങ്കില്‍ ഒളിഞ്ഞു നോക്കണം.

ആ കാലത്ത്, അതായത് എണ്‍പതുകളുടെ തുടക്കത്തില്‍ ഞങ്ങടെ പുലിക്കല്ലില്‍ ഇന്നത്തെ പോലെ വാഹനസൗകര്യം ഇല്ലാരുന്നു. ബൈക്ക് ഉള്ളവര്‍ നന്നേ ചുരുക്കം. മൂന്നാല് സ്‌കൂട്ടര്‍ ഉടമകള്‍ ഉണ്ട്. പിന്നെ സാധാ സൈക്കിള്‍, അതുമല്ലെങ്കില്‍ നടരാജ മോട്ടോര്‍സ്. എനിക്കും ബൈക്കില്ലായിരുന്നു പക്ഷെ എന്റെ ചേട്ടന്‍ തോമസ്സിനൊരു ബൈക്ക് ഉണ്ടായിരുന്നു. ഒരു ജാവാ. പുലിക്കല്ലില്‍ വച്ച് ചവിട്ടി ഓണാക്കിയാല്‍ രണ്ടര കിലോമീറ്റര്‍ ദൂരെയുള്ള മണിമലയില്‍ അറിയാം സംഭവം ഓണായ വിവരം. അത്ര സ്മൂത്ത് ആയിരുന്നു എഞ്ചിന്‍.

ചേട്ടനേക്കാള്‍ പൊക്കം എനിക്കായിരുന്നതിനാല്‍ മിക്കവാറും ഞാനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്, കക്ഷി പുറകില്‍ ഇരിക്കും. പുലിക്കല്ലുകാര് പറയുമായിരുന്നു പോള് ബൈക്ക് ഓടിച്ചു വരുന്നത് കാണാന്‍ ഒരു രസ്സമാന്ന്. അത് ശരിയാ കേട്ടോ. എനിക്കും തോന്നീട്ടുണ്ട്.

അഞ്ചാറു മാസം ഇങ്ങനെ ബൈക്ക് ഓടിച്ചെങ്കിലും ഗീയര്‍ സമയത്ത് മാറാന്‍ ഞാന്‍ പഠിച്ചില്ല. എല്ലാ ഗീയറും എനിക്കൊരു പോലെയായിരുന്നു. അതിപ്പോ ഫസ്റ്റ് ആണെങ്കിലും തേര്‍ഡ് ആണെങ്കിലും വണ്ടി നീങ്ങിയാ പോരെ? ഞാനല്ലല്ലോ പെട്രോള്‍ അടിക്കുന്നത്. ചെലവ് കാര്യത്തില്‍ ചേട്ടന്‍ ഒരു കഞ്ചൂസ് അല്ലാത്ത കാരണം എത്ര പെട്രോള്‍ അടിച്ചാലും പുള്ളി ചോദിക്കാറില്ല.

ഇങ്ങനെ ജാവയില്‍ ഷൈന്‍ ചെയ്യുന്ന അവസ്സരത്തിലാണ് എന്റെ സഹപാഠിയും പൂര്‍വ്വകാമുകീ സഹോദരനുമായ മണ്ണൂക്കര യോഹന്നാച്ചന്‍ ബുള്ളറ്റ് മേടിക്കുന്നത്. യോഹന്നാച്ചന്റെ അപ്പന്‍ കോയിത്തറ അപ്പച്ചന്‍ നല്ല റബ്ബര്‍ മുതലാളി ആണ്. പൂത്ത കാശ്. നേരില്‍ കാണുമ്പോ അപ്പച്ചന്‍ ചേട്ടാ എന്ന് വിളിക്കും, അല്ലാത്തപ്പോ കോയിത്തറ എന്നും. ബുള്ളറ്റ് മേടിച്ച യോഹന്നാച്ചന് അതോടിച്ചോണ്ട് പോകാനുള്ള ധൈര്യമോ ആത്മവിശ്വാസമോ സാങ്കേതികജ്ഞാനമോ ഇല്ലായിരുന്നു. ഇപ്പൊ പുലിക്കല്ലില്‍ ഇതെല്ലാം ഉള്ളത് ഞാന്‍ മാത്രം. ബൈബിള്‍ പ്രകാരം പ്രവാചകന് പോലും  പ്രചാരവും ബഹുമാനവും കിട്ടാത്ത സ്വന്തം നാട്ടില്‍ ആളുകള്‍ നമ്മളെ അംഗീകരിക്കുന്നത് കൊച്ചുകാര്യമല്ലല്ലോ.

സഹപാഠിയായ യോഹന്നാച്ചന് ധൈര്യം പകരാന്‍ ഞാനെത്തി. ക്ലച്ചും ബ്രേക്കും ആക്‌സിലേറ്ററും ഒക്കെ കാണിച്ചു കൊടുത്തു. ബുള്ളറ്റ് എന്ന് പറഞ്ഞാ ആരാ! ഇന്ത്യയിലെ ബൈക്കുകളില്‍ ചക്രവര്‍ത്തി. അവന്റെ ആ വരവും ചിക് ചിക് എന്നുള്ള ആ ശബ്‌ദോം മാത്രം മതിയല്ലോ… ആ അഹങ്കാരത്തില്‍ ഞാന്‍ നമ്മുടെ പഴയ ജാവയെ മറന്നു. ബുള്ളറ്റ് മാത്രമായി മനസ്സില്‍. ഞാനും യോഹന്നാച്ചനും കൂടി പോകാന്‍ പറ്റുന്നതും പറ്റാത്തതുമായ പലയിടത്തും കറങ്ങി.
വിധിവൈപരീത്യം എന്നേ പറയേണ്ടു, അപ്പച്ചന്‍ ചേട്ടന്‍ പിടി മുറുക്കിയതോടെ യോഹന്നാച്ചന്‍ വലിഞ്ഞു. അവന്‍ ചീത്ത കൂട്ടുക്കെട്ടുമായി നടക്കുന്നത് അങ്ങേര്‍ക്ക് സഹിക്കാന്‍ പറ്റില്ല. തന്നെയുമല്ല ഓടിക്കാന്‍ അറിയാത്ത വണ്ടി എന്തിനാ വാച്ചോണ്ടിരിക്കുന്നത്. ബുള്ളറ്റ് അധികം താമസ്സിയാതെ വിറ്റു. എനിക്ക് പഴയ ജാവ മാത്രമായി ശരണം.

ഒരു ദിവസം രാവിലെ എന്റെ നേരെ മൂത്തചേട്ടന്‍ വറുഗീസിനെ ഞാന്‍ മണിമലയില്‍ കൊണ്ടുപോയി ആക്കി തിരിച്ച് പുലിക്കല്ലിനു പോകുകയാണ്. മാതാവിന്റെ ഗ്രോട്ടോപ്പടി ആയപ്പോ ഒരു പയ്യന്‍ റോഡിന് കുറുകെ ഒറ്റച്ചാട്ടം. അപ്രതീക്ഷിതമായി സംഭവിച്ചായതിനാല്‍ എനിക്ക് പ്രതികരിക്കാന്‍ സമയം കിട്ടിയില്ല. ഞാന്‍ ബൈക്ക് വെട്ടിച്ചു, കൂടെ ബ്രേക്കും ചവിട്ടി പക്ഷെ ചവിട്ടിയത് ഇടത് കാല് വച്ച്. ബുള്ളറ്റിന്റെ ഓര്‍മ്മവച്ചാണ് ചവിട്ടിയത് പക്ഷെ ജാവക്ക്  വലതുവശത്താണ് ബ്രേക്ക്, കൂടുതല്‍ പറയണ്ട, ഞാന്‍ പയ്യനെ ഇടിച്ചു, പയ്യന്‍ വീണു, തല പൊട്ടി, ചോര ഒഴുകുന്നു, ആളുകള്‍ കൂടുന്നു, കാഴ്ചക്കാര്‍ എന്നെ തെറി വിളിക്കുന്നു, പയ്യന് സോഡാ മേടിക്കുന്നു, വാരി എടുത്ത് ജീപ്പില്‍ കയറ്റുന്നു, ഞാന്‍ തല കറങ്ങി താഴേ വീഴുന്നു, കണ്ണില്‍ ഇരുട്ടു കയറുന്നു.

കാഴ്ചക്കാരില്‍ എന്റെ ഒരകന്ന ബന്ധു മണിമലപ്പറന്#ില്‍ തോമ്മാച്ചനും ഉണ്ടായിരുന്നു. അദ്ദേഹം കവലയില്‍ അല്‍പ്പം വോയിസ് ഉള്ള കക്ഷിയാ. അങ്ങേര് ആദ്യം എന്റെ മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പ്പിച്ച് വീട്ടില്‍ പറഞ്ഞുവിട്ടു. എന്നിട്ട് നേരെ മണിമല സ്റ്റേഷനില്‍ പോയി എസ്.ഐ.യെ കണ്ട് വേണ്ടത് ചെയ്തു. അങ്ങേര്‍ക്ക് വേണ്ടത് അഞ്ഞൂറ് രൂപയായിരുന്നു എന്ന് ഞാന്‍ പിന്നീടറിഞ്ഞു. പയ്യന്റെ അപ്പന് എന്തെങ്കിലും കൊടുത്ത് സംഭവം ഒതുക്കാമെന്ന് അഞ്ഞൂറ് രൂപയുടെ ഉറപ്പും തന്നു പക്ഷെ കുട്ടിക്ക് സാരമായ പരുക്ക് ഒന്നും ഇല്ലാന്ന് കാണിച്ച് ഗവണ്‍മെന്റ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണം. പെടുത്താം…അത്രേ അല്ലെ ഉള്ളൂ. ഞാന്‍ പിറ്റേ ദിവസ്സം തന്നെ പയ്യനെ അതേ ബൈക്കില്‍ ഇരുത്തി ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ആശൂത്രീല്‍ എങ്ങും ശശിയെ കണ്ടില്ല. ഡോക്റ്ററെ കാണാന്‍ അധികം തിരക്കും ഇല്ല. പത്ത് മിനിട്ട് പോലും കാത്തിരിക്കേണ്ടിവന്നില്ല. ഞങ്ങളെ നേഴ്‌സ് അകത്തോട്ട് വിളിപ്പിച്ചു. ഞാന്‍ പയ്യനെയും കൊണ്ട് മുറിയിലേക്ക് കയറി. മുറിയിലെ ബള്‍ബിന്റെ വെളിച്ചത്തില്‍ ഡോക്ടറ്ററെ കണ്ടു ഞാന്‍ ഞെട്ടി. കാലുകള്‍ നിലത്തുറച്ച പോലെ… എനിക്ക് പെട്ടെന്ന് പത്ത് കിലോ ഭാരം കൂടിയത് പോലെ… അനങ്ങാന്‍ പറ്റുന്നില്ല. നമ്മുടെ പഴയ കേശവന്‍. ഡോക്ടര്‍ കേശവന്‍! ഇയാള്‍ ് സ്ഥലം മാറി പോയില്ലേ.

ഡോക്ടര്‍ തല പൊക്കി നോക്കിയില്ല…. ദൈവാനുഗ്രഹം. പടച്ചോന്‍ ഓരോരുത്തര്‍ക്കും ഒരു സവിശേഷതകള്‍ കൊടുത്തിരിക്കുന്നത് അറിഞ്ഞോണ്ടാ. മുഖത്ത് നോക്കാത് അങ്ങേര് ഇരിക്കാന്‍ കൈ കാണിച്ചു. എന്നെ മനസ്സിലായിട്ടില്ല. എനിക്കാശ്വാസ്സമായി. ഞാന്‍ ഇരുന്നു, പയ്യന്‍ അവിടത്തന്നെ നിന്നു. ഞാന്‍ വിവരം പറഞ്ഞു… വിവരണത്തിന്റെ ഒടുവില്‍ കൈകള്‍ കൂപ്പി ഒരപേക്ഷയും
“രക്ഷിക്കണം.”
“രക്ഷിക്കണം”.
“രക്ഷിക്കാന്‍ ഞാനെന്താ ദൈവമോ”….ഒറ്റച്ചാട്ടം!
മൂന്ന് വര്‍ഷമായിട്ടും ഇയാടെ സ്വഭാവം ഒട്ടും മാറീട്ടില്ല.
ഞാനൊരു അന്‍പത് രൂപാ അങ്ങേരുടെ അടുത്തേക്ക് തള്ളിവച്ചു. എന്നോട്ട് തോമ്മാച്ചയന്‍ അങ്ങനാ പറഞ്ഞത്. അങ്ങേരത് അതേ വേഗത്തില്‍ തിരിച്ചു തള്ളി എന്റെ അടുത്തോട്ട് വച്ചു. കൈക്കൂലി മേടിക്കാത്ത ഡോക്റ്ററോ???
കേശവന്‍ സാറ് പയ്യനെ തിരിച്ചും മറിച്ചും കുടഞ്ഞും തിരുമ്മീം ഒക്കെ നോക്കി. കണ്ണും വായും ഒക്കെ പൊളിച്ചു നോക്കി.
“കുഴപ്പമൊന്നുമില്ല”. അങ്ങേര് മുരണ്ടു. ഇപ്പൊഴും നേരെ നോക്കീട്ടില്ല.
പരിശോധന കഴിഞ്ഞപ്പോ ക്ലീന്‍ ആയി ഒരു സര്‍ട്ടിഫിക്കറ്റും എഴുതി കൈയില്‍ തന്നു.
ഞാന്‍ പോകാനായി എഴുന്നേറ്റ് വാതില്‍ ലക്ഷ്യമായി നടന്നു.
“സാറൊന്ന് നിന്നേ”.  കേശവനാണ്. ഞാന്‍ തിരിഞ്ഞു നിന്നു. അന്ന് പറഞ്ഞ സ്ഥലമാറ്റം… അത് വല്ലതുമായോ?”
ഗൗരവം വിടാതെ കേശവന്‍ ഡോക്ടര്‍ ചോദിച്ചു. അപ്പൊ ഇയാളൊന്നു മറന്നിട്ടില്ല. ഇതൊക്കെ മൂന്ന് വര്‍ഷം മനസ്സില്‍ വച്ചോണ്ടിരിക്കാന്‍ ഇയാളുടേത് ആന ജന്മം ആണോ!
എന്ത് പറയണമെന്നറിയാതെ ഞാന്‍ നിന്നു പരുങ്ങി. ഒടുവിവ് വളിച്ചൊരു ചിരിയും ചിരിച്ച് ഞാന്‍ ഒരുവിധം മുറീന്നിറങ്ങിയപ്പോള്‍ ചവിട്ടേറ്റ് കരിയില പോലെ എന്റെ ആത്മാഭിമാനം പൊടിഞ്ഞുപോകുന്നത് ഞാന്‍ കേട്ടു.

ഗുണപാഠം: ഡോക്ടറോടും വക്കീലിനോടും വഴീയില്‍ വച്ച് സംസ്സാരിക്കരുത്!


ജാവാ ബുള്ളറ്റും പിന്നെ ഞാനും (ചെറുകഥ: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്)
Join WhatsApp News
Ajith 2014-09-24 11:34:20
Great writeup .....very nostalgic ...please publish more ...
Eappachi 2014-09-24 18:29:29
ഒള്ളത് പറയാമല്ലോ അച്ചായ .. കിടിലൻ ... 
വിദ്യാധരൻ 2014-09-24 19:31:47
നിങ്ങൾ സൂക്ഷിക്കണം! അമേരിക്കൻ അവാർഡിനെ . എന്തായാലും ശൈലി കൊള്ളാം. മറ്റു പ്രമേയങ്ങളെ ആസ്പതമാക്കി എഴുത്ത് തുടരുമ്പോൾ നിങ്ങളിലെ, നിങ്ങളുടെ 'ജീവ കണങ്ങളിൽ' നിഷിപ്തമായിരിക്കുന്ന പ്രതിഭയെ മനസിലാക്കാൻ കഴിയും, നീ ദർശിച്ച രസാനുഭൂതികളെ നുകരുവാൻ കഴിയും. അഭിനന്ദനം
Sholy Kumpiluvely 2014-09-25 09:45:12
ഈ എഴുത്ത് അനസൂതം തുടരൂ ...നാട്ടുകാരാ ....കൂട്ടുകാരാ



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക