Image

ആന്ധ്രയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

Published on 06 December, 2011
ആന്ധ്രയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കിരണ്‍ കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 122 എം.എല്‍.എമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 160 എം.എല്‍.എമാര്‍ പ്രമേയത്തിനെതിരെ വോട്ടുചെയ്തു. അഞ്ച് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്ന 16 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുരേഖപ്പെടുത്തി. പ്രജാരാജ്യം പാര്‍ട്ടിയിലെ ഒരു എം.എല്‍.എയും വിപ്പ് ലംഘിച്ച് വോട്ടുചെയ്തു. എന്നാല്‍ കിരണ്‍ കുമാര്‍ റെഡ്ഡി സര്‍ക്കാരിന് ഭീഷണി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. കോണ്‍ഗ്രസിലെ എത്ര വിമത എം.എല്‍.എമാര്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും എന്നകാര്യത്തില്‍ അവസാന നിമിഷംവരെ ആശങ്ക നിലനിന്നിരുന്നു.


16 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.55 നാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശിന്റെ ചരിത്രത്തില്‍ വിവിധ സര്‍ക്കാരുകള്‍ക്കെതിരെ കൊണ്ടുവരുന്ന ഒന്‍പതാമത്തെ അവിശ്വാസ പ്രമേയമാണിത്. ഒന്‍പതെണ്ണവും പരാജയപ്പെട്ടിരുന്നു. വൈ.എസ് രാജശേഖര റെഡ്ഡി സര്‍ക്കാരിനെതിരെ 2008 ലും ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ അവിശ്വാസ പ്രമേയമാണ് ഇതോടെ പരാജയപ്പെടുന്നത്. സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇത്തവണ ചന്ദ്രബാബു നായിഡു അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക