Image

ആട്ടോഗ്രാഫ്‌ (കവിത: സോയാ നായര്‍)

Published on 24 September, 2014
ആട്ടോഗ്രാഫ്‌ (കവിത: സോയാ നായര്‍)
അരിയില്‍ നിന്നെഴുതിയ
ഹരി എന്ന അക്ഷരം
വിരല്‍ നൊന്തുകൊണ്ട്‌
മണ്ണിലൂടിഴഞ്ഞു.
നാരായതുമ്പിലും
എഴുത്തോലക്കെട്ടിലും
മലയാളലിപികള്‍
ആശാന്‍പള്ളിയില്‍
കൂട്ടിനെത്തി.

ഗുരുനാഥര്‍ ഏകിയ
അറിവിന്‍ തിരുമുറ്റത്തു
അഴകായ്‌ നിന്നതാ
കര്‍ണ്ണികാരം
അന്നതിന്‍ തണലില്‍
ഓടിക്കളിച്ചും
പൂക്കള്‍ പെറുക്കിയും
പുലരിപ്രാര്‍ത്ഥനക്ക്‌
വരിയായ്‌ നിന്നതും
ബാല്യത്തിലേക്കെന്നെ
പിന്‍ വിളിച്ചീടുന്നൂ.

ഓര്‍മ്മകള്‍ക്കപ്പുറം
നിറമുള്ള നോവിനാല്‍
കൂടു കൂട്ടിയൊരായിരം
ബന്ധങ്ങള്‍.
പറയാതെ പറഞ്ഞിട്ടും
മറുത്തൊന്നുമുരിയാടാതെ
ഉള്ളിന്റെ ഉള്ളിലായ്‌
സംസ്‌കരിക്കപ്പെട്ട
പ്രണയത്തിന്‍ ശിലകള്‍.

ക്ലാസ്സില്‍ കയറാതെ
പാഠേതരവിഷയത്തില്‍
പ്രാഗല്‍ഭ്യരാകുമാ
കില്ലാടിപിള്ളാരും
അറിവിന്‍ തിരി
കത്തിച്ചെരിയുന്നൊരാ
കലാലയവിളക്കുകള്‍
ചൊരിയും ജീവിത
പ്രകാശമാര്‍ഗ്ഗങ്ങള്‍.

നേടിയ അറിവുകള്‍
ആഘോഷതിമിര്‍പ്പുകള്‍
ഉത്സവമല്‍സരങ്ങള്‍
ഡയറിത്താളില്‍
കുറിച്ചിടപ്പെട്ട
നാലുവരിമംഗളങ്ങള്‍
ഒടുവിലൊരു തുള്ളി
കണ്ണീരിനാല്‍
നേര്‍ത്തൊരു മൂടലായ്‌
ഹൃദയഭിത്തിയില്‍
സംവല്‍സരങ്ങളായ്‌
കുതിച്ചീടുമ്പോള്‍
പ്രണയവും തോല്വികളും
പിന്നിട്ട വഴികളും
ഇടയ്‌ക്കിടെ കൊണ്ടുപോയീടുന്നു
സരസ്വതീക്ഷേത്രത്തിലേക്ക്‌!!
ആട്ടോഗ്രാഫ്‌ (കവിത: സോയാ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക