Image

സ്റ്റാറ്റന്‍ ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

വിനോദ്‌ കൊണ്ടൂര്‍, ഡിട്രോയിറ്റ്‌ Published on 01 October, 2014
സ്റ്റാറ്റന്‍ ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
സ്റ്റാറ്റന്‍ ഐലന്റ്‌: കഴിഞ്ഞ ആറു വര്‍ഷങ്ങളായി സെന്റ്‌ റീത്താസ്‌ പള്ളിയില്‍ നടത്തി വരുന്ന വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈ വര്‍ഷം സെപ്‌റ്റംബര്‍ ആറാം തീയതി ആഘോഷപൂര്‍വ്വം കൊണ്ടാടി. കേരളാ കാത്തലിക്‌ അസോസിയേഷന്റെയും സെന്റ്‌ റീത്താസ്‌ ഇടവകയുടെ ആഭിമുഖ്യത്തിലാണ്‌ ആഘോഷങ്ങള്‍ നടത്തപ്പെട്ടത്‌.

തിരുനാളിന്‌ മുന്നോടിയായി ഓഗസ്റ്റ്‌ 29 ആം തീയതി വൈകുന്നേരം ഏഴുമണി മുതല്‍ ജപമാലയും നൊവേന പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും തുടര്‍ന്ന്‌ ആരാധനയും നടത്തപ്പെട്ടു.

വിശുദ്ധ കുര്‍ബ്ബാനക്ക്‌ മുമ്പായി കേരളാ കാത്തലിക്‌ അസോസിയേഷന്റെ സ്‌പിരിച്വല്‍ ഡയറക്ടറായ റവ: ഫാദര്‍ ജോ കാരിക്കുന്നേല്‍ മുഖ്യ കാര്‍മികനെയും സഹ കാര്‍മികരേയും വിശ്വാസികളെയും സ്വാഗതം ചെയ്‌തു.

തിരുനാള്‍ ദിവസം തിരുക്കര്‍മ്മങ്ങള്‍ രാവിലെ ഒമ്പതരയ്‌ക്കു ജപമാലയോടെ ആരംഭിച്ചു. ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ സാംസണ്‍ സെബാസ്റ്റ്യന്‍, സബീന സെബാസ്റ്റ്യന്‍ അവരുടെ മാതാപിതാക്കളായ സെബാസ്റ്റ്യന്‍ എഡ്വേര്‍ഡ്‌, ഐറിസ്‌ സെബാസ്റ്റ്യന്‍ എന്നിവര്‍ ആയിരുന്നു. തുടര്‍ന്ന്‌ അര്‍പ്പിക്കപ്പെട്ട സമൂഹബലിയില്‍ റവ: ഡോ: സജി മാത്യു കനയങ്കല്‍ സി എസ്‌ റ്റി മുഖ്യ കാര്‍മികത്വം വഹിച്ചു. സഹകാര്‍മികരായ ജോ കാരിക്കുന്നേല്‍, മാത്യു ഈരാളില്‍, ആന്റണി ഗോണ്‍സലാസ്‌, ബാബു തലേപ്പള്ളി, ആന്റണി ജഗദീഷ്‌, ജോബി മാത്യു, ടോമി ജോസഫ്‌, വിന്‍സെന്റ്‌ കറുകമ്യാലില്‍, ജോസ്‌ മേലേത്തു കൊച്ചിയില്‍, വിന്‍സെന്റ്‌ ഞാറക്കാട്‌ എന്നിവരും ദിവ്യബലിയില്‍ സംബന്ധിച്ചു.

മുഖ്യകാര്‍മികനായ ഫാ: സജി മാത്യു തന്റെ പ്രസംഗത്തില്‍ കാനായിലെ കല്യാണ വിരുന്നില്‍ മാതാവിന്റെ മാധ്യസ്ഥം വഴി യേശു അത്ഭുതം പ്രവര്‍ത്തിച്ചത്‌ പോലെ നമ്മുടെ ജീവിത ക്ലേശങ്ങളില്‍ നമുക്കു വേണ്ടി യേശുവിനോട്‌ മാധ്യസ്ഥം വഹിക്കുന്ന സ്‌നേഹമയിയായ ഒരു അമ്മ സ്വര്‍ഗത്തില്‍ നമുക്കുണ്ടെന്ന്‌ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

ദിവ്യബലിക്ക്‌ ശേഷം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണം ഭക്തിപൂര്‍വ്വം നടത്തപ്പെട്ടു. അതിനു ശേഷം ദേവാലയത്തില്‍ വച്ചു വൈദികര്‍ വിശ്വാസികള്‍ക്ക്‌ വേണ്ടി കൈ വയ്‌പ്പ്‌ ശുശ്രൂഷ നടത്തുകയും അതോടൊപ്പം വെഞ്ചരിച്ച എണ്ണയും ജപമാലയും പ്രയര്‍ കാര്‍ഡും നല്‌കി.

കേരളാ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഷാജി എഡ്വേര്‍ഡ്‌ വൈദികര്‍ക്കും, വിശ്വാസികള്‍ക്കും, ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍ക്കും, തിരുനാളില്‍ പങ്കെടുത്ത ഫിലിപ്പിനോസ്‌, ശ്രീലങ്കന്‍, തമിഴ്‌ െ്രെകസ്‌തവര്‍, സെന്റ്‌ റീത്താസ്‌ ഇടവകാംഗങ്ങള്‍ , തിരുനാള്‍ ഭംഗിയാക്കാന്‍ സഹായിച്ച അള്‍ത്താര ശുശ്രൂഷകര്‍, ഗായക സംഘം, ചെണ്ട മേളക്കാര്‍ എന്നിവര്‍ക്ക്‌ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ചാക്കോ കുരുവിള : 917 439 0563
സ്റ്റാറ്റന്‍ ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക