Image

ഫോമയുടെ കേരള കണ്‍വെന്‍ഷന്‌ കോട്ടയം ഒരുങ്ങുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 07 December, 2011
ഫോമയുടെ കേരള കണ്‍വെന്‍ഷന്‌ കോട്ടയം ഒരുങ്ങുന്നു
കോട്ടയം: നോര്‍ത്ത്‌ അമേരിക്കയിലെ കേരളീയരുടെ സംഘചേതനയുടെ പ്രതീകമായ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ)യുടെ `കേരള കണ്‍വെന്‍ഷന്‍ 2012'-ന്‌ അക്ഷര നഗരിയായ കോട്ടയം ഒരുങ്ങുന്നു. കോട്ടയത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന മാമ്മന്‍ മാപ്പിള ഹാളിലാണ്‌ ഫോമയുടെ കേരള കണ്‍വെന്‍ഷന്‍ അരങ്ങേറുന്നത്‌.

ജനുവരി 14-ന്‌ രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്ന ഏകദിന കണ്‍വെന്‍ഷന്‍ രാത്രി 11 മണിവരെ നീണ്ടുനില്‍ക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, സാംസ്‌കാരിക-സാമൂഹിക നേതാക്കള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലെ പ്രശസ്‌തരെ കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ഫോമ പ്രസിഡന്റ്‌ ജോണ്‍ ഊരാളില്‍ അറിയിച്ചു.

രാവിലെ 10 മണിക്ക്‌ ഉദ്‌ഘാടന സമ്മേളനം, 11.30-ന്‌ ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌ സെമിനാര്‍, 3 മണിക്ക്‌ മലയാളത്തിന്‌ ഒരുപിടി ഡോളര്‍ സ്‌കോളര്‍ഷിപ്പ്‌ വിതരണം, 5 മണിക്ക്‌ പൊതുസമ്മേളനം, 7 മണിക്ക്‌ ബാങ്ക്വറ്റ്‌ ഡിന്നര്‍, 8 മണിക്ക്‌ കള്‍ച്ചറല്‍ പ്രോഗ്രാം ഇവയാണ്‌ ഏകദിന കണ്‍വെന്‍ഷന്റെ ഏകദേശ അജണ്ടയെന്ന്‌ ഫോമാ വൈസ്‌ പ്രസിഡന്റും, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാനുമായ സ്റ്റാന്‍ലി കളരിക്കമുറി അറിയിച്ചു. മുത്തൂറ്റ്‌ ഗ്രൂപ്പുമായി ചേര്‍ന്ന്‌ മുത്തൂറ്റ്‌ ഹോസ്‌പിറ്റലിന്റെ സഹായത്തോടെ പത്തനംതിട്ടയില്‍ ഏകദിന മെഡിക്കല്‍ ക്യാമ്പ്‌ നടത്താനും ഫോമ ശ്രമിക്കുന്നുവെന്ന്‌ ഫോമാ ജോയിന്റ്‌ സെക്രട്ടറി ആനന്ദന്‍ നിരവേല്‍ അറിയിച്ചു.

മുന്‍ അംബാസിഡറും കേരളാ ഇന്റര്‍നാഷണല്‍ സെന്ററിന്റെ ഡയറക്‌ടര്‍ ജനറലുമായ ടി.പി. ശ്രീനിവാസനാണ്‌ ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌ എന്ന സെമിനാറിന്‌ നേതൃത്വം നല്‍കുന്നതെന്ന്‌ ഫോമ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അറിയിച്ചു. മലയാള മനോരമയുമായി ചേര്‍ന്നാണ്‌ മലയാളത്തിന്‌ ഒരുപിടി ഡോളര്‍ സ്‌കോളര്‍ഷിപ്പ്‌ വിതരണം നടത്തുന്നതെന്ന്‌ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനും, മലയാളത്തിന്‌ ഒരുപിടി ഡോളര്‍ പദ്ധതിയുടെ ചെയര്‍മാനുമായ രാജു വര്‍ഗീസ്‌ അറിയിച്ചു.

സിനിമാരംഗത്തെ പ്രമുഖരുടെ സാന്നിധ്യം 14-ന്‌ നടക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ഉണ്ടാകുമെന്ന്‌ ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ അറിയിച്ചു. ജനുവരി 15-ന്‌ അമേരിക്കയില്‍ നിന്നും, കാനഡയില്‍ നിന്നുമെത്തുന്ന ഫോമാ പ്രതിനിധികള്‍ക്കുവേണ്ടി ഹൗസ്‌ ബോട്ടില്‍ ഉല്ലാസയാത്രയും പ്ലാന്‍ ചെയ്‌തിട്ടുണ്ടെന്ന്‌ ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ അറിയിച്ചു.

റിട്ടയര്‍ ചെയ്‌ത്‌ കേരളത്തില്‍ താമസിക്കുന്ന മലയാളികളേയും, അവധിക്കാലത്ത്‌ കേരളത്തിലെത്തുന്ന നോര്‍ത്ത്‌ അമേരിക്കന്‍ കേരളീയരേയും ഫോമ കേരള കണ്‍വെന്‍ഷനിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഫോമാ നേതൃത്വം അറിയിച്ചു.
ഫോമയുടെ കേരള കണ്‍വെന്‍ഷന്‌ കോട്ടയം ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക