Image

ജോയ്‌സ് ജോര്‍ജ് എംപിയെ കൈയ്യേറ്റം ചെയ്തുവെന്ന് ആരോപണം

Published on 04 October, 2014
ജോയ്‌സ് ജോര്‍ജ് എംപിയെ കൈയ്യേറ്റം ചെയ്തുവെന്ന് ആരോപണം
അടിമാലി : അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിയെ ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ് കൈയ്യേറം ചെയ്തു. ഇന്നലെ വൈകിട്ട് 4.40 ന് മാമലകണ്ടം എളംപ്ലാശ്ശേരിക്കുടിയില്‍ വച്ചായിരുന്നു സംഭവം. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് എംപിക്കെതിരെ അക്രമം നടന്നത്. വനം വകുപ്പ് രാത്രിയുടെ മറവില്‍ പൊളിച്ചുമാറ്റിയ കലുങ്കുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.
മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ആദിവാസികളുള്‍പ്പെടെയുള്ള വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നിരുന്നത്. പൊളിച്ചിട്ട കലുങ്കുകള്‍ സന്ദര്‍ശിച്ച് മടങ്ങിവരവെ ഒന്നും പറയാതെ കാറില്‍ കയറി പോകാനായി മന്ത്രി ശ്രമിക്കുന്നതിനിടയില്‍ ജോയ്‌സ് ജോര്‍ജ് എംപിയും എസ്. രാജേന്ദ്രന്‍ എംഎല്‍എയും ഈ വിഷയം ചര്‍ച്ച ചെയ്യാതെ പോകുകയാണോ എന്ന് ആരായുകയും ജനങ്ങളോട് എന്തെങ്കിലും പറയണമെന്നാവശ്യപ്പെടുകയും ചെയ്തു. ഈ സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ റോയ് കെ. പൗലോസ് എംപിയുടെ കഴുത്തില്‍ പിടിച്ച് തള്ളുകയായിരുന്നു. പിന്നില്‍ നിന്ന കോണ്‍ഗ്രസുകരും എംപിയെ തള്ളിവിട്ടു. എസ്. രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ തള്ളലില്‍ തെറിച്ചുവീണു. തുടര്‍ന്ന് എംപി.യെ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ആദിവാസി സ്ത്രീകള്‍ മന്ത്രിയുടെ കാര്‍ തടയുകയും റോഡില്‍ കിടന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബഹളത്തിനിടയില്‍ മന്ത്രിയെ പോലീസുകാര്‍ പോലീസ് വാഹനത്തില്‍ കടത്തിക്കൊണ്ടുപോയി. എംപിയെ പൊതുജന സമക്ഷം അപമാനിക്കാന്‍ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മാമലകണ്ടത്ത് വമ്പിച്ച പ്രതിഷേധ പ്രകടനം നടന്നു. 250 ഓളം പോലീസുകാരും എസിപി അടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെയാണ് ജനപ്രതിനിധിക്കെതിരെ കൈയ്യേറ്റം നടന്നത്. തന്നെ കൈയ്യേറ്റം ചെയ്ത റോയ് കെ. പൗലോസിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജോയ്‌സ് ജോര്‍ജ് എംപി കുട്ടമ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഡിസിസി പ്രസിഡന്റിന്റെ നീക്കം ഇടുക്കിയില്‍ കലാപമുണ്ടാക്കാന്‍
അഡ്വ .ജോയ്‌സ് ജോര്‍ജ് എം.പി.
അടിമാലി : ഇടുക്കിയില്‍ കലാപമുണ്ടാക്കാന്‍ ആസൂത്രിതമായി നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് തങ്ങള്‍ക്കെതിരായി നടന്ന കൈയ്യേറ്റമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിയും എസ്. രാജേന്ദ്രന്‍ എംഎല്‍എയും പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചാണ് ആക്രമണം നടന്നത്. കുറത്തിക്കുടിയോ മാമലകണ്ടമോ ആയി ബന്ധമില്ലാത്ത അടിമാലിയില്‍ നിന്നെത്തിയ സംഘത്തോടൊപ്പമാണ് ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസിന്റെ നേതൃത്വത്തില്‍ അക്രമം നടന്നത്. ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തിയ റോയിയുടെ നടപടി പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണ്. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ നടന്ന പരിപാടിയില്‍ ഇടുക്കി ഡിസിസി പ്രസിഡന്റ് വരേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ അയാളെത്തയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഗുണ്ടാ സംസ്‌ക്കാരത്തിന്റെ വക്താവായി അധപതിക്കുകയും ജനപ്രതിനിധികളെ അക്രമിക്കാന്‍ മുതിരുകയും ചെയ്യുന്ന ഡിസിസി പ്രസിഡന്റ് കേരള നാടിന് തന്നെ അപമാനമാണ്. മോഹഭംഗം ബാധിച്ച് അസൂയ തലയ്ക്ക് പിടിച്ച് മാനസിക നില തകര്‍ന്ന റോയ് കെ. പൗലോസിനെ ചികിത്സിക്കാന്‍ മുഖ്യമന്ത്രി മുന്‍ക്കൈയ്യെടുക്കണമെന്നും എംപിയും എംഎല്‍എയും ആവശ്യപ്പെട്ടു. ചില ദിവസങ്ങളായി പക്വതയെക്കുറിച്ച് വാചാലനായി നടന്ന ഡിസിസി പ്രസിഡന്റിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണ്. ഉദ്യോഗസ്ഥ വനം മാഫിയക്ക് അടിമ പണി ചെയ്യുന്ന ഡിസിസി പ്രസിഡന്റ് ജനങ്ങള്‍ക്കും ആദിവാസികള്‍ക്കുംവേണ്ടി ശബ്ദിച്ച തന്നെ വകവരുത്താന്‍ ശ്രമിക്കുന്നതില്‍ അത്ഭുതമില്ലെന്നും ഇതുകൊണ്ടൊന്നും താന്‍ തളരില്ലെന്നും ജോയ്‌സ് ജോര്‍ജ് എംപി പറഞ്ഞു. തന്റെ രക്തത്തതിനുവേണ്ടിയാണ് കോണ്‍ഗ്രസുകാര്‍ ദാഹിക്കുന്നതെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മരണത്തെ ഭയക്കുന്നില്ലെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.

മന്ത്രിയുടെ സന്ദര്‍ശനം ആത്മാര്‍ത്ഥതയില്ലാത്തത് : സമരസമിതി
അടിമാലി : കൃഷിക്കാരോടോ ആദിവാസികളോടോ യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെയാണ് മന്ത്രി കുറത്തിക്കുടി സന്ദര്‍ശനത്തിനെത്തിയതെന്ന് സമരസമിതി കണ്‍വീനര്‍ ടി.എ കുഞ്ഞുമോന്‍ പറഞ്ഞു. രാഷ്ട്രീയ അന്ധതയും ദുരഭിമാനവുംബാധിച്ച മന്ത്രി തന്റെ സന്ദര്‍ശനം എംപിയെ അറിയിക്കുന്നതിനുള്ള മാന്യത പോലും കാണിച്ചില്ല. എളംപ്ലാശ്ശേരിയില്‍ എത്തിയ മന്ത്രി എംപിയും രണ്ട് എംഎല്‍എമാരും കാത്ത് നിന്നിട്ടും അവരുമായി സംസാരിക്കാന്‍ തയ്യാറാകാതെ നേരേ കലുങ്ക് കാണാന്‍ പോകുകയായിരുന്നു. എളംപ്ലാശ്ശേരി സ്‌കൂളില്‍ ജനങ്ങളുമായി സംസാരിക്കുമെന്ന് അറിയിച്ചിരുന്നതിനാല്‍അഞ്ഞൂറോളം പേര്‍ അവിടെ കാത്ത് നിന്നിട്ടും മന്ത്രി അവരെ അവഗണിക്കുകയായിരുന്നു. സമര സമിതിയുമായി ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും മന്ത്രി വാക്ക് പാലിച്ചില്ല. കാത്ത് നിന്ന ആയിരത്തോളം പേരെ നിരാശരാക്കി ഒന്നും പറയാതെ മന്ത്രി മടങ്ങാന്‍ തുടങ്ങവെയാണ് എംപി എന്തെങ്കിലും പറയണമെന്നാവശ്യപ്പെട്ടത്. മന്ത്രിയും എംപിയും തമ്മിലുള്ള സംസാരത്തിനിടയില്‍ ഇടപെടുകയും എംപിയെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത ഡിസിസി പ്രസിഡന്റിന്റെ നടപടിയും ശക്തിയായി പ്രതിഷേധിക്കുന്നതായും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
Join WhatsApp News
keralite 2014-10-04 07:09:45
Are you RSS-BJP guys to attack others? Where you got this culture?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക