Image

കലയുടെ മാന്ത്രികച്ചെപ്പ്‌ അരങ്ങത്ത്‌ തുറന്നപ്പോള്‍

Published on 04 October, 2014
കലയുടെ മാന്ത്രികച്ചെപ്പ്‌ അരങ്ങത്ത്‌ തുറന്നപ്പോള്‍
ന്യൂയോര്‍ക്ക്‌: കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ അവതരിപ്പിക്കുന്ന നാടകങ്ങളും, സ്ഥിരം നാടകവേദിയുമൊക്കെ നാട്ടില്‍ അന്യംനില്‍ക്കുമ്പോള്‍ നാടകം അമേരിക്കയില്‍ തഴച്ചുവളരുന്ന അപൂര്‍വ്വ കാഴ്‌ചയുണ്ട്‌. ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റില്‍ അവതരിപ്പിച്ച മാന്ത്രികച്ചെപ്പ്‌ എന്ന നാടകവും അടുത്തദിവസം ന്യൂജേഴ്‌സിയിലെ ടീനെക്കില്‍ അവതരിപ്പിച്ച മഴവില്ലു പൂക്കുന്ന ആകാശം എന്ന  നാടകവും അമേരിക്കയില്‍ നാടകം ജീവിതത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നുവെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ക്ക്‌ നമോവാകം.

മന്ത്രി അടൂര്‍ പ്രകാശ്‌ ഓണാഘോഷത്തിനെത്തിയപ്പോള്‍ തിരുവാതിരയും കൈകൊട്ടിക്കളിയുമൊക്കെ കണ്ട്‌ അതിശയപ്പെടുകയുണ്ടായി. കേരളത്തില്‍ ഇതൊക്കെ ഫലത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്നുവെന്നദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ എല്ലാ അരങ്ങിലും അവയുണ്ട്‌. തകര്‍ച്ച നേരിടുന്ന നാടകം ഇതിവൃത്തമാക്കി സംവിധായകന്‍ കമല്‍ `നടന്‍' എന്നൊരു സിനിമയും ഈയിടെ നിര്‍വഹിക്കുകയുണ്ടായി.

ഈ പശ്ചാത്തലത്തിലാണ്‌ സ്വന്തം പണവും സമയവും കളഞ്ഞ്‌ യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ കലാസ്‌നേഹമൊന്നുകൊണ്ടു മാത്രം ഒരുപറ്റം പേര്‍ അമേരിക്കയില്‍ നാടക രംഗത്തു വരുന്നത്‌. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരത്തില്‍ നാടകത്തിന്റെ കാലം കഴിഞ്ഞുവെന്നംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. നാടകത്തിന്റെ സത്യസന്ധതയും ആര്‍ജവത്വവും ജനവുമായി നേരിട്ട്‌ സംവദിക്കുന്ന രീതിയും സിനിമയ്‌ക്ക്‌ കൈവരിക്കാനാവില്ലെന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ `ബാല്യകാലസഖി' പോലെയാണ്‌ മാന്ത്രികച്ചെപ്പ്‌. ജീവിതം തന്നെ ദുരന്തമായി മാറുന്ന മനുഷ്യരുടെ കഥയാണത്‌. കണ്ടവര്‍ കണ്ണീരണിയുന്ന കഥ. പലരും കരയുന്നതും കണ്ടു. അതു തന്നെ നാടകത്തിന്റെ വിജയം.

നാടകത്തിന്റെ അണിയറ ശില്‍പിയായ ഷിനോ മറ്റം ഇലക്‌ട്രിക്കല്‍ എന്‍ജിനീയറാണ്‌. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യ നാടകത്തില്‍ വേഷമിട്ടു. അഭിനയത്തിനു പുറമെ രംഗസജ്ജീകരണത്തിലേക്ക്‌ ക്രമേണ ശ്രദ്ധ തിരിഞ്ഞു.

യുവജനത അര്‍പ്പണപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന നാടകങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റുക തന്നെ ചെയ്യുമെന്ന്‌ ഷിനോ പറയുന്നു. നാടകത്തിനു പകരം മറ്റൊന്നില്ല. ഒരുപറ്റം ചെറുപ്പക്കാരാണ്‌ മാന്ത്രികച്ചെപ്പും വിജയമാക്കിയത്‌. പ്രാക്‌ടീസ്‌ ചെയ്യാന്‍ സമയവും സൗകര്യവും ഒരുക്കിതന്ന സെന്റ്‌ സ്റ്റീഫന്‍സ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ വികാരി ഫാ. ജോസ്‌ തറയ്‌ക്കലിനോടും ഷിനോ നന്ദി പറയുന്നു.

ഒരു ദശാബ്‌ദം മുമ്പ്‌ ക്വീന്‍സില്‍ സോഷ്യല്‍ ക്ലബ്‌ എന്നൊരു സംഘടന രൂപീകരിക്കാന്‍ ഷിനോ നേതൃത്വം നല്‍കി. സെന്റ്‌ സ്റ്റീഫന്‍സ്‌ ചര്‍ച്ചിന്റെ രൂപീകരണത്തിലും പങ്കുവഹിച്ച ഷിനോ പള്ളിയിലേക്കുള്ള രൂപക്കൂട്‌ സ്വയം രൂപകല്‍പ്പന ചെയ്‌തു. 2008-ല്‍ അമേരിക്കയിലെ ആദ്യ ശിങ്കാരിമേളത്തിനു തുടക്കംകുറിക്കാനും മുന്നിലുണ്ടായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്‌.

മാന്ത്രികച്ചെപ്പില്‍ ദുഖപുത്രിയായി വന്ന ബന്‍സി
തേര്‍വാലകട്ടയില്‍ സ്വന്തം സഹോദരന്‍ എഴുതിയ നാടകത്തില്‍ പതിന്നാലാം വയസിലാണ്‌ അരങ്ങത്ത്‌ വന്നത്‌. അമേരിക്കയിലെത്തിയ ശേഷം സ്‌കിറ്റുകളിലും ലഘുനാടകങ്ങളിലും അഭിനയിച്ചു. മാറാരോഗിയായ അമ്മയെ ചികിത്സിക്കാന്‍ എല്ലാം വിറ്റുതുലയ്‌ക്കുന്ന പിതാവ്‌. അതിനു തുണയാകാന്‍ വിദ്യാഭ്യാസം പോലും വലിച്ചെറിയുന്ന വനജ എന്ന പുത്രിയുടെ വേഷം ബന്‍സിയുടെ മികവില്‍ തിളങ്ങി. പിന്നീട്‌ അന്വേഷിച്ചെത്തിയ കോളജ്‌ ജീവിതത്തിലെ പഴയ കാമുകന്‍ മരണപ്പെടുകയും ജീവിതംതന്നെ വഴിമുട്ടുകയും ചെയ്യുന്ന നാടകീയ മുഹൂര്‍ത്തങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍ ബന്‍സിക്ക്‌ കഴിഞ്ഞു.

ന്യൂയോര്‍ക്കില്‍ ഫ്രാങ്ക്‌ലിന്‍ ഹോസ്‌പിറ്റലില്‍ നേഴ്‌സ്‌ പ്രാക്‌ടീഷണറാണ്‌. ഭര്‍ത്താവും രണ്ട്‌ കുട്ടികളുമുണ്ട്‌.

വനജയുടെ പിതാവും റിട്ടയേര്‍ഡ്‌ അധ്യാപകനുമായി വേഷമിട്ട തോമസ്‌ തയ്യില്‍ ആണ്‌ നാടകത്തിന്റെ നട്ടെല്ലെന്നു തന്നെ പറയാം. ആദര്‍ശങ്ങളും എഴുത്തുകാരനെന്ന അംഗീകാരവുമുള്ളപ്പോള്‍ തന്നെ പണം കടം വാങ്ങേണ്ടി വന്ന സാധാരണ മനുഷ്യന്റെ ദൈന്യതയാണ്‌ ആ കഥാപാത്രത്തിലൂടെ അദ്ദേഹം അവതിപ്പിച്ചത്‌. ഒന്നിനു പുറകെ ദുരന്തങ്ങള്‍. മന്ദബുദ്ധിയായ മക
ന്‍ ഒടുവില്‍ ജയിലില്‍. അവസാനം എല്ലാറ്റിനും അന്ത്യം കാണാന്‍ കടുംകൈ ചെയ്യുന്ന പിതാവിന്റെ ദുഖം പ്രേക്ഷകരിലേക്ക്‌ പകരുമ്പോള്‍ നാടകം കണ്ണീരിലും തിളങ്ങുന്ന മുത്തായി തീരുന്നു. അതിന്റെ ക്രെഡിറ്റ്‌ തോമസ്‌ തയ്യിലിന്‌ അവകാശപ്പെടാം.

20 വര്‍ഷത്തെ പട്ടാള ജീവിതം ഉണ്ടായിട്ടും കല കൈമോശം വരാതെ കാത്ത തോമസ്‌ എട്ടുവര്‍ഷം ചേര്‍ത്തല സമഭാവന തീയേറ്ററില്‍ പ്രൊഫഷണല്‍ നടനായി. പത്തോളം നാടകങ്ങളില്‍ അഭിനയിച്ചു. അഞ്ചുവര്‍ഷം മുമ്പ്‌ അമേരിക്കയിലെത്തി. മാന്ത്രികച്ചെപ്പിന്റെ സംവിധായകനും തോമസ്‌ തന്നെ.

അവസരങ്ങള്‍ ലഭിച്ചാല്‍ സീരിയല്‍-സിനിമാരംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ താത്‌പര്യമുണ്ട്‌. അനായാസമായ അഭിനയ മികവിന്റെ ഉത്തമോദാഹരണമായ തോമസ്‌ കോട്ടയം കല്ലറ സ്വദേശിയാണ്‌. ഭാര്യയും മൂന്നു മക്കളുമുണ്ട്‌.

നിര്‍മ്മാതാവ് ഏബ്രഹാം പുല്ലാനപ്പള്ളി വിവിധ നാടങ്ങളില്‍ അഭിനയിച്ച് പ്രതിഭ തെളിയിച്ച വ്യക്തിയാണു. കടം കയറിയ മാഷിന്റെ മൂത്ത മകളെ വിവാഹം ചെയ്ത ലൈന്‍ മാനായി വേഷമിട്ട ഏബ്രഹം, ബില്ല് അഥവാ സ്ത്രീധനം പിരിക്കാന്‍ വരുന്ന വരവും സംഭാഷണവും പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു. ആള്‍ പരുക്കനാണെങ്കിലും ഹ്രുദയമുള്ളവനാണെന്നു ഒടുവില്‍ തെളിഞ്ഞു. പൊള്ളലേറ്റു വിരൂപയായി ഭാര്യ മാറിയിട്ടും സ്‌നേഹാതുരനായി നില്‍ക്കുന്ന അപൂര്‍വ നന്മ ആ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ കണ്ടു. ഈ മാറ്റങ്ങളൊക്കെ ഏബ്രഹാം തന്മയത്വമാക്കി.
ബിസിനസുകാരനായ ഏബ്രഹാമിനു ഭാര്യയും മൂന്നു മക്കളുമുണ്ട്.

മറക്കാനാവാത്ത കഥാപാത്രങ്ങളെ സൃഷ്‌ടിച്ചവരാണ്‌ പ്രിന്‍സ്‌ തടത്തില്‍, ജംസണ്‍ കുര്യാക്കോസ്‌, മനോജ്‌ കാവുംപുറത്ത്‌, ദീപ്‌തി കാവുംപുറത്ത്‌, ജോയി നികര്‍ത്തില്‍, സജി ഒരപ്പാങ്കല്‍ തുടങ്ങിയവര്‍.

സംഗീതം പകര്‍ന്ന അനൂപ്‌ മുകളേല്‍ പ്രശസ്‌ത ഗായകനാണ്‌. സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയറാണ്‌.
റേഡിയോളജി ടെക്‌നീഷ്യനായ നിജിന്‍ ചക്കാല ആയിരുന്നു സൗണ്ട്‌ സിസ്റ്റം നിയന്ത്രിച്ചത്‌.
നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിയായ എബി വൈത്തറ സ്റ്റേജ്‌ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.
നാടകത്തിന്റെ മേന്മ കണ്ട് കേരളാ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിനു ഗ്ലെന്‍ ഓക്ക്‌സ് സ്‌കൂളില്‍ വീണ്ടും അവതരിപ്പിക്കും.
https://www.youtube.com/watch?v=TnlKfighx8E
കലയുടെ മാന്ത്രികച്ചെപ്പ്‌ അരങ്ങത്ത്‌ തുറന്നപ്പോള്‍കലയുടെ മാന്ത്രികച്ചെപ്പ്‌ അരങ്ങത്ത്‌ തുറന്നപ്പോള്‍കലയുടെ മാന്ത്രികച്ചെപ്പ്‌ അരങ്ങത്ത്‌ തുറന്നപ്പോള്‍കലയുടെ മാന്ത്രികച്ചെപ്പ്‌ അരങ്ങത്ത്‌ തുറന്നപ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക