Image

കടല്‍തീരത്തു നിന്നും ലോകകപ്പ് കളിക്കളത്തിലേക്ക് (ജോസ് പിന്റോ സ്റ്റീഫന്‍)

ജോസ് പിന്റോ സ്റ്റീഫന്‍ Published on 06 October, 2014
കടല്‍തീരത്തു നിന്നും ലോകകപ്പ് കളിക്കളത്തിലേക്ക് (ജോസ് പിന്റോ സ്റ്റീഫന്‍)
അങ്ങനെയൊരു മോഹമാണ് കോവളം എഫ്‌സി എന്ന തിരുവനന്തപുരത്തെ ആദ്യത്തെ പ്രൊഫഷണല്‍ ക്ലബ് തുടങ്ങാന്‍ എബിന്‍ റോസിനെ പ്രേരിപ്പിച്ചത്. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ പരിചിതമായ നാമമാണ് എബിന്‍ റോസ്. 2004 മുതല്‍ 2009 വരെ തുടര്‍ച്ചയായി അഞ്ചു വര്‍ഷം സന്തോഷ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ കേരള ടീമിനുവേണ്ടി കളിച്ച ഫുട്‌ബോള്‍ താരം. സന്തോഷ് ട്രോഫിയില്‍ എബിന്‍ റോസ് പങ്കെടുത്ത ആദ്യവര്‍ഷം തന്നെ കേരളാ ടീം ചാമ്പ്യന്മാരായി.

എബിന്റെ അച്ചന്‍ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. ഉദ്യോഗാര്‍ത്ഥം ആ കുടുംബം ബാംഗ്ലൂരില്‍ താമസിക്കുമ്പോഴാണ് എബിന്‍ ജനിച്ചത്. അച്ചന്‍ പൂന്തുറ സ്വദേശി. അമ്മ പുതിയതുറ സ്വദേശി. അധികം താമസിയാതെ നാട്ടിലേക്ക് മടങ്ങിയ ആ കുടുംബം പൂന്തുറക്കും പുതിയ തുറക്കുമിടക്കുളള മറ്റൊരു തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് സ്ഥിര താമസമാക്കി. വിഴിഞ്ഞത്ത് തന്നെ സ്‌കൂള്‍ വിദ്യാഭ്യാസം നേടി. ചെമ്പഴന്തി എസ്എന്‍. കോളജില്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുമ്പോള്‍ ഓള്‍ ഇന്ത്യാ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ടോപ് സ്‌കോററായി. അതു വഴി തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറി ഫുട്്‌ബോള്‍ ടീമില്‍ എബിക്ക് ഇടം കിട്ടി.

കേരളത്തില്‍ നിന്നും ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കാവുന്ന നല്ല അവസരങ്ങളും അംഗീകാരങ്ങളും കളിക്കളത്തില്‍ നിന്ന് എബിക്ക് ലഭിച്ചു. ഈ പ്രദേശത്തു നിന്നും എബിനെ പോലെ അവസരങ്ങളും പദവികളും ലഭിച്ച മറ്റനേകം താരങ്ങളുണ്ട്. അവരില്‍ പലരും ജോലി, കുടുംബം പിന്നെ പേരിനല്പം ബന്ധം മാത്രം ഈ കായിക വിനോദത്തോട് പുലര്‍ത്തുമ്പോള്‍ കോവളം എഫ്‌സി എന്ന് ബൃഹത്തായ പദ്ധതി ആരംഭിക്കാന്‍ എന്താണ് എബിനെ പ്രേരിപ്പിച്ചത്.

ആ കാര്യം ഈ ലേഖകനോട് എബിന്‍ വിവരിച്ചത് വളരെ ആവേശത്തോടെയാണ്. എങ്ങനെയാണ് താനൊരു ഫുട്‌ബോള്‍ കളിക്കാരനായതെന്നും തന്നെ ഈ രംഗത്തു കൊണ്ടുവന്നവരെയും പ്രോത്സാഹിപ്പിച്ചവരെയും വളര്‍ത്തിയവരെയും കുറിച്ച് നന്ദി നിറഞ്ഞ ഹൃദയത്തോടെ എബി വിവരിച്ചു. പരേതനായ ആന്റണി സാറിനോടാണ് എബി ഏറെ കടപ്പെട്ടിരിക്കുന്നത്. തന്റെ ഗ്രാമത്തില്‍ നല്ലൊരു ഗ്രൗണ്ട് പോലുമില്ലാതിരുന്ന അക്കാലത്ത് തന്നെ പ്രോത്സാഹിപ്പിക്കാനും വഴി തുറന്നു തരാനും ആന്റണി സാര്‍ മുന്നോട്ടു വന്നു. അദ്ദേഹത്തിന് സ്വന്തമായി ഒരു ഫുഡ്‌ബോള്‍ ക്ലബുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തോടെ തിരുവനന്തപുരം ജില്ലയുടെ അണ്ടര്‍ സെവന്റില്‍ ടീമില്‍ ഇടം കണ്ടെത്താനായി. 18-ാം വയസില്‍ ജില്ലയുടെ സീനിയര്‍ ടീമിലും ഇടം കിട്ടി.

തന്നിലെ കളിക്കാരനെ വളര്‍ത്തിയ മറ്റൊരു വ്യക്തിയായി ഗീവര്‍ഗീസ് സാറിനെ എബി പരിഗണിക്കുന്നു. പ്രായക്കുറവ് പോലും പരിഗണിക്കാതെ സീനിയര്‍ ടീമില്‍ ഇടം നല്‍കിയ അദ്ദേഹത്തിന്റെ കണക്കു കൂട്ടലുകള്‍ തെറ്റാന്‍ എബി അവസരം നല്‍കിയില്ല. ഇവരെ രണ്ടുപേരെയും ഈ രംഗത്തെ ഗുരുസ്ഥാനീയരായി എബി കരുതുന്നു. ഫുട്‌ബോളിനു വേണ്ടി ജീവിച്ചു മരിച്ച വ്യക്തിയെന്നാണ് ആന്റണി സാറിനെക്കുറിച്ച് എബി പറഞ്ഞത്.

എസ്ബിറ്റിയില്‍ ആറു മാസം ജോലി ചെയ്യുന്നതിനിടയില്‍ ഫെഡറേഷന്‍ കപ്പ് ടൂര്‍ണ്ണമെന്റില്‍ കളിച്ചിട്ടുണ്ട്. കേരളാ യൂണിവേഴ്‌സിറ്റി ടീം ക്യാപ്റ്റനാകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഐ ലിഗില്‍ വിവം കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. അതുപോലെ ഐ. എം. വിജയന്‍, ജോ പോള്‍ അഞ്ചേരി, ഘാനയുടെ ജൂനിയര്‍ വേള്‍ഡ് കപ്പ് താരം എബ് വിസ്ത്തും തുടങ്ങിയവരോടൊപ്പം നിരവധി വിദേശ താരങ്ങള്‍ക്കൊപ്പവും കളിക്കാനാവസരം ലഭിച്ചിട്ടുണ്ട്.

ഇത്രയേറെ നേട്ടങ്ങള്‍ കൊയ്‌തെടുക്കുന്നതിനിടയില്‍ തനിക്ക് ലഭിച്ച ചില സുവര്‍ണ്ണാവസരങ്ങള്‍ നഷ്ടപ്പെട്ടുപോയതാണ് കോവളം എഫ്‌സിയുടെ ജനനത്തിനു പിന്നിലെ കാരണങ്ങളിലൊന്ന്. മോഹന്‍ ബഗാന്‍ സ്‌പോര്‍ട്ടിംഗ് ഗോവ തുടങ്ങിയ പ്രൊഫഷണല്‍ ടീമുകള്‍ അവരോടൊപ്പം ചേരാന്‍ എബിയെ ക്ഷണിച്ചപ്പോഴും ആ ഓഫര്‍ ഏറ്റെടുക്കാന്‍ എബിക്ക് സാധിച്ചില്ല. അതിന് കാരണം ടൈറ്റാനിക്ക് ഫാക്ടറിയിലെ ജോലിയാണ് ആ ജോലി കളഞ്ഞുകൊണ്ട് പ്രൊഫഷണല്‍ ക്ലബുകളില്‍ കയറിപറ്റിയാല്‍ ഭാവി എന്തായി തീരും എന്ന ചിന്താക്കുഴപ്പമാണ് എബിനെ പിന്നോക്കം മറിച്ചത്. മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനും ആത്മമാരി പകര്‍ന്നു തരാനും ആരു ഉണ്ടായിരുന്നില്ല. ആ ടീമുകളില്‍ ഇടം നേടിയിരുന്നുവെങ്കില്‍ ഒരു പക്ഷെ ഇന്ത്യയുടെ ഫുട്‌ബോള്‍ മോഹങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ തനിക്ക് കഴിയുമായിരുന്നുവെന്ന് ഇന്ന് എബിന്‍ വിശ്വസിക്കുന്നു.

തീര പ്രദേശത്തിന്റെ നാഡിഞരമ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്ന കായിക വിനോദമാണ് ഫുട്‌ബോള്‍ കുറച്ചു പരിശീലനം കൂടി ലഭിച്ചാല്‍ ലോക നിലവാരത്തില്‍ മികവ് തെളിയിക്കാന്‍ സാധിക്കുന്ന നിരവധി കളിക്കാര്‍ ഈ പ്രദേശങ്ങളിലുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് മാര്‍ട്ടിന്‍ മസ്‌ക്രീന്‍ എന്നൊരു കളിക്കാരന്‍ കോര്‍ട്ട് അടക്കിവാണു കളിച്ചിരുന്ന രംഗങ്ങള്‍ ഇന്നും എബിന്റെ മനസില്‍ നിന്നും മാഞ്ഞു പോയിട്ടില്ല. അത്രമാത്രം പ്രതിഭാധനനായ മറ്റൊരു കളിക്കാരനെ ഇന്ത്യയിലൊരിടത്തും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് എബിന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ മാര്‍ട്ടിന്‍ എന്ന വ്യക്തി ജീവിതത്തില്‍ ഒരിടത്തും എത്തിപ്പെടാതെ നിരാശ നിറഞ്ഞ ഒരു ജീവിതാവസ്ഥയില്‍ എത്തിപ്പെടാനിടയായത് ഇത്തരമൊരു പ്രഫഷണല്‍ ക്ലബ് ഇവിടെ ഇല്ലാതിരുന്നതുകൊണ്ടാണ്.

ഈ ദുരവസ്ഥ ഇനിയുളള തലമുറയ്ക്കുണ്ടാകരുതെന്ന ചിന്തയോടെ എബിന്‍ കോവളം ഫുട്‌ബോള്‍ ക്ലബ് ആരംഭിച്ചു. അതിനായി കോച്ചിംഗ് രംഗത്തേക്ക് തിരിയാനും തയ്യാറായി. ഇപ്പോള്‍ ഏഷ്യന്‍ ഫുഡ് ബോള്‍ കോണ്‍ഫഡേറഷന്റെ ഡി ബാഡ്ക്ക് കോച്ചാണ് എബിന്‍. ഈ രംഗത്ത് കൂടുതല്‍ നിലവാരമുളള പരിശീലന പ്രോഗ്രാമുകളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നുമുണ്ട്.

ഈ ക്ലബിനെ ഒരു ഫുട്‌ബോള്‍ അക്കാദമിയാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഏറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ ക്ലബിനു കഴിഞ്ഞു. എസ്ബിറ്റി ടീമിന്റെ സ്ഥാപകരിലൊരാളായ ചന്ദ്ര മൗലി സാമ്പത്തികമായും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഏറെ സഹായിക്കുന്നുണ്ട്.

ഇന്ത്യയെക്കാളും ദരിദ്രമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ ടീമുകളിലും ലോകകപ്പ്, ഒളിംപിക്‌സ് എന്നീ മത്സര വേദികളിലും കളിക്കുന്ന ലോകോത്തര കളിക്കാരുണ്ടാകാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യക്കതിന് സാധിക്കുന്നില്ല. അഞ്ചു വര്‍ഷം കൊണ്ട് കോവളം ഫുട് ബോള്‍ ക്ലബ് വഴിയായി ലോക ഫുട്‌ബോള്‍ വേദിയില്‍ ഇന്ത്യയെ പ്രബല ശക്തിയാക്കി മാറ്റാന്‍ കഴിയുമെന്ന് ഈ സംഘാംഗങ്ങള്‍ വിശ്വസിക്കുന്നു. അതുപോലെ മദ്യം, മയക്കു മരുന്ന്, അതുപോലുളള മറ്റ് തിന്മകള്‍ക്കും അടിമകളാകാത്ത ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുന്നതും ഈ ക്ലബിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്.

അണ്ടര്‍ 12 അണ്ടര്‍ 17 സീനിയര്‍ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് തുടര്‍ച്ചയായ പരിശീലനത്തിലൂടെ ലോകനിലവാരത്തിലേക്ക് കുട്ടികളെ ഉയര്‍ത്താനാണ് ശ്രമം. മികച്ച സ്‌റ്റേഡിയത്തില്‍ പരിശീലനം ചെയ്യാനായി പിഎംജി ജംഗ്ഷനടുത്ത് ഒരു കെട്ടിടം വാടകക്കെടുത്ത് കുറെ കുട്ടികളെ അവിടെ താമസിപ്പിക്കുന്നുണ്ട്. അവര്‍ അടുത്തുളള സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിക്കുകയും യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ പ്രാക്ടീസിന് പോവുകയും ചെയ്യുന്നു.

ഐക്യരാഷ്ട്ര സഭ, യൂണിസെഫ്, അന്താരാഷ്ട്ര തലത്തിലുളള പ്രൊഫഷണല്‍ ഫുഡ് ബോള്‍ ക്ലബുകള്‍ എന്നിവയുമായി അഫിലിയേറ്റ് ചെയ്യുന്നു. ഈ പ്രസ്ഥാനങ്ങളുമായി എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ നടത്താനും ശ്രമമാരംഭിച്ചിട്ടുണ്ട്. അതുപോലെ ഇത്തരം ഏജന്‍സികളില്‍ നിന്നും ഗ്രാന്റ്, സ്‌പോണ്‍സര്‍ഷിപ്പ്, സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്കും ശ്രമിക്കുന്നുണ്ട്.

അതുപോലെ കേരളത്തിലെ പ്രമുഖ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളുമായി ഫ്രണ്ട്‌ലി മാച്ചുകള്‍ നടത്തുന്നുണ്ട്. ഇതുവഴി ഇവരില്‍ പലര്‍ക്കും ഇത്തരം ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളില്‍ പ്രവേശനത്തിന് അവസരമുണ്ടാകും.

ഈ ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ നിങ്ങളെയും സംഘാടകര്‍ ക്ഷണിക്കുന്നു. നിങ്ങള്‍ നാട്ടില്‍ അവധിക്കു പോകുമ്പോള്‍ ഈ കുട്ടികളെ സന്ദര്‍ശിക്കാനും അവരോടൊപ്പം പരിശീലനം നടത്താനും അവസരമൊരുക്കിയിട്ടുണ്ട്. അതുപോലെ ഈ ടീമില്‍ നിന്നും ഓരോ താരത്തെയും വ്യക്തിപരമായി സ്‌പോണ്‍സര്‍ ചെയ്യാനോ ദത്തെടുക്കാനോ അവസരമുണ്ട്.

അതിലുപരിയായി ഫുട്‌ബോള്‍ മേഖലയിലെ അന്താരാഷ്ട്ര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തിക്കൊടുക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമെങ്കില്‍ അതായിരിക്കും നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും വലിയ സഹായം. അതുപോലെ ഈ ക്ലബിനെ എങ്ങനെ കൂടുതല്‍ പ്രഫഷണല്‍ ആക്കാം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം തുടങ്ങിയ മേഖലകളില്‍ നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അറിയാന്‍ സംഘാടകര്‍ ആഗ്രഹിക്കുന്നു.

അമേരിക്കയില്‍ പിറവിയെടുത്ത കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്ന കെഎസ്‌സി ലോക വിപണി കൈയടക്കിയതുപോലെ തിരുവനന്തപുരത്ത് ജന്മമെടുത്ത കോവളം ഫുട്‌ബോള്‍ ക്ലബ് എന്ന അത്യാധുനിക കെഎഫ്‌സി ലോക ഫുട്‌ബോള്‍ വേദിയിലെ നിര്‍ണ്ണായക ശക്തിയായി മാറുന്ന ആ നല്ല നാളേയെ നമുക്ക് സ്വപ്നം കാണാം

കൂടുതല്‍ വിവരങ്ങള്‍ക്ക് :
EBIN ROSE
RES NIVAS, KOTTAPPURAM P.O.,
VIZ  HINJAM, TRIVANDRUM – 695521
KERALA, INDIA
PH-919447746611
E-MAIL:ROSE--------------

www.kovalamfootballchurch.com

കടല്‍തീരത്തു നിന്നും ലോകകപ്പ് കളിക്കളത്തിലേക്ക് (ജോസ് പിന്റോ സ്റ്റീഫന്‍)കടല്‍തീരത്തു നിന്നും ലോകകപ്പ് കളിക്കളത്തിലേക്ക് (ജോസ് പിന്റോ സ്റ്റീഫന്‍)കടല്‍തീരത്തു നിന്നും ലോകകപ്പ് കളിക്കളത്തിലേക്ക് (ജോസ് പിന്റോ സ്റ്റീഫന്‍)കടല്‍തീരത്തു നിന്നും ലോകകപ്പ് കളിക്കളത്തിലേക്ക് (ജോസ് പിന്റോ സ്റ്റീഫന്‍)കടല്‍തീരത്തു നിന്നും ലോകകപ്പ് കളിക്കളത്തിലേക്ക് (ജോസ് പിന്റോ സ്റ്റീഫന്‍)കടല്‍തീരത്തു നിന്നും ലോകകപ്പ് കളിക്കളത്തിലേക്ക് (ജോസ് പിന്റോ സ്റ്റീഫന്‍)കടല്‍തീരത്തു നിന്നും ലോകകപ്പ് കളിക്കളത്തിലേക്ക് (ജോസ് പിന്റോ സ്റ്റീഫന്‍)കടല്‍തീരത്തു നിന്നും ലോകകപ്പ് കളിക്കളത്തിലേക്ക് (ജോസ് പിന്റോ സ്റ്റീഫന്‍)കടല്‍തീരത്തു നിന്നും ലോകകപ്പ് കളിക്കളത്തിലേക്ക് (ജോസ് പിന്റോ സ്റ്റീഫന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക