Image

രാഷ്‌ട്രീയക്കാര്‍ ദുര്‍ബലമാക്കുന്ന മുല്ലപ്പെരിയാര്‍

Published on 08 December, 2011
രാഷ്‌ട്രീയക്കാര്‍ ദുര്‍ബലമാക്കുന്ന മുല്ലപ്പെരിയാര്‍
ആരെയാണ്‌ യഥാര്‍ഥത്തില്‍ വിമര്‍ശിക്കേണ്ടത്‌?. പുതിയ അണക്കെട്ട്‌ പാടില്ല എന്ന പിടിവാശിയില്‍ നില്‍ക്കുന്ന തമിഴ്‌നാടിനെയോ, വ്യക്തതയോടെ കാര്യങ്ങളെ സമീപിക്കാന്‍ കഴിയാത്ത കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളെയോ?. രണ്ടായാലും തമിഴ്‌നാടിന്‌ മുമ്പില്‍ തലകുനിച്ചു നില്‍ക്കുകയാണ്‌ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വം. കാരണം മറ്റൊന്നുമല്ല, ദിവസങ്ങള്‍ പിന്നിട്ടിട്ടും മുല്ലപ്പെരിയാര്‍ വിഷയം എങ്ങുമെത്തുന്നില്ലെന്ന്‌ മാത്രമല്ല കേരളത്തില്‍ പൂര്‍ണ്ണമായും ഒരു ഏകസ്വരം രൂപപ്പെടുത്തുന്നതിലും നമ്മുടെ നേതാക്കള്‍ പരാജയപ്പെടുന്നു. ഹൈക്കോടതിയിലെ അഡ്വക്കേറ്റ്‌ ജനറലിന്റെ പൊതുതാത്‌പര്യ വിരുദ്ധമായ വാദങ്ങള്‍ ഇതിന്റെ വലിയ ഉദാഹരമാണ്‌. അഡ്വക്കേറ്റ്‌ ജനറല്‍ പറഞ്ഞത്‌ ശരിയെന്ന്‌ ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ എ.ജിയുടേത്‌ ഭ്രാന്തന്‍ ന്യയ വാദങ്ങളെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറയുന്നു. എ.ജിയുടെ പരാമര്‍ശങ്ങള്‍ തെറ്റെന്ന്‌ വിമര്‍ശിച്ച മന്ത്രമാര്‍ തന്നെ പിന്നീടത്‌ തിരുത്തി പറയുന്നു. ഇത്തരം വിരോധാഭാസങ്ങള്‍ നിറഞ്ഞ കാഴ്‌ചകളാണ്‌ കേരളീയ രാഷ്‌ട്രീയത്തില്‍ ദിവസവും അരങ്ങേറുന്നത്‌.

കേരളത്തിലെ രാഷ്‌ട്രീയ കക്ഷികള്‍ക്കും ചാനല്‍ മാധ്യമങ്ങള്‍ക്കും ഒരു നേരംപോക്കായി മാറി എന്നതില്‍ കവിഞ്ഞ്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്തെങ്കിലുമൊരു നീക്കുപോക്ക്‌ ദിവസങ്ങളിത്ര പിന്നിട്ടിട്ടും ഉണ്ടായില്ല. പ്രസ്‌താവനകളും പ്രതിഷേധങ്ങളും കൊണ്ട്‌ ദിവസങ്ങള്‍ തള്ളിനീക്കി എന്നതൊഴിച്ചാല്‍ കാര്യമായി ഒന്നും സംഭവിച്ചിട്ടുമില്ല. മുല്ലപ്പെരിയാറിനെ ദുര്‍ബലമാക്കുന്നത്‌ ഭൂചലനങ്ങളല്ല രാഷ്‌ട്രീയ കസര്‍ത്തുകളാണ്‌ എന്ന്‌ കേരളത്തിലെ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയാല്‍ അവരെ കുറ്റപ്പെടുത്താനും കഴിയില്ല.

കഴിഞ്ഞ ഒരാഴ്‌ച കൊണ്ട്‌ ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ആഭ്യന്തര പ്രശ്‌നമായി ഈ വിഷയം വളര്‍ന്നു എന്നതാണ്‌ ആകെയുണ്ടായ ഡെവലപ്‌മെന്റ്‌. വൈകാരികമായി വിഷയത്തില്‍ പ്രതികരിച്ച പി.ജെ ജോസഫ്‌ യുഡിഎഫ്‌ യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടത്‌ കഴിഞ്ഞ ദിവസമാണ്‌. പക്ഷെ വൈകാരികമായ സമീപനം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്ന യഥാര്‍ഥ്യം ബോധ്യപ്പെടേണ്ട സമയം ഏറെക്കുറെ കഴിഞ്ഞിരിക്കുന്നു എന്നതാണ്‌ പുതിയ സംഭവ വികാസങ്ങള്‍ നല്‍കുന്ന സൂചനകള്‍. രാഷ്‌ട്രീയ കക്ഷികള്‍ തമ്മില്‍ അഭിപ്രായ ഐക്യത്തിന്‌ ശ്രമിക്കുന്നില്ല എന്നതാണ്‌ ഇവിടെയുള്ള ഏറ്റവും പ്രധാന പ്രശ്‌നം. മുന്നണികള്‍ക്കുള്ളില്‍ പോലും കൃത്യമായ ആശയ വിനിമയമില്ലാതെയാണ്‌ കേരളത്തിലെ രാഷ്‌ട്രീയ സംവിധാനങ്ങള്‍ സമരത്തിന്‌ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌.

മലയാളിയും തമിഴരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക്‌ കാര്യങ്ങള്‍ എത്തുമെന്ന സ്ഥിതിവിശേഷമാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌. തമിഴ്‌നാട്ടില്‍ മലയാളികളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ നേരെ അക്രമ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നു. ശബരിമല സീസണ്‍ കാലത്ത്‌ തമിഴ്‌നാട്ടില്‍ നിന്നും വാഹനങ്ങള്‍ കേരളത്തിലേക്ക്‌ കടത്തി വിടാത്ത സ്ഥിതിവിശേഷമുണ്ടായിരിക്കുന്നു. മലയാളികളുടെ വാഹനങ്ങള്‍ തമിഴ്‌നാട്ടിലും, തമിഴരുടെ വാഹനങ്ങള്‍ കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളിലും തകര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്‌. മാത്രമല്ല കുമളി, കമ്പംമേട്ട്‌, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ രണ്ടു ദിവസമായി നടക്കുകയും ചെയ്‌തിട്ടുണ്ട്‌. കുമളിയിലും കമ്പംമേട്ടിലും നിരോധനാഞ്‌ജ മൂന്ന്‌ ദിവസത്തേക്ക്‌ നീട്ടിയിട്ടുമുണ്ട്‌. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും പോലീസ്‌ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും പക്വതയോടെയുള്ള രാഷ്‌ട്രീയ നീക്കങ്ങളല്ല ഉണ്ടാകുന്നതെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനേക്കാള്‍ വലിയ പ്രത്യഘാതങ്ങളാവും നേരിടേണ്ടി വരുക. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സൈ്വര്യ ജീവിതത്തെയാകും ഇത്‌ താറുമാറാക്കുക.

ഇവിടെ ഏറ്റവും പ്രധാനമായും ഓര്‍ക്കേണ്ടത്‌ തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലായി വിദ്യാഭ്യാസം തേടിയിരിക്കുന്ന മലയാളി വിദ്യാര്‍ഥികളെയാണ്‌. കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളാണ്‌ തമിഴ്‌നാട്ടില്‍ ഉപരിപഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. തൊഴില്‍മേഖയില്‍ പ്രവൃത്തിക്കുന്നവര്‍ വേറെയും. ഇതുപോലെ തന്നെ കേരളത്തിലെ വിവിധ തൊഴില്‍മേഖലകളില്‍ ആയിരക്കണക്കിന്‌ തമിഴ്‌നാട്‌ സ്വദേശികളുമുണ്ട്‌. ഇവരുടെയെല്ലാം ജീവിതത്തെയാവും ഇരുസംസ്ഥനങ്ങളും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ ഏറ്റവുമധികം ബാധിക്കുക. അതുകൊണ്ടു തന്നെ ഇരുസംസ്ഥാനങ്ങള്‍ക്കുമിടയിലുള്ള മൈത്രി കാത്തു സൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ രാഷ്‌ട്രീയ നേതൃത്വങ്ങളും, സാമുദായിക സംഘടനകളും, മത നേതാക്കളും അടിയന്തര ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു.

എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടുക്കിയില്‍ കാണിക്കുന്ന കസര്‍ത്തുകള്‍ക്ക്‌ അപ്പുറം പ്രായോഗികമായി ഒരു ഫലപ്രാപ്‌തി നേടിയെടുക്കാന്‍ കേരളാ ഗവണ്‍മെന്റിനും, പ്രതിപക്ഷമടങ്ങുന്ന രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കും കഴിയുന്നില്ല എന്നതാണ്‌ സത്യം. ഇതിനു പിന്നില്‍ ഒറ്റക്കാരണമേയുള്ളു, കേരളത്തിലെ പ്രബല രാഷ്‌ട്രീയ നേതൃത്ത്വങ്ങളുടെ കേന്ദ്രഘടകങ്ങള്‍ മുല്ലപ്പെരിയാര്‍ വിഷയത്തെ കേരളത്തിന്റെ മനോഭാവത്തിനൊപ്പമല്ല സ്വീകരിച്ചിരിക്കുന്നത്‌. കരുണാനിധിയുടെ ഡി.എം.കെയെ പിണക്കാന്‍ കഴിയില്ല എന്നതാണ്‌ കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തിന്റെ പ്രശ്‌നം. ഭരണം നിലനിര്‍ത്താന്‍ കരുണാനിധി കൂടിയേ കഴിയു എന്നുള്ള കോണ്‍ഗ്രസ്‌ കേന്ദ്ര നേതൃത്വം ഒരു കാരണവശാലും തമിഴ്‌നാടിന്റെ താത്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി ഒന്നും ചെയ്യാന്‍ ധൈര്യപ്പെടില്ല. 2ജി സ്‌പെക്‌ട്രം കേസില്‍ കേന്ദ്രസര്‍ക്കാരിനോട്‌ ഇടഞ്ഞു നിന്ന കരുണാനിധിയെ ഒരുവിധത്തിലാണ്‌ കോണ്‍ഗ്രസ്‌ അനുനയിപ്പിച്ച്‌ കൂടെ നിര്‍ത്തിയിരിക്കുന്നത്‌. പക്ഷെ ചെറിയ പ്രകോപനം പോലും പിണങ്ങി ഇറങ്ങിപ്പോകാന്‍ കരുണാനിധിയെ പ്രേരിപ്പിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്‌ നല്ലതുപോലെ അറിയാം. ഹൈക്കമാന്‍ഡിനെ, അങ്ങനെയല്ല ഇങ്ങനെയാണ്‌ കാര്യങ്ങള്‍ എന്നു പറഞ്ഞു മനസിലാക്കിക്കാനുള്ള പ്രാപ്‌തിയൊന്നും ഇന്നത്തെ കോണ്‍ഗ്രസ്‌ കേരളാ ഘടകത്തിനില്ല. ബി.ജെ.പിയാവട്ടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ അണ്ണാ ഡിഎംകെയുടെ സഹായം പ്രതീക്ഷിച്ച്‌ കാത്തിരിക്കുകയാണ്‌. അപ്പോള്‍ പിന്നെ പ്രശ്‌നത്തില്‍ കേരളത്തിന്റെ മനസിനൊപ്പം പൂര്‍ണ്ണമായും നില്‍ക്കാന്‍ ബി.ജെ.പിക്കും മടിക്കുന്നു.

ഇതിലും വലിയ പ്രതിസന്ധിയാണ്‌ സി.പി.എമ്മില്‍ നിലനില്‍ക്കുന്നത്‌. കേരളത്തിലെ സി.പി.എം മുല്ലപ്പെരിയാറില്‍ അണക്കെട്ട്‌ വേണമെന്ന്‌ വാദിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ സി.പി.എം പുതിയ അണക്കെട്ട്‌ വേണ്ട എന്ന വാദത്തിലാണ്‌. തമിഴ്‌നാട്ടിലെ സി.പി.എം എം.പിമാര്‍ കേരളത്തിനെതിരെ പ്രതിഷേധ സ്വരം ഉയര്‍ത്തുകയും ചെയ്‌തിരുന്നു. ഇതോടെ വെട്ടിലായത്‌ സി.പി.എം കേന്ദ്രനേതൃത്വമാണ്‌. പ്രശ്‌നം ഇരുസംസ്ഥാനങ്ങളും തമ്മില്‍ രമ്യമായി പരിഹരിക്കട്ടെയെന്ന്‌ പറഞ്ഞ്‌ പോളിറ്റ്‌ ബ്യൂറോ കൈകഴുകി. സി.പി.എമ്മിനെ മാറ്റിനിര്‍ത്തി വലിയ സമരത്തിനുള്ള ശേഷം എല്‍.ഡി.എഫിനെ മറ്റു കക്ഷികള്‍ക്ക്‌ ഇല്ലതാനും. പിന്നെയുള്ളത്‌ കേരളാ കോണ്‍ഗ്രസാണ്‌. കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗം വലിയ പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും യുഡിഎഫിന്റെ മൊത്തം ചലനങ്ങള്‍ക്കും അപ്പുറത്തേക്ക്‌ പോകാന്‍ ഇവര്‍ക്കും കഴിഞ്ഞിട്ടില്ല.

ഇവിടെ തമിഴ്‌നാടിലെ രാഷ്‌ട്രീയപാര്‍ട്ടികളുടെ സമര്‍ദ്ദ തന്ത്രങ്ങളാണ്‌ വിജയം കാണുന്നത്‌. തികച്ചും പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഭരണം നിയന്ത്രിക്കുന്ന തമിഴ്‌നാട്ടില്‍ ഒരു തീരുമാനത്തിനായി ഒരു കേന്ദ്രനേതൃത്വത്തെയും അവര്‍ കാക്കാറില്ല എന്നതാണ്‌ ഏറ്റവും വലിയ സത്യം. എന്നാല്‍ വ്യക്തതയോടെ കേരളത്തിലെ കാര്യങ്ങള്‍ കേന്ദ്രഭരണകൂടത്തെ അറിയിക്കാന്‍ ഇപ്പോഴും കേരളത്തിലെ എം.പിമാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടോയെന്ന്‌ സംശയം തന്നെ. പ്രസംഗങ്ങളിലും പ്രസ്‌താവനകളിലും ഒതുങ്ങുന്ന രാഷ്‌ട്രീയ നീക്കങ്ങള്‍ കൊണ്ട്‌ എന്തു പ്രയോജനമാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌.

ഇവിടെ കൂടുതല്‍ സുവ്യക്തവും പക്വതയാര്‍ന്നതുമായി രാഷ്‌ട്രീയ നിലപാടാണ്‌ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വങ്ങളില്‍ നിന്നും ഉണ്ടാവേണ്ടത്‌. അതിനു വേണ്ടി രാഷ്‌ട്രീയ സമര്‍ദ്ദങ്ങള്‍ ചെലുത്തേണ്ടത്‌ കേന്ദ്രഭരണകൂടത്തിലാണ്‌. അല്ലാതെ മുല്ലപ്പെരിയാറിലെത്തി നടത്തുന്ന വൈകാരിക രാഷ്‌ട്രീയ പ്രകടനങ്ങള്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കിടയിലെയും മൈത്രി തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കു എന്ന സത്യമാണ്‌ ഇപ്പോള്‍ കൂടുതല്‍ ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നത്‌. മുല്ലപ്പെരിയാര്‍ ഒരു ദേശിയ ശ്രദ്ധ നേടുന്നതിന്‌ അവിടെ സമരങ്ങള്‍ ആവിശ്യമില്ല എന്നല്ല ഇവിടെ അര്‍ഥമാക്കുന്നത്‌ മറിച്ച്‌. മുല്ലപ്പെരിയാറിലെ സമരങ്ങള്‍ കൂടുതല്‍ ക്രിയാത്മകവും, പക്വതാപരവുമാകണമെന്നതാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌. മുല്ലപ്പെരിയാര്‍ സമര സമതിയുടെ സമരങ്ങള്‍ ഇത്തരത്തില്‍ സമാധാന പരമായി തന്നെയാണ്‌ പോയ നാളുകളില്‍ നീങ്ങിയിരുന്നതും. എന്നാല്‍ സമരത്തെ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഹൈജാക്ക്‌ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ്‌ സ്ഥിതിഗതികള്‍ പുരോഗമിക്കുന്നതിനു പകരം വഷളായി മാറിയിരിക്കുന്നത്‌. അതുകൊണ്ടു തന്നെ രാഷ്‌ട്രീയ കക്ഷികള്‍ തമ്മിലുള്ള അഭിപ്രായ ഐക്യവും പക്വതാപരമായ സമര പരിപാടികളുമാണ്‌ ഇപ്പോള്‍ കേരളത്തിലെ സമൂഹം ആവിശ്യപ്പെടുന്നത്‌.


പിന്‍കുറിപ്പ്‌ - മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വൈകാരികമായി പ്രതികരിക്കുന്ന തമിഴ്‌നാട്‌ ഇപ്പോള്‍ കേരളത്തിലെ നേതാക്കന്‍മാര്‍ക്ക്‌ ഒരു ഇരുട്ടടി കൂടി കൊടുത്തിരിക്കുന്നു. തമിഴ്‌നാട്ടിലെ തേനി മുതലായ തോട്ടം മേഖലകളില്‍ മലയാളികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെയും സ്വത്തിന്റെയും വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ്‌ തമിഴ്‌നാട്‌ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്‌. ഇതിനായി തമിഴ്‌നാട്‌ റവന്യു ഡിപ്പാര്‍ട്ടമെന്റ്‌ കണക്കെടുപ്പ്‌ തുടങ്ങിയിരിക്കുന്നു. ഇതോടെ ഞെട്ടിയിരിക്കുന്നവരില്‍ രാഷ്‌ട്രീയ നേതാക്കന്‍മാര്‍ തുടങ്ങി മാധ്യമ മുതലാളിമാര്‍ വരെയുണ്ടെന്നതാണ്‌ സത്യം. തേനി ജില്ലയില്‍ മുത്തിരിതോട്ടങ്ങളും, കശുമാവിന്‍ തോട്ടങ്ങളും സ്വന്തമാക്കിയിട്ടുള്ള വമ്പന്‍മാര്‍ പലരും കേരളത്തിലെ രാഷ്‌ട്രീയ രംഗത്തും സിനിമാ രംഗത്തും നിരവധിയാണ്‌. പലതും ബിനാമിയിടപാടുകളാണെങ്കിലും ഇവയുടെ കൃത്യമായ വിവരങ്ങള്‍ തമിഴ്‌നാട്‌ ഇന്റലിജന്‍സിന്റെ പക്കലുണ്ടത്രേ. ഇതു കേട്ട്‌ മുല്ലപ്പെരിയാര്‍ സമരാവേശം ഒതുക്കിവെച്ച്‌ മൗനം സ്വീകരിച്ചിരിക്കുകയാണ്‌ കേരളത്തിലെ പല രാഷ്‌ട്രീയ നേതാക്കളും.
രാഷ്‌ട്രീയക്കാര്‍ ദുര്‍ബലമാക്കുന്ന മുല്ലപ്പെരിയാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക