Image

ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ അമേരിക്കയിലെ സാന്റായാത്ര അവിസ്‌മരണീയം

ജോയിച്ചന്‍ പുതുക്കുളം Published on 08 December, 2011
ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ അമേരിക്കയിലെ സാന്റായാത്ര അവിസ്‌മരണീയം
എഡിസണ്‍: ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന നൂതനസംരംഭമായ `സാന്റായാത്ര' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചു എന്നത്‌ ഒരു അവിസ്‌മരണീയ അനുഭവമായിരുന്നുവെന്ന്‌ ഫിലിപ്പ്‌ മാരേട്ട്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഏഷ്യാനെറ്റ്‌ ചാനലിന്റെ കേരളത്തില്‍ നിന്നുമുള്ള പ്രമുഖ പ്രവര്‍ത്തകരായ അനില്‍ അടൂര്‍, സിന്ധു സൂര്യകുമാര്‍, പി.ജി. സുരേഷ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫിന്‍ലാന്റില്‍ നിന്നും ആരംഭിച്ച്‌ അമേരിക്ക, യൂറോപ്പ്‌, ഗള്‍ഫ്‌ എന്നിവടങ്ങളില്‍ പര്യടനം നടത്തി തിരുവനന്തപുരത്ത്‌ പര്യവസാനിക്കുന്ന ഈ പ്രോഗ്രാം തികച്ചും പുതുമയും വിസ്‌മയവും ഉള്ളതാണെന്ന്‌ പറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന്‌ ഫിലിപ്പ്‌ മാരേട്ട്‌ പറഞ്ഞു.

ഏഷ്യാനെറ്റ്‌ യു.എസ്‌.എ ന്യൂജേഴ്‌സിയില്‍ ആരംഭിച്ച പുതിയ ഓഫീസില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ സാന്റായാത്രയുടെ സംഘത്തെ കരോള്‍ ഗാനത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. ഈ ചടങ്ങില്‍ കൈരളി ടിവി യു.എസ്‌.എയുടെ ന്യൂജേഴ്‌സി ബ്യൂറോ ചീഫ്‌ എന്ന നിലയില്‍ ക്ഷണിക്കുകയും ആശംസ അര്‍പ്പിക്കാനും അവസരം നല്‍കിയതിന്‌ ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ സംഘാടകരോടുള്ള പ്രത്യേക നന്ദി അറിയിക്കുന്നതായും ഫിലിപ്പ്‌ മാരേട്ട്‌ വ്യക്തമാക്കി.

സമാധാനത്തിന്റെ സന്ദേശവുമായി ഭൂജാതനായ ലോക രക്ഷകന്‍ യേശുനാഥന്റെ ദിവ്യജനനത്തെക്കുറിച്ചുള്ള സന്ദേശവുമായി നമ്മുടെ ഭവനങ്ങളിലും കൂട്ടായ്‌മകളിലും എത്തുന്ന സാന്റാക്ലോസും കരോള്‍ സംഘവും സന്തോഷത്തിന്റെ അനുഭവമായിരുന്നു. ഇന്നിപ്പോള്‍ ലോകപര്യടനം എന്ന നിലയില്‍ കേരളത്തില്‍ നിന്നും ഒരു ചാനലിന്‌ സാന്റാ യാത്ര സംഘടിപ്പിക്കാന്‍ സാധിച്ചു എന്നത്‌ ഒരു വലിയ കാല്‍വെയ്‌പ്പായി കരുതുന്നു.

തികച്ചും നൂതനമായ ഈ പ്രോഗ്രാം മറ്റ്‌ ചാനലുകള്‍ക്ക്‌ പ്രചോദനമാകട്ടെ എന്ന്‌ ആശംസിക്കുന്നു. ഒളിമ്പിക്‌സ്‌ ഗെയിംസിനോടനുബന്ധിച്ചാണ്‌ ലോകരാജ്യങ്ങളിലുടനീളം ദീപശിഖാ പര്യടനം നടത്താറുള്ളത്‌. അതേ രീതിയില്‍ സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശവുമായി സാന്താക്ലോസിന്റേയും സംഘാംഗങ്ങളുടേയും ലോകയാത്ര നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ ഐക്യവും സഹവര്‍ത്തിത്വവും ഉണ്ടാകുവാന്‍ കാരണമാകട്ടെ എന്നും ഫിലിപ്പ്‌ മാരേട്ട്‌ ആശംസിച്ചു.
ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ അമേരിക്കയിലെ സാന്റായാത്ര അവിസ്‌മരണീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക