Image

ഷിക്കാഗോ സാഹിത്യവേദിയില്‍ അക്ഷരശ്ശോക സന്ധ്യ

ജോയിച്ചന്‍ പുതുക്കുളം Published on 08 December, 2011
ഷിക്കാഗോ സാഹിത്യവേദിയില്‍ അക്ഷരശ്ശോക സന്ധ്യ
ഷിക്കാഗോ: സാഹിത്യവേദിയുടെ 160-മത്‌ കൂട്ടായ്‌മ പതിവുപോലെ മാസാദ്യ വെള്ളിയാഴ്‌ചയായ ഡിസംബര്‍ രണ്ടാംതീയതി വൈകിട്ട്‌ മൗണ്ട്‌ പ്രൊസ്‌പക്‌ടസിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്വീറ്റ്‌സില്‍ വെച്ച്‌ നടത്തപ്പെട്ടു.

സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ജോണ്‍ ഇലയ്‌ക്കാട്ടിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ കവിയും ഗ്രന്ഥകാരനുമായ റവ.ഡോ. മാത്യു റോയി ഇടിക്കുള അധ്യക്ഷതവഹിച്ചു. അന്തരിച്ച പ്രശസ്‌ത കവി ഏറ്റുമാനൂര്‍ സോമദാസന്റെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം പ്രകടിപ്പിച്ചു. തുടര്‍ന്ന്‌ ചാക്കോ ഇട്ടിച്ചെറിയ, ഉമാ രാജ എന്നിവരുടെ നേതൃത്വത്തില്‍ അക്ഷരശ്ശോക പരിപാടി നടത്തപ്പെട്ടു. അത്യന്തം രസകരവും ആസ്വാദ്യകരവുമായി അവതരിപ്പിക്കപ്പെട്ട അക്ഷരശ്ശോക പരിപാടി മലയാള കാവ്യലോകത്തെ അനശ്വരവും അവിസ്‌മരണീയവുമായ കൃതികളിലൂടെ ആനന്ദകരമായ ഒരു ഓട്ടപ്രദക്ഷിണത്തിന്‌ സാഹിത്യവേദി അംഗങ്ങള്‍ക്ക്‌ അവസരമൊരുക്കി.

ഡോ. റോയി പി. തോമസ്‌ ഭദ്രദീപം കൊളുത്തി അക്ഷരശ്ശോകസന്ധ്യ ഉദ്‌ഘാടനം ചെയ്‌തു. അന്തരിച്ച ബഹിരാകാശ യാത്രിക കല്‌പ്പന ചൗളയെ അനുസ്‌മരിച്ച്‌ ഡോ. റോയി രചിച്ച `കല്‌പ്പന ചൗള' എന്ന കവിതയും, ഒറ്റപ്പെട്ടവരുടെ ആത്മനൊമ്പരങ്ങള്‍ പകര്‍ത്തിയ ഷാജന്‍ ആനിത്തോട്ടത്തിന്റെ `കണ്ണാടി മാളിക' എന്ന കവിതയും സാഹാത്യ സദ്യയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. രവി രാജാ ആയിരുന്നു ഈമാസത്തെ പരിപാടികളുടെ സ്‌പോണ്‍സര്‍. ഡോ. റോയി പി. തോമസ്‌ കൃതജ്ഞതാ പ്രസംഗം നടത്തി. പ്രതികൂല കാലാവസ്ഥ പ്രമാണിച്ച്‌ അടുത്ത സാഹിത്യവേദി യോഗം 2012 മാര്‍ച്ച്‌ രണ്ടാം തീയതി വെള്ളിയാഴ്‌ചയായിരിക്കും ചേരുകയെന്ന്‌ കോര്‍ഡിനേറ്റര്‍ ജോണ്‍ ഇലയ്‌ക്കാട്ട്‌ അറിയിച്ചു. വിശദ വിവരങ്ങള്‍ പിന്നീട്‌ അറിയിക്കുന്നതാണ്‌.
ഷിക്കാഗോ സാഹിത്യവേദിയില്‍ അക്ഷരശ്ശോക സന്ധ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക