Image

2 ജി: സുബ്രഹ്മണ്യന്‍ സ്വാമിയെ സാക്ഷിയായി വിസ്തരിക്കും

Published on 08 December, 2011
2 ജി: സുബ്രഹ്മണ്യന്‍ സ്വാമിയെ സാക്ഷിയായി വിസ്തരിക്കും
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ വിചാരണ കോടതി സാക്ഷിയായി വിസ്തരിക്കും. ഇതിനായി ഡിസംബര്‍ 17 ന് ഹാജരാകാന്‍ സ്വാമിയോട് പ്രത്യേക കോടതി ജഡ്ജി ഒ.പി സൈനി നിര്‍ദ്ദേശിച്ചു. ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ചിദംബരത്തിന്റെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടിയാണ് അദ്ദേഹത്തെ സാക്ഷിയായി വിസ്തരിക്കുന്നത്.

2 ജി സ്‌പെക്ട്രം വില നിര്‍ണ്ണയിച്ചതില്‍ മുന്‍ ടെലികോം മന്ത്രി എ രാജയ്‌ക്കെപ്പം മന്ത്രി പി ചിദംബരത്തിനും പങ്കുണ്ടെന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അവകാശപ്പെട്ടിരുന്നു. ചിദംബരത്തിന്റെ പങ്ക് തെളിയിക്കാന്‍ സി.ബി.ഐ ജോയിന്‍ ഡയറക്ടര്‍, ധനകാര്യ മന്ത്രാലയ ജോയിന്‍ സെക്രട്ടറി എന്നിവരെ സാക്ഷികളായി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. സ്വാമിയുടെ മൊഴി രേഖപ്പെടുത്തിയശേഷം ഉന്നത ഉദ്യോഗസ്ഥരെ കേസില്‍ സാക്ഷികളാക്കണമോ എന്നകാര്യത്തില്‍ കോടതി തീരുമാനമെടുക്കും. 2 ജി അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക