Image

വലുപ്പവും ചെറുപ്പവും (ചിന്താധാരകള്‍: സരോജ വര്‍ഗ്ഗീസ്)

സരോജ വര്‍ഗ്ഗീസ് Published on 13 October, 2014
 വലുപ്പവും ചെറുപ്പവും (ചിന്താധാരകള്‍: സരോജ വര്‍ഗ്ഗീസ്)
നമ്മള്‍ കണ്ടുമുട്ടുന്ന പലരുടേയും കയ്യില്‍ ഒരു പൊങ്ങച്ചസഞ്ചി കാണാവുന്നതാണ്. ആ സഞ്ചിയില്‍ അവര്‍ക്ക് മറ്റുള്ളവരില്‍ നിന്നും കൂടുതലായുണ്ടെന്ന് കരുതുന്ന വിശിഷ്ട വസ്തുക്കളായിരിക്കും. സ്വന്തം കഴിവില്‍, നേട്ടത്തില്‍ ആനന്ദിക്കുന്നതും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതും വളരെ നല്ലത് തന്നെ. പക്ഷെ പലപ്പോഴും ആ മനസ്ഥിതി സങ്കുചിതമായി പോകുന്നത് ദയനീയമാണ്. എല്ലാ ജീവജാലങ്ങള്‍ക്കും ഓരോ കഴിവുകള്‍ ദൈവം കൊടുക്കുന്നു. ചിലര്‍ അതിനെ തേച്ച് മിനുക്കി മനോഹരമാക്കുന്നു. മറ്റുള്ളവര്‍ക്ക് അതിനുള്ള കഴിവോ സാഹചര്യമോ ഇല്ലാതെ അതെല്ലാം മുരടിപ്പിച്ച് കളയുന്നു. എന്നാല്‍ ദൈവത്തന്റെ വരദാനമായി കിട്ടുന്ന ഒന്നും തന്നെ നഷ്ടപ്പെടുന്നില്ല. അത് തിരിച്ചറിഞ്ഞ് നമ്മള്‍ ഉപയോഗിക്കണമെന്ന് മാത്രം. അതേ സമയം ഓരോരുത്തരും ആര്‍ജ്ജിച്ചെടുക്കുന്ന കഴിവും മേന്മയും മറ്റുള്ളവരെ പരിഹസിക്കാനും സ്വയം വലിയവനാണെന്ന് കാണിക്കാനുമുള്ള പ്രകടനങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കും. എല്ലാ കഴിവും ഒരാളില്‍മാത്രം ദൈവം നിക്ഷേപിക്കുന്നില്ല. എപ്പോഴും അപരനില്‍ നമ്മളില്‍ ഇല്ലാത്ത ഏതെങ്കിലും ഒരു കഴിവു ഉണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഈ തിരിച്ചറിവാണു ജീവിതത്തില്‍ ശാന്തിയും സമാധാനവും നല്‍കുന്നത്.

അത് ആ വിധത്തിലായിരിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഈ മഹത് വചനം എത്രയോ അര്‍ത്ഥവത്താണ്. പ്രകടനത്തിന്റെയും പ്രദര്‍ശനത്തിന്റേയും സ്വാധീനമാണ് ഇന്നു പ്രചാരത്തിലിരിക്കുന്നത് എന്നാല്‍ അവയുടെ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുവാന്‍ സാധിക്കുമ്പോള്‍ മാത്രമേ മൂല്യബോധത്തെക്കുറിച്ച് ബോധ്യം ഉണ്ടാവുകയുള്ളൂ. ശബ്ദമുണ്ടാക്കുന്നവരും പ്രകടനങ്ങള്‍ കാഴ്ചവക്കുന്നവരും മാത്രമല്ല, നിശബ്ദതയിലും നിസ്സംഗതയിലും കഴിയുന്നവരും പ്രാധാന്യമര്‍ഹിക്കുന്നവരാണ്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റാഴ്ഫ് വില്‍ഡൊ എമേഴ്‌സണ്‍ എഴുതിയ ഒരു കവിതയുടെ സംഗ്രഹം ഏതാണ്ടിങ്ങനെയാണ്. പര്‍വ്വതവും അണ്ണാനും തമ്മില്‍ ശണ്ഠയായി. പര്‍വ്വതം അണ്ണാനെ കൊച്ചുമണ്ടൂസ്സെ എന്നുവിളിച്ചു. അണ്ണാന്‍ മറുപടി നല്‍കി. താങ്കള്‍ വലിയവന്‍തന്നെ, എന്നാല്‍ എന്റെ ഈ സ്ഥാനം വഹിക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നില്ല. ഞാന്‍ താങ്കളെപ്പോലെ വലുപ്പമില്ലാത്തവനായിരിക്കാം. എന്നാല്‍ താങ്കള്‍ക്ക് എന്നെപ്പോലെ ചെറുതാകാന്‍ പറ്റുമോ? എനിക്ക് ഈ മഹാവനത്തെ എന്റെ ചുമലില്‍ വഹിക്കുവാന്‍ ശക്തിയില്ല. എന്നാല്‍ ഒരു കപ്പലണ്ടി പൊട്ടിക്കാന്‍ താങ്കള്‍ക്ക് സാദ്ധ്യവുമല്ല.

ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന താലന്തുകള്‍ വ്യത്യസ്തമാണ്. അവയെല്ലാം ഔചിത്യപൂര്‍വ്വം സജ്ജമാക്കപ്പെട്ടിരിക്കയാണ്. കവിയും ദാര്‍ശനികനും പ്രബന്ധകാരനുമായ എമേഴ്‌സണ്‍ പ്രകൃതിയെ സ്‌നേഹിക്കുകയും പ്രകൃതിയില്‍ വ്യാപരിക്കുന്ന പരാശക്തിയെക്കുറിച്ച് ആശ്ചര്യപ്പെടുകയും പ്രകൃതിയില്‍ വ്യാപരിക്കുന്ന പരാശക്തിയെക്കുറിച്ച് ആശ്ചര്യപ്പെടുകയും ചെയ്തിട്ടുള്ള ആളാണ്. വ്യവസ്ഥാപിത പാരമ്പര്യമതങ്ങളെ ചോദ്യം ചെയ്യുന്ന അദ്ദേഹം ദൃശ്യപ്രപഞ്ചത്തില്‍ എല്ലായിടത്തും ഈശ്വരചൈതന്യം ദര്‍ശിച്ചു.

അണ്ണാന്‍ കുഞ്ഞിനെ ഓടിച്ചാടി നടക്കാന്‍ പ്രാപ്തനാക്കുന്നതും ഘോരവിപിനത്തെതാങ്ങുവാന്‍ പര്‍വ്വത്തെ ശക്തമാക്കുന്നതും ഈശ്വരചൈതന്യം തന്നെ. ഒരുവന്റെ ആകൃതിയും വലുപ്പവും ചേതനയും എന്തുതന്നെ ആയിരുന്നാലും ഓരോ ജീവജാലങ്ങള്‍ക്കും അവരവരുടേതായ ദൗത്യം നിറവേറ്റാനുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ അന്യരെ ആദരിക്കാനും സ്വീകരിക്കുവാനും സാധിക്കും. മുന്‍വിധിയോടെ ഒരാളെ വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍, ആ വ്യക്തിയെ ശരിയായി മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല. ഓരോ വ്യക്തിയിലും അടങ്ങിയിരിക്കുന്ന മേന്മയും നന്മയും അംഗീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ, പരസ്പര ബഹുമാനവും അംഗീകാരവും ഉണ്ടാവുകയുള്ളൂ.

മഹാവനത്തെ വഹിക്കുന്ന മഹാമേരുവിനു ഒരു നിലക്കടലപൊട്ടിക്കുവാന്‍ കഴിയുകയില്ലെന്ന് അണ്ണാന്‍ പറഞ്ഞത് എത്ര ശരിയാണ്. ഓരോന്നിനും അതാതിന്‌റെ കഴിവും വൈശിഷ്ട്യവും ഉണ്ടെന്ന് അംഗീകരിച്ചാല്‍ മനുഷ്യബന്ധങ്ങള്‍ മെച്ചപ്പെടുത്താം.


 വലുപ്പവും ചെറുപ്പവും (ചിന്താധാരകള്‍: സരോജ വര്‍ഗ്ഗീസ്)
Join WhatsApp News
Ponmelil Abraham 2014-10-13 05:04:21
Saroja Varughese has projected a bold and very important social evil among many of us in our society. Ignorance and self promotion of the individuals in these cases are often standing as a great drawback in attracting and strengthening the society in general.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക