Image

കറുത്ത ഫലിതത്തിനെതിരെ ധാര്‍മ്മീകരോഷം കൊള്ളുമ്പോള്‍ (ഡല്‍ഹി കത്ത്: പി.വി. തോമസ്)

പി.വി. തോമസ് Published on 13 October, 2014
കറുത്ത ഫലിതത്തിനെതിരെ ധാര്‍മ്മീകരോഷം കൊള്ളുമ്പോള്‍ (ഡല്‍ഹി കത്ത്: പി.വി. തോമസ്)
ന്യൂയോര്‍ക്ക് ടൈംസില്‍ ഹെങ്ങ് കിം സോങ്ങ് വരച്ച മംഗളായന്‍ കാര്‍ട്ടൂണിനെതിരെ ഇന്‍ഡ്യയിലെ ദേശീയ-പ്രാദേശീയ ദൃശ്യ-അച്ചടി മാധ്യങ്ങള്‍ ഒരു തണുപ്പന്‍ നയമാണ് സ്വീകരിച്ചത്. ചാനല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല. മുഖപ്രസംഗങ്ങള്‍ എഴുതിയില്ല. 

ഓപ്പ്-എഡ് പേജ് ആര്‍ട്ടിക്കിളുകള്‍ പ്രസിദ്ധീകരിച്ചില്ല. ചുരുക്കം പറഞ്ഞാല്‍ അത്ര വലിയ ധാര്‍മ്മീക രോഷം ഒന്നും കണ്ടില്ല. ആകെ വന്നത് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റ് പേജ് എഡിറ്റര്‍ ആഡ്രൂ റോസന്‍താളിന്റെ ഖേദപ്രകടനത്തെക്കുറിച്ചുള്ള ഒരു വാര്‍ത്ത മാത്രമായിരുന്നു. വാര്‍ത്തയോടൊപ്പം കാര്‍ട്ടൂണും പുനപ്രസിദ്ധീകരിച്ചിരുന്നു. കാര്‍ട്ടൂണ്‍ സ്വാഭാവികമായും വിവാദമായി. ഉന്നതന്മാരുടെ ശൂന്യാകാശ ക്ലബ്ബില്‍ ഇരുന്നുകൊണ്ട് രണ്ട് പ്രമാണികള്‍ ഇന്‍ഡ്യയുടെ മാര്‍സ് (Mars) മിഷനെക്കുറിച്ചു വാര്‍ത്ത വായിക്കുമ്പോള്‍ വാതിലില്‍ ഒരു ഇന്‍ഡ്യാക്കാരന്‍ മുട്ടി വിളിക്കുന്നതാണ് പ്രമേയം.

ഈ ഇന്‍ഡ്യാക്കാരന്‍ ഗ്രാമീണനാണ്. തലേക്കെട്ടും പാളത്താറും ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇടംകയ്യില്‍ ഒരു പശുവിന്റെയോ കാളയുടെയോ കയറും കയറിന്റെ അറ്റത്ത് നാല്‍ക്കാലിയും ഉണ്ട്. എന്താണ കാലിയെ മേക്കുന്ന ഈ ഗ്രാമീണന് ശ്രേഷ്ഠരുടെ ശൂന്യാകാശ ക്ലബ്ബില്‍ സ്ഥാനം എന്നായിരിക്കാം കാര്‍ട്ടൂണിസ്റ്റിന്റെ ചോദ്യം. അല്ലെങ്കില്‍ ദരിദ്രരാജ്യമായ ഇന്‍ഡ്യയും ശ്രേഷ്ഠരുടെ ശൂന്യാകാശ ക്ലബ്ബില്‍ എത്തിയിരിക്കുന്നുവെന്നതായിരിക്കാം വിവക്ഷ. എന്തായാലും സോഷ്യല്‍നെറ്റ് വര്‍ക്കിങ്ങ് സൈറ്റിലെ ഇന്‍ഡ്യന്‍ നെറ്റിസണ്‍സ് ഈ കാര്‍ട്ടൂണിനെതിരെ ശക്തമായി പ്രതികരിച്ചു. അത് വംശീയ അധിക്ഷേപം ആയി അവര്‍ ചിത്രീകരിച്ചു.

ന്യൂയോര്‍ക്ക് ടൈംസിന് ഹെയ്റ്റ് മെയിലിന്റെ ഒരു കൊടുങ്കാറ്റിനെ തന്നെ നേരിടേണ്ടി വന്നുവെന്ന് റോസന്‍താള്‍ ഫെയ്‌സ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്റെ ഖേദപ്രകടനത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഈ വിഷയത്തിന് രണ്ട് വശങ്ങള്‍ ഉണ്ട്. ഒന്ന്, ന്യായമായ ധാര്‍മ്മിക രോഷം. രണ്ട്, ചില വസ്തുതകളും ഒരു  മൈന്റ് സെറ്റും.

അരനൂറ്റാണ്ടുകള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 52 വര്‍ഷങ്ങള്‍ക്ക് മുമ്പ് (1962 ഫെബ്രുവരി 2-ന്)  ടൈം മാഗസിനില്‍ പ്രസിദ്ധീകരിച്ച കവര്‍ കാര്‍ട്ടൂണ്‍ ഞാന്‍ ഓര്‍മ്മിച്ചു പോവുകയാണ്. വിഷയം വി.കെ.കൃഷ്ണ മേനോന്‍ ആണ്. മേനോന്‍ നെഹ്‌റുവിന്റെ മന്ത്രിസഭയിലെ പ്രതിരോധമന്ത്രി ആയിരുന്ന സമയമാണ്. ടൈമിന്റെ കവര്‍ സ്റ്റോറി വരുന്നത് പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ്.


നെഹ്‌റുവിനെയും മേനോനെയും ഇന്‍ഡ്യയെ തന്നെയും ആക്രമിക്കുന്നതായിരുന്നു ആര്‍ട്ടിക്കിള്‍. ഇതിന്റെ കവര്‍ ചിത്രം ആണ് ഇവിടെ വിഷയം. മേനോന്റെ ഒരു രേഖാചിത്രം. അതിന്റെ ഇരുവശത്തുമായി പത്തിവിരിച്ചാടുന്ന ഒരു മൂര്‍ഖന്‍ പാമ്പും ഒരു മകുടിയും അത് ഊതുന്ന പാമ്പാട്ടിയുടെ രണ്ടു കൈകളും. ഇതാണ് കവര്‍ ചിത്രം. 52 വര്‍ഷം കഴിഞ്ഞിട്ടും ഈ പാമ്പാട്ടിയും അയാളുടെ മകുടിയും പാമ്പും അമേരിക്കന്‍ മനസുകളില്‍ ഇന്‍ഡ്യയെ കുറിച്ചുള്ള സംഗ്രഹ ചിത്രമായി ജീവിക്കുന്നു കാലിമേയ്ക്കുന്ന ഗ്രാമീണനായ  പാളത്താറ് പാച്ചിയ സാധുവിനെപ്പോലെ. അവിടെയാണ് ന്യൂയോര്‍ക്ക് ടൈംസിലെ കാര്‍ട്ടൂണിന്റെ പ്രസക്തി. ഇതിനെതിരെ ധാര്‍മ്മീക രോഷം ഇന്‍ഡ്യാക്കാരില്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതം ഉള്ളൂ.
മംഗള്‍യാന്‍ ഇന്‍ഡ്യയുടെ അഭിമാനം ആണ്. അത് ഓരോ ഇന്‍ഡ്യക്കാരന്റെയും അഭിമാനം ആണ്. ഇന്‍ഡ്യന്‍ സ്‌പേയ്‌സ് ശാസ്ത്രജ്ഞന്മാരുടെ നേട്ടങ്ങളുടെ തൊപ്പിയില്‍ ഒരു തൂവല്‍കൂടെ അത് തുന്നിച്ചേര്‍ത്തിരിക്കുകയാണ്. മംഗള്‍യാന്‍ ഇന്‍ഡ്യന്‍ ശൂന്യാകാശ ഗവേഷണ സപര്യയുടെ പതാകവാഹിനി കപ്പല്‍ ആണ്.

അവിടെയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ കാര്‍ട്ടൂണിസ്റ്റ് ഒരു കടന്നാക്രമണം നടത്തിയതായി ഇന്‍ഡ്യന്‍ വായനക്കാര്‍ക്ക് തോന്നിയത്. ചൊവ്വയിലേക്കുള്ള ഏറ്റവും ചിലവ് കുറഞ്ഞ ഒരു മിഷന്‍ ആയിരുന്നു അത്. ഒരു ഹോളിവുഡ് ചിത്രനിര്‍മ്മിതിയിലും കുറഞ്ഞ ചിലവ്. ആദ്യ സംരഭത്തിലേ തന്നെ വിജയിക്കുന്ന മിഷനും. അതിനെ ഒരു വംശീയ അധിക്ഷേപത്തിലൂടെ വിലകുറച്ചു കാണിക്കുവാന്‍ കാര്‍ട്ടൂണിസ്റ്റ് ഹെങ്ങ് കിം സോങ്ങ് ശ്രമിച്ചുവോ? പിന്നോക്ക രാജ്യമായ ഇന്‍ഡ്യക്ക് ഈ എലീറ്റ് ക്ലബ്ബില്‍ പ്രവേശിക്കുവാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം വിശ്വിസിക്കുന്നുണ്ടോ? കാര്‍ട്ടൂണിസ്റ്റ് സ്തുപാഠകന്‍ അല്ലെന്ന് കാര്‍ട്ടൂണിന്റെ ആത്മാവ് വിമര്‍ശനവും ഹാസ്യവും പരിഹാസവും ആണെന്ന് വിശ്വസിക്കുന്ന ഇന്‍ഡ്യയിലെ ചില പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ പറയുന്നു.

ഹെങ്ങ് കിം സോങ്ങിന്റെ കാര്‍ട്ടൂണ്‍ ദുര്‍ബ്ബലം ആണെന്ന്. അവര്‍ക്ക് ഈ വിഷയത്തില്‍ ധാര്‍മ്മീക രോഷമോ വൈകാരിക വിഭ്രാന്തിയോ ഒന്നും അല്ല ഉള്ളത്. ഇത് ഒരു സാധാരണ കാര്‍ട്ടൂണ്‍ മാത്രം ആണത്രെ. ഇത് ഒരു പടിഞ്ഞാറന്‍ മൈന്റ് സെറ്റിന്റെ പ്രതിഫലനം മാത്രം ആണ്. ഒരു പക്ഷേ കാലത്തെയും ഒരു രാഷ്ട്രത്തെയും അതിലെ ജനതയെയും ഒരു നിശ്ചല-ജഡീഭവ ഫ്രെയിമില്‍ മാത്രം കാണുവാന്‍ സാധിക്കുന്ന വികലമായ മാനസികാവസ്ഥയുടെ ഫലം ആയിരിക്കാം അത്. ടഹങ്ങ് കിം സോങ്ങിന്റെ പാളത്താര്‍ പാച്ചിയ ആ ഗ്രാമീണന്റെ കയ്യില്‍ ഒരു പക്ഷേ ഒരു മൊബൈല്‍ ഫോണ്‍ കണ്ടേക്കാം, അദ്ദേഹം ആ ഗ്രാമീണനെ സൂക്ഷിച്ച് നോക്കിയിരുന്നെങ്കില്‍. സൂക്ഷ്മ നിരീക്ഷണ പടുവായ ഒരു എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും ഒരു മാധ്യമ പ്രവര്‍ത്തകനും സ്ഥലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്കുള്ള ഈ സഞ്ചാരം മറക്കരുത്.

 എനിക്ക് ഈ കാര്‍ട്ടൂണ്‍ ഒരു വൈകാരിക വിഷയം അല്ല. ധാര്‍മ്മീക രോഷവും അത് എന്നില്‍ ഉളവാക്കുന്നില്ല. എന്നാല്‍ തീര്‍ച്ചയായും മറുഭാഗത്തിന്റെ ബൗദ്ധീക പാപ്പരത്വം എന്നെ അലട്ടുന്നുണ്ട്. ഈ സമീപനം പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ മാറ്റേണ്ടിയിരിക്കുന്നു. ഞാന്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റ് പേജ് എഡിറ്ററുടെ ഖേദപ്രസ്താവനയെ വിശ്വസിയ്ക്കുന്നു. മാനിക്കുന്നു. ഇന്‍ഡ്യയേയോ. ഇന്‍ഡ്യന്‍ ജനതയെയോ അപകീര്‍ത്തിപ്പെടുത്തുവാന്‍ കാര്‍ട്ടൂണിസ്റ്റ് ശ്രമിച്ചിട്ടില്ല. മറിച്ച് ശൂന്യാകാശ ഗവേഷണവും മറ്റും വികസിത രാജ്യങ്ങളുടെ കുത്തകയല്ല എന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്. ഇത് ശരിയുമായിരിക്കാം.

പക്ഷേ, ഈ പടിഞ്ഞാറന്‍ രാജ്യങ്ങളും അതിലെ ഇന്‍ഡ്യ നിരീക്ഷകരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നൂറ്റാണ്ടുകളുടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചൂഷണം മൂലം തകര്‍ന്ന് ഒരു രാജ്യമാണ് ഇന്ന് ചൊവ്വപോലെയുള്ള ഒരു ഗ്രഹത്തിലേക്ക് പര്യവേഷണത്തിന് ഒരു മിഷനെ വിടുന്നത്. ജനാധിപത്യ- മതേതരത്വ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ഈ പരീക്ഷണശാല  ഇവിടെ ഓരോ പരീക്ഷണങ്ങള്‍ അനുദിനമെന്നവണം നേരിടുന്നത്. ശിലായുഗവും അണുയുഗവും  ശൂന്യാകാശ യുഗവും കൈകോര്‍ത്ത് പിടിച്ചുകൊണ്ട് മുമ്പോട്ടുപോകുന്ന ഒരു രാഷ്ട്രം ആണ് ഇത്; ഒരു ജനതയാണ് ഇത്. ഇത് ഒരു പരീക്ഷണം ആണ്. ആ പരീക്ഷണത്തെ അധിക്ഷേപിക്കരുത്.

ഇത് പോലുള്ള വിമര്‍ശനങ്ങളെ വൈകാരികമായി എതിര്‍ക്കുന്നവര്‍ മനസിലാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം ധാര്‍മ്മികരോഷം ഒന്നിനും പ്രതിവിധിയല്ല. വസ്തുതകളെ വസ്തുതകളായി പഠിച്ച് മനസിലാക്കണം.

ശ്രേഷ്ഠ ശൂന്യാകാശ ക്ലബിന്റെ വാതില്‍ക്കല്‍ മുട്ടുന്ന ആ ഗ്രാമീണന്റെ അവസ്ഥ വളരെ ശോചനീയം ആണ്. ഇതാ കേട്ടുകൊള്ളുക ചില കണക്കുകള്‍. ഈ കണക്കുകള്‍ കാരണമാണ് പാശ്ചാത്യര്‍ ഇപ്പോഴും ഇന്‍ഡ്യ പാമ്പാട്ടിയുടെയും കാലിമേയ്ക്കുന്നവന്റെയും നാടാണെന്നു പറഞ്ഞ് അപഹസിക്കുന്നതും മംഗള്‍യാന്‍ പോലുള്ള ശൂന്യാകാശ ദൗത്യങ്ങള്‍ അവന് വിധിച്ചിട്ടുള്ളതല്ലെന്നും നിരീക്ഷിക്കുന്നത്.
2011-ലെ കാനേഷുമാരി കണക്ക് പ്രകാരം നഗരങ്ങളില്‍ 53 ശതമാനവും ഗ്രാമങ്ങളില്‍ 69.3 ശതമാനവും വീടുകളില്‍ കക്കൂസോ മൂത്രപ്പുരയോ ഇല്ല. ഇവര്‍ പൊതുസ്ഥലങ്ങളില്‍ ഇരുട്ടിന്റെ മറവിലാണ് കാര്യം സാധിക്കുന്നത്. മോഡിയുടെ ഗുജറാത്തിന്റെ സ്ഥിതിയും ഭേദം അല്ല(67 ശതമാനം). ജയലളിതയുടെ തമിഴ്‌നാട്ടില്‍ ഇത് 76.8 ശതമാനം ആണ്. സ്‌ക്കൂളുകളിലെ മൂത്രപ്പുര/കക്കൂസിന്റെ അവസ്ഥ ദയനീയം.

 ഭൂരിഭാഗം സ്‌ക്കൂളുകളിലും ഇങ്ങനെയൊരു സംഭവമേ ഇല്ല. അതുകൊണ്ട് പെണ്‍കുട്ടികള്‍ പഠനം നിറുത്തുന്നത് വളരെ ഏറെയാണ്. ഇന്‍ഡ്യയിലെ എല്ലാ സ്‌ക്കൂളുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മൂത്രപ്പുരയും കക്കൂസും പ്രദാനം ചെയ്യുവാന്‍ എത്ര വര്‍ഷം എടുക്കുമെന്നുള്ളതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുമ്പിലുള്ള ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി! ഐക്യരാഷ്ട്രസഭയുടെ ഒരു കണക്കു പ്രകാരം ലോകത്തിലെ അതീവ ദരിദ്രരില്‍() മൂന്നില്‍ ഒന്ന് ഇന്‍ഡ്യയിലാണ്. 1.4 മില്യണ്‍ ശിശുക്കളാണ് പ്രതിവര്‍ഷം ഇന്‍ഡ്യയില്‍ 5 വയസ് തികയുന്നതിനു മുമ്പ് മരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശിശുമരണ നിരക്ക് ഇന്‍ഡ്യയില്‍ ആണ്.

26, 473 കുട്ടികള്‍ ആണ് ഡല്‍ഹിയില്‍ മാത്രം ബാലവേല ചെയ്യുന്നത്(Delhi commission for protection of Child Rights-ന്റെ റിപ്പോര്‍ട്ട്) ഇതില്‍ ചപ്പ് ചവര്‍ പെറുക്കുന്നവരോ, ധര്‍മ്മം തെണ്ടുന്നവരോ വഴിയോരങ്ങളില്‍ അല്ലറ ചില്ലറ കച്ചവടം നടത്തുന്നവരോ ഉള്‍പ്പെടുന്നില്ല. പഠനം ഉപേക്ഷിക്കുവാന്‍ നിര്‍ബ്ബന്ധിതരായി ബാലവേല ചെയ്യുന്ന കുട്ടികളുടെ സംഖ്യ ഇന്‍ഡ്യയാകമാനം ലക്ഷങ്ങള്‍ ആണ്. ഇവര്‍ക്ക് സ്‌ക്കൂള്‍ വിദ്യാഭ്യാസം ഒരു സ്വപ്നം മാത്രം ആണ്. റോഡും പാലവും പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ സ്‌ക്കൂളുകളില്‍ മൈലുകള്‍ നടന്നും നീന്തിയും പോകുന്ന കുട്ടികളുടെ സംഖ്യ ഗ്രാമീണ ഇന്‍ഡ്യയില്‍ ഏറെയാണ്. ഇന്‍ഡ്യയിലെ അതീവ ദരിദ്രരുടെ വരുമാനം പ്രതിദിനം ഒരു ഡോളര്‍ ആണ്! ഗര്‍ഭാവസ്ഥയില്‍ മരിക്കുന്ന അമ്മമാരില്‍ ആഗോളകണക്ക് പ്രകാരം 17 ശതമാനം ഇന്‍ഡ്യയിലാണ്. രോഗം, വൈദ്യപരിചരണത്തിന്റെ അഭാവം, പോഷകാഹാര-രക്തകുറവ്, എല്ലാം ആണ് ഇതിനു കാരണം. സ്ത്രീകളുടെ ജീവിതക്ഷേമത്തില്‍ ലോകത്തില്‍ 132-#ാ#ം സ്ഥാനം ആണ് ഇന്‍ഡ്യക്ക്.

ശ്രീലങ്കയും(66), നേപ്പാളും(102) ബംഗ്ലാദേശും(107) പോലും ഇന്‍ഡ്യയെക്കാള്‍ ഭേദം ആണ്. പാക്കിസ്ഥാന്‍ മാത്രം ആണ് ഏഷ്യയില്‍ ഇന്‍ഡ്യക്ക് പുറകില്‍(145). ഇന്‍ഡ്യയുടെ പിന്നോക്കാവസ്ഥയുടെയും സാമ്പത്തീക അസമത്വങ്ങളുടെയും കണക്കു തരുന്ന മറ്റൊരു രേഖയുണ്ട്- ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ്ങ് ഗ്രൂപ്പിന്റെ പതിനാലാമത് വാര്‍ഷിക റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇന്‍ഡ്യയില്‍ 1,75,000 ശതകോടീശ്വരന്മാരും കോടീശ്വരന്മാരും ഉണ്ട്. ധനാഢ്യന്മാരുടെ പട്ടികയില്‍ ഇന്‍ഡ്യയെ ലോകത്ത് പതിനഞ്ചാം സ്ഥാനത്ത് ഇവര്‍ എത്തിച്ചിരിക്കുന്നു! 2018 ല്‍ ഈ സ്ഥാനം ഏഴാമത് ആയിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.

പണക്കാര്‍ ഏറെ പണക്കാരും പാവങ്ങള്‍ ഏറെ പാവങ്ങളും ആകുമെന്ന് സാരം. സാമ്പത്തീക വിദഗ്ദന്‍ തോമസ് പിക്കറ്റിയുടെ രേഖകള്‍ പ്രകാരം ഇന്‍ഡ്യയുടെ ദേശീയ സമ്പത്തിന്റെ 9 ശതമാനം വെറും ഒരു ശതമാനം ജനങ്ങളുടെ കൈകളില്‍ ആണ്! ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഇനിയും ഉണ്ട്. ഉദാഹരണമായി 93 മില്യണ്‍ ഇന്‍ഡ്യക്കാര്‍ ജീവിക്കുന്നത് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ചേരികളില്‍ ആണ്. സഞ്ചാരയോഗ്യമല്ലാത്ത നഗരവീഥികളും കാലികള്‍ വാഹനഗതാഗതം മുടക്കി നിര്‍ബാദം മേഞ്ഞു നടക്കുന്ന പൊതുവഴികളും സാധാരണക്കാരായ ഇന്‍ഡ്യാക്കാര്‍ക്ക് പുതുമയല്ലെങ്കിലും പാശ്ചാത്യരായ സഞ്ചാരികള്‍ക്ക് അവ അതിശയകരം ആണ്.

അവര്‍ ഇന്നും ഇന്‍ഡ്യയെ പാമ്പാട്ടിയുടെയും കാലിമേയ്ക്കുന്നവന്റെയും നാടായി ചിത്രീകരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? അത്ഭുതപ്പെടട്ടെ. ഹെങ്ങ് കിം സോങ്ങിന്റെ ആ ഗ്രാമീണന്‍ നഗ്നനോ അര്‍ദ്ധനഗ്നനോ കാലിമേയ്ക്കുന്നവനോ ആയിരിക്കാം. പക്ഷേ, അവനെ അവഹേളിക്കരുത്. കാരണം അവന് ശൂന്യാകാശം ക്ലബിന്റെ പടിവാതില്‍ക്കലെത്തി മുട്ടിവിളിക്കുവാന്‍ സാധിച്ചിരിക്കുന്നു. ഇനിയുള്ള കാര്യം അവന് അറിയാം.
ഇതു പോലുള്ള അര്‍ദ്ധനഗ്നനായ ഒരു ഫക്കീറാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു പ്രയോഗം കടമെടുത്താല്‍, സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കുഞ്ചിരോമത്തിലള്ളിപ്പിടിച്ച് അതിനെ മുട്ടുകുത്തിച്ച്ത്. ചരിത്രം ആവര്‍ത്തിക്കപ്പെടൂ.
കറുത്ത ഫലിതത്തിനെതിരെ ധാര്‍മ്മീകരോഷം കൊള്ളുമ്പോള്‍ (ഡല്‍ഹി കത്ത്: പി.വി. തോമസ്)കറുത്ത ഫലിതത്തിനെതിരെ ധാര്‍മ്മീകരോഷം കൊള്ളുമ്പോള്‍ (ഡല്‍ഹി കത്ത്: പി.വി. തോമസ്)
Join WhatsApp News
jose kadapuram 2014-10-14 04:12:13
Thomas narrating the truth congratulations
Vinod Rajan 2014-10-15 07:21:52
"ഞാനൊരു മിടുക്കനാണേ... ദാ, എല്ലാവരും നോക്ക്..." എന്നു കൂവി ഒച്ചപ്പാടുണ്ടാക്കുക -  പ്രകടിപ്പിക്കുക ബാലമനസ്സുകളുടെ രീതിയാണ്. അതിനെ മാതാപിതാക്കൾ പുകഴ്ത്തുകയും ചെയ്യും. നല്ലത്.  ഒരു സമൂഹമതു ചെയ്യുക പക്വത കൈവരിച്ച മാനസികാവസ്ഥയായി കാണാനോ പുകഴ്ത്താനോ സാധിക്കില്ല. അമേരിക്കയും റഷ്യയും യൂറോപ്പും ഒറ്റക്കും യോചിച്ചും ബഹിരാകാശതലത്ത് കൈവരിച്ച നേട്ടങ്ങളും അതിനുവേണ്ടി ചിലവഴിച്ചിരിക്കുന്ന പണവും അദ്ധ്വാനവും, വളരെ മികവുള്ളതു തന്നെയാണ്. അതുകൊണ്ടുതന്നെ അവർ സ്വന്തമായും, ലോകസമൂഹത്തിനും മൊത്തത്തിലും ഉണ്ടാക്കിയ നേട്ടങ്ങൾ എല്ലാവരും മനസ്സിലാക്കുകയും പഠിക്കുക്കയും അഭിനന്ദിക്കയും ആവേശത്തോടെ അവരുടെ പ്രവർത്തികളെ വീക്ഷിക്കയും ചെയ്യുന്നു. എന്നാൽ കഴിവുകേടുകൊണ്ട് നാനാവിധത്തിൽ ജീവിതം കുത്തുപാളയെടുത്തു മനുഷ്യജീവിതം  പരമദാരിദ്ര്യം അനുഭവിക്കുന്ന ഒരു രാജ്യത്തെ, ലോകസമൂഹം മറ്റൊരു വിധത്തിലാണ് ശ്രദ്ധിക്കുക. പകുതിയിൽ കൂടുതൽ ജനങ്ങൾ ദാരിദ്യത്തിലും ബാക്കി ബഹുഭൂരിപക്ഷവും ഏതാണ്ടു കഷ്ടി നിന്നു പോവാനും തക്കവിധം ജീവിതസൌകര്യങ്ങളുള്ള ഒരു രാജ്യം പെട്ടെന്നു ലോകത്തെ ഞെട്ടിക്കുന്ന വിഭവസമൃദ്ധമായ സദ്യയൊരുക്കി എല്ലാവരേയും അതിൽ പങ്കുചേരാൻ വിളിച്ചാൽ സമൃദ്ധിയോടെ കഴിയുന്ന വ്യക്തികകൾക്കുണ്ടാവുന്ന വെറുപ്പാണ് ന്യൂയോർക്ക് ടൈംസ് പ്രകടിപ്പിച്ചത്. ലോകസമൂഹത്തെ നോക്കി മറ്റാരേക്കാളും ചെലവ് ചുരുക്കി തങ്ങളും ചൊവ്വയിൽ എത്തിയിരിക്കുന്നുവെന്നു പൊങ്ങച്ചം പറഞ്ഞു പല്ലിളിക്കുന്നതല്ലേ ഇന്ത്യയുടെ ചൊവ്വാക്കപ്പലായാ മംഗളായൻ ചൊവ്വയിൽ എത്തിയ വാർത്ത ന്യൂയോർക്ക് റ്റൈംസ് പള്ളക്ക് കുത്തി 'ഷട്ടപ്പ്' പറയും വരെ പറപ്പിച്ചു കൊണ്ടിരുന്നത്?
വിദ്യാധരൻ 2014-10-15 12:25:25
സ്വതന്ത്ര ഭാരതത്തിന്‌ വെറും അറുപത്തി ഏഴു വയസ്സ്മാത്രമേയുള്ളൂ. അതിൽ നല്ല ഭാഗവും രാജ്യത്തിന്റെ രക്ഷകർ എന്ന് 'വിളിച്ചു കൂവി' നടക്കുന്നവരാൽ പീഡിപ്പിക്കപെട്ടും, കൊള്ളയടിക്കപ്പെട്ടും നശിച്ചു. ന്യുയോർക്ക് റ്റൈമസ് എത്ര ഭാരതത്തെ അവരുടെ കാർട്ടൂണിലൂടെ അടിച്ചു അമർത്താൻ ശ്രമിച്ചാലും അറുനൂറ്റി എഴുപതു മില്ലിയ്ണ്‍ ഡോളറിന്റെ സ്ഥാനത്തു 67 മില്ലിയ്ണ്‍ ഡോളർ ചിലവാക്കി 'മംഗ്ലായ്ൻ' മംഗ്ലാകരമായി ചൊവ്വയിൽ ഇറങ്ങി നല്ല കുട്ടപ്പൻ ചിത്രങ്ങൾ അയച്ചു തുടങ്ങി. ഈ സത്യം ആർക്കും നിഷേധിക്കാനാവില്ലല്ലോ? ഈ വാർത്ത വായിച്ചപ്പോൾ ഇത്തരം വാർത്ത ഇട്ടവരോടാണ് അവഞ്ഞ തോന്നിയത്. ഭാരതത്തിന്‌ അവളുടേതായ പ്രശ്നങ്ങൾ ഉണ്ട് പ്കഷെ അത് വികസനത്തിന് ഒരു തടസ്സം അല്ല. ആഗോള വത്കരണത്തിലൂടെ വളരെ അധികം പ്രശ്നങൾ ഉണ്ടായിട്ടും, ചൈനയ്ക്കു പുരോഹതിയുടെ പടവുകൾ ചവിട്ടാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഭാരതത്തിന്‌ ആയികൂടാ? രാഷ്ട്ര സ്നേഹമുള്ളവരും, ജനങ്ങളെ സ്നേഹിക്കുന്നവരും, നിസ്വാർതരുമായ നേതാക്കൾക്ക് ഭാരതത്തെ പുരോഗതിയുടെ പാതയിലേക്ക് ഇന്നല്ലെങ്കിൽ നാളെ നയിക്കാൻ കഴിയും എന്നതിന് ഒട്ടും ശങ്ക വേണ്ട. ജയലളിത്യേപ്പോലെയുള്ള നേതാക്കളാണ് ഭാരതത്തിന്റെ വളര്ച്ചയ്ക്ക് വിലങ്ങുതടി. വ്യക്തി ജീവിതത്തിൽ പോലും സ്വാഭിമാന ബോധവും സ്വന്ത കഴിവിനെക്കുറിച്ചുള്ള അവബോധം ഇല്ലായിമയും നമ്മളെ നഷിപ്പിക്കുമെങ്കിൽ ഓർ രാഷ്ട്രത്തിന്റെ കാര്യം പറയണ്ട ആവശ്യം ഇല്ലല്ലോ. "ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമകട്ടെ സർവ്വ ഭാരതീയരും.
വിദ്യാധരൻ 2014-10-15 13:07:22
എന്റെ വാര്ത്തയോടുള്ള പ്രതികരണത്തിൽ 'ഈ വാര്ത്ത ഇട്ടവരോട് അവഞ്ഞ തോന്നി' എന്നത് ന്യുയോര്ക്ക് റ്റൈംസിനെ ഉദ്യശിച്ചാണ് എഴുതിയത് ലേഖനത്തെക്കുറിച്ചല്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക