Image

പുതിയ അണക്കെട്ട് മാത്രം പരിഹാരം: മുഖ്യമന്ത്രി

Published on 09 December, 2011
പുതിയ അണക്കെട്ട് മാത്രം പരിഹാരം: മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച നിയമ നടപടികള്‍ അനന്തമായി നീളുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉപക്ഷേപം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അണക്കെട്ട് നിര്‍മ്മിക്കുക മാത്രമാണ് പ്രശ്‌ന പരിഹാരത്തിനുള്ള പോംവഴി. തമിഴ്‌നാടുമായി നല്ല ബന്ധമാണ് കേരളം ആഗ്രഹിക്കുന്നത്. അവര്‍ക്ക് വെള്ളം നല്‍കാമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ സഭയില്‍ വിളിച്ചുവരുത്തണം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സംസ്ഥാന മന്ത്രിമാര്‍ക്ക് ഏകാഭിപ്രായം ഇല്ല. അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നുമണിക്കൂര്‍ ചര്‍ച്ചയാണ് ഇന്ന് സഭയില്‍ നടക്കുക. രാവിലെ ഒമ്പതിന് തുടങ്ങിയ സമ്മേളനം ഉച്ചയ്ക്ക് 12 ന് അവസാനിക്കും. മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയത്തേയും സുരക്ഷാഭീഷണിയേയും പറ്റി ചര്‍ച്ചചെയ്ത് അനന്തര നടപടികള്‍ തീരുമാനിക്കാനാണ് സമ്മേളനത്തിലെ ചര്‍ച്ച. വിവിധ കക്ഷികളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ചര്‍ച്ചയ്ക്ക് മറുപടി പറയും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍കൂടി ചേര്‍ത്തുള്ള അന്തിമ പ്രമേയം സഭ അംഗീകരിക്കും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുക, ജനങ്ങളുടെ ആശങ്ക പരിഹരിക്കുക, ജലനിരപ്പ് 120 അടിയായി താഴ്ത്തുക എന്നീ പ്രഖ്യാപിത നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക