Image

കാരൂര്‍ സോമന്റെ മൂന്നു കവിതകള്‍: സത്യദര്‍ശനം; കളിയോടം; മഴ പെയ്യാതിരിക്കുന്നത്‌

Published on 25 October, 2014
കാരൂര്‍ സോമന്റെ മൂന്നു കവിതകള്‍: സത്യദര്‍ശനം; കളിയോടം; മഴ പെയ്യാതിരിക്കുന്നത്‌
സത്യദര്‍ശനം

വെന്തു പൊട്ടിയ ഭൂമിയോടു
സംശയങ്ങള്‍ ചോദിച്ച
ഒരു ശ്‌മശാനപാലകന്‍
നാലു മണി സമയത്ത്‌ പേനയടയ്‌ക്കവേ
എന്നോടു ചോദിച്ചു,
പോകണ്ടേ ?
നമുക്കു ചുടലപ്പറമ്പില്‍
ഒരു ചീട്ടൊരുക്കാന്‍, കൂടണ്ടേ
നമുക്കൊരിറ്റു മദ്യസല്‍ക്കാരവും
പുകയും ലഹരിയും
സത്യദര്‍ശനങ്ങളാമരുള്‍പ്പാടിന്‍
ജ്ഞാനവും ബോധവും
നീറുന്ന നീതിയുടെ
നിതാന്ത രഹസ്യവും
തേടേണ്ട ?

ജ്വാലാമുഖികളായൊഴുകുന്ന
ജീവന്റെ മുഴുനീരൊഴുക്കങ്ങളും
കൈയില്‍ തടഞ്ഞ നാണയപ്പെരുക്കങ്ങള്‍,
നാലു സെന്റ്‌ ഭൂമിയുടെ പവിത്രത പോല്‍
നാലാളറിഞ്ഞ്‌ നാലു നല്ല വാക്കുകള്‍ കേട്ട്‌
നല്ലതു വരട്ടെയെന്നാശംസ കേട്ട്‌
തൊട്ടാലറയ്‌ക്കുന്ന കൈകള്‍ക്ക്‌ മീതേ
കണ്ണിന്റെ വേരറുക്കും കാഴ്‌ചകള്‍ മറച്ച്‌
മനസിന്റെ ഇമകളിറുക്കെ പൂട്ടിയിട്ടെറിഞ്ഞു കൊടുത്തു.

നാലു നാള്‍ കഴിഞ്ഞ്‌
ശ്‌മശാനപാലകന്‍ മൊഴിഞ്ഞു,
നിനക്ക്‌ ഇനിയും ചീട്ടൊരുക്കാന്‍ ആളായിട്ടില്ലല്ലോ
നിനക്ക്‌ ഇരിക്കാന്‍ ഇരിപ്പിടവും
ഇരക്കാനൊരിറ്റു സ്ഥലവും ബാക്കിയായിട്ടില്ലല്ലോ
നിനക്കൊരാളായിട്ടില്ലല്ലോ..

നാലു നാള്‍ കഴിഞ്ഞ്‌
പേര്‍ ചൊല്ലി വിളിച്ച്‌
പൂവിട്ടു തൊഴാന്‍ ആളില്ലാതെയലഞ്ഞ്‌
അനാഥന്റെ പേര്‍ പട്ടികയിലവസാന
ആളായി ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു.


കളിയോടം


കല്ലല്ലിത്‌, മഞ്ചാടിക്കുരുവല്ലിത്‌, കരളാണ്‌
കവിയുടെ കല്ലിച്ചു വീണ വെറുമൊരു
അസ്ഥിപഞ്ചരത്തിന്റെ ശോഷിപ്പിനിടയിലൂടെ
ഊര്‍ന്നിറങ്ങി, അറിയാതെ പോയൊരു മനസ്സാണ്‌.

കാഴ്‌ചകള്‍ കാണാന്‍ കണ്ണുകളില്ലല്ലോ
കവിതയെഴുതാനെനിക്ക്‌ കരങ്ങളുമില്ലല്ലോ
കഥ പറയാനെനിക്ക്‌ നാവുകളില്ലല്ലോ
കളിയോടമേ നീയൊഴുകി മാറുക
കഥയില്ലാ കാഴ്‌ചകളുടെ കരള്‍ പിളര്‍ക്കും
കാളിന്ദിയുടെ വിഷമയകയങ്ങളിലൂടെ.

ഒരിക്കല്‍ ഞാന്‍ ചോദിച്ചതല്ലേ,
പൊന്നോണത്തിന്‌ പിണ്ഡം വയ്‌ക്കാന്‍
നിന്റെ കൈയും ഒരു പിടിയരിയും
അരിവാളും പൊന്‍പട്ടും വാളും ചിലമ്പും
ഒരിക്കല്‍ ഞാന്‍ ഇരന്നതല്ലേ,
നിന്റെ നെഞ്ചും കരളും കണ്ണും കാതും
പൊന്നോണത്തിന്‌ കൂട്ടിക്കൊടുക്കുവാന്‍
കൂടെ നിന്നു കുതികാലുവെട്ടുവാന്‍
ഒരിക്കല്‍ ഞാന്‍ അറിഞ്ഞതല്ലേ
ഞാനല്ല നീയെന്നും നീയല്ല നാമെന്നും
നമുക്കു മീതെ പറക്കുന്ന പരുന്തു പ്രാവല്ലെന്നും
നാം കുഞ്ചിയമ്മയുടെ അഞ്ചു മക്കളല്ലെന്നും

കണ്ണിന്റെ കാഴ്‌ചകളില്‍ കവിതയൊളി മങ്ങുന്നു
കാതുകളില്‍ വേരുകളുടെ പഴമയടരുന്നു
കവിയും ജഡവും മൃതമായി മാറുന്നു, പെറ്റ
അമ്മ തന്‍ കാല്‍ക്കല്‍ കേഴുന്നു മൗനമായി
എന്തിനീ ചോരയുടെ തണുപ്പും വെറുപ്പും
എന്തിനീ സ്വപ്‌നത്തിന്‍ പേരാലും കരിമ്പനയും
എന്തിനീ സമരത്തിന്‍ ആള്‍ചൂടും ചൂരും
എന്തിനീ നേട്ടവും കോട്ടവും കൊല്ലുവാനാളില്ലാതെ

മടങ്ങാം, നമുക്ക്‌ ഒരിറ്റു വെട്ടത്തിന്റെ ദാക്ഷിണ്യ
വഴികളില്‍ കാണാം കരിമ്പുലിയുടെ തേറ്റകള്‍
മണക്കാം, കാട്ടാനയുടെ മദഗന്ധവും കാട്ടാറിന്‍
ശബ്ദവും ജനിമൃതിയുടെ അക്ഷരസ്‌പന്ദനവും

ഇവിടെയാണ്‌ ഒരു പുതിയ ബോധിവൃക്ഷം
ഇവിടെയാണ്‌ ഒരു പുതിയ ആകാശവും ഭൂമിയും
അറിയട്ടെ, നമ്മുടെ ജീവനും ബലിയും
നമ്മുടെ ദയയും കാരുണ്യസഞ്‌ജീവനിയും....

മഴ പെയ്യാതിരിക്കുന്നത്‌

ഒരു സ്‌കെച്ച്‌ പെന്‍ വേണമെന്ന്‌ ഞാന്‍
വരയ്‌ക്കാന്‍ മതിലു വേണ്ടേയെന്നു ഞാന്‍
ഒടുവില്‍ ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി
ചിത്രമെഴുത്തു നമുക്ക്‌ പറ്റിയ പണിയല്ല.

അങ്ങനെയിരിക്കെ ഭാര്യ ചോദിച്ചു
നിങ്ങള്‍ക്ക്‌ ചിത്രമെഴുത്തു പഠിച്ചൂടേ ?
ദാലിയെ അറിഞ്ഞുകൂടേ
വാന്‍ഗോഗിനെ കണ്ടുകൂടേ
ഡാവിന്‍ചിയെ പരിചയിച്ചു കൂടേ
ചിത്രമെഴുത്തെന്നാല്‍ ഹൃദയത്തെ അറിയലാണ്‌
പ്രണയത്തിന്‌ പ്രാവിന്റെ നിറം കൊടുക്കലാണ്‌
ജീവിതം നിലനിര്‍ത്തലാണ്‌.

അങ്ങനെ ഞാന്‍ ബ്രഷെടുത്തു
പോര്‍ട്രെയിറ്റുകള്‍ വരച്ചു തുടങ്ങി
ലാന്‍ഡ്‌സ്‌കേപ്പും സര്‍റിയലിസവും
നിയോറിയലിസവും എക്‌സ്‌പ്രഷനിസവും
വരച്ചുകൂട്ടി, വര പഠിച്ചു
എന്റെ പടത്തിന്‌ അവള്‍ വില പറഞ്ഞു.

ഗ്യാലറിയില്‍ ഒരു കാഴ്‌ചക്കാരനെ പ്രതീക്ഷിച്ചു
ഉണ്ണാനാവാതെ ഉടുക്കാനാവാതെ
എത്രയെത്ര പകലുകള്‍, ഇരവുകള്‍
ചിത്രങ്ങള്‍ അക്ഷരമായി
ഞാന്‍ അവധി പറഞ്ഞു
മകന്‍ മറുജോലി തേടി പോയി
അവള്‍ മാത്രം എന്നെ വരയുടെ പാതയില്‍
പെരുവഴിയമ്പലത്തില്‍ പിടിച്ചിരുത്തി

അങ്ങനെയിരുന്നിരുന്നാണ്‌
ഞാനൊരു സര്‍വ്വേക്കല്ലായത്‌
അതിന്മേലൊരു ഓന്തായി ഒരിക്കല്‍ ദാലി വന്നു
ഡാവിന്‍ചിക്കു വഴി പറഞ്ഞുകൊടുത്തു
പ്രണയം നിറമില്ലാതെ, മഴയും വെയിലുംകൊണ്ടു
എനിക്കു കൂട്ടിരുന്നു
ഞങ്ങളെ തേടി ഒരു കാഴ്‌ചക്കാരനും വന്നില്ല.
ഭൂമിയില്‍ മഴ പെയ്‌തതേയില്ല.
കാരൂര്‍ സോമന്റെ മൂന്നു കവിതകള്‍: സത്യദര്‍ശനം; കളിയോടം; മഴ പെയ്യാതിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക