Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-14

Published on 10 December, 2011
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-14
ഏഴ്
നസറത്തില്‍ നിന്ന് യേശു സിദേര്‍ ദേശത്തേക്കാണുപോയത്. അവിടെ ദീനമുള്ളവരെ സൗഖ്യമാക്കിയും അന്ധര്‍ക്ക് കാഴ്ചയും, ബധിരര്‍ക്ക് ശ്രവണശക്തിയും നല്‍കി. തന്റെ ആതുരസേവ തുടര്‍ന്നു. ഗലീലിയലിലും, അങ്ങകലെയുള്ള സിറിയവരെയും യേശുവിന്റെ മഹത്വം എല്ലാവരും അറിഞ്ഞു. ഇത് ദാവീദ് പുത്രന്‍ തന്നെയെന്നു പറഞ്ഞ് ജനങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തി.
വിരുന്നു കെങ്കേമമായിരുന്നു. ആന്റിപസിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും, സൈനിക മേധാവികളും രാജസേവകന്മാരും ആ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തു. ഹെരോദയുടെ അതിസുന്ദരിയും സമര്‍ത്ഥയുമായ മക്കളെക്കൊണ്ട് വിരുന്നിന് ഒരു നൃത്തം ചെയ്യിച്ചു. അതിമനോഹരമായ അവളുടെ നൃത്തത്തില്‍ പ്രസാദിച്ച ആന്റിപസിന് ആ കുട്ടിക്ക് എന്തുവേണമെങ്കിലും കൊടുക്കാമെന്ന് പറഞ്ഞ് സഭാമദ്ധ്യത്തില്‍ വെച്ചു തന്നെ സത്യം ചെയ്തു. മകള്‍ അമ്മയുടെ ഉപദേശപ്രകാരം സ്‌നാപകജോണിന്റെ തല ഒരു പൊന്‍ തളികയില്‍വെച്ച് അവള്‍ക്ക് കൊടുക്കണമെന്ന് രാജാവിനോടഭ്യര്‍ത്ഥിച്ചു.
ആന്റിപസ് രാജാവ് ഇതുകേട്ട് അതീവദുഃഖിതനായി എങ്കിലും രാജസദസ്സില്‍ വെച്ചു ചെയ്ത സത്യം ലംഘിക്കണ്ടായെന്നു കരുതി സ്‌നാപകജോണിനെ വധിക്കാന്‍ രഹസ്യമായി ഉത്തരവിടുകയായിരുന്നു. തല ഒരു തളികളില്‍ ആ പെണ്‍കുട്ടിയ്ക്ക് കൊടുക്കുകയും ചെയതു. അവളത് അമ്മയ്ക്ക് കാഴ്ചവെച്ചു. ജോണിന്റെ ചില ശിഷ്യന്മാര്‍ ഇതെങ്ങനെയോ മനസ്സിലാക്കി. ആരുമറിയാതെ കൊട്ടാരത്തിലെ മണിയറയില്‍ കടന്ന് തലയെടുത്ത് അടക്കം ചെയ്തു.
താഡിയസ് പറഞ്ഞ വിവരമറിഞ്ഞ് ഞങ്ങളെല്ലാവരും സങ്കടപ്പെട്ടു. പ്രത്യേകിച്ചും യേശു, അദ്ദേഹത്തിന്റെ മുഖത്ത് അതിയായ ശോകം ആഴ്ചകളോളം കരിനിഴല്‍ വീഴ്ത്തിയിരുന്നു. സ്‌നാപകജോണ്‍ ഉയിര്‍ത്തെഴുന്നേറ്റതാവാം യേശുവെന്നും അതുകൊണ്ടാവാം അദ്ദേഹത്തിന് അപൂര്‍വ സിദ്ധികളുള്ളതെന്നും തെറ്റിദ്ധരിച്ച ആന്റിപസ് യേശുവെത്തന്നെ തടവിലാക്കാന് തീരുമാനിച്ചിട്ടുണ്ടെന്നും ഒരു വാര്‍ത്ത ആയിടയ്ക്ക് ഗലീലി ദേശത്തെല്ലാം പരന്നിരുന്നു. ഇത് വാസ്തവം തന്നെയാണെന്നു ജോണിന്റെ ശിഷ്യന്മാര്‍ താഡിയസിനോട് പറഞ്ഞത്രെ!
എന്തായാലും കരുതലോടെയിരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ഒരിക്കല്‍ ആന്റിപസിന്റെ സഹോദരന്‍ ഫിലിപ്പ് ഭരിച്ചിരുന്ന ദേശത്തുകൂടെ ഞങ്ങള്‍ സഞ്ചരിക്കുകയായിരുന്നു. ഗലീലി കടലിന്റെ കിഴക്കെ തീരത്തെ ചെറിയ പട്ടണങ്ങള്‍ അടങ്ങിയ ഒരു റോമന്‍ ഡിസ്ട്രിക്ട്. ഞങ്ങള്‍ കരക്കിറങ്ങി തീരത്തുകൂടെ നടന്നു. ഭീതിജനിപ്പിക്കുന്ന വിജന പ്രദേശം. അങ്ങുമിങ്ങും വലിയ പാറക്കൂട്ടങ്ങളാണ്. അതുകൊണ്ട് മത്സ്യബന്ധനം ചെയ്തു ജീവിക്കുന്ന പാവങ്ങള്‍പോലും ഉള്‍പ്രദേശത്താണ് താമസിച്ചിരുന്നത്. കാറ്റും കോളുമുള്ളപ്പോള്‍ തിരമാലകള്‍ ആഞ്ഞടിച്ച് പാറക്കൂട്ടങ്ങളെ പോലും വിറപ്പക്കുന്നുണ്ടാകാം.
അന്തിവെയിലില്‍ യേശു തന്റെ നേരിയ പതിപ്പിച്ച്‌കൊണ്ട് നീളമുള്ള വടിയുമൂന്നി നടന്നകലുന്നത് ഞാന്‍ നോക്കി. സ്‌നാപകജോണിന്റെ മരണം ആഴമേറിയ മുറിവാണ് യേശുവില്‍ ഉണ്ടാക്കിയത്.
തലതാഴ്ത്തി എന്തോ ചിന്തിച്ചുകൊണ്ട് യേശു നടന്നു. പെട്ടെന്നാണ് “ഹയ്യോ, ഹയ്യോ” എന്നൊരു ദീനരോദനം ഞങ്ങള്‍ കേട്ടത്.
ആദ്യം അതെവിടെ നിന്നുവന്നു എന്നാര്‍ക്കും പിടികിട്ടിയില്ല.
യേശു നടപ്പുനിര്‍ത്തി ചുറ്റും നോക്കി.
ബലിഷ്ഠനും പൂര്‍ണ്ണ നഗ്നനുമായ ഒരാള്‍ പാറക്കൂട്ടങ്ങളുടെ ഇടയില്‍നിന്ന് മുമ്പോട്ട് നീങ്ങിവന്ന് ഞങ്ങള്‍ക്കെതിരെനിന്നു. പിന്നെ ഒന്നലറി. മനുഷ്യജീവിയെന്നാര്‍ക്കും തോന്നില്ല. ജടപിടിച്ച തലയും, വായില്‍ കൂടെ ഒഴുകുന്ന പതയും ദീര്‍ഘകാലമായി കുളിക്കാത്ത വൃത്തിഹീനമായ ശരീരവുമെല്ലാം കണ്ടാല്‍ അറപ്പാണുതോന്നുക. വളരെനാള്‍ കയ്യിലും കാലിലും ചങ്ങലയിട്ടു ബന്ധിച്ചിരുന്നതു കൊണ്ടും അവിടമെല്ലാം വ്രണപ്പെട്ട് ചോരയും ചലവും ഒലിക്കുന്നുണ്ടായിരുന്നു. എങ്ങനെയോ ചങ്ങള പൊട്ടിച്ചാണ് ഇയാള്‍ പുറത്തുചാടിയിരിക്കുന്നത്. കയ്യിലൊരു കൂര്‍ത്തപാറക്കല്ലുമുണ്ട്.
എങ്ങനെയെങ്കിലും അവിടെനിന്ന് ഓടിരക്ഷപ്പെടണമെന്നു പറഞ്ഞത് പീറ്ററാണ്. അയാള്‍ക്ക് നല്ല കായബലമുണ്ടായിരുന്നെങ്കിലും ആ ഭ്രാന്തനോട് നേരിട്ടു പയറ്റി അയാളെ കീഴടക്കാമെന്നു തോന്നിയില്ല.
“ഇവന്‍ ഭീകരനാണ്. നേരിട്ടെതിര്‍ക്കുന്ന ആരെയും അവന്‍ കൊല്ലും” പീറ്റര്‍ വീണ്ടും താക്കീത് ചെയ്തു.
മൃഗമനുഷ്യന്‍ യേശുവിനെ നേരിടാനാണ് ഒരുങ്ങിയത്. കൂട്ടത്തില്‍ കൃശഗാത്രന്‍ അദ്ദേഹമായിരുന്നല്ലോ, കൂടെക്കൂടെ അമറിയും, ഇരുന്നും ചാടിയും അവന്‍ യേശുവിനും ചുറ്റും വട്ടമിട്ടോടിക്കൊണ്ടിരുന്നു. പിന്നെ അലര്‍ച്ച രോദനമായി മാറി.
ബലിഷ്ഠനായ ഭ്രാന്തന്‍ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ യേശു അവനെ നോക്കി ദുഷ്ടനായ സാത്താനെ ഈ മനുഷ്യനെ സ്വതന്ത്രനാക്കൂ. നീ ഉടനെ പുറത്തുവരണമെന്ന് കല്പിച്ചു.
“യേശുവേ നീയെന്നെ വെറുതെ വിടുമെന്നു വാക്കുതന്നാല്‍ ഞാനീ മനുഷ്യനെ വിട്ടുപോകാം” ഭ്രാന്തന്‍ പിറുപിറുത്തു. അയാളുടെ ഭയപ്പെടുത്തുന്ന ഓട്ടവും ചാട്ടവും നിലച്ചു. ഇപ്പോള്‍ യേശുവിനു ചുറ്റും നടപ്പാണ്.
“നിന്റെ പേരെന്ത്?” യേശു ചോദിച്ചു.
“ലീജിയന്‍” അയാള്‍ തലയുര്‍ത്തി വായിലെ പത കൈകൊണ്ടു വാരിയെടുത്തു കളഞ്ഞിട്ട് പറഞ്ഞു “ഞങ്ങള്‍ നൂറുപേരടങ്ങുന്ന ഒരു സംഘമാണ്”
“നീ ഈ മനുഷ്യനെ വിട്ടു പോകുക” യേശു സ്വരമുയര്‍ത്തി ലീജിയനോട് ആജ്ഞാപിച്ചു.
“ഞങ്ങളെങ്ങോട്ടു പോകും?” അലര്‍ച്ച മാറി ഭ്രാന്തന് ഇപ്പോള്‍ മൂളലും ഞരങ്ങലുമായി. ആരാണ് ഞങ്ങള്‍ക്ക് ആശ്രയം തരുന്നത്?”
നരകത്തിലേക്ക്. അവിടെയാണ് നിങ്ങളെ അയക്കുന്നത്? യേശു കല്‍പ്പിച്ചു.
പെട്ടെന്നയാള്‍ നിലത്തുവീണു. അനക്കമില്ല. പീറ്റര്‍ അയാളുടെ ചെരിപ്പും, ഫിലിപ്പ് അയാളുടെ കൈയ്യിലുണ്ടായിരുന്ന ചില അങ്കവസ്ത്രങ്ങളും ദദ്ദായി ഒരപ്പവും വീഞ്ഞും കൊടുത്ത് അയാളെ യാത്രയാക്കി.
“ദൈവമാണ് നിങ്ങളെ രക്ഷിച്ചത്. അതോര്‍ത്ത് നിങ്ങളുടെ ഗോത്രക്കാരുടെ ഇടയില്‍ ദൈവനാമം പ്രചരിപ്പിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുക” ഭക്തിപുരസ്സരം വിടവാങ്ങിയ അയാള്‍ക്ക് ജേഷ്ഠ്യാ എന്ന പേരും കൊടുത്ത് ആശീര്‍വദിച്ചയച്ചു.
കഠിനമായ ചൂടുള്ള ഒരു ദിവസം. രാവിലെ തന്നെ യേശുവിനെ കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും ആളുകള്‍ കൂടാരത്തിനു മുമ്പില്‍ തടിച്ചുകൂടി.
റോമന്‍ ഭരണത്തിനെതിരായി ജനരോഷം ജ്വലിച്ചുനിന്ന കാലം. പതിവുപോലെ പ്രാര്‍ത്ഥനകഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഓരോരുത്തരായി ചോദ്യം തുടങ്ങി. എന്തിനും യേശുവിന്റെ ഉപദേശമാണവര്‍ക്കാവശ്യം.
“ഗുരോ, അവിടുന്നു തന്നെ പറയണം, നമ്മുടെ രാജ്യം ഭരിക്കുന്നത് റോമാക്കാരാണല്ലോ, അതുകൊണ്ട് അവര്‍ക്ക് കരം കൊടുക്കുന്നതു നീതീകരിക്കത്തക്കതാണോ? ഒരുപക്ഷേ യേശുവിനെ പ്രകോപിപ്പിക്കാനായിരിക്കാം ഒരു പരീശനാണിതു ചോദിച്ചത്. ഉത്തരം കേള്‍ക്കാന്‍ അതീവ താല്‍പ്പര്യമുണ്ടെന്നമട്ടില്‍ അയാള്‍ തല മുമ്പോട്ടായി നിന്നു.
തീവ്രവാദികളായ യഹൂദര്‍ റോമന്‍ ചക്രവര്‍ത്തിക്ക് കരം കൊടുക്കുന്നതിനെതിരായിരുന്നു. അധികാരികള്‍ അവരെ രാജ്യദ്രോഹികളെന്നു മുദ്രയടിച്ചു. മിതവാദികള്‍ കരംകൊടുക്കുന്നതിനെ അനുകൂലിച്ചു. അവരെ നാട്ടുകാര്‍ ഭീരുക്കളെന്നും പ്രഖ്യാപിച്ചു. ഈയവസ്ഥയില്‍ കരംകൊടുക്കുന്നതിനേക്കുറിച്ചുള്ള യേശുവിന്റെ അഭിപ്രായം നിര്‍ണ്ണായകമായേക്കാം. ഏതഭിപ്രായം പറഞ്ഞാലും ഒരു കൂട്ടര്‍ക്ക് അദ്ദേഹം അനഭിമതനാകും. അദ്ദേഹത്തിന്റെ സഭാപ്രവര്‍ത്തനത്തെയും അത് പ്രതികൂലമായി ബാധിച്ചെന്നുവരാം.
“ഒരു നാണയം എനിക്കു തരൂ!” യേശു ആവശ്യപ്പെട്ടു.
അടുത്തു നിന്നവരില്‍ ഒരുവന്‍ ഒരു റോമന്‍ ഡിനാറിയസ് (റോമന്‍ ചെമ്പ് നാണയം) യേശുവിന്റെ കയ്യില്‍ കൊടുത്തു. അത് എടുത്തു തിരിച്ചും മറിച്ചും നോക്കിയിട്ട് യേശു അവരോടായി “ഇതില്‍ എന്ത് രൂപമാണ് നിങ്ങള്‍ കാണുന്നത്?” എന്നു ചോദിച്ചുകൊണ്ട് അത് ഒരു പരീശന്റെ കയ്യില്‍ കൊടുത്തു.
ക്ലാവ് പിടിച്ച നാണയം ഒരു തുണികൊണ്ട് തുടച്ച് വൃത്തിയാക്കി. പിന്നെ അതില്‍ നോക്കിക്കൊണ്ട് പരീശന്‍ പറഞ്ഞു:- ടൈബീരിയസ് സീസറിന്റെ”
എന്നാല്‍ “സീസറിനുള്ളത് അയാളുടെ നാണയത്തിലും ദൈവത്തിന്റേത് കര്‍ത്താവിന്റെ നാണയത്തിലും കൊടുക്കുക.” എന്ന് യേശു പറഞ്ഞു.
അവിടെ കൂടിയിരുന്നവരില്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതിന്റെ അര്‍ത്ഥം മനസ്സിലായില്ല.
“സീസറിന് നാം എന്തിന് കരം കൊടുക്കണം?” ജേക്കബ്ബ് അക്ഷമയോടെ ചോദിച്ചു.
“ഈ നിയമങ്ങളെല്ലാം ക്ഷണികമാണ്. ദൈവരാജ്യത്തില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. അതുകൊണ്ട് ആ കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് സമയം കളയരുത്.”യേശു ഉപദേശിച്ചു.
അതെല്ലാവരും അംഗീകരിച്ചതാടെ ആള്‍ക്കൂട്ടം പിരിഞ്ഞുപോയി.
ആയിടയ്ക്ക് സോറിലെ സൈനീകതാവളത്തില്‍ സിക്രിയിലെ ഒളിപ്പോരാളികള്‍ ഒരാക്രമണം നടത്തി. അവരില്‍ ഒരാളെ ചില സൈനികര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പകരം വീട്ടാനായിരുന്നു അത്. ചെറിയ പട്ടണങ്ങളില്‍ പോലും റോമാക്കാര്‍ സൈനികരെ വിന്യസിച്ചിരുന്നു. സാമാധാനമായി ജീവിക്കുന്ന യഹൂദരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് അവര്‍ക്ക് അധികാരികള്‍ നിര്‍ദ്ദേശം കൊടുത്തിരുന്നു, എങ്കിലും ചിലപ്പോള്‍ അവര്‍ അനാവശ്യമായി വഴക്കുകളുണ്ടാക്കിയിരുന്നു.
ആക്രമണം ഒരു പരാജയമായിരുന്നു. സൈനികമുറിയില്‍ ഉയര്‍ന്ന പരിശീലനം ലഭിച്ചിരുന്നവരെ അവരുടെ താവളത്തില്‍ തന്നെ ചെന്ന് എതിര്‍ക്കുക. നൂറോളം സിക്രി പോരാളികള്‍ക്ക് ജീവാഹൂതി ചെയ്യേണ്ടിവന്നു.
ഒളിപ്പോരാളികള്‍ പ്രതികാരത്തിന് തക്കംപാര്‍ത്തിരുന്നു!
ഒരു ദിവസം സോറിലെ താവളത്തില്‍ നിന്ന് സൈനികര്‍ സംഘമായി കവാത്തുമുറയില്‍ ജറുസലേമിലേക്ക് പോകുകയായിരുന്നു. നേരം ഇരുട്ടിയപ്പോള്‍ ജറുസലേമില്‍ നിന്ന് അഞ്ച് റോമന്‍ മൈലകലമുള്ള ഒരു ഗ്രാമത്തിലവരെത്തി. അവരുടെ ക്യാപ്റ്റന്‍ ഡിമിട്രിയന്‍ റോമിലെ സാമാന്യം പ്രശസ്തിയുള്ള ഒരു സൈനിക കുടുംബത്തിലെ അംഗവും ലെക്ഷേറ്റ് പിലേട്ടിന്റെ ഒരകന്ന ബന്ധുവുമായിരുന്നു. അഹങ്കാരിയായ ഡിമിട്രിയന്‍. അന്നുരാത്രി സംഘം അവിടെ താമസിക്കാന്‍ ഉത്തരവിട്ടു. ഭക്ഷണ സാധനങ്ങള്‍ കൂടെ കൊണ്ടുവരുകയാണ് റോമന്‍ സൈനികരുടെ പതിവ്. അന്ന് എന്തോ കാരണവശാല്‍ സംഘത്തിന് കുടിവെള്ളം വേണ്ടിയിരുന്നു. അതുകൊണ്ടുവരാന്‍ ഗ്രാമത്തിലേക്ക് പോയ രണ്ടു ശിപായിമാരെ അവിടെ പതിയിരുന്ന സിക്രിപോരാളികള്‍ പിടിച്ചുകെട്ടി അവരുടെ താവളത്തിലേക്ക് കൊണ്ടുപോയി.
നേരം വൈകിയിട്ടും ശിപായിമാരെ കാണാത്തതുകൊണ്ട് കോപിച്ചിളകിയ ഡിമിട്രിയന്‍ എന്താണു സംഭവിച്ചതെന്നറിയാന്‍ പത്ത് സൈനികരുമായി കിണറിനടുത്തേക്കുപോയി. ഇത് മണത്തറിഞ്ഞ സിക്രികള്‍ അവിടെ ഒരു കുഴിവെട്ടി അതിനുമുകളില്‍ മുളംകമ്പുകള്‍ പാകി മണ്ണിട്ട് ഒരു കെണിയൊരുക്കി സൈനികരെ കാത്തിരിക്കുകയായിരുന്നു. ക്യാപ്റ്റനും സംഘവും തീവെട്ടിയുടെ വെളിച്ചത്തില്‍ കിണറ്റിന്‍കരയിലേക്കു വന്നതും, സിക്രി കുഴിച്ച കുഴിയില്‍ വീണ്ടത് ഏതാണ്ട് ഒരേ സമയത്തായിരുന്നു. ഉടന്‍തന്നെ ഒളിപ്പോരാളികള്‍ സൈനികരെ ബന്ധനസ്ഥരാക്കി അവരുടെ താവളത്തിലേക്ക് കൊണ്ടുപോയി. ഡിമിട്രിയനെ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം സ്വതന്ത്രരാക്കിയെങ്കിലും ക്യാപ്റ്റനെ അവര്‍ ക്രൂരമായ വധിക്കുകയായിരുന്നു. അയാളുടെ തലവെട്ടി റോമന്‍ സൈനികരില്‍ നിന്നെടുത്ത ഒരു കുന്തത്തില്‍ നിര്‍ത്തി ദൂതന്‍ മുഖേന ലെഗേറ്റിനയച്ചുകൊടുക്കുക എന്ന കടുംകൈ വരെ ചെയ്തു. ഇതേത്തുടര്‍ന്ന് അധികാരികള്‍ അവരുടെ മര്‍ദ്ദനമുറകള്‍ കുറേക്കൂടെ മൃഗീയമാകകി എന്ന് പറയേണ്ടതില്ലല്ലോ.
ശീതകാലം ഇഴഞ്ഞുപോയി!
വസന്തകാലം തളിരിട്ടു നൃത്തമാടി മുമ്പോട്ടുവന്നു.
ഞങ്ങളുടെ തീര്‍ത്ഥയാത്ര തുടര്‍ന്നു. ഹെറോണ്‍ മലയായിരുന്നു ലക്ഷ്യം. വഴിമദ്ധ്യേ കണ്ടുമുട്ടുന്ന സാധാരണ ജനങ്ങള്‍ ഞങ്ങള്‍ക്കെന്തെങ്കിലും ഭക്ഷണം തരും. യേശു ഏതാനും നിമിഷമെങ്കിലും അവരുടെയടുത്തു നില്‍ക്കണമെന്ന് ചിലര്‍ അഭ്യര്‍ത്ഥിക്കും. രക്ഷകനായ പുണ്യ പുരുഷനെ അവര്‍ക്കൊരുനോക്കു കാണണം. അത്രയേ അവര്‍ ആഗ്രഹിച്ചിരുന്നുള്ളൂ, യേശു അവരെ ഒരിക്കലും നിരാശപ്പെടുത്തിയിരുന്നുമില്ല.
ഹെറോണ്‍ മലയില്‍ നിന്നാണ് ജോര്‍ദ്ദാന്‍ നദി ഉത്ഭവിക്കുന്നത്. വസന്തകാലത്ത് മഞ്ഞുതൂകിയ ജലപാതം ജോര്‍ദ്ദാന്‍ നദി ഉത്ഭവിക്കുന്നത്. വസന്തകാലത്ത് മഞ്ഞുതൂകിയ ജലപാതം ജോര്‍ദ്ദാന്‍ നദിയെ പുളകമണിയിക്കും. അതൊഴുകിയെത്തുമ്പോള്‍ ഞങ്ങളുടെ ഗലീലി കടലിലെ ജലനിരപ്പുമുയരും. എപ്പോഴും സുഖകരമായ ഒരു ശീതക്കാറ്റ് മരച്ചില്ലകളെ താരാട്ടുപാടി ഉന്മേഷിപ്പിച്ചുകൊണ്ടിരിക്കും.
'തോറ'യെക്കുറിച്ചുള്ള എന്റെ അറിവ് കൂടെക്കൂടെ അവലോകനം ചെയ്യുക ഞാന്‍ പതിവാക്കിയിരുന്നു. ഇക്കാര്യത്തില്‍ എന്നേക്കാള്‍ പാണ്ഡിത്യമുള്ള പലരും ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നു. പ്രത്യേകിച്ച് ജേക്കബ്ബും തോമസും. ഞാനെന്റെ സംശയങ്ങള്‍ അവരുമായി പങ്കുവെക്കും.
“എനിക്ക് പലതും അറിയാനുണ്ട്. ചില കാര്യങ്ങളില്‍ യേശുവിന്റെ സമീപനം അവ്യക്തമല്ലേ!”ഞാനല്‍പ്പം സങ്കോചത്തോടെ ചോദിച്ചു.
“ചെറുപ്പം മുതലേ മോശയുടെ നിയമങ്ങള്‍ ശ്രദ്ധിച്ചു പഠിച്ചിട്ടുള്ള എനിക്കുതന്നെ എല്ലാം മനസ്സിലാകാറില്ല. യേശുവിന്റെ ആശയങ്ങള്‍ നൂതനവും പുരോഗമനാത്മകവുമാണ്. അതുള്‍ക്കൊള്ളാന്‍ തുറന്ന മനസ്സിനേ കഴിയൂ! മുന്‍വിധിയോടെ അതൊന്നും വിശകലനം ചെയ്യുക എളുപ്പമല്ല. തന്നെയുമല്ല ആധികാരികമായി ഇതെല്ലാം വിലയിരുത്താന്‍ യേശുവിന് കഴിയുന്നുമുണ്ട്.” ജേക്കബ്ബ് തന്റെ അഭിപ്രായം വെളിപ്പെടുത്തി.
“ഞാനെന്റെ ശക്തി നിങ്ങളില്‍ പകരുമെന്നും അങ്ങനെ നിങ്ങള്‍ ജീവിക്കുമെന്നുമാണ് ദൈവവചനം പക്ഷേ, അതെങ്ങനെയാണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. യേശു അത് നമുക്ക് കാണിച്ചുതരുമെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് ഞാനദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചതും” തോമസ് അയാളുടെ മനസ്സ് തുറന്നു.
ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള് ജൂഡാസ് അവിടേക്ക് കടന്നുവന്ന് ഞങ്ങളുടെ ചര്‍ച്ചയില്‍ പങ്കുകൊള്ളാന്‍ താല്പ്പര്യം പ്രകടിപ്പിച്ചു.
“നിങ്ങളെന്തൊക്കെയാണ് സജീവമായി ചര്‍ച്ച ചെയ്യുന്നത്?” ജൂഡാസിനതറിയണം.
“നാമിവിടെ എന്താണ് ചെയ്യുന്നത്?” എന്തിന്? ഇങ്ങനെ പൊതുവായ ചില സംശയങ്ങള്‍കൂട്ടായി വിശകലനം ചെയ്യുകയായിരുന്നു.” തോമസ് പ്രതിവചിച്ചു.
“പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തെപ്പറ്റിത്തന്നെയല്ലേ യേശു എന്നും സംസാരിക്കുന്നത്.” ജൂഡാസ് അക്ഷമനായി.
“നിങ്ങളുടെ അഭിപ്രായമെന്താണ്?” അതു കേള്‍ക്കട്ടെ!”
ജേക്കബ്ബ് ഇടയ്ക്ക് കയറി പറഞ്ഞു. അയാളുടെ വാക്കുകളില്‍ അമര്‍ഷം പൂണ്ടിരുന്നു.
“അദ്ദേഹത്തിന്റെ ഭാവം തനിക്കെല്ലാമറിയാമെന്നാണ്.”
എന്തൊക്കെയോ മനസ്സില്‍ ഒളിപ്പിച്ചുകൊണ്ടയാള്‍ തുടര്‍ന്നു:- “എന്നാല്‍ നമ്മുടെ ഗുരുഭൂതന്‍ നമ്മെ ആപത്തിലേക്കാണ് നയിക്കുന്നത്.? എന്തിന് അധികാരികളുടെ വിരോധം സമ്പാദിക്കുന്നു?”
“എനിക്കും അതിലാശങ്കയുണ്ട്.”തോമസും അസ്വസ്ഥനായി.
സംഭാഷണത്തിന്റെ ഗതി എനിക്ക് പിടിച്ചില്ല.
“മൗണ്ട് ഹെറോണില്‍ എത്ര ദിവസമാണ് നാം താമസിക്കുക?” വിഷയം മാറ്റാനായി ഞാന്‍ ചോദിച്ചു.
“ തീരുമാനിച്ചിട്ടില്ല!” ജേക്കബ്ബ് പറഞ്ഞു.
ആ സംഭാഷണം അവിടെ അവസാനിച്ചു.
ഹെറോണ്‍ കുന്നിന്റെ വടക്കന്‍ ചരുവിലുള്ള ഒരു പട്ടണമായിരുന്നു ഡാന്‍. യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളില്‍ ഒന്നായിരുന്നു ഡാന്‍ വംശജരാണ് അവിടെ താമസിച്ചിരുന്നത്. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് സോളമന്‍ രാജാവിന്റെ പ്രതിനിധി ഭരിച്ചിരുന്ന ഈ സ്ഥലം ഒരു കാലത്ത് ജനങ്ങള്‍ ഇടതിങ്ങി താമസിച്ചിരുന്ന പട്ടണമായിരുന്നു. അസ്സേറിയരുടെ ആക്രമണത്തില്‍ അത് നശിച്ചു. ഡാന്‍ ഗോത്രവും അതോടെ നാമാവശേഷമായി. ഇപ്പോഴത് ഓക്ക്, സൈപ്രസ് തുടങ്ങിയ മരങ്ങള്‍ ഇടതിങ്ങി വളരുന്ന ഒരു കാടാണ്.
ശിഷ്യര്‍ കാട്ടിലെ ഒരു കുന്നിന്‍ചരുവില്‍ അല്‍പ്പം നിരപ്പായ ഒരിടം കണ്ടുപിടിച്ച് അവിടുത്തെ കുറ്റിച്ചെടികളെല്ലാം വെട്ടിമാറ്റി. തീകൂട്ടി രാത്രി അവിടെ താമസിച്ചു.
യേശു ഇവിടെ വരാനുള്ള പ്രധാന കാരണം അധികാരികളുടെ ശ്രദ്ധയില്‍ നിന്ന് ഒഴിഞ്ഞു ഏകാന്തനായി ഒരിടത്തിരുന്നു ഭാവിപരിപാടികള്‍ക്ക് രൂപം കൊടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആലോചനകളോ തീരുമാനങ്ങളോ ആരെയും അിറയിച്ചിരുന്നില്ല.
പതിവുപോലെ പ്രാര്‍ത്ഥന കഴിഞ്ഞ് ഞാന്‍ ഉറങ്ങാന്‍ കിടന്നു. കുറച്ചകലെ എരിയുന്ന തീക്കുണ്ഡത്തില്‍ നിന്ന് ചെറിയ ചൂട് എന്റെ അടുത്തേക്ക് നീങ്ങിവന്നു. മരച്ചില്ലകളില്‍ മഞ്ഞുവീണു തുടങ്ങി.
ക്ഷീണം കൊണ്ട് ഞാ
ന്‍ പെട്ടെന്നുറങ്ങി. അന്ന് ഞാന്‍ കണ്ട സ്വപ്നം എന്നെ ഭയപ്പെടുത്തി. അങ്ങകലെയുള്ള ഒരു പട്ടണം. റോമന്‍ സൈനികര്‍ ക്ഷോഭിച്ചിളകിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കുന്തംകൊണ്ട് അവരെ കുത്തുന്നു. ചിലരുടെ കഴുത്ത് വെട്ടുന്നുമുണ്ട്. തീവെട്ടിയുമായി കുറേപ്പേര്‍ അങ്ങോട്ടുമിങ്ങോട്ടുമോടി നടന്ന് എന്തൊക്കെയോ വിളിച്ചുപറയുന്നു. ഇടയ്ക്ക് യേശുവിന്റെ രൂപം. ഇതവ്യക്തമാണ്. ശരീരത്തില്‍ അങ്ങിങ്ങ് രക്തം വാര്‍ന്നിരിക്കുന്നു. അദ്ദേഹം എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. ഒരു ഇസ്രയേലി സൈനികന്‍ അദ്ദേഹത്തെ കൈയ്യാമം വെക്കാന്‍ ശ്രമിക്കുന്നു.
ഞാന്‍ ഭയംകൊണ്ട് ഞെട്ടിയുണര്‍ന്നു.
രാത്രിയുടെ അന്ത്യയാമങ്ങള്‍ എങ്ങും ഇരുട്ട്. തീക്കുണ്ഡത്തിലെ നേരിയ വെളിച്ചമേയുള്ളൂ.
ഇപ്പോള്‍ത്തന്നെ ഇത് യേശുവിനെ അറിയിക്കിണമെന്ന് എനിക്കു തോന്നി. മറ്റുള്ളവരുണരുന്നതിന് മുമ്പ് എഴുന്നേറ്റ് ഏകാന്തനായി എവിടെങ്കിലും പോയിരുന്ന് ചിന്തിക്കും. രാത്രിയെ മടങ്ങിവരുകയുള്ളൂ. അദ്ദേഹം നടന്നകലുന്നതുകണ്ട് ഞാന്‍ പുറകേ ഓടി.
അടുത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ പിടിച്ച്, നില്‍ക്കൂ, എനിക്കൊരു കാര്യം പറയാനുണ്ട് എന്നപേക്ഷിച്ചു. അസമയത്തുള്ള എന്റെ വരവ് യേശുവെ കുറച്ചൊന്നാശ്ചര്യപ്പെടുത്താതിരുന്നില്ല. അതദ്ദേഹത്തിന്റെ നോട്ടത്തില്‍ പ്രതിഫലിച്ചു കണ്ടു.
“എന്ത്? മേരിയോ?” തിരിഞ്ഞുനിന്ന് ചോദിച്ചു.
അതെ ഞാന്‍ കണ്ട ഒരു സ്വപ്നത്തെപ്പറ്റി പറയാന്‍ എന്നെ അനുവദിക്കണം വീണ്ടും ദയനീയ സ്വരത്തിലുള്ള അപേക്ഷ.
“പറയൂ!” അദ്ദേഹം കേള്‍ക്കാന്‍ തയ്യാറായി.
“ജറുസലേം!” അതാണെന്നു തോന്നുന്നു ഞാന്‍ കണ്ട പട്ടണം. റോമന്‍ സെനികരും ആന്റിപസിന്റെ ഭടന്മാരും ഓടിനടന്ന് ജനങ്ങളെ തല്ലിച്ചതക്കുന്നു. പിന്നീട്… പിന്നീട്.. മുറിവേറ്റ മുറിവേറ്റ യേശു ഒരു ഭടന്റെ കയ്യില്‍പ്പെടന്നു…എനിക്ക് ഭയവും ദുഃഖവും കലര്‍ന്ന വികാരം കൊണ്ട് തുടര്‍ന്ന് സംസാരിക്കാന്‍ കഴിഞ്ഞില്ല. വാക്കുകള്‍ ഇടറിയാണ് പുറത്തു വന്നത്.
“ഞാന്‍ ജറുസലേമില്‍ മരിക്കും. നിര്‍ണ്ണായകമായി ആ നിമിഷം അടുത്തിരിക്കുന്നു. മേരീ, നിനക്കത് സഹിക്കാന്‍ കഴിയില്ല, അതെനിക്കറിയാം. എങ്കിലും നീ ധൈര്യവതിയായിരിക്കണം. അതാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ നിയോഗം” യേശു ശാന്തമെങ്കിലും ഉറച്ചസ്വരത്തിലാണിത് പറഞ്ഞത്.
പ്രഭാത സൂര്യന്റെ ഇളം ചുവപ്പ് ചായം തേച്ച രശ്മികള്‍ ഡാനിലെ കിഴക്കന്‍ കുന്നുകള്‍ക്കിടയിലൂടെ ഉദിച്ചുയര്‍ന്നു. ചുറ്റുമുള്ള പച്ചിലക്കാടുകള്‍ക്കിടയിലൂടെ മാന്‍കുട്ടികള്‍ തുള്ളിച്ചാടി നടന്നു. കുന്നിന്റെ പാര്‍ശ്വഭാഗത്തുകൂടെ ചാഞ്ചാടി താഴോട്ട് ഒഴുകുന്നു നീര്‍ച്ചാലില്‍ നിന്ന് വെള്ളം കുടിക്കാന്‍ മൂന്നോ നാലോ എണ്ണം അങ്ങോട്ടോടി. രാത്രി വിശ്രമം കഴിഞ്ഞ് മരച്ചില്ലയില്‍ നിന്ന് ഇരയന്വേഷിച്ച് ഒരു കൂറ്റന്‍ പരുന്ത് ചിറകടിച്ച് മേല്‍പ്പോട്ട് പറന്നു.
യേശുവിന്റെ മുഖം ഞാനിപ്പോള്‍ തെളിഞ്ഞുകണ്ടു.
“മേരീ, നിന്നോട്ട് ഞാന്‍ പറയട്ടെ! ഈയുഗം അവസാനിക്കുകയാണ്. ക്ഷേത്രത്തിലെ അഴിമതിയും അതിന് കൂട്ടുനില്‍ക്കുന്ന പുരോഹിതവൃന്ദവും ദൈവത്തിനാല്‍ തിരസ്‌ക്കരിക്കപ്പെട്ടുകഴി
ഞ്ഞു ”. യേശു ഒന്നു നിര്‍ത്തിയിട്ട് വീണ്ടും പറഞ്ഞു നീ കണ്ട വെളിപാട് ശരിയാണ്. അതിന്റെ പൂര്‍ണ്ണരൂപം ഇപ്പോഴും എന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞിട്ടില്ല. ഒരേകദേശ രൂപമേ എനിക്കറിയുള്ളൂ”.
യേശു എന്റെ കൈക്ക് പിടിച്ച് അദ്ദേഹത്തിന്റെയടുത്തു നിര്‍ത്തി നീ ഇതേന്നോടു പറഞ്ഞതിന് ഞാന്‍ നന്ദിയുള്ളവനാണ്. നിനക്കീ വെളിപാടു തന്നതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു” എന്ന് അരുളി ചെയ്തു.
യേശുവിന്റെ എന്റെ കൈക്ക് പിടിച്ച് അദ്ദേഹത്തിന്റെയടുത്തു നിര്‍ത്തി നീ ഇതേന്നോടു പറഞ്ഞതിന് ഞാന് നന്ദിയുള്ളവനാണ്. നിനക്കീ വെളിപാടു തന്നതിന് ഞാന്‍ ദൈവത്തിന് നന്ദിപറയുന്നു” എന്ന് അരുളി ചെയ്തു.
യേശുവിന്റെ കരസ്പര്‍ശനം കൊണ്ട് എന്റെ ഹൃദയമിടിപ്പിന് വേഗതകൂടി. എന്നലെ ചപലമായ സ്ത്രീ മുഖമുയര്‍ത്തി ആ കേമളവദനത്തിലേക്ക് നോക്കി. എന്റെ ചുണ്ടുകള്‍ അദ്ദേഹത്തിന്റെ മുഖത്തിലമര്‍ത്താന് വെമ്പല്‍പൂണ്ടു. എന്റെ കണ്ണുകളിലെ തിളക്കം യേശു വികാരവായ്‌പോടെ നോക്കിനിന്നു. മേരീ നിയെന്നെ സ്‌നേഹിക്കുന്നുവെന്ന് എനിക്കറിയം.” അടക്കിയ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു. ഞങ്ങളെ തമ്മില്‍ കൂട്ടിയിണക്കിയ ബന്ധമെന്താണ് അദ്ദേഹത്തിന് മനസ്സിലായതുപോലെനിക്ക് തോന്നി.
നിമിഷങ്ങള്‍ അനര്‍ഘ നിമിഷങ്ങള്‍ കടന്നുപോയത് ഞങ്ങള്‍ രണ്ടു പേരുമറിഞ്ഞില്ല.
യേശു എന്റേതാണ്! ഞാന്‍ യേശുവിന്റെയും അദ്ദേഹമെന്നെ സ്‌നേഹിച്ചിരുന്നു എന്നതിന് സംശയമില്ല.
ആ രംഗം അങ്ങനെ അവസാനിച്ചു.
ഡാനില്‍ നിന്ന് ജറുസലേമിലേക്കുള്ള മടക്കയാത്രക്കിടയില്‍ ഞാനും യേശുവും ഒരുദിവസം നസറത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ തീരുമാനിച്ചു.
വരും നാളുകളില്‍ എന്തൊക്കെ സംഭവിച്ചുകൂടാ?
എന്നെയും യേശുവിനെയും കണ്ടതില്‍ അമ്മ മറിയത്തിനും സഹോദരീ സഹോദരന്മാര്‍ക്കും സന്തോഷമായിരുന്നു. ഞങ്ങളുടെ അടുത്ത ലക്ഷ്യം ജറുസലേമാണെന്നറിഞ്ഞ അമ്മ മകനെ ആശ്‌ളേഷിച്ചു പറഞ്ഞു: “എന്തൊക്കെയോ ആപത്തുവരാന്‍ പോകുന്നു…അതെന്താണെന്നെനിക്ക് കൃത്യമായറിവില്ല.”
ഞാന്‍ ആശങ്കാകുലമായി. അമ്മ മറിയത്തിനും വെളിപാട് ഉണ്ടായോ? അറിയില്ല.
അവര്‍ തുടര്‍ന്നു:- യേശു ജനിച്ച നിമിഷം മുതല്‍ അവന് ഈ ലോകത്തില്‍ ഒരു പ്രത്യേക ദൗത്യം നിറവേറ്റാനുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഇപ്പോഴവന്‍ അത് നിര്‍വഹിക്കാന്‍ പോകയാണ്. ആ നിമിഷത്തില്‍ ഞാനും അവന്റെ കൂടെയുണ്ടായിരിക്കണം. എനിക്കും ഇതൊരു തീര്‍ത്ഥയാത്രയാണ്”. എന്നുപറഞ്ഞ് യേശുവിന്റെ നെറുകയില്‍ ചുംബിച്ചു.
ഒരമ്മയ്ക്ക് മകനോടുള്ള വാത്സല്യം.
ജയിംസ് മുമ്പോട്ടുവന്ന് അമ്മയുടെ കൂടെ ജറുസലേമിലേക്ക് പോകാനുള്ള അയാളുടെ ആഗ്രഹവും അറിയിച്ചു.
യേശുവിനും അത് സമ്മതമായിരുന്നു!
എട്ട്
ജറുസലേമിലേക്ക് പോകാന്‍ തീരുമാനിച്ചശേഷം മൗണ്ട് ഹെറോണില്‍ അധികംനാള്‍ താമസിച്ചില്ല. നസറത്തില്‍ ഒരു ദിവസം താമസിച്ച് സമരിയ വഴിയാണ് ഞങ്ങള്‍ മടങ്ങിയത്. അതായിരുന്നെളുപ്പം.
തുടരും.........)
Novel link
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-14
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക