Image

പാകിസ്താനില്‍ ഉടന്‍ തിരിച്ചെത്തുമെന്ന് സര്‍ദാരി

Published on 10 December, 2011
പാകിസ്താനില്‍ ഉടന്‍ തിരിച്ചെത്തുമെന്ന് സര്‍ദാരി
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. അദ്ദേഹവുമായി സംസാരിച്ച ടെലിവിഷന്‍ അവതാരകനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ സര്‍ദാരി ഉടന്‍ രാജിവെക്കുമെന്നും സൈനിക അട്ടിമറിയെ തുടര്‍ന്ന് അദ്ദേഹം ദുബായില്‍ അഭയം തേടിയതാണെന്നും അഭ്യൂഹം പരന്നിരുന്നു.

താന്‍ പാകിസ്താനില്‍ മടങ്ങിയെത്തരുതെന്നാണ് ശത്രുക്കള്‍ ആഗ്രഹിക്കുന്നതെന്ന് സര്‍ദാരി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ രാജ്യംവിടാന്‍ താന്‍ ഒരുക്കമല്ല. പാകിസ്താനില്‍ ജനിച്ച താന്‍ അവിടെത്തന്നെ മരിക്കും. ദിവസങ്ങള്‍ക്കകം പാകിസ്താനില്‍ മടങ്ങിയെത്തുന്നതോടെ ശത്രുക്കള്‍ നിരാശരാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലിവിഷന്‍ അവതാരകനായ ഹമീദ് മിര്‍ ആണ് സര്‍ദാരിയുമായി ഫോണില്‍ സംസാരിച്ചത്.

തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് സര്‍ദാരി പറഞ്ഞതായി മിര്‍ വെളിപ്പെടുത്തി. ചികിത്സയ്ക്കായി ചൊവ്വാഴ്ചയാണ് സര്‍ദാരി ദുബായിലേക്ക് പോയത്. അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതായും മുഖം കോടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. രണ്ടാഴ്ച അദ്ദേഹത്തിന് ദുബായില്‍ കഴിയേണ്ടി വരുമെന്നും വേണ്ടിവന്നാല്‍ അദ്ദേഹം ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക