Image

ഫഹദ്‌ നായകനാകുന്ന അമല്‍ നീരദിന്റെ `ഇയ്യോബിന്റെ പുസ്‌തകം' നവംബര്‍ 7ന്‌

Published on 31 October, 2014
ഫഹദ്‌ നായകനാകുന്ന അമല്‍ നീരദിന്റെ `ഇയ്യോബിന്റെ പുസ്‌തകം' നവംബര്‍ 7ന്‌
ഫഹദ്‌ ഫാസിലിനെ നായകനാക്കി അമല്‍ നീരദ്‌ ഒരുക്കുന്ന ഇയ്യോബിന്റെ പുസ്‌തകം സംവിധായന്റെ ഇതു വരെയുള്ള ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായിരിക്കുമെന്ന്‌ അണിയറ റിപ്പോര്‍ട്ടുകള്‍. സംവിധാനത്തിനു പുറമേ അമല്‍ നീരദ്‌ തന്നെ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രമാണിത്‌. നവംബര്‍ ഏഴിനാണ്‌ ചിത്രം പുറത്തിറങ്ങുക.

മൂന്നാറിലെ മലനിരകളിലും മഞ്ഞുമൂടിയ താഴ്‌വരകളിലും ഇന്നും മായാതെ കിടക്കുന്ന ബ്രിട്ടീഷ്‌ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ത്തിയെഴുതുന്ന ഒരപൂര്‍വ പ്രണയകഥയാണ്‌ ഇയ്യാബിന്റെ പുസ്‌തകം. ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യംകിട്ടി കേരളം രൂപീകരിക്കുന്നതിനു മുമ്പുള്ള മൂന്നാറിന്റെ ചരിത്ര പശ്‌ചാത്തലത്തിലാണ്‌ കഥയുടെ ആദ്യാവസാനം പകര്‍ത്തുന്നത്‌. തീവ്ര പ്രണയത്തിന്റെ വേറിട്ട അര്‍ത്ഥതലങ്ങളിലൂടെയുളള സഞ്ചാരം സ്വാതന്ത്ര്യലബ്‌ധിക്കു ശേഷമുള്ള രാഷ്‌ട്രീയ ചുറ്റുപാടുകളിലൂടെ പറയുന്ന ചിത്രമാണിത്‌. മലയാള സിനിമയ്‌ക്ക്‌ പുതുമയും വ്യത്യസ്‌തതയും അവകാശപ്പെടാവുന്ന അഭിനയത്തിന്റെ സങ്കീര്‍ണ ഭാവങ്ങള്‍ ഫഹദ്‌ ഫാസിലിലൂടെ സംവിധായകനായ അമല്‍ നീരദ്‌ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കു വേണ്ടി തന്റെ പതിവ്‌ ക്‌ളീന്‍ ഷേവും ന്യൂജനറേഷന്‍ ലുക്കും അശേഷം ഇല്ലാതെ ചുണ്ടു മറയ്‌ക്കുന്ന വിധം കട്ടി മീശയും കുറ്റിത്താടിയുമായിട്ടാണ്‌ നായകനായ ഫഹദ്‌ ഫാസില്‍ ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്‌.

എ ആന്‍ഡ്‌ എ റിലീസ്‌ ആണ്‌ `ഇയ്യോബിന്റെ പുസ്‌തകം' തിയറ്ററിലെത്തിക്കുന്നത്‌. ഫഹദ്‌ ഫാസിലിന്റെ സഹകരണത്തോടെ അമല്‍ നീരദ്‌ പ്രൊഡക്‌ഷന്‍സ്‌ നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ വേറിട്ടൊരു അനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല. ഫഹദിന്റെ ആരാധകര്‍ക്ക്‌ തീര്‍ച്ചയായും ഇഷ്‌ടപ്പെടുന്ന വിധത്തിലാണ്‌ ഇതിലെ ഓരോ സീനും ചിത്രീകരിച്ചിട്ടുള്ളത്‌. ചിത്രത്തില്‍ ഫഹദ്‌ ഫാസിലിനൊപ്പം ലാല്‍, ജയസൂര്യ എന്നിവര്‍ പ്രധാനവേഷങ്ങിലെത്തുന്നു. ടി.ജി. രവി, വിനായകന്‍, ചെമ്പന്‍വിനോദ്‌, ജോസ്‌, ശ്രീജിത്ത്‌ രവി, അനില്‍ മുരളി, ജിനു ജോസഫ്‌, ദിലീഷ്‌ പോത്തന്‍, ജോണ്‍ വിജയ്‌, സുര്‍ജിത്‌, സംവിധായകന്‍ ആഷിക്‌ അബു,അമിത്‌, അലിയാര്‍, സലാം ബുഹാരി, സൗബിന്‍,കൈനകരി തങ്കരാജ്‌, ഷെബിന്‍, വിജയന്‍ കാരത്തൂര്‍, അജിത്‌ തൃപ്പൂണിത്തുറ, സണ്ണി പൊലീസ്‌, നിബേഷ്‌, ചേതന്‍, ബ്രീന, ഇഷ ഷെര്‍വാണി, പത്മപ്രിയ, റീനു മാത്യൂസ്‌, ലെന, സരിത കുക്കു, ഹിമശങ്കര്‍, ബോണി, ബ്രിട്ടിഷുകാരായ സാല്‍ യൂസഫ്‌, നീത മാര്‍ഗരിത തുടങ്ങി നൂറോളം കലാകാരന്‍മാര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌.

ഗോപന്‍ ചിദംബരന്റേതാണ്‌ ചിത്രത്തിന്റെ കഥയും തിരക്കഥയും. സംഭാഷണം ശ്യാം പുഷ്‌കരന്‍. റഫീക്‌ അഹമ്മദാണ്‌ ഗാന രചന നിര്‍വഹിച്ചിട്ടുള്ളത്‌. ചാക്‌സണ്‍ ഗ്യാരി പെരേര, നേഹാ എസ്‌. നായര്‍ എന്നിവരുടേതാണ്‌ സംഗീതം, ചിത്രം നവംബര്‍ 7ന്‌ പുറത്തിറങ്ങും. നേരത്തെ ഒക്‌ടോബര്‍ 30ന്‌ ആയിരുന്നു ചിത്രത്തിന്റെ റിലീസ്‌ വച്ചിരുന്നത്‌. അമല്‍നീരദ്‌ തന്നെയാണ്‌ ചിത്രത്തിന്റെ റിലീസ്‌ മാറ്റിവച്ചതായി അറിയിച്ചത്‌.
ഫഹദ്‌ നായകനാകുന്ന അമല്‍ നീരദിന്റെ `ഇയ്യോബിന്റെ പുസ്‌തകം' നവംബര്‍ 7ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക