Image

ചുംബിക്കരുത്; പരസ്യമായി മൂത്രമൊഴിക്കാം

Published on 31 October, 2014
ചുംബിക്കരുത്; പരസ്യമായി മൂത്രമൊഴിക്കാം
തിരിച്ചുവരുന്ന ജുറാസ്സിക് ലോകം  (സക്കറിയ-Mathrubumi)
പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊഴിക്കുന്നത് കേരളത്തില്‍ കുറ്റമല്ല- ഏതായാലും ഒരു പോലീസുകാരനും അങ്ങോട്ട് തിരിഞ്ഞു നോക്കുക പോലുമില്ല, തീര്‍ച്ച. പൊതുസ്ഥലത്ത് പരസ്യമായി വിസര്‍ജ്ജിക്കുന്നതും ഒരു പോലീസുകാരന്റെയും കുറ്റകൃത്യപട്ടികയിലില്ല.

നോക്കുകൂലി പോലെയുള്ള ഒരു പരസ്യമായ ആഭാസത്തിന്റെ നോക്കുകൂലി വാങ്ങുന്നതാണ് ഭൂരിപക്ഷ പോലീസ് സംസ്‌കാരം. എന്നിട്ടും, പത്രവാര്‍ത്തയെ വിശ്വസിക്കാമെങ്കില്‍, കൊച്ചിയിലെ ഒരു പോലീസുദ്യോഗസ്ഥന്‍ ഇങ്ങനെ പ്രഖ്യാപിച്ചിരിക്കുന്നുവത്രെ: 'എന്തു പ്രതിഷേധത്തിന്റെ പേരിലായാലും ആളുകളെ വിളിച്ചു വരുത്തി പൊതുസ്ഥലത്ത് പരസ്യമായി ചുംബിക്കുന്നത് ശരിയല്ല'. മറൈന്‍ ഡ്രൈവിലെ പരസ്യചുംബന പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചു എന്നും വാര്‍ത്തയില്‍ കാണുന്നു.

ഇതേ പോലീസ് സംസ്‌കാരമാണ് കടപ്പുറത്തിരുന്ന് കാറ്റുകൊണ്ട ഭാര്യയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തത്. സദാചാരത്തെയും അശ്ലീലത്തെയും പറ്റി താലിബാന്‍ നാണിച്ചുപോകുന്ന വിധിപ്രസ്താവനകളാണ് കെ.ജി.ജെയിംസ് എന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നടത്തിയിരിക്കുന്നത്. ചുംബനം-പരസ്യമോ രഹസ്യമോ- അശ്ലീലവും സദാചാരവിരുദ്ധവും ക്രമസമാധാനം തകര്‍ക്കുന്നതും കമ്മീഷണറുടെ വാക്കുകളില്‍ 'പൊതുജനങ്ങളെ ശല്യപ്പെടുത്തുന്നതും' ആണെന്ന് ഇന്ത്യയിലെ ഏത് നിയമത്തിലാണ് പറയപ്പെട്ടിരിക്കുന്നത്? വാസ്തവത്തില്‍ ഇത്തരം പോലീസ് സംസ്‌കാരം സദാചാരഗുണ്ടായിസത്തിന്റെ മറ്റൊരു മുഖമാണ്.

ഈ മനോഭാവത്തിന്റെ പിന്നില്‍ പോലീസ് സംസ്‌കാരം മാത്രമാണുള്ളത് എന്ന് തെറ്റിദ്ധരിക്കേണ്ട. രാഷ്ട്രീയ സംസ്‌കാരത്തിന്റെ പിന്‍ബലത്തോടെയാണ് പോലീസ് ഇത്രമാത്രം പ്രാകൃതവും നികൃഷ്ടവുമായ നിലപാടുകള്‍ സ്വീകരിക്കുന്നത് എന്നതില്‍ സംശയം വേണ്ട. അമ്മ കുഞ്ഞിനെ ചുംബിച്ചാല്‍ അതില്‍ അശ്ലീലം കാണാന്‍ ശേഷിയുള്ളതാണ് ഈ രതിവൈകൃത മനഃശാസ്ത്രം. അതിന് അഹങ്കാരപൂര്‍ണ്ണമായ ഫാഷിസത്തിന്റെയും നഗ്നമായ മനുഷ്യാവകാശ ലംഘനത്തിന്റെയും വികൃതമുഖങ്ങള്‍ കൂടിയുണ്ട് എന്നുമാത്രം.

ഇതോടെയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെപ്പോലെയുള്ളവരുടെ പരിതാപകരങ്ങളായ പ്രസ്താവനകള്‍ പ്രത്യക്ഷപ്പെടുന്നത്. പത്രവാര്‍ത്തയനുസരിച്ച് കൈതപ്രത്തിന്റെ അഭിപ്രായം ഇതാണ്: 'കമിതാക്കള്‍ക്ക് ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യണമെങ്കില്‍ അത് എവിടെയെങ്കിലും മുറിയെടുത്ത് ചെയ്യണം. പരസ്യമായ ചുംബനവും ആലിംഗനവും സാംസ്‌കാരിക നിലവാരത്തിന് യോജിച്ചതല്ല. തികഞ്ഞ തോന്ന്യാസമാണ്. ആളുകള്‍ കല്ലെറിഞ്ഞാല്‍ കുറ്റം പറയാനില്ല'. ഈ പരമ്പരവിഡ്ഢിത്തം അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഉച്ചരിച്ചതാണെങ്കില്‍, അല്ലയോ കവീ, കവിഹൃദയത്തിന്റെ സ്ഥാനത്ത് താങ്കള്‍ കരിപിടിച്ച കല്ലെടുത്തു വച്ചുവോ എന്ന് ചോദിക്കുകയേ നിവൃത്തിയുള്ളൂ.

പരസ്യമായ സ്‌നേഹപ്രകടനം കണ്ടാല്‍ മാനസികാസ്വാസ്ഥ്യം ഉണ്ടാകുന്ന കൈതപ്രത്തിനെപ്പോലെയുള്ളവരുടെ ജീര്‍ണ്ണിച്ച ജുറാസ്സിക് ലോകം മലയാളിയുടെ വര്‍ത്തമാനകാലത്തിനും ഭാവിക്കും ഭീഷണിയാണ്. പാരമ്പര്യവാദത്തിന്റെ പുളിച്ചുതികട്ടലും മതമൗലികവാദത്തിന്റെ മാറ്റൊലികളുമാണ് ഇത്തരം ഭാഷണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ചുംബിക്കാന്‍ മുറിയെടുത്തോളൂ എന്ന ഉപദേശത്തിന്റെ പിന്നിലെ ചീഞ്ഞളിഞ്ഞ ഇരട്ടത്താപ്പ് ശ്രദ്ധിക്കുക. പക്ഷെ എന്തു ചെയ്യാന്‍? പഠിച്ചതേ പാടൂ എന്നല്ലേ പഴഞ്ചൊല്ല്. ഏറ്റവും ശ്രദ്ധേയം ചുംബിയ്ക്കുന്നവരെ കല്ലെറിയാനുള്ള അദ്ദേഹത്തിന്റെ ക്ഷണമാണ്. അത് അദ്ദേഹത്തെ താലിബാന്‍, ഐ.എസ്. തുടങ്ങിയ മഹാജനങ്ങളുടെ കണ്ണിലുണ്ണിയാക്കുമെന്നും സംശയിക്കേണ്ട.

പാവം മലയാളി സ്വപ്‌നം കാണുന്ന ആധുനികതയെയും മാനവികതയെയും ആഗോള പരിപ്രേക്ഷ്യത്തെയും തല്ലിത്തകര്‍ക്കാന്‍ എക്കാലവും ഇവിടെ ശ്രമിച്ചിട്ടുള്ള അതേ ക്ഷുദ്രജീവികള്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ചുംബന പ്രതിഷേധത്തിനെതിരെ അണിനിരക്കുന്നത്. ഭരണകൂടം മൗനം പാലിക്കുകയാണെന്ന് തോന്നുന്നുണ്ടോ? അതൊരു തെറ്റിദ്ധാരണയാണ്. പോലീസിന്റെ സംസ്‌കാര രഹിതമായ വായാടിത്തത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഭരണകൂടത്തിന്റെ കള്ളലാക്കുകള്‍ തന്നെയാണ്.
http://www.mathrubhumi.com/story.php?id=495697
Join WhatsApp News
Ninan Mathullah 2014-11-01 13:37:06

Here Mr. Zacharia is looking at the issue from a very narrow perspective. Kissing in public can't be viewed in isolation from other related chain events that can follow it. Most of the time this kissing in public lead to sexual acts that follow immediately or later. One cannot dissect the issue from other related issues. In the name of sounding as being progressive these cultural leaders are suggesting something the consequence of which they do not foresee. If you take the history of any culture, the decline starts with moral decline. May be we are ready for that decline if majority approve it.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക