Image

സിവില്‍ സര്‍വിസിലെ ധര്‍മബോധം (ഡി. ബാബുപോള്‍)

Published on 31 October, 2014
സിവില്‍ സര്‍വിസിലെ ധര്‍മബോധം (ഡി. ബാബുപോള്‍)
എന്‍ജിനീയറിങ് കോളജില്‍ പഠിപ്പിച്ചിരുന്ന കാലത്തെ ഒരനുഭവം ‘കഥ ഇതുവരെ’ എന്ന രചനയില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് തുടങ്ങാം.
‘അധ്യാപകന്‍ ആയിരുന്ന കാലത്തെ ഒരു അനുഭവം ഇപ്പോഴും ഇടക്കിടെ ഒരു ധര്‍മപ്രഹേളികയായി മനസ്സില്‍ വരാറുണ്ട്. യൂനിവേഴ്സിറ്റി നടത്തുന്ന പരീക്ഷ. ഒരു അവസാന വര്‍ഷ വിദ്യാര്‍ഥി കോപ്പിയടിക്കുന്നു. അയാള്‍ വരച്ചും കുറിച്ചും കൊണ്ടുവന്ന കടലാസ് ഞാന്‍ കണ്ടു. നോക്കിയപ്പോള്‍ ഉത്തരം എഴുതിക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ പറഞ്ഞു. ‘ഒന്നുകില്‍ റിപ്പോര്‍ട്ട് ചെയ്യാം. മൂന്നുവര്‍ഷം ഡീബാര്‍ തീര്‍ച്ച. അല്ളെങ്കില്‍ നിങ്ങള്‍ ഈ ഉത്തരം വെട്ടുന്നു. മറ്റൊരു ചോദ്യത്തിന് ഉത്തരം എഴുതുന്നു. ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല’. അയാള്‍ ഉത്തരം വെട്ടാം എന്ന് സമ്മതിച്ചു. കുട്ടിക്കടലാസ് ഞാന്‍ പോക്കറ്റിലിട്ടു. ‘ഒടുവില്‍ ഒന്നുകൂടെ ഞാന്‍ നോക്കും. ഇപ്പോള്‍ വെട്ടിയത് താഴെ പകര്‍ത്തുകയോ മറ്റോ ചെയ്താല്‍ റിപ്പോര്‍ട്ട് ചെയ്യും’ അത് ചെയ്യേണ്ടി വന്നില്ല. അയാള്‍ ജയിച്ചോ തോറ്റോ എന്നൊന്നും അറിഞ്ഞുകൂട. കരുണയുടെ കസവുകരയാണ് നീതിക്ക് ഭംഗി പകരുന്നത് എന്ന് പറയാം. അതോ ഞാന്‍ തെറ്റാണോ ചെയ്തത്? അസ്ഥാനത്തായിരുന്നോ ദാക്ഷിണ്യം? ഇപ്പോഴും എനിക്ക് ഉറപ്പില്ല. ദൈവം വിധിക്കട്ടെ.
സിവില്‍ സര്‍വിസ് പരീക്ഷയുടെ ഭാഗമായി എത്തിക്സിനെക്കുറിച്ച് ഒരു പേപ്പര്‍ ഉള്‍പ്പെടുത്തുന്നു എന്ന് കടലാസില്‍ വായിച്ചപ്പോള്‍ പെട്ടെന്ന് എന്‍െറ മനസ്സില്‍ തെളിഞ്ഞത് ആ പരീക്ഷാമുറിയുടെ ചിത്രമാണ്. 22ാമത്തെ വയസ്സില്‍ മന$സാക്ഷിയോടല്ലാതെ മറ്റാരോടും ആലോചിക്കാതെ എടുത്ത ആ തീരുമാനത്തെക്കുറിച്ചുള്ള സംശയം. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഒഴിയാതെ ബാക്കിയാണ്.
ഇത്തരം സാഹചര്യങ്ങള്‍ നിയമവിദ്യാര്‍ഥികള്‍ക്ക് പരിചിതമായ മുട്ട്കോര്‍ട്ട് പോലെയാണ്. രണ്ടുഭാഗവും വാദിക്കണം. ഞങ്ങള്‍ ഐ.എ.എസ് പരീക്ഷ എഴുതുന്ന കാലത്ത് ജനറല്‍ ഇംഗ്ളീഷ് പേപ്പറില്‍ ഒരു ചോദ്യം പതിവുണ്ടായിരുന്നു. സര്‍വസമ്മതമായ ഒരു സത്യം രേഖപ്പെടുത്തിയിട്ട് അത് തെറ്റാണെന്ന് സമര്‍ഥിക്കാന്‍ പറയുക ‘ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന പ്രസ്താവനയെ ഖണ്ഡിക്കുക’ എന്ന ചോദ്യത്തിന് ഉത്തരം എഴുതിയതും ആ ഉത്തരത്തില്‍ ‘ജനത്തിന്‍െറ നന്മക്കായി ഒരു മനുഷ്യനെ ബലിയാടാക്കുന്നത് അധര്‍മമല്ല’ എന്ന് ശ്രീയേശുവിനെ കൊലക്ക് ഏല്‍പിച്ച കയ്യാഫാസ് എന്ന യഹൂദ മതമേധാവി ന്യായം പറഞ്ഞ സംഭവം ഉദ്ധരിച്ചതും ഓര്‍മയിലുണ്ട്. അവിടെ ശരിയോ തെറ്റോ എന്നതല്ല ചര്‍ച്ച. ശരി എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതിനെ തെറ്റ് എന്ന് തെളിയിക്കാനാണ് പറയുന്നത്. അതായത,് ശരിയും തെറ്റും പരിശോധിക്കാനുള്ള കഴിവ് ആയിരുന്നില്ല അക്കാലത്ത് പരിശോധിക്കപ്പെട്ടിരുന്നത്. ഒരു പൊട്ടകേസ് കൈയില്‍ കിട്ടിയാലും വാദം കൊണ്ടുപിടിച്ചുനില്‍ക്കാന്‍ പോന്ന മസ്തിഷ്കസിദ്ധി നിങ്ങള്‍ക്കുണ്ടോ എന്നതായിരുന്നു.
മൂല്യങ്ങള്‍ക്ക് കാലാതീത പ്രസക്തി ഉണ്ടോ എന്നതായിരുന്നു 2013ലെ മെയിന്‍സ് പരീക്ഷയിലെ ഒരു ചോദ്യം. അത്ര ലളിതമായിട്ടല്ല അത് ചോദിച്ചതെന്ന് മാത്രം. ചോദ്യകര്‍ത്താവ് എഴുതിയത് ഇങ്ങനെ: ‘Some people feel that values keep changing with time and situation, while others strongly believe that there are certain universal and eternal human values,Give your perception in this regard with due justification (150 words)’.
ഈ ചോദ്യത്തിനുള്ള ഉത്തരം ഒരു പാഠപുസ്തകത്തില്‍നിന്ന് കൃത്യമായി ഹൃദ്യസ്ഥമാക്കാന്‍ കഴിയുന്നതല്ല. മൂന്നു കാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത്. ഒന്നാമത് വായിലൊതുങ്ങാത്ത വാക്കുകളുടെ ചുരുക്കം എന്താണ് എന്ന് കൃത്യമായി ഗ്രഹിക്കുക. രണ്ടാമത് കാലാതീതമായ മൂല്യശ്രേണി എന്നൊന്നുണ്ടോ എന്ന് ആലോചിക്കുക, കായേല്‍ ഹാബേലിനെ കൊന്നു എന്ന് ബൈബ്ള്‍ പറയുന്നു. മത്തായി മര്‍ക്കോസുമായി കലഹിക്കുകയും മര്‍ക്കോസിനെ കൊല്ലുകയും ചെയ്ത് എന്ന് നാം പത്രത്തില്‍ വായിക്കുന്നു. വഴിപാടിനെക്കുറിച്ചായിരുന്നു പണ്ട് തര്‍ക്കം. ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റിനെക്കുറിച്ചാണ് മത്തായിയും മര്‍ക്കോസും തമ്മില്‍ വഴക്കുണ്ടായത്. കലഹവും കൊലപാതകവും ആണ് സാമാന്യ ഘടകങ്ങള്‍. കാലത്തെ അവയോട് ബന്ധിപ്പിക്കേണ്ടതുണ്ടോ? ശരി, ആലോചിച്ചു. പല ഉദാഹരണങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. ഒടുവില്‍ നമ്മുടെ ഉത്തരം മനസ്സില്‍ രൂപപ്പെട്ടു. ഇനിയാണ് അടുത്ത പ്രശ്നം. 150 വാക്കുകളില്‍ ഒതുങ്ങണം ഉത്തരം. അത് യുക്തിഭദ്രമാകണം. ഭാഷ നന്നായിരിക്കണം.
ഇതേ ചോദ്യക്കടലാസില്‍ സര്‍ക്കാര്‍ ജോലിയിലെ ചില സാഹചര്യങ്ങള്‍ ഉദ്ധരിച്ചിട്ട് നിങ്ങളായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന മട്ടിലുള്ള പ്രശ്നാവലിയും കാണാം. അവിടെയും ഉത്തരം ഒരു പുസ്തകത്തിലും കിട്ടുകയില്ല.
ഇതോടൊപ്പം പറയേണ്ട ചിലതുണ്ട്. നമ്മുടെ സമൂഹത്തിന്‍െറ മൂല്യബോധം നമ്മുടെ ഉത്തരങ്ങളില്‍ യഥായോഗ്യം തെളിയണം. അത് നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഒന്ന് മതം തന്നെ. എല്ലാ മതങ്ങളും പൊതുവായ ധര്‍മബോധത്തില്‍ യോജിക്കും. രണ്ട്, നമ്മുടെ ഭരണഘടനയും നിയമങ്ങളും. മൂന്ന്, നമ്മുടെ ആചാര്യസ്ഥാനീയരുടെ ദര്‍ശനങ്ങളും ഉപദേശങ്ങളും.
അതേസമയം, നാം ശ്രദ്ധിക്കാതെ പോകുന്ന ധര്‍മഭ്രംശങ്ങള്‍ നമ്മുടെ പൊതുബോധത്തിലുണ്ട് എന്ന് തിരിച്ചറിയണം. പത്തുമുപ്പത് കൊല്ലം മുമ്പ് മനോരമയുടെ അന്നത്തെ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു എന്നോട് ചോദിച്ചു: ‘എന്‍െറ ടെലിഫോണ്‍ കേടാകുമ്പോള്‍ ഞാന്‍ ലൈന്‍മാനെ വിളിക്കുന്നു, വിളിച്ചാലുടനെ വരും. നന്നാക്കും. നല്ല പെരുമാറ്റം. പോകുമ്പോള്‍ ഞാന്‍ ഒരു 10 രൂപ സമ്മാനമായി കൊടുക്കും. അത് തെറ്റാണോ’? തെറ്റാണ് എന്ന് പറഞ്ഞാല്‍ പോര, ഇങ്ങനെയൊരു ചോദ്യം സിവില്‍ സര്‍വീസ് പരീക്ഷക്ക് വന്നാല്‍. എന്തുകൊണ്ട് തെറ്റെന്ന് വിശദീകരിക്കാന്‍ കഴിയണം. മറ്റുള്ളവരില്‍നിന്ന് കൈമടക്ക് പ്രതീക്ഷിക്കാന്‍ പ്രേരണയാകും, ഉപകാരസ്മരണയും കിട്ടാന്‍പോകുന്ന കൈമടക്കും മുന്‍ഗണനാക്രമത്തെ അട്ടിമറിക്കും, സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നയാള്‍ ഒരു സ്വകാര്യ വ്യക്തി നല്‍കുന്ന പാരിതോഷികം സ്വീകരിക്കരുതെന്ന് തുടങ്ങി നമ്മുടെ ഉത്തരത്തെ ന്യായീകരിക്കാന്‍ കഴിയണം. പൊതുവായി വിഷയം കൈകാര്യം ചെയ്യുന്ന ധാരാളം പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എല്ലാം വലിച്ചുവാരി വായിക്കുകയോ വായിക്കുന്നതെല്ലാം അന്തിമമായ വിധിതീര്‍പ്പ് എന്ന് ഗണിക്കുകയോ ചെയ്യരുതെന്ന് മാത്രം. ഗ്രന്ഥകര്‍ത്താവിന്‍െറ പശ്ചാത്തലം-ദേശീയം, ബൗദ്ധികം, ദാര്‍ശനികം-പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
നോളന്‍ എന്ന് പേരായി ഒരു ജഡ്ജി. മൈക്കിള്‍ പാട്രിക് നോളന്‍. ബ്രിട്ടീഷുകാരന്‍. അദ്ദേഹം അധ്യക്ഷനായിരുന്ന ഒരു സമിതി പൊതുഭരണ മേഖലയിലെ നിലവാരം മെച്ചപ്പെടുത്താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കാച്ചിക്കുറുക്കിയെടുത്തതിനെ നോളന്‍െറ സപ്തതത്ത്വങ്ങള്‍ എന്ന് വിളിച്ചുവരുന്നു.
നിസ്വാര്‍ഥതയാണ് നോളന്‍ തത്ത്വങ്ങളില്‍ ഒന്നാമത്തേത്. അധികാര സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്നവര്‍ സ്വകാര്യലാഭത്തിനായി അധികാരം വിനിയോഗിക്കരുത്. ഓരോ തീരുമാനവും പൊതുജനത്തിന് പ്രയോജനപ്പെടുമോ എന്നാണ് ആലോചിക്കേണ്ടത്.
രണ്ട്. അധികാരസ്ഥാനീയര്‍ ആരോടും കടം പെട്ടിരിക്കരുത്. കടം വാങ്ങിക്കരുത് എന്ന് മാത്രമല്ല, കടപ്പാടുണ്ടാവുന്ന ഒരു സാഹചര്യവും ഉണ്ടാക്കരുത്. റോട്ടറി, ലയണ്‍സ് തുടങ്ങിയ പരിപാടികളിലൊന്നും ഐ.എ.എസുകാര്‍ ചേരരുതെന്ന് ഒരു അലിഖിതനിര്‍ദേശം ഉണ്ട്. അത്തരം ഇടങ്ങളില്‍ വരുന്നവര്‍ പൊതുവെ ധനാഢ്യരും വര്‍ത്തക പ്രമാണികളും ഒക്കെ ആയിരിക്കുമല്ളോ. അവരുമായി ഏറെ അടുത്തിടപഴകിയാല്‍ കൃത്യനിര്‍വഹണത്തിലെ നിഷ്പക്ഷത അപകടത്തിലാവാം. നഗരങ്ങളില്‍ ഓഫിസേഴ്സ് ക്ളബുകള്‍ സ്ഥാപിച്ചിരുന്നതിന്‍െറ കാരണവും മറ്റൊന്നല്ല. തിരുവനന്തപുരത്ത് ഗോള്‍ഫ്, ടെന്നിസ്, ട്രിവാന്‍ഡ്രം ക്ളബുകളില്‍ ഐ.എസ്.എസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായിരുന്നെങ്കിലും ബിസിനസുകാരുമായി സായാഹ്നം പങ്കിടുമായിരുന്നില്ല. അക്കാലത്ത് അംഗങ്ങളായി ബിസിനസുകാര്‍ ഏറെ ഉണ്ടായിരുന്നതുമില്ല. മലബാര്‍ ജില്ലകളില്‍ ജനുവരി ഒന്ന് നാരങ്ങാപ്പെരുന്നാള്‍ ആയിരുന്നു. സായിപ്പ് ഏര്‍പ്പെടുത്തിയ സമ്പ്രദായം. കലക്ടര്‍ക്ക് നവവത്സരാശംസയും ഒരു ചെറുനാരങ്ങയും. മറ്റൊരു പാരിതോഷികവും പാടില്ല.
വസ്തുനിഷ്ഠമായിരിക്കണം തീരുമാനങ്ങള്‍ എന്നതാണ് തൃതീയ നോളന്‍ നിയമം. നിയമനങ്ങള്‍ നടത്തേണ്ടി വരാം, കരാറുകളില്‍ ഏര്‍പ്പെടേണ്ടി വരാം, സര്‍ക്കാര്‍ ബഹുമതികള്‍ക്ക് ശിപാര്‍ശകള്‍ നടത്തേണ്ടി വരാം: ഒന്നിലും ഒരു തരത്തിലും ആത്മനിഷ്ഠപക്ഷപാതങ്ങള്‍ കടന്നുവന്നുകൂട.
നാലാമത് തന്‍െറ തീരുമാനങ്ങളുടെ ഉത്തരവാദിത്തമേല്‍ക്കാന്‍ താന്‍ കടപ്പെട്ടിരിക്കുന്നു. കീഴ് ഉദ്യോഗസ്ഥരെ പഴിചാരാനോ മേലുദ്യോഗസ്ഥന്മാരുടെയോ മന്ത്രിമാരുടെയോ സ്വാധീനത്തെ പഴിക്കാനോ ആര്‍ക്കും അവകാശമില്ല.
അഞ്ച് സുതാര്യത. ഇപ്പോള്‍ വിവരാവകാശ നിയമം ഒക്കെയുണ്ട് ഈ നാട്ടില്‍. നോളന്‍ പറയുന്നത് ഓരോ തീരുമാനവും ഓരോ നടപടിയും നീതിനിഷ്ഠമാണെന്ന് പൗരസഞ്ചയത്തിന് ബോധ്യം വരുന്ന വിധത്തില്‍ വേണം നാം പ്രവര്‍ത്തിക്കാന്‍ എന്നാണ്. ഉത്തരവുകള്‍ സ്വയം സംസാരിക്കുന്നവയായിരിക്കണം. സര്‍ക്കാറിന്‍െറയോ പൊതുസമൂഹത്തിന്‍െറയോ സദുദ്ദേശ്യ പ്രചോദിതമായ താല്‍പര്യങ്ങള്‍ മറിച്ച് അനുശാസിക്കുന്നില്ളെങ്കില്‍ ഒരു നടപടിയും മറച്ചുവെക്കേണ്ടതില്ല; വെച്ചുകൂട.
ആറ് സത്യസന്ധത. കമ്പനികളില്‍ പോലും ഉള്ള നിയമമാണ് ബോര്‍ഡ് പരിഗണിക്കുന്ന വിഷയങ്ങളില്‍ ഒരു ഡയറക്ടര്‍ക്ക് വ്യക്തിപരമായി താല്‍പര്യം ഉണ്ടെങ്കില്‍ അദ്ദേഹം ആ തീരുമാനം സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന്. പബ്ളിക് സര്‍വിസ് കമീഷനുവേണ്ടി ചോദ്യക്കടലാസ് തയാറാക്കുമ്പോഴും ‘എന്‍െറ അടുത്ത ബന്ധുക്കള്‍ ഈ പരീക്ഷ എഴുതുന്നില്ല’ എന്ന് സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. താല്‍പര്യങ്ങളുടെ വൈരുധ്യം തീരുമാനങ്ങളില്‍ നിഴലിച്ചുകൂട. ഒടുവിലായി നേതൃത്വവും മാതൃകയും ഇപ്പറഞ്ഞതൊക്കെ പാലിക്കുന്നവനാണ് താന്‍ എന്ന് സഹപ്രവര്‍ത്തകരെയും കീഴ് ജീവനക്കാരെയും ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയണം.
ചുരുക്കിപ്പറഞ്ഞാല്‍ എത്തിക്സ് എന്താണ് എന്ന് അറിയണം. അത് തത്ത്വശാസ്ത്രത്തിലെ ഒരു വിജ്ഞാന ശാഖയാണ് എന്നും അതിന് ദാര്‍ശനികവും മാനകവും പ്രയുക്തവുമായ ഉപസരണികള്‍ ഉണ്ടെന്നും അറിയണം. ധര്‍മശാസ്ത്ര ചിന്തകളുടെ സ്രോതസ്സുകള്‍-മതഗ്രന്ഥങ്ങള്‍, പാരമ്പര്യങ്ങള്‍, സമൂഹത്തിന്‍െറ ആചാര നിബന്ധനകള്‍, സാഹിത്യ ഇതാദ്യ-ഗ്രഹിച്ചിരിക്കണം. പ്രായോഗികത, ധാര്‍മികത, പൊതുനന്മ തുടങ്ങി അവയുടെ വിവിധ വശങ്ങളും വിഭിന്നവ്യവഹാര മേഖലകളില്‍ അവയുടെ പ്രസക്തിയും അറിഞ്ഞിരിക്കണം. അവരവരുടെ ജീവിതത്തിലെ സാഹചര്യങ്ങളില്‍ നേരിട്ടിട്ടുള്ള ചെറുതും വലുതുമായ പ്രശ്നങ്ങളെ എത്തിക്സുമായി ബന്ധപ്പെടുത്തി ആലോചിക്കുന്നത് കൊള്ളാം. അയല്‍ക്കാരന്‍െറ പറമ്പിലെ പൂവും മാമ്പഴവും വഴിപോക്കന്‍ കൈയടക്കി പോകുന്നത് കണ്ടാല്‍ കമാന്ന് മിണ്ടാതിരിക്കണോ എന്ന് തുടങ്ങി എന്തെല്ലാം സാഹചര്യങ്ങളുണ്ടാവാം ദൈനംദിന ജീവിതത്തില്‍നിന്ന് ചോദ്യക്കടലാസിലേക്ക് പറിച്ചുനടാവുന്നവ.
സോക്രട്ടീസ് മുതല്‍ രംഗനാഥാനന്ദ സ്വാമികള്‍ വരെ, ഋഗ്വേദം മുതല്‍ ഖുര്‍ആന്‍ വരെ, പൈത്തഗോറസ് മുതല്‍ ഐന്‍സ്റ്റൈന്‍ വരെ- പറഞ്ഞാല്‍ തീരാത്തതും എണ്ണിയാല്‍ ഒടുങ്ങാത്തതുമായ സംഗതികളാണ് ഈ പേപ്പറിന്‍െറ പരിധിയില്‍ പ്രതീക്ഷിക്കാവുന്നത്.
ഉദ്യോഗത്തിന്‍െറ ഉന്നത ശ്രേണികളില്‍ എത്തുന്നവരെക്കുറിച്ചുള്ള ഭാരതീയ സങ്കല്‍പം.
ധീരന്മാര്‍ ന്യായപഥത്തില്‍നിന്ന് വഴിമാറുന്നില്ല എന്നതാണ് ഐ.എ.എസിന്‍െറ മുദ്രാവാക്യമായ ഗീതാസൂക്തം-യോഗ: കര്‍മസുകൗശലം-അനുശാസിക്കുന്നതാകട്ടെ കര്‍മകുശലതയുടെ കര്‍തൃത്വമോ ഭോക്തൃത്വമോ കര്‍മം ചെയ്യുന്നവന് അവകാശപ്പെടാവുന്നതല്ല എന്നാണ് താനും. അപ്പോള്‍ ഭോജപ്രബന്ധത്തില്‍ പറയുമ്പോലെ ‘മഹതാം ക്രിയാ സിദ്ധി: സത്വേ ഭവതി ഉപകരണേ ന’ എന്നതാണ് സത്യം: ക്രിയാസിദ്ധി വ്യക്തിത്വത്തിലാണ് ഉപകരണത്തിലല്ല. അസ്ത്രമല്ല പാര്‍ഥനാണ് പ്രധാനം.
(കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയിലെ പ്രഭാഷണത്തില്‍നിന്ന്)
http://www.madhyamam.com/news/317723/141031
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക