Image

എട്ടുപേരെ രക്ഷിച്ചശേഷം ഇരുവരും മരണത്തിലേക്ക്‌.....

Published on 11 December, 2011
എട്ടുപേരെ രക്ഷിച്ചശേഷം ഇരുവരും മരണത്തിലേക്ക്‌.....
കൊല്‍ക്കൊത്ത: സ്വന്തം രക്ഷ മറന്ന്‌ എട്ടുപേരുടെ ജീവന്‍ രക്ഷിച്ചശേഷമാണ്‌ ബംഗാളിലെ എ.എം.ആര്‍.ഐ ആശുപ്രയിലുണ്ടായ തീപിടുത്തത്തില്‍ മലയാളി നഴ്‌സുമാരെ അഗ്നി കവര്‍ന്നെടുത്തത്‌. വനിതാ വാര്‍ഡില്‍ ചികിത്സയിലായിരുന്ന എട്ടുപേരെ രക്ഷപ്പെടുത്തിയതിനു ശേഷം ഒടിവും ചതവുമായി കിടന്ന മറ്റൊരാളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണു ചൂടും പുകയുമേറ്റ്‌ ഇരുവരും മരണത്തിനു കീഴടങ്ങിയതെന്നു ആശുപത്രി സൂപ്രണ്ട്‌ സുമിനി പറഞ്ഞു.

നൈറ്റ്‌ ഡ്യൂട്ടിയിലായിരുന്ന വിനീത തീയും പുകയും പടരുന്നതുകണ്ട്‌ സ്വയം രക്ഷപ്പെടാനല്ല, താന്‍ ശുശ്രൂഷിച്ച രോഗികളെ രക്ഷിക്കാനാണ്‌ ശ്രമിച്ചത്‌. എട്ടു പേരെയാണ്‌ വിനീതയും സഹപ്രവര്‍ത്തകയും ചേര്‍ന്ന്‌ രക്ഷിച്ചത്‌.

രക്ഷാദൗത്യത്തിനിടയിലും കേരളത്തിലുള്ള അമ്മയെ ഫോണില്‍ വിളിച്ചു രമ്യ സംഭവം വിവരിച്ചിരുന്നു. മകളുടെ അവസാന ശബ്‌ദമാണു താന്‍ കേള്‍ക്കുന്നതെന്ന്‌ അപ്പോള്‍ ആ അമ്മ അറിഞ്ഞിരുന്നില്ല. ആശുപത്രി നിറയെ പുക നിറഞ്ഞിരിക്കുകയാണെന്നും ശ്വസിക്കാന്‍ പാടുപെടുകയാണെന്നും രമ്യ അമ്മയോടു പറഞ്ഞു. മുഴുവന്‍ സംസാരിക്കുംമുന്‍പു ടെലിഫോണ്‍ ബന്ധം വിച്‌ഛേദിക്കപ്പെട്ടു. പിന്നീടു കൊല്‍ക്കത്തയില്‍ നിന്നുള്ള മറ്റൊരു നഴ്‌സ്‌ ആണു രമ്യയുടെ ജീവന്‍ പൊലിഞ്ഞതായി ബന്ധുക്കളെ അറിയിച്ചത്‌.

ഉഴവൂര്‍ മാച്ചേരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യ (24), കോതനല്ലൂര്‍ പുളിക്കില്‍ കുഞ്ഞുമോന്റെ മകള്‍ വിനീത (മണിക്കുട്ടി-23) എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാത്രി ജന്മനാട്ടിലെത്തിക്കും. ഇരുവരുടെയും ബന്ധുക്കള്‍ കൊല്‍ക്കത്തയില്‍ എത്തി. ശവസംസ്‌കാരം തിങ്കളാഴ്ച നടക്കും. 

രബീന്ദ്രസദന്‍ എസ്.എസ്.കെ.എം. ഗവ. ആസ്പത്രി മോര്‍ച്ചറിയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 8ന് മൃതദേഹങ്ങള്‍ എംബാം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വിനീതയുടെ മൃതദേഹം രാവിലെ 9ന് കൊല്‍ക്കത്ത ബൊഹാലയിലെ സെന്റ് തോമസ് പള്ളിയില്‍ അല്പസമയം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 10 മണിക്ക് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ബിനാലി മലയാളിസമാജം ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. 

11 മണിയോടെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിക്കും. ഞായറാഴ്ച രാത്രി 7.25 ഓടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിമാനം നെടുമ്പാശ്ശേരിയില്‍ എത്തും. ഇവിടെനിന്ന് മൃതദേഹങ്ങള്‍ കേരള സര്‍ക്കാരിന്റെ ആംബുലന്‍സില്‍ ഉഴവൂരിലെയും കോതനല്ലൂരിലെയും വീടുകളില്‍ എത്തിക്കും. ഉഴവൂരില്‍ മാച്ചേരില്‍ വീട് ഉള്‍പ്പെടുന്ന 12 സെന്റിന്റെ തെക്കെ മൂലയിലാവും തിങ്കളാഴ്ച രമ്യയ്ക്കായി ചിതയൊരുങ്ങുക. വിനീതയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചാമക്കാല പാറേല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
എട്ടുപേരെ രക്ഷിച്ചശേഷം ഇരുവരും മരണത്തിലേക്ക്‌.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക