Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ :അദ്ധ്യായം 5; കൊല്ലം തെല്‍മ)

Published on 01 November, 2014
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ :അദ്ധ്യായം 5; കൊല്ലം തെല്‍മ)
അദ്ധ്യായം 5
നടന്‍ ഗോവര്‍ദ്ധന്‍ തന്റെ അകന്ന ഒരു ബന്ധുവാണ്. ആ സ്വാതന്ത്ര്യത്തില്‍ തന്റെ വ്യക്തിപരമായ പല കാര്യങ്ങളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഒരുമിച്ചഭിനയിക്കുമ്പോള്‍പോലും ബഹുമാനവും സ്വാതന്ത്ര്യവും സൂക്ഷിച്ചു.

അമേരിക്കയിലെ ജീവിതത്തിനിടയില്‍ പലതവണ ഫോണില്‍ സംസാരിച്ചപ്പോഴും അദ്ദേഹം പറയുകയുണ്ടായി “കെല്‍സിയുടെ സ്വരത്തില്‍ മൗനദുഃഖത്തിന്റെ ചുവ കലര്‍ന്നിട്ടുണ്ടല്ലോ. നീയെന്തോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. എന്തോ മറച്ചുവയ്ക്കുന്നുണ്ട്? നിനക്കവിടെ സുഖമല്ലേ? എന്നോടു പറയാന് മടിയാണെങ്കില്‍ നിര്‍ബന്ധിക്കുന്നില്ല.”

മുത്തുകള്‍ ചിന്നിചിതറിയപോലുള്ള ഗോവര്‍ദ്ധന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അറിയാതെ ഹൃദയം തേങ്ങി. അതുവരെ തളംകെട്ടിനിന്നിരുന്ന മൂകദുഃഖം ഒരു പൊട്ടിക്കരച്ചിലായി അണപൊട്ടി ഒഴുകി… ഒടുവില്‍ അദ്ദേഹത്തോട് എല്ലാം തുറന്നുപറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സില്‍ രഹസ്യങ്ങള്‍ സുരക്ഷിതമായിരിക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.

അജിത്തേട്ടനെ കരിവാരിതേയ്ക്കാനായിരുന്നില്ല. തനിക്കു പറ്റിയ ഒരുചെറിയ അബദ്ധം ഒരു തെറ്റായ വാക്കിന്റെ അമളി- അതു വരുത്തിവച്ചവിന.... അതു പൊറുക്കാനാവാത്ത അജിത്തേട്ടന്‍….
എല്ലാം കേട്ടുകഴിഞ്ഞിട്ട് ഗോവര്‍ദ്ധന്‍ പറഞ്ഞത് ഈ ലോകത്തിന്റെ ആരംഭം മുതല്‍ ഇതുവരെ നടന്നിട്ടുള്ള ദുരന്തങ്ങളെല്ലാം ഒരേയൊരു വാക്കിന്റെ അബദ്ധത്തോടെയാണെന്ന്. പുരാണത്തില്‍ നിന്നും മഹാഭാരതത്തില്‍നിന്നും പല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി. പുള്ളിക്കാരന് ഒരു ഫിലോസഫറിന്റെ തത്വചിന്തകളാണ്. ഒടുവില്‍ ബൈബിളിന്റെ പഴയനിയമത്തില്‍ നിന്ന് ഒരുത്തമ ഉദാഹരണം ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ അന്ധാളിച്ചുപോയി.

കെല്‍സിക്കറിയാമോ ബൈബിളിലെ ഒരു സംഭവകഥ? ചില ബൈബിള്‍ സത്യങ്ങള്‍ നമ്മുടെ കണ്ണുകള്‍ തുറപ്പിക്കുന്നവയാണ്. “അതിനൊരു ഉദാഹരണമാണ് ലൂസിഫര്‍ എന്ന മാലാഖയുടെ അധഃപതനം. അയാള്‍ ദൈവത്തോട് അസൂയപ്പെട്ടു. അയാള്‍ക്കും ദൈവത്തെപ്പോളെ ആകണമത്രെ. ആ ചിന്ത മനസ്സില്‍ വന്ന മാത്രയില്‍ ദൈവം അയാളെ സ്വര്‍ഗ്ഗത്തില്‍നിന്ന് നിഷ്‌കാസിതനാക്കി.”

“എന്റെ പൊന്നു കെല്‍സി നീയെന്തിനാണ് വിടുവാ തുറക്കാന്‍ പോയത്? അതിപ്പോള്‍ വിനയായി മാറിയില്ലേ? പക്ഷെ എനിക്കു തോന്നുന്നു, കുഞ്ഞുങ്ങള്‍ പിറന്നു കഴിയുമ്പോള്‍ നിന്റെ അജിത്തേട്ടന്റെ മനസു മാറുമെന്ന്. നീ ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്ക് മനസ്സിന് ഈ അവസരത്തില്‍ വിഷമം തട്ടിക്കാതെ  സന്തോഷവതിയായിരിക്കൂ. എന്റെ പ്രാര്‍ത്ഥന എപ്പോഴുമുണ്ടായിരിക്കും. കൂടെക്കൂടെ ഞാന്‍ വിളിക്കുന്നുണ്ട്.”

ഫിലോസഫി പറയുന്ന ഗോവര്‍ദ്ധന്‍ ഒരു നല്ല നടന്‍ എന്നതിലുപരി ടി.വി. ഗെയിംഷോയുടെ അവതാരകന്‍ കൂടിയാണ്.

എത്ര തിരക്കേറിയ അഭിനയജീവിതത്തിനിടയിലും 'ഭാര്യ'യെ ദേവതയെപ്പോലെ കാണുന്ന കലാകാരന്‍. നാക്കെടുത്താല്‍ ഭാര്യ, മക്കള്‍. അവരുടെ കാര്യം കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും ജീവിതത്തില്‍. ഇത്രയധികം കുടുംബത്തെ സ്‌നേഹിക്കുന്ന ഒരു നടന്‍ മലയാളത്തിലില്ല എന്നുതന്നെ പറയാം.

“കെല്‍സി മാഡം…” ദിവാസ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു ഹോം നഴ്‌സാണ്. റുട്ടീന്‍ ചെക്കപ്പിനുള്ള തയ്യാറെടുപ്പില്‍ വന്നതാണ്.

പ്രസവത്തിനുള്ള സമയം അടുത്തുവരുന്തോറും സന്തോഷത്തിലേറെ, ഭീതിയും അസ്വസ്ഥതകളും കെല്‍സിയെ വേട്ടയാടി. താന്‍ പൂര്‍ണ്ണഗര്‍ഭിണിയായികഴിഞ്ഞു. ഏതു ദിവസവും 'ലേബര്‍ പെയിന്‍'  ഉണ്ടാകാം. എന്നിരിക്കിലും അജിത്തേട്ടന്റെ മനോഭാവത്തില്‍ യാതൊരു മാറ്റങ്ങളും കാണുന്നില്ല. തന്നെ, താങ്ങി നടത്തേണ്ട സമയമാണിത്.

ഇനി പ്രസവം കഴിഞ്ഞ് തന്നെ നാടുകടത്തുമോ? ഓര്‍മ്മ വന്നത് 'ഡയാന' എന്ന നടിയെയായിരുന്നു. താനുമൊത്ത് ധാരാളം സിനിമകളില്‍ 'ഡയാനാ' എന്ന വലിയകണ്ണുകളുള്ള നടി അഭിനയിച്ചിരുന്നു.
'ഡയാന' യുടെ ഒരു സിനിമയില്‍ ഗര്‍ഭിണിയായ അവളെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നാടുകടുത്ത രംഗമുണ്ട്. അതിദാരുണമായ ആ രംഗം ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു. നിറവയറോടെ അവള്‍ ദുഃഖിതയായി ദിവസങ്ങള്‍ തള്ളിനീക്കുന്ന ആ കഥമറക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുകയില്ല.

നടി 'ഡയാന' യ്ക്ക് ഇന്ന് എത്രയെത്ര സീരിയലുകള്‍! ഉണ്ണിക്കണ്ണന്റെ അമ്മയായിപ്പോലും അഭിനയിച്ച് അരങ്ങുതകര്‍ത്തില്ലേ? ഇപ്പോള്‍ എല്ലാവരും ഒമ്പതര മണിയാകാന്‍ കാത്തിരിക്കും. 'ഡയാനാ' അഭിനയിക്കുന്ന സീരിയലുകള്‍ കാണാന്‍. അതില്‍ ഡയാന തന്നെയാണ് പ്രധാന കഥാപാത്രവും. ആ സീരിയല്‍ കാണുന്നവര്‍ അവള്‍ കരയുമ്പോള്‍ അവളോടൊപ്പം കരഞ്ഞുപോകും.

ഇതൊക്കെ ഓര്‍മ്മ വരുമ്പോള്‍ തനിക്ക് ഖേദം തോന്നുന്നു- അമേരിക്കക്കാരനായ ഒരുവനെ കെട്ടിയതില്‍. കലാകാരനെ കെട്ടിയിരുന്നെങ്കില്‍ ഡയാനയെപ്പോലെ വിവാഹത്തിനുശേഷവും അഭിനയിക്കാമായിരുന്നില്ലേ. ഇപ്പോള്‍ അതുമില്ല- ഒരു നല്ല ജീവിതവുമില്ല. പണം മാത്രമുണ്ട്. “മണി ഈസ് നോട്ട് എവരിതിംഗ്”  എന്ന ചൊല്ല് എത്ര അര്‍ത്ഥവത്താണ്.

അമേരിക്കയിലെ പണക്കാരന്‍ ഭര്‍ത്താവ്. യാതൊന്നിനും കുറവില്ല. ധാരാളിത്തത്വത്തോടെ ജീവിക്കാം. എല്ലാം കയ്യെത്തി പിടിക്കാം. പക്ഷെ എന്തു പ്രയോജനം? സന്തോഷവും ജീവിതവും നഷ്ടപ്പെട്ടില്ലേ? തന്റെ കലാജീവിതം ബലികഴിച്ചിട്ടാണ് വിവാഹജീവിതത്തിലേക്ക് കാലൂന്നിയത്. ഇപ്പോള്‍ ഉള്ള കഞ്ഞിയില്‍ പാറ്റ വീണതുപോലെ. 'അടിയും കൊണ്ടും, പുളിയും തിന്നു' എന്ന മട്ടിലായി ജീവിതം. ഏതായാലും ഇതിനൊരു പരിഹാരം കണ്ടെത്തിയേ മതിയാകൂ. പ്രസവം കഴിയട്ടെ, അജിത്തേട്ടന്റെ മനസ്സ് മാറുമെന്നുള്ള ആത്മവിശ്വാസത്തിലാണ് താനിപ്പോള്‍.

എന്നിട്ടും മാറിയില്ലെങ്കില്‍ വിട്ടൊഴിഞ്ഞ് പോകും. അതെ, അതിന് തനിക്ക് ന്യായങ്ങളുണ്ട്. ഇനിയും ഈ മൗനപീഢനം സഹിക്കാന്‍ വയ്യ. ഒന്നുകില്‍, കുഞ്ഞുങ്ങളും ഭര്‍ത്താവുമൊപ്പം ഒരു നല്ല ജീവിതം, അല്ലെങ്കില്‍ എല്ലാം ഉപേക്ഷിച്ച് വീണ്ടും സിനിമയിലേക്ക്…

ചിന്തകളില്‍ മുഴുകി കെല്‍സി അങ്ങനെയിരിക്കെ പെട്ടെന്നാണ് സംഭവിച്ചത്…
“അമ്മേ എനിക്കു വയ്യ, വേദനിക്കുന്നു. 'ലേബര്‍ പെയിന്‍' ആരംഭിച്ചിരിക്കുന്നു. തന്റെ അവശത കണ്ടിട്ട് മെയിഡ് ഓടിച്ചെന്ന് ഹോംനഴ്‌സിനേയും പിന്നെ അജിത്തേട്ടനെയും വിളിച്ചു.
തൊണ്ടവരളുന്നു. വേദന സഹിക്കവയ്യ….

അജിത്തും നഴ്‌സുംകൂടി കെല്‍സിയെ താങ്ങിപിടിച്ച് കാറില്‍ കയറ്റി…. നേരത്തെ തയ്യാറാക്കിവച്ചിരുന്ന ബാഗേജുകള്‍ എല്ലാം പെട്ടെന്നുതന്നെ കാറില്‍ കയറ്റി… കാര്‍ ഹോസ്പിറ്റലിലേയ്ക്ക് വിട്ടും.

എല്ലാം പെട്ടെന്നു കഴിഞ്ഞു. സിസേറിയന്‍, ഒരു മോള്, ഒരു മോന്‍. തന്റെ ഓമനമക്കള്‍, മാറിമാറി അവരെ പാലൂട്ടുമ്പോള്‍ എല്ലാം ദുഃഖങ്ങളും മാഞ്ഞുപോകുന്നു.
മാസം മൂന്നു കഴിഞ്ഞു. അജിത്തേട്ടന്‍ വൈകിട്ടുവന്നുകഴിഞ്ഞാല്‍ പിന്നെ കുഞ്ഞുമക്കളെ തലോടാന്‍ തനിക്കു കിട്ടത്തില്ല. അവര്‍ പിന്നെ അജിത്തേട്ടന്റെ റൂമിലായിരിക്കും. ഏട്ടന്‍ അവരെ കൊഞ്ചിച്ചും ഉമ്മവച്ചും താരാട്ടുപാടിയും ആനന്ദനിര്‍വൃതിയിലാറാടും.

പാലിനായി കരയുമ്പോള്‍ മാത്രം മെയ്ഡിന്റെ കൈയ്യില്‍ കൊടുത്തുവിടും. താന്‍ പാലൂട്ടി കഴിഞ്ഞാലുടന്‍ കുഞ്ഞുങ്ങള്‍ വീണ്ടും അജിത്തേട്ടന്റെ കസ്റ്റഡിയില്‍.

അതുകൊണ്ട് പകല്‍സമയങ്ങളില്‍ പൊന്നോമനകളോടൊത്ത് എത്രമാത്രം സമയം ചിലവഴിക്കാമോ അത്രയും സന്തോഷം. പകല്‍ സ്വന്തം കുഞ്ഞുങ്ങളെ വാടകയ്‌ക്കെടുത്തതുപോലെ. വൈകീട്ടും അവധി ദിവസങ്ങളിലും ഏട്ടനൊടൊപ്പം കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് - പാലൂട്ടാന്‍ വാടകയ്‌ക്കെടുത്ത സ്വന്തം അമ്മ…

ഈ ജീവിതം ഇങ്ങനെ തുടരാനാണോ അജിത്തേട്ടന്റെ ഭാവം? രണ്ട് ഓമനക്കുഞ്ഞുങ്ങളെ നല്‍കിയില്ലേ? ഇനിയെങ്കിലും പകയുടെ കനല്‍ കെടുത്തിക്കൂടെ? മനസ്സിനുള്ളിലെ കനല്‍ ഊതിയൂതി ആളിപ്പടര്‍ത്താന്‍ തന്നെയാണോ ഏട്ടന്റെ തീരുമാനം?

പക്ഷെ തനിക്കിവിടംവിട്ട് പോകാനാകുന്നില്ല. ഈ ചക്കരക്കുടങ്ങളെ വിട്ട് നാട്ടില്‍പോയി സന്തോഷമായി ഒരു നിമിഷമെങ്കിലും കഴിയാന്‍ തനിക്കാവുമോ?

ആദ്യത്തെ തീരുമാനത്തിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. പൊന്നോമനകളെ കാണുമ്പോള്‍ പെറ്റവയറ് തുടിക്കുന്നു. ഏട്ടന്റെ സ്‌നേഹം കിട്ടിയില്ലെങ്കിലും അവഗണിക്കപ്പെട്ടവളാണെങ്കിലും- അതിന്റെ ഇരട്ടി മധുരമുള്ള ഉള്‍പുളകം- ആനന്ദനിര്‍വൃതി, ഈശ്വരന്‍ തനിക്കു നല്‍കിയില്ലേ? അതെ, ഈ പിഞ്ചോമനകളെ കാണുമ്പോള്‍- ഇനി തനിക്ക് എന്തു ദുഃഖം. ദുഃഖത്തിന്റെ ഇലകള്‍ കൊഴിഞ്ഞുപോയിരിക്കുന്നു. ഇനി ഒരു വസന്തം, അതാണ് തന്റെ ചക്കരകുടങ്ങള്‍! അവരില്‍ കൂടിയാണ് ഇനിയുള്ള തന്റെ സന്തോഷം- ഒരു പുതിയ ജീവിതം! അജിത്തേട്ടന്റെ ഹൃദയകാഠിന്യവും പകയും മറന്നേക്കുക. അപ്പോള്‍ തന്റെ സന്തോഷമെല്ലാം ഈ ഓമന മക്കളാണ്. ഒന്നല്ല, രണ്ടെണ്ണത്തിനെ ഒറ്റയടിക്കല്ലേ ദൈവം അകമഴിഞ്ഞ് നല്‍കിയിരിക്കുന്നത്. താന്‍ എല്ലാം മറന്ന് ആനന്ദിക്കുവാന്‍ പോകുന്നു. ഈ കുഞ്ഞുങ്ങളാണ് ഇനി തന്റെ നവോന്മേഷം!

അജിത്തേട്ടന്റെ പകക്ക് ഇനി എന്നെ കീഴടക്കാന്‍ പറ്റുകയില്ല. ഞാന്‍ ജീവിക്കുന്നു. എല്ലാം മറന്ന് ജീവിക്കുന്നു. ജനാലക്ക് വെളിയില്‍ മഗ്നോളിയ പൂത്തുലഞ്ഞു നില്‍ക്കുന്നു. തന്റെ മനസ്സുനിറയെ സൗരഭ്യംപരത്തുന്ന ഒരായിരം പിങ്ക് കലര്‍ന്ന വെളുത്ത മഗ്നോളിയ പൂക്കള്‍!

ടി.വി.യില്‍ ഗസലിന്റെ ഈണം ഒഴുകിവന്നു. ഒരു സീരിയല്‍ രംഗം. വിനയാമ്മയാണ് നായിക. സീരിയല്‍ വേഷങ്ങളിലെ സൗന്ദര്യറാണി വിടര്‍ന്ന് തിളക്കമുള്ള കണ്ണുകള്‍, മുല്ലപ്പൂമൊട്ടുകള്‍ പോലുള്ള വെള്ളരിപല്ലുകള്‍. അമേരിക്കനൈസ്ഡ് സ്റ്റൈലില്‍ ബ്രൂണറ്റ് കളറില്‍ അലക്ടല്‍ ഞൊറിയുന്ന തലമുടിയഴക്.

ഏതൊരു പുരുഷനും കാമിച്ചുപോകും, കണ്ണെടുക്കാതെ നോക്കിനിന്നുപോകും. കുഞ്ഞുങ്ങള്‍ ഉച്ചയുറക്കത്തിലാണ്. 'ക്യാറ്റ് നാപ്' എന്നാണ് അമേരിക്കന്‍സ് ഉച്ചയുറക്കത്തിനു പറയുന്നത്. വീട്ടിലിരിക്കുന്നവര്‍ അത് കുട്ടികളായാലും മുതിര്‍ന്നവരായാലും ഉച്ചക്ക് 'നാപ്' എടുത്തിരിക്കും. സ്പാനിഷ്‌കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'സിയസ്റ്റാ'.

സ്പാനിഷ്‌കാരുടെ ഉച്ചഭക്ഷണം ഒരുത്സവം പോലെയാണ്. അതിനവര്‍ ഫിയസ്റ്റാ എന്നു പറയും. 'ഫീസ്റ്റ്'  അതായത് 'ഫിയസ്റ്റാ' കഴിഞ്ഞാല്‍ 'സിയസ്റ്റാ'.

ഇപ്പോള്‍ തനിക്ക് ഇവിടുത്തുകാരുടെ രീതികളും മറ്റു വിവിധ രാജ്യക്കാരുടെ സംസ്‌ക്കാരങ്ങളും ഭാഷകളുമൊക്കെ നല്ലവശമായി തുടങ്ങി. പുറത്തുപോകുമ്പോള്‍ സ്പാനിഷ് സ്റ്റോറുകളില്‍ മുറിയന്‍ സ്പാനിഷ് പറയാന്‍ പഠിച്ചു. ഇറ്റാലിയന്‍ കടകളില്‍ പോയാല്‍ അല്പാല്പം 'ഇറ്റലിയാനോ' യും പറയാന്‍ മിടുക്കിയായിക്കഴിഞ്ഞു.

ചുരുക്കത്തില്‍ താനും അമേരിക്കക്കാരി ആയിത്തുടങ്ങി. ഒരിക്കല്‍ മലയാളികള്‍ അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന ഒരു മലയാളം ആഴ്ചപ്പതിപ്പില്‍ തന്റെ മുഖചിത്രം ആവശ്യപ്പെട്ടു.

സ്റ്റൈലന്‍ ഹാറ്റ് റിബ്ബണ്‍സ്, പൂക്കള്‍ എന്നിവ തുന്നിപ്പിടിപ്പിച്ച ഒരു സ്റ്റൈലന്‍ തൊപ്പിയും- ബ്രൗണ്‍ സണ്‍ഗ്ലാസ്സും വച്ച് ഒരു റോസാപുഷ്പത്തിന്റെ തണ്ട് കടിച്ചുപിടിച്ചുകൊണ്ട് ഒരുഗ്രന്‍ പോസില്‍ എടുത്ത ഫോട്ടോ അവര്‍ക്കുകൊടുത്തു.

മുഖചിത്രം, കവര്‍പേജിലടിച്ചുവന്നപ്പോള്‍ വിശ്വസിക്കാന്‍ തോന്നിയില്ല, അതൊരു മലയാളി നടിയുടേതാണെന്ന്. അമേരിക്കയിലെ 'ഹസ്സല്‍ ആന്‍ഡ് ബസ്സില്‍'  ജീവിതത്തിനിടയില്‍ അല്പം വികൃതി!


ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍ :അദ്ധ്യായം 5; കൊല്ലം തെല്‍മ)
Join WhatsApp News
Manohar 2014-11-03 09:55:21
Nannayittundu Thelma, Abhinandanagal!!
Sacharia 2014-11-05 09:05:02
Novel is getting real interesting!! No wonder that Recognitions and Awards are knocking at your door one after the other. Hearty Congratulations!! Sacharia Thomas
Dr.Mini Joseph 2014-11-06 08:50:35
Congratulations Thelma, Novel adipoli aakunnundu. Congratulations for the prestigious Award, you desrve it!! Mini
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക