Image

കുമളിയില്‍ സംഘര്‍ഷാവസ്ഥ; ലാത്തിച്ചാര്‍ജ്‌

Published on 11 December, 2011
കുമളിയില്‍ സംഘര്‍ഷാവസ്ഥ; ലാത്തിച്ചാര്‍ജ്‌
കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കുമളിയില്‍ തമിഴ്‌ സംഘം അതിര്‍ത്തിയിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ. ഇന്ന്‌ ഉച്ചയ്‌ക്ക്‌ കുമളിയില്‍ പ്രതിഷേധിക്കാനെത്തിയ ആയിരത്തോളം വരുന്ന തമിഴ്‌നാട്ടുകാരെ തമിഴ്‌നാട്‌ പോലീസ്‌ തടയുകയായിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട്‌ കുത്തിയിരുപ്പ്‌ സമരം നടത്തി.

ഇതിനിടെ പ്രതിഷേധക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയ തമിഴ്‌നാട്‌ മന്ത്രി പനീര്‍ശെല്‍വത്തിന്‌ നേരെ ചെരുപ്പേറുണ്‌ടായി. തുടര്‍ന്നാണ്‌ പോലീസ്‌ ലാത്തിവീശിയത്‌.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ ഐ.ജി ആര്‍. ശ്രീലേഖ ഞായറാഴ്‌ച രാവിലെ കുമളി സന്ദര്‍ശിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ അവര്‍ വിലയിരുത്തി. കുമളിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചുവെന്ന്‌ പറഞ്ഞു. പ്രതിഷേധക്കാര്‍ കേരളത്തിലേക്ക്‌ നുഴഞ്ഞു കയറുന്നത്‌ തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

അക്രമ സംഭവങ്ങള്‍ തടയാന്‍ കേരള അതിര്‍ത്തിയില്‍ തമിഴ്‌നാട്‌ പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌. ഐ.ജിയുടെ നേതൃത്വത്തില്‍ 500 പോലീസുകാരെ അതിര്‍ത്തി പ്രദേശത്ത്‌ വിന്യസിച്ചിട്ടുണ്ടെന്ന്‌ ഡി.ജി.പി കെ രാമാനുജം പറഞ്ഞു.

ഇന്നലെ കേരളത്തിനെതിരെ തമിഴ്‌ ജനക്കൂട്ടം അതിര്‍ത്തി കടന്ന്‌ അക്രമം അഴിച്ചുവിട്ടിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ദിവസങ്ങളായി ഗൂഡല്ലൂര്‍ തെരുവുകളില്‍ അക്രമം നടത്തുന്ന സംഘം നാട്ടുകാരെ സംഘടിപ്പിച്ച്‌ വന്‍പ്രതിഷേധ പ്രകടനമായി ഉച്ചയോടെ സംസ്ഥാന അതിര്‍ത്തിയിലേക്ക്‌ എത്തുകയായിരുന്നു. മലയാളികളെ ഭീഷണിപ്പെടുത്തിയ സംഘം കല്ലെറിയുകയും ആളുകളെ വിരട്ടിയോടിക്കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക