Image

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചന: ജോയ്‌സ് ജോര്‍ജ് എം.പി.

Published on 05 November, 2014
ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചന: ജോയ്‌സ് ജോര്‍ജ്  എം.പി.
തൊടുപുഴ : ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം നടത്തുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചന ഉണ്ടെന്നും യാത്രയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ കോളനിവത്ക്കരണത്തിന് ശ്രമിക്കുന്ന അന്താരാഷ്ട്ര പദ്ധതികള്‍ ഇടുക്കിയുടെ മണ്ണില്‍ അനുവദിക്കില്ലെന്നും എന്ത് വിലകൊടുത്തും എച്ച്.ആര്‍.എം.എല്‍. പദ്ധതിയെ ചെറുക്കുമെന്നും എം.പി പറഞ്ഞു.  പഴയ വൈദേശിക ആധിപത്യത്തിലേക്ക് കേരളനാടിനെ മടക്കിക്കൊണ്ടുപോകാന്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ഭരണകൂടം വഴങ്ങുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
30 ലക്ഷം അമേരിക്കന്‍ ഡോളറിന് മലയോര ജനതയെ ഒറ്റുകൊടുക്കാന്‍ സാമ്രാജ്യത്വ ശക്തികളുമായി  കൈകോര്‍ക്കുന്ന ഉദ്യോഗസ്ഥ മേധാവികള്‍ക്ക് കൃഷിക്കാരന്റെ മണ്ണില്‍ ചവിട്ടി നില്‍ക്കാന്‍ ഇടം നല്‍കില്ലെന്നും പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും ജോയ്‌സ് ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. ഇടുക്കിയിലെ കൃഷിയിടങ്ങള്‍ ഇ.എഫ്.എല്‍ ആയി പ്രഖ്യാപിച്ചതിനും കാര്‍ഷിക പാക്കേജ് നഷ്ടപ്പെടുത്തിയതിനും ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സ്‌കേപ്പ് പ്രോജക്ടിനും പിന്നില്‍ നിഗൂഡ താല്‍പ്പര്യങ്ങളുള്ള ഉദ്യോഗസ്ഥലോബിയാണ്. ജനങ്ങളുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് വരുത്തുന്നതിനാണ് രണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികള്‍ ഇത്തരം ഉദ്യോഗസ്ഥ•ാരുടെ കെണിയില്‍പ്പെടുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. 
ഇന്‍ഡ്യാ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സ്‌കേപ്പ് പ്രോജക്ട് (എച്ച്.ആര്‍.എം.എല്‍.) അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണില്‍ തയ്യാറാക്കപ്പെട്ടതാണ്. യു.എന്‍.ഡി.പി.യും ഗ്ലോബല്‍ എന്‍വയോണ്‍മെന്റല്‍ ഫെസിലിറ്റിയും ചേര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്. ഈ പദ്ധതി ഇടുക്കി, എറണാകുളം, ജില്ലകളിലെ മലയോര മേഖലകളില്‍ നടപ്പിലാക്കാനാണ് ഉദ്യോഗസ്ഥശ്രമം. ജൂണ്‍ 27 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ താന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഈ പദ്ധതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. എന്നാല്‍ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സമ്മതിച്ചതോടെ പദ്ധതി നടപ്പിലാക്കില്ലെന്ന് മുഴുവന്‍ എം.പി.മാരുടെയും സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പിന്നീട് എം.പി.മാരുടെ യോഗത്തിന്റെ മിനിട്ട്‌സ് പുറത്തുവന്നപ്പോള്‍ ഈ ഭാഗം പൂര്‍ണ്ണമായി ഒഴിവാക്കപ്പെട്ടു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മിനിട്ട്‌സ് ഒഴിവാക്കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ ഇടപെടലും ഗൂഡാലോചനയും ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നു.
അമേരിക്കയിലിരുന്ന് ഇടുക്കിയിലെ കുന്നുകളെ സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിന്റെ പിന്നിലെ ഗൂഢതന്ത്രം തിരിച്ചറിയാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. 11600 ഹെക്ടര്‍ കൃഷിസ്ഥലം സംരക്ഷിത വനപ്രദേശമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത്. 37100 ഹെക്ടര്‍ നിലവിലുള്ള സംരക്ഷിത വനപ്രദേശത്ത് സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ വനപ്രദേശങ്ങളെ നിയന്ത്രിക്കുമ്പോള്‍ ആദിവാസികളുള്‍പ്പെടെയുള്ളവരുടെ ജീവിതത്തിന് വില പറയുകയാണ്. സ്വകാര്യ ഭൂമികള്‍ക്കിടയിലുള്ള ചെറുകാടുകളെപോലും തമ്മില്‍ ബന്ധിപ്പിക്കുകയും ഇതിലേക്ക് കൃഷിഭൂമിയിലൂടെ ഇടനാഴികള്‍ സൃഷ്ടിക്കണമെന്നും പദ്ധതിയില്‍ പറയുന്നു. ഏലത്തോട്ടങ്ങളിലെ നിഴല്‍ മരങ്ങളുടെ ശിഖിരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്നും ഇലക്കൊഴുപ്പുണ്ടെങ്കിലെ പൂവാലന്‍ കുരങ്ങനും മലയണ്ണാനും ഭക്ഷണം കഴിക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് പദ്ധതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പരിസ്ഥിതി സൗഹൃദ കൃഷി രീതികളാണ് മലയോര മേഖലയില്‍ അവലംബിച്ചുപോരുന്നത്.
പരിസ്ഥിതിക്കും ജൈവവൈവിദ്ധ്യത്തിനും ഇണങ്ങാത്ത കൃഷിരീതികള്‍ ഇടുക്കിയിലില്ല. വനപ്രദേശങ്ങളെ കൃത്യതയോടെ സംരക്ഷിക്കുന്നതിനും മലയോരവാസികള്‍ എന്നും പിന്തുണ നല്‍കുന്നവരാണ്.  250 കോടി രൂപയുടെ പുതിയ പദ്ധതിയുമായി കൃഷിഭൂമി വനഭൂമിയാക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇടുക്കിയുടെ മണ്ണില്‍ പ്രവേശനം അസാദ്ധ്യമാണ്. മലയോര ഹൈവേയുടെ നിര്‍മ്മാണം തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഹിഡന്‍ അജണ്ട താമസിയാതെ പുറംലോകമറിയും. ഇത്തരം നിഗൂഢ താല്‍പ്പര്യക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ഭരണാധികാരികള്‍  കുടിയേറ്റ ജനതയുടെ മനസില്‍ നിന്നും ഒഴിവാക്കപ്പെട്ടുകഴിഞ്ഞു.
അമേരിക്കയ്ക്കും വികസിത രാജ്യങ്ങള്‍ക്കും വിടുപണി ചെയ്യുന്ന ഭരണകൂടത്തിന്റെ പിണിയാളുകളാകാന്‍ ഇടുക്കിയിലെ ജനതയെ വിട്ടുകൊടുക്കില്ലെന്നും വീണ്ടും കോളനിവാസത്തിലേക്ക് മലയോര ജനതയെ തള്ളിവിടാന്‍ ശ്രമിക്കുന്ന പട്ടണവാസികളായ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ ബഹുജനങ്ങള്‍ക്കിടയില്‍ ആശയപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി. വ്യക്തമാക്കി. 

Join WhatsApp News
ജനകീയൻ 2014-11-06 03:31:24
വിദേശ പര്യടനത്തിൻറെ ആവിശ്യമെന്തെന്നു അന്വേഷിക്കുന്നതു നല്ലതു തന്നെ. അമേരിക്കയും ആസ്ട്രേലിയയും കണ്ടു രസിച്ചു നടക്കാനും കള്ളപ്പണ നിക്ഷേപങ്ങൾക്കും ഉദ്യോഗസ്ഥരും മന്ത്രിമാരും എംപി-എം.എൽ.എ-മാരും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും (കേന്ദ്രത്തിൽ നിന്നും) ചിലവഴിക്കുന്ന വൻപിച്ച തുക ഇവെരെല്ലാവരുംകൂടി കയ്യടിച്ചു പാസാക്കുകയാണ് ചെയ്തു പോരുന്നത്. ഇദ്ദേഹത്തിനെ ഇക്കാര്യത്തിൽ തഴഞ്ഞതാവണം, പതിവിനു വിരുദ്ധമായി, ഈ അലപ്പുണ്ടാക്കുന്നതിനു കാരണം. വനഭൂമി കയ്യേറി കൃഷി നടത്തുന്നതു ഒരു പതിവാക്കിയിരിക്കുന്ന മാഫിയാകളുടെ കയ്യാളായി കളിക്കുന്ന നേതാവുമാവാം. കൃഷിഭൂമി വനഭൂമിയാക്കുന്ന ടെക്കനോളജി പഠിക്കാൻ ആസ്ട്രേലിയായിലൊ അമേരിക്കയിലോ പോവേണ്ട കാര്യമില്ല. അതുപോലെ വനഭൂമി വെട്ടിപ്പിടുത്തം ന്യായീകരിക്കാൻ ഉദ്യോഗസ്ഥന്റെ വിദേശ പര്യടനക്കഥ കൂട്ടിക്കുഴക്കേണ്ടതില്ല. രണ്ടും അഴിമതി തന്നെ. ഇതിനു ഒരാഴ്ചയോ, ഒരു മാസമോ ജയിലിൽ സുഖവാസം നല്കുന്നതു നിറുത്തി, ചൈനയിൽ ചെയ്യും പോലെ നിറതോക്കിനു മുന്നിൽ നിറുത്തി കഥയവസാനിപ്പിക്കുന്ന വിദ്യ ഉടൻ ആരംഭിക്കണം. അല്ലാതെ ഈ കൊള്ള നിൽക്കാൻ പോവുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക