Image

കെ.സി.ബി.സി സമ്മേളനം നാളെ മുതല്‍ ‍(13.12.2011)

Published on 12 December, 2011
കെ.സി.ബി.സി സമ്മേളനം നാളെ മുതല്‍ ‍(13.12.2011)

കൊച്ചി: കേരള കത്തേലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനം നാളെ മുതല്‍ (13.12.2011) മൂന്നു ദിവസങ്ങളിലായി കൊച്ചിയിലെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ വെച്ച് നടക്കും. നാളെ രാവിലെ നടക്കുന്ന കേരള കത്തോലിക്കാസഭയുടെ പൊതുപാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സിലിന്റെ യോഗത്തില്‍ കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. കേരള കത്തോലിക്കാസഭയിലെ മെത്രാന്മാരും, അല്മായ നേതാക്കളും സന്ന്യസ്തരുടെ പ്രതിനിധികളും, വൈദികപ്രതിനിധികളും, കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തില്‍ കേരളസഭയില്‍ നടപ്പിലാക്കാന്‍ പോകുന്ന പരിസ്ഥിതി നയരേഖയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കും. നയരേഖയുടെ അവതരണം മൂവാറ്റുപുഴ മലങ്കര കത്തോലിക്കാ രൂപാതാധ്യക്ഷന്‍ അബ്രഹാം മാര്‍ യൂലിയോസ് നടത്തും.

നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിക്കുന്ന ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനത്തില്‍ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാസഭകളിലെ മെത്രാന്മാരെ കൂടാതെ ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ, സി.എസ്.ഐ. എന്നീ സഭകളിലെ മെത്രാന്മാരും പങ്കെടുക്കും. അഴിമതിരഹിത സമൂഹം, ജീവന്റെ മഹത്ത്വം എന്നീ വിഷയങ്ങള്‍ ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

14,15 തീയതികളിലായി കെസിബിസി സമ്മേളനം നടക്കും. കെസിബിസി യുടെ 21 കമ്മീഷനുകളുടെയും 24 ഡിപ്പാര്‍ട്ടുമെന്റുകളുടെയും റിപ്പോര്‍ട്ടുകള്‍ സമ്മേളനത്തില്‍ സെക്രട്ടറിമാര്‍ അവതരിപ്പിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം അടക്കം സഭയും സമൂഹവുമായി ബന്ധപ്പെട്ട പതിനാലോളം വിഷയങ്ങള്‍ കെസിബിസി സമ്മേളനം ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങള്‍ കൈക്കൊള്ളു കയും ചെയ്യും. കേരള കത്തോലിക്കാസഭയിലെ 49 മെത്രാന്മാരില്‍ 38 പേര്‍ കെസിബിസി സമ്മേളനത്തില്‍ പങ്കെടുക്കും.


റവ. ഡോ. സ്റ്റീഫന്‍ ആലത്തറ
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, കെ.സി.ബി.സി.
ഡയറക്ടര്‍, പി.ഒ.സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക