Image

ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബം പട്ടിണിയില്‍; സിനിമാക്കാര്‍ തിരിഞ്ഞുനോക്കിയില്ല

Published on 08 November, 2014
ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബം പട്ടിണിയില്‍; സിനിമാക്കാര്‍ തിരിഞ്ഞുനോക്കിയില്ല

പാലക്കാട്: മലയാള സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് ഇപ്പോള്‍ കണ്ണീരുണങ്ങാത്ത ദിനരാത്രങ്ങള്‍. ഒടുവിലിന്റെ ഭാര്യ പത്മജയും മകളായ പദ്മിനിയും അവരുടെ മക്കളും ആഹാരത്തിനും ചികിത്സയ്ക്കും വകയില്ലാതെ പെടാപ്പാടു പെടുകയാണെന്ന് പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.ഒടുവിലിന്റെ മരണ ശേഷം ചലച്ചിത്ര അക്കാദമി നല്‍കുന്ന 1000 രൂപ പെന്‍ഷനും പേരക്കുട്ടിക്ക് ലഭിക്കുന്ന വികാലംഗ പെന്‍ഷനും മാത്രമാണ് ഈ കുടുംബത്തിന്റെ ആശ്രയം.

 ആയിരം രൂപ കൊണ്ട് എങ്ങനെ കുടുംബം നയിക്കും എന്നറിയാതെ പലപ്പോഴും പകച്ചു നില്‍ക്കുകയാണ് ഒടുവിലിന്റെ ഭാര്യ. മകളുടെ കുട്ടിക്ക് മാനസിക വളര്‍ച്ചയില്ല. അതിന്റെ പേരില്‍ കിട്ടുന്ന തുച്ഛമായ തുക മരുന്നു വാങ്ങാന്‍ പോലും തികയാറില്ല. പത്മിനിയെയും അസുഖങ്ങള്‍ അലട്ടുന്നുണ്ട്.

ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ഈ നടനെ ഇന്ന് സിനിമയും സിനിമക്കാരും മറന്ന് കഴിഞ്ഞു.

അഭിനേതാക്കളുടെ സംഘടയായ അമ്മയോ അതിന്റെ അമരക്കാരോ ഒടുവിലിന്റെ മരണ ശേഷം ഈ കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 1970 ലെ ദര്‍ശനം ആയിരുന്നു ആദ്യ സിനിമ. എ. വിന്‍സന്റ് സംവിധാനം ചെയ്ത് ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ. പിന്നീട് 400 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രമുഖ സംവിധായകരായ തോപ്പില്‍ ഭാസി, ഹരിഹരന്‍, സത്യന്‍ അന്തിക്കാട് എന്നിവരോടൊപ്പമൊക്കെ ഉണ്ണികൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വൃക്കയുടെ പ്രശ്‌നങ്ങള്‍ കൊണ്ട് അദ്ദേഹം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 2006 മേയ് 26 നാണ് അന്തരിച്ചത്. 

Join WhatsApp News
Vivekan 2014-11-08 20:26:44
സിനിമാ നടന്മാരും നടികളും, പ്രത്യേകിച്ചു 'ഒടുവിലിനെ'പ്പോലെ പ്രശസ്തിയും നീണ്ടകാലം അഭിനയം നടത്തുകയും ചെയ്തിട്ടുള്ളവർ ഇത്തരത്തിൽ പാപ്പരാവുക തികച്ചും അസാദ്ധ്യമാണ്. ഒരു താണ സർക്കാർ ഉദ്യോഗസ്ഥനും അവസാന കാലം ഇങ്ങനെ സംഭവിക്കാതെ യിരിക്കാൻ കേരളത്തിൽ സാധിക്കുമ്പോൾ, 'ഒടുവിലിനു' ഇത്തരത്തിൽ കുടുംബത്തെ ഇട്ടേച്ചു പോവേണ്ട ഗതികേടു വന്നതു മറ്റാരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. സ്വന്തമായി ഒന്നും ഉണ്ടാക്കാൻ പറ്റാത്ത രീതിയിലുള്ള പടങ്ങൾ അല്ല 1970 മുതൽ - 400 എണ്ണം - അദ്ദേഹം ചെയ്തത്. ഏതാനും ലക്ഷം രൂപ ഇവർക്ക് വാർദ്ധക്യത്തിലേക്ക് നീക്കി വെക്കാനോ വസ്തു വാങ്ങാനോ ആയില്ല എന്നു വന്നത് സിനിമാ കണ്ടവരോ സംഘാടകരോ ചെയ്ത തെറ്റല്ല. മകളെ കെട്ടിച്ചു വിട്ടതല്ലേ? കെട്ടിയവനും കുടുംബത്തിനും അവരുടെ കാര്യം നോക്കാൻ കഴിയേണ്ടതല്ലേ? അവരും ഈ പട്ടിണിയിൽ പങ്കു ചേരാൻ ഇടയായാതെങ്ങിനെ?
ഒരു വയറിനൊപ്പം രണ്ടു കൈകൾ ദൈവം നൽകിയതു പല മനുഷ്യരും ഉപയൊഗിക്കാതെ  മറ്റൊരാളെ സമീപിക്കുന്നതു ഭാരതത്തിൽ വളരെ കൂടുതൽ ആണ്‌. സമൂഹം ഒരു പരിധിവരെ സഹായിക്കേണ്ടതുണ്ട്, കൈകൾ പ്രവർത്തിക്കാനാവാതെ പോയ നിർഭാഗ്യരായ മനുഷർക്കു വേണ്ടി. പക്ഷേ, പണമുണ്ടാക്കാൻ കഴിഞ്ഞവർക്കു സമൂഹം സഹായിക്കണം എന്നു കരുതുന്നതു ശരിയല്ല.

Aniyankunju 2014-11-10 15:48:47
...അന്തരിച്ച നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന ചാനല്‍വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഒടുവിലിന്റെ ഭാര്യ പത്മജയും ഒടുവില്‍ ഫൗണ്ടേഷന്‍ ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒടുവിലിന്റെ മൂത്തമകള്‍ പത്മിനി ഒരു ചാനലിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കുട്ടിയുടെ അസുഖം കാരണം ദുഃഖിതയായ പത്മിനി അതിന്റെ വേദനയാണ് പങ്കുവച്ചതെന്നും ഇത് ദാരിദ്ര്യത്തിന്റെ പ്രശ്നമല്ലെന്നും ഒടുവിലിന്റെ ഭാര്യ പത്മജ പറഞ്ഞു.ഒടുവില്‍ ഒരുപാടൊന്നും സമ്പാദിച്ചു കൂട്ടിയിരുന്നില്ലെങ്കിലും മാന്യമായി ജീവിക്കാനുള്ളത് ഉണ്ടാക്കിനല്‍കിയിരുന്നു. മാത്രമല്ല, തന്റെ അമ്മ പത്മിനിക്കുട്ടി നേത്യാരുടെ പെന്‍ഷനുമുണ്ട്. ജീവിക്കാന്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല. ഒടുവില്‍ പണി കഴിപ്പിച്ച "നീലാഞ്ജനം' എന്ന വീട്ടിലാണ് പത്മിനി താമസിക്കുന്നത്. അവരുടെ ഭര്‍ത്താവ് വിദേശത്തുമാണ്. അകത്തേത്തറയില്‍ അവര്‍ക്ക് സ്വന്തമായി വീടുണ്ട്. രോഗബാധയുള്ളതിനാല്‍ ആ വിഷമംമാത്രമാണ് അവര്‍ക്കുള്ളത്. രണ്ടാമത്തെ മകള്‍ ശാലിനി കുടുംബത്തോടൊപ്പം തൃശൂരിലാണ് താമസം. ഒടുവിലിന്റെ രോഗാവസ്ഥയില്‍ പലരും സഹായിച്ചിട്ടുണ്ട്. മരണശേഷം സിനിമാലോകത്തുള്‍പ്പെടെ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ഒടുവില്‍ ഫൗണ്ടേഷന്റെ എല്ലാ സഹകരണവും എപ്പോഴും ഒപ്പമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ചാനല്‍വാര്‍ത്ത ഒടുവിലിന്റെ കുടുംബത്തെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരെയും വേദനിപ്പിച്ചുവെന്ന് പത്മജ പറഞ്ഞു....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക