Image

വ്യത്യസ്‌തമായ ലുക്ക്‌ അത്ര നിസാരമല്ല

Published on 07 November, 2014
വ്യത്യസ്‌തമായ ലുക്ക്‌ അത്ര നിസാരമല്ല
അപ്പോത്തിക്കരി എന്ന സിനിമയില്‍ ജയസൂര്യയുടെ കോലം കണ്ട്‌ ആരാധകര്‍ ഒന്നടങ്കം ഞെട്ടിയ കഥ കോളിവുഡില്‍ പാട്ടാണ്‌. നല്ല കഥയ്‌ക്കും കഥാപാത്രത്തിനും വേണ്ടി എന്തു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകുന്ന ജയസൂര്യക്കു പക്ഷേ അതൊന്നും പ്രശ്‌നമല്ല. ശരീര ഭാരം കുറയ്‌ക്കുന്നതോ, മെലിയുന്നതോ, മസില്‍ പെരുപ്പിക്കാന്‍ ജിംനേഷ്യത്തില്‍ രാപ്പകല്‍ കഷ്‌ടപ്പെടുന്നതോ മുടി വളര്‍ത്തുന്നതോ മൊട്ടയടിക്കുന്നതോ .....അങ്ങനെയൊന്നും ഒരു പ്രശ്‌നവുമല്ല. കഥാപാത്രമാണ്‌ പ്രധാനം.

മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്കു വേണ്ടി താരങ്ങള്‍ കൈയ്‌മെയ്‌ മറന്നു പണിയെടുക്കാന്‍ തയ്യാറാകുന്നത്‌ തികച്ചും നല്ല ലക്ഷണം തന്നെ എന്നു വേണം കരുതാന്‍. അപ്പോത്തിക്കരി എന്ന സിനിമയിലെ കാന്‍സര്‍ രോഗിയായ കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കു വേണ്ടി ഏറെ നാള്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ സിക്‌സ്‌ പായ്‌ക്കാണ്‌ ആകെ ഉടച്ചു വാര്‍ത്ത്‌ ജയസൂര്യ ഒരു പരുവത്തിലാത്തിയത്‌. ചിത്രം കണ്ടിറങ്ങിയവരെല്ലാം ജയസൂര്യയുടെ ഒരു കോലം എന്നു പറഞ്ഞ്‌ മൂക്കത്തു വിരല്‍ വയ്‌ക്കുകയും ചെയ്‌തു. ഒന്നും രണ്ടുമല്ല, ഒറ്റയടിക്കു പത്തുകിലോ കുറച്ചു കൊണ്ടാണ്‌ താരം തന്റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയത്‌.

ഇപ്പോള്‍ ഇതാ അപ്പോത്തിക്കരിക്കു പിന്നാലെ മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനം ചെയ്യുന്ന ആട്‌ ഒരു ഭീകര ജീവിയാണ്‌ എന്ന ചിത്രത്തിനു വേണ്ടി തന്റെ ശരീര ഭാരം കൂട്ടിക്കൊണ്ടിരിക്കുകയാണ്‌ താരം. വടംവലി ടീമിന്റെ പ്രൊപ്രൈറ്ററും മാനേജരുമായ ഷാജി പാപ്പനെന്ന കഥാപാത്രത്തെയാണ്‌ ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്‌. കാഴ്‌ചയ്‌ക്ക്‌ നല്ല തടിമിടുക്കും മസില്‍പവറുമൊക്കെ ആവശ്യപ്പെടുന്ന കഥാപാത്രമാണ്‌ ചിത്രത്തില്‍ ജയസൂര്യയുടേത്‌. അപ്പോത്തിക്കരിക്കു വേണ്ടി പട്ടിണി കിടന്ന ക്ഷീണം മാറ്റാന്‍ പുതിയ ചിത്രത്തിനു വേണ്ടി പുതിയ ഭക്ഷണ ക്രമം പാലിച്ചു കൊണ്ട്‌ മസിലും ഭാരവും കൂട്ടുകയാണ്‌ താരം. എഴുപത്തഞ്ച്‌ കിലോയാണ്‌ ഇപ്പോള്‍ ജയസൂര്യയുടെ ഭാരം. അത്‌ അത്ര മോശം വെയ്‌റ്റല്ല. പക്ഷേ പുതിയ സിനിമയ്‌ക്കു വേണ്ടി അടുത്ത ഒരാഴ്‌ചക്കുള്ളില്‍ ശരീരഭാരം എണ്‍പത്‌ കിലോയാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ജയസൂര്യ ജിമ്മില്‍ വിയര്‍പ്പൊഴുക്കുന്നത്‌.

കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കു വേണ്ടിയാണെങ്കില്‍ കൂടി ശരീരത്തെ പല രൂപത്തിലാക്കുമ്പോഴും അതെല്ലാം വളരെ കൃത്യതയോടെയായിരിക്കണമെന്ന്‌ താരത്തിനു നിര്‍ബന്ധമുണ്ട്‌. അതുകൊണ്ടു തന്നെ വാരിവലിച്ചു കഴിച്ച്‌ തടി കൂട്ടാനും പട്ടിണി കിടന്ന്‌ തടി കുറയ്‌ക്കാനുമല്ല ജയസൂര്യയുടെ ശ്രമം. പുതിയ ചിത്രത്തിനു വേണ്ടി ഒരു വിദഗ്‌ധ ഡയറ്റീഷ്യന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ ഓരോ ദിവസത്തെയും ഭക്ഷണത്തിന്റെ മെനു തയ്യാറാക്കിയിട്ടുള്ളത്‌. കാര്‍ബോ ഹൈഡ്രേറ്റ്‌ അടങ്ങിയ ഭക്ഷണമാണ്‌ കഴിക്കുന്നതെങ്കിലും വളരെ ആരോഗ്യദായകമായ ഭക്ഷണരീതിയാണ്‌ താന്‍ പിന്തുടരുന്നതെന്ന്‌ ജയസൂര്യ തന്നെ പറയുന്നു. കൂടാതെ ട്രെയ്‌നറെ വച്ച്‌ ദിവസവും വര്‍ക്ക്‌ ഔട്ടും ചെയ്യുന്നുണ്ട്‌.

തങ്ങളെ ത്രില്ലടിപ്പിച്ച കഥാപാത്രത്തിന്റെ വ്യത്യസ്‌തക്കായി പതിവു ലുക്ക്‌ അപ്പാടെ മാറ്റി മറിച്ച്‌ പരീക്ഷണം നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്‌ത നിരവധി താരങ്ങള്‍ മലയാള സിനിമയിലുണ്ട്‌. 1983 ല്‍ പുറത്തിറങ്ങിയ യാത്ര എന്ന സിനിമയ്‌ക്കു വേണ്ടി മമ്മൂട്ടി തല പൂര്‍ണമായും മൊട്ടയടിച്ചത്‌ അന്ന്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട്‌ കുഞ്ഞിക്കൂനനില്‍ ഗെറ്റപ്പ്‌ പക്കാ മാറ്റി മറിച്ചുകൊണ്ട്‌ ദിലീപും പ്രേക്ഷകന്റെ കൈയ്യടി നേടി. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വിധം തമിഴിലും ഹിന്ദിയിലും നടന്‍മാര്‍ തടി കൂട്ടുകയും കുറയ്‌ക്കുകയും ചെയ്‌തു കൊണ്ട്‌ പല സിനിമകളിലും കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ട്‌. അവിടെ അതൊക്കെ പതിവു സംഭവങ്ങള്‍ മാത്രം.

സിനിമയുടെ കഥയ്‌ക്കും കഥാപാത്രത്തിന്റെ ഘടനക്കും അനുസരിച്ച്‌ നടനെ പരുവപ്പെടുത്തുന്നതില്‍ താരങ്ങളും തങ്ങളുടേതായ സംഭാവന നല്‍കുന്നതിന്റെ ഭാഗമായാണ്‌ ഇത്തരത്തിലുളള തയ്യാറെടുപ്പുകള്‍ എന്നു പറയാതെ വയ്യ. കഥാപാത്രത്തിനനുസരിച്ച്‌ ശരീരത്തെ ഏതുവിധവും മാറ്റിമറിക്കാന്‍ ഇവര്‍ കാട്ടുന്ന ധൈര്യവും സഹനവും നിസാരവുമല്ല.

എന്തു ജോലി ചെയ്യുമ്പോഴും അത്‌ ആസ്വദിച്ച്‌ ചെയ്യണമെന്ന്‌ പറയുന്ന താരം കഥയ്‌ക്ക്‌ വേണ്ടി ഗെറ്റപ്പ്‌ മാറ്റുന്നതില്‍ തനിക്ക്‌ സന്തോഷമേയുള്ളുവെന്ന്‌ പറയുന്നു. മേക്കപ്പ്‌ കൊണ്ട്‌ മുഖത്ത്‌ പല മാറ്റങ്ങളും വരുത്താന്‍ കഴിയും. എന്നാല്‍ ശരീരത്തിന്റെ വണ്ണം കൂട്ടാനും കുറയ്‌ക്കാനും നടനോ നടിയോ വിചാരിച്ചാല്‍ മാത്രമേ കഴിയൂ. എങ്കില്‍ മാത്രമേ അഭിനയത്തിനൊപ്പം കഥാപാത്രത്തിനു വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകളും ആസ്വദിക്കാന്‍ കഴിയൂവെന്നാണ്‌ ജയസൂര്യയുടെ അഭിപ്രായം.

അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിലും വേറിട്ട ലുക്കില്‍ അവതരിക്കുന്ന താരത്തിന്‌ പുതിയ ചിത്രത്തിലും പ്രതീക്ഷയുണ്ട്‌. തലമുടി മുതല്‍ മീശ വരെ പ്രത്യേക സ്റ്റൈലില്‍ ഒരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ്‌ താരം പറയുന്നത്‌. ഹെയര്‍സ്റ്റല്‍, മീശ, താടി ഇവയ്‌ക്കെല്ലാം മേക്കപ്പ്‌മാന്റെ കഴിവുകള്‍ക്കൊപ്പം തന്റെ കൂടി ആശയങ്ങള്‍ ചേര്‍ക്കാറുണ്ടെന്നും ജയസൂര്യ പറഞ്ഞു.
വ്യത്യസ്‌തമായ ലുക്ക്‌ അത്ര നിസാരമല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക