Image

സത്യമോ മിഥ്യയോ? (സന്തോഷ്‌ പിള്ള)

Published on 19 November, 2014
സത്യമോ മിഥ്യയോ? (സന്തോഷ്‌ പിള്ള)
ബാല്യകാല സുഹൃത്തായിരുന്ന ജിതിന്റെ ഭാര്യയുടെ അകാല മരണവാര്‍ത്ത അറിഞ്ഞാണ്‌ ജിതിന്റെ വീട്‌ സന്ദര്‍ശിച്ചത്‌. സ്വീകരണ മുറിയിലിരുന്ന്‌ ജിതിന്‍, ഭാര്യ നീതയുടെ വേര്‍പാടിന്റെ മുമ്പുണ്ടായ സംഭവങ്ങള്‍ വിവരിച്ചു.

മുപ്പതു വര്‍ഷം ദീര്‍ഘിച്ച ഞങ്ങളുടെ ദാമ്പത്യജീവിതത്തില്‍ നീത ഒരിക്കലും സ്വന്തം ചിത്രം എടുക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ മരിക്കുന്നതിന്‌ ഒരാഴ്‌ച മുമ്പ്‌ എന്നെയും കുട്ടികളേയും നിര്‍ബന്ധിച്ച്‌ ഫോട്ടോ സ്റ്റുഡിയോയില്‍ കൊണ്ടുപോയി ഞങ്ങളുടെ കുടുംബചിത്രവും, നീതയുടെ ഒറ്റക്കുള്ള ചിത്രവും എടുപ്പിച്ചു.

ഞങ്ങളുടേത്‌ പ്രണയവിവാഹമായതുകൊണ്ട്‌ നീതയുടെ വീട്ടുകാരുടെ അംഗീകാരം ഉണ്ടായിരുന്നില്ല. അകല്‍ചയില്‍ കഴിയുന്ന മകളോടൊപ്പം കുറച്ചു ദിവസം താമസിക്കണമെന്ന ആഗ്രഹം കലശലായതുകൊണ്ടാണത്രേ. മുപ്പതു വര്‍ഷത്തിനുള്ളില്‍ ആദ്യമായി നീതയുടെ അമ്മ ഇവിടെ എത്തി ഒരാഴ്‌ച ഞങ്ങളോടൊപ്പം താമസിച്ചത്‌.

നീതയുടെ മരണത്തിന്റെ തലേന്ന്‌ സന്ധ്യക്ക്‌ ഓര്‍ക്കാപുറത്തൊരു മഴ എങ്ങുനിന്നോ ഓടി എത്തി. ആദ്യത്തെ ഇടി മിന്നലില്‍ തന്നെ വീടിന്‌ മുന്നിലെ ഇലക്ട്രിക്‌ പോസ്റ്റ്‌ നിന്നു കത്തി. കറുത്തിരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ ആ രാത്രിയെ കൂരിരുട്ടില്‍ ആഴ്‌ത്തിയപ്പോള്‍ മെഴുകുതിരി നാളത്തിന്റെ പ്രകാശത്തില്‍ ഞാന്‍ കലണ്ടറില്‍ നോക്കി അന്ന്‌ കറുത്തവാവായിരുന്നു.

മഴയെല്ലാം ശമിച്ചപ്പോള്‍ പ്രദേശത്തൊന്നും മുമ്പ്‌ കണ്ടിട്ടില്ലാത്ത ഒരു ശുനകന്‍ വീടിന്‌ മുന്‍പിലെത്തി ഓലിയിടുവാന്‍ തുടങ്ങി. ദുശ്ശകുനം ആണല്ലോ ദൈവമേ എന്ന്‌ പറഞ്ഞ്‌ നീതയുടെ അമ്മ ആ ശ്വാനനെ ഓടിച്ചുവിട്ടു. അല്‌പ സമയത്തിനു ശേഷം ആ ഭീകരരാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട്‌ വീടിന്‌ തോക്കുവശത്തായി ഒരു പുള്ളിന്റെ ദീനരോധനം കേള്‍ക്കാറായി. അയല്‍പക്കത്തെങ്ങാനം അത്യാസന്ന നിലയിലുള്ള രോഗികള്‍ ആരെങ്കിലും ഉണ്ടോ എന്ന്‌ നീതയുടെ അമ്മ അന്വേഷിച്ചു. അമ്മയുടെ അഭിപ്രായത്തില്‍ മനുഷ്യര്‍ക്ക്‌ കേട്ടും, കണ്ടും, മണത്തും, രുചിച്ചും, സ്‌പര്‍ശിച്ചും കാര്യങ്ങള്‍ അറിയുവാന്‍ സാധിക്കുന്നതിനേക്കാള്‍ ഉപരിയായി ചില മാര്‍ഗങ്ങള്‍ക്ക്‌ കാര്യങ്ങള്‍ അറിയുവാന്‍ സാധിക്കുമത്രേ. പ്രത്യേകിച്ച്‌ നായ്‌ക്കള്‍ക്ക്‌ പരലോകത്തു നിന്നും വരുന്ന ശക്തികളെ തിരിച്ചറിയുവാന്‍ കഴിയും. ഞങ്ങളുടെ വീടിന്‌ ചുറ്റുപാടും കാണുന്ന ലക്ഷണങ്ങള്‍ വച്ച്‌ നോക്കുമ്പോള്‍ ആ രാത്രി വെളുക്കുമ്പോഴേക്കും എന്ന്‌ നീതയുടെ അമ്മ ഉറപ്പിച്ചു പറഞ്ഞു.

ജിതിന്‍ തന്റെ അനുഭവകഥ തുടര്‍ന്നു പറഞ്ഞു. ഇതൊക്കെ ഒരു അന്ധവിശ്വാസമായിട്ടാണ്‌ അന്ന്‌ എനിക്ക്‌ തോന്നിയിരുന്നത്‌. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോലും ഞാന്‍ പോകാറില്ല. പക്ഷേ ഇപ്പോള്‍ ചിലകാര്യങ്ങള്‍ ആലോചിച്ചിട്ട്‌ ഞാനാകെ ആശയക്കുഴപ്പത്തിലാണ്‌.

നീതയുടെ മരണത്തിന്‌ മുമ്പുള്ള മൂന്നുദിവസങ്ങളിലും ഞാനതു കേട്ടു. രാവിലെ 7.30 മണിയോട്‌ അടുക്കളയില്‍ നിന്നും നീതയുടെ കരച്ചില്‍, നീതക്ക്‌ ഉയരം കുറവായതിനാല്‍ പലപ്പോഴും പാചകം ചെയ്യുന്ന പാത്രങ്ങള്‍ പാതകത്തില്‍ നിന്നും താഴേക്കിറക്കി വരുമ്പോള്‍ കൈകളുടെ വശങ്ങളില്‍ തട്ടി പൊള്ളാറുണ്ട്‌. അങ്ങനെ സംഭവിച്ചതാണെന്ന്‌ കരുതി ഞാന്‍ അടുക്കളയിലേക്ക്‌ ഓടിചെന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ നീത ചായ ഉണ്ടാക്കുന്നതാണ്‌ കണ്ടത്‌. എന്തിനാ കരഞ്ഞത്‌ എന്ന്‌ ഞാന്‍ ചോദിച്ചപ്പോള്‍, ഞാന്‍ കരഞ്ഞില്ല നിങ്ങള്‍ക്കങ്ങനെ തോന്നിയതാകാമെന്ന്‌ നീത ഉത്തരം പറഞ്ഞു. മൂന്നാമത്തെ ദിവസവും 7.30 മണിക്കു തന്നെ കരച്ചില്‍ കേട്ട്‌ അടുക്കളയില്‍ എത്തിയ ഞാന്‍ പെട്ടെന്ന്‌ തിരികെ പോകാന്‍ കൂട്ടാക്കിയില്ല. എന്താണ്‌ ഇവിടെ സംഭവിക്കുന്നത്‌? നീതയുടെ കരച്ചില്‍ ഞാന്‍ വ്യക്തമായി കേട്ടതാണ്‌. നീ എന്നെ കളിപ്പിക്കുകയൊണോ? എന്ന എന്റെ ചോദ്യത്തിന്‌, ജിതിന്‍ വേറെ ശബ്ദം വല്ലതുമാകാം കേട്ടത്‌. വീടിന്റെ മുകളില്‍ ടെറസില്‍ ഒന്ന്‌ കയറി നോക്കിക്കെ ചിലപ്പോള്‍ കിളികള്‍ അവിടെ കൂടുവച്ചിട്ടുണ്ടാകാം എന്ന്‌ നീത മറുപടി പറഞ്ഞു. പക്ഷെ ഞാന്‍ കേട്ടത്‌ നീതയുടെ കരച്ചില്‍ തന്നെയാണ്‌, അതിന്‌ ഒരു സംശയവുമില്ല.

നീതയുടെ മരണത്തിനുശേഷം ജോത്സ്യനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, നീതയുടെ ആത്മാവ്‌ നീത മരിച്ച ദിവസത്തിന്‌ മൂന്ന്‌ ദിവസം മുമ്പേ നീതയുടെ ശരീരത്തില്‍ നിന്നും പോയ്‌ക്കഴിഞ്ഞിരുന്നു എന്ന്‌. മൂന്ന്‌ ദിവസം തുടര്‍ച്ചയായി നീതയുടെ കരച്ചില്‍ കേട്ടകാര്യം ഞാന്‍ മറ്റാരോടും പറഞ്ഞിരുന്നില്ല. ജോത്സ്യന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ഞാനാകെ അമ്പരന്നുപോയി. തുടര്‍ച്ചയായി കരച്ചില്‍ കേട്ടത്‌, ആത്മീയ വിഷയങ്ങളില്‍ അറിവുള്ളവരുമായി ചര്‍ച്ചചെയ്‌തിരുന്നെങ്കില്‍ ഭാര്യയുടെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നോ? പ്രിയതമയുടെ ആയുസ്സിനെ നീട്ടികിട്ടാന്‍ എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായിരുന്ന ഒരു ഭര്‍ത്താവിന്റെ സ്വരമായിരുന്നു അത്‌. നീതയുടെ മരണത്തിന്‌ മുമ്പുള്ള സംഭവങ്ങള്‍ ഞാന്‍ ഇത്രയും നാള്‍ അവിശ്വസിച്ചിരുന്ന പലതും എന്നെക്കൊണ്ട്‌ വിശ്വസിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുന്നു.

ജിതിന്റെ ഉള്ളില്‍ ആളിക്കത്തിയ ശോകാഗ്‌നി ഒന്ന്‌ ശമിച്ചപ്പോള്‍ ഞങ്ങളുടെ സംഭാഷണം തുടങ്ങിയ സമയത്തുള്ള ജിതിന്റെ മുഖത്തിന്‌ വരുന്ന ഭാവപകര്‍ച്ച ഞാന്‍ കണ്ടറിഞ്ഞു. ശരീരമാസകലം സ്‌ഫുരിച്ചുയരുന്ന ഒരു പുത്തനുണര്‍വില്‍ വിറയാര്‍ന്ന ശബ്ദത്താല്‍ ജിതിന്‍ പറഞ്ഞു. സത്യമേത്‌ മിഥ്യയേത്‌ എന്ന്‌ തിരിച്ചറിയാനാവാത്ത ഈ അവസ്ഥയില്‍ 55 വര്‍ഷത്തെ എന്റെ ജീവിതത്തില്‍ ഞാന്‍ ഇതാ ഇപ്പോള്‍ ആദ്യമായി ഏതോ ഒരു അദൃശ്യശക്തിയോട്‌ എന്നെ അസത്യത്തില്‍ നിന്നും സത്യത്തിലേക്ക്‌ നയിക്കണമേ എന്നും. അജ്ഞാനമാകുന്ന ഇരുട്ടില്‍ നിന്നും ജ്ഞാനമാകുന്ന വെളിച്ചത്തില്‍ എത്തിക്കണമെന്നും, ആ ഉള്‍ക്കാഴ്‌ച ഉണര്‍ന്ന്‌ വന്ന്‌ ഞാന്‍ ജനിച്ചിട്ടില്ല എന്നും, ജനിക്കാത്തവന്‍ എങ്ങനെ മരിക്കുമെന്നുമുള്ള തിരിച്ചറിവ്‌ ലഭിക്കേണമേ എന്നും പ്രാര്‍ത്ഥിക്കുന്നു.

ജിതിന്റെ ഭാവപകര്‍ച്ച എന്നെ പരിഭ്രാന്തനാക്കി എങ്കിലും, ബാല്യകാല സുഹൃത്തിന്‌ എന്റെ സന്ദര്‍ശനം അല്‌പം ആശ്വാസം പകര്‍ന്നു കാണാം എന്ന ചാരിതാര്‍ത്ഥ്യത്തോട്‌ ഞാന്‍ വിടപറഞ്ഞു.

സത്യമോ മിഥ്യയോ? (സന്തോഷ്‌ പിള്ള)
Join WhatsApp News
വായനക്കാരൻ 2014-11-19 11:18:36
അസതോമ സത് ഗമയ 
തമസോമ ജ്യോതിര്ഗമയ
മൃത്യോമ അമൃതം ഗമയ..
(ബൃഹദാരണ്യകോപനിഷത്ത്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക