Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-13: സാം നിലമ്പള്ളില്‍)

Published on 22 November, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-13: സാം നിലമ്പള്ളില്‍)
അദ്ധ്യായം പതിമൂന്ന്‌.

പട്ടാളക്കാര്‍ക്ക്‌ യൂണിഫോം തയ്‌ക്കുന്ന യൂണിറ്റിലാണ്‌ സാറയും അലീനയും അന്ന്‌ ജോലിചെയ്‌തത്‌. അലീനക്ക്‌ തയ്യല്‍ അറിയാന്‍ വയ്യാത്തതുകൊണ്ട്‌ ഷര്‍ട്ടില്‍ ബട്ടന്‍സ്‌പിടിപ്പിക്കുന്ന ജോലി ഏല്‍പിച്ചു. ജോലി പ്രയാസമുള്ളതല്ലായിരുന്നു. സൂപ്പര്‍വൈസറുടെ പെരുമാറ്റവും നന്നായിരുന്നു. വൈകുന്നെരം എല്ലാവര്‍ക്കും ഓരോ സോസേജ്‌ സാന്‍വിച്ചും കിട്ടി. സാറ തനിക്കുകിട്ടിയത്‌ മക്കള്‍ക്ക്‌ കൊടുക്കാനായി മാറ്റിവെച്ചു.

മക്കളെപ്പറ്റി പ്രത്യകിച്ചും തന്റെ ഇളയകുഞ്ഞിനെപറ്റിയുള്ള ചിന്തയാണ്‌ അവളെ അലട്ടിക്കൊണ്ടിരുന്നത്‌. അവന്‍ ജനിച്ചിട്ട്‌ ആറുമാസമല്ലേ ആയിട്ടുള്ളു. കാന്റീനിലെ ജോലിക്കാരന്‍ മനസലിഞ്ഞ്‌ കൊടുത്ത ഒരുസ്‌പൂണ്‍ പാല്‍പ്പൊടിയില്‍ പകുതികലക്കികൊടുത്തിട്ടാണ്‌ പോന്നത്‌. ബാക്കിവന്നത്‌ കുഞ്ഞിന്‌ വിശക്കുമ്പോള്‍ കൊടുക്കണമെന്ന്‌ പറഞ്ഞ്‌ ഒരു വയസുചെന്ന സ്‌ത്രീയെ ഏല്‍പിച്ചു. മാല്‍ക്കയും ഐഡലും രാവിലെ ഒരുചെറിയകഷണം റൊട്ടിതിന്നതല്ലാതെ മറ്റൊന്നും കഴിച്ചുകാണുകയില്ല. വീട്ടിലായിരുന്നപ്പോള്‍ കുഞ്ഞങ്ങള്‍ക്ക്‌ ഇഷടപ്പെട്ട ആഹാരം അവള്‍ ഉണ്ടാക്കികൊടുക്കുമായിരുന്നു. മുട്ടയും പാലും പഴങ്ങളുമൊക്കെയാണ്‌ ഐഡലിന്റെ ഇഷ്‌ടപ്പെട്ട ആഹാരം. അവന്‍ മറ്റൊന്നും കഴിക്കാറില്ല. ഇന്ന്‌ രാവിലെ ഉണക്കറൊട്ടി വെള്ളംപോലത്തെ സൂപ്പില്‍മുക്കി കൊടുത്തപ്പോള്‍ അവന്‍ ആര്‍ത്തിയോടെ കഴിക്കുന്നതുകണ്ട്‌ സാറയുടെ കണ്ണുകള്‍ നിറഞ്ഞു. വൈകിട്ട്‌ ചെല്ലുമ്പോള്‍ അവര്‍ക്ക്‌ സാന്‍വിച്ച്‌ കൊടുക്കാമല്ലോയെന്ന്‌ ഓര്‍ത്തപ്പോള്‍ അവള്‍ക്ക്‌ സമാധാനംതോന്നി.

ജോലികഴിഞ്ഞ്‌ എസ്സെസ്സുകാരുടെ ട്രക്കിലാണ്‌ സ്‌ത്രീകളെ തിരികെ കൊണ്ടുപോയത്‌. അത്രയെങ്കിലും ദയകാണിച്ചല്ലോയെന്ന്‌ അലീന പറഞ്ഞു. ഇത്തരം ദയയൊന്നും നാസികളില്‍നിന്നും പ്രതീക്ഷിച്ചുകൂടാത്തതാണ്‌. യഹൂദരെ എത്രത്തോളം കഷ്‌ടപ്പെടുത്താം, അതിനുള്ള വഴികളാണ്‌ അവര്‍ ആലോചിക്കുന്നത്‌. അഞ്ചോ പത്തോ മിനിറ്റുകള്‍കൊണ്ട്‌ നടത്താവുന്ന റോള്‍കോള്‍ മണിക്കൂറുകളോളം മഴയത്തും തണുപ്പിലുംനിറുത്തി കഷ്‌ടപ്പെടുത്തുന്നതിന്റെ അര്‍ത്ഥം പിന്നെന്താണ്‌?

ട്രക്ക്‌ ക്യാമ്പിലെത്തിയപ്പോള്‍ മക്കളെ കാണാനായി അമ്മമാര്‍ ഓടുകയായിരുന്നു. പക്ഷേ, അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ മുറികള്‍ ഒഴിഞ്ഞുകിടക്കുന്നതാണ്‌ കണ്ടത്‌.

മക്കളെവിടെ? കുഞ്ഞുങ്ങളെ നോക്കാന്‍ ഏല്‍പിച്ചിരുന്ന വയസുചെന്ന സ്‌ത്രീകളെയും കാണാനില്ല.

`ഞങ്ങടെ മക്കളെവിടെ?' അവര്‍ ഗാര്‍ഡുകളോട്‌ ചോദിച്ചു. മറുപടി പറയുന്നതിനു പകരം റോള്‍കോളിന്‌ നിരന്നുനില്‍ക്കാന്‍ കല്‍പിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌.

`എന്റെ മക്കളെവിടെയെന്ന്‌ പറഞ്ഞിട്ടുമതി റോള്‍ക്കോള്‍,' സാറ ഒരു ഗാര്‍ഡിന്റെ ഉടുപ്പില്‍ പിടിച്ചുവലിച്ചു. അയാള്‍ അവളെ മുടിയില്‍പിടിച്ച്‌ വലിച്ചിഴച്ചുകൊണ്ട്‌ കമാന്‍ഡറുടെ മുറിയിലേക്ക്‌ കൊണ്ടുപോയി.

`ഇവള്‍ക്ക്‌ അവടെ മക്കള്‍ എവിടാണെന്ന്‌ അറിയണമെന്ന്‌.' അയാള്‍ കമാന്‍ഡറോട്‌ പറഞ്ഞു.

`അവളെ വിട്ടേക്കു' അയാള്‍ കല്‍പിച്ചു. `ഞാന്‍ പറയാം. നിങ്ങടെ മക്കളെ കുട്ടികള്‍ക്കുള്ള മറ്റൊരു ഷെല്‍റ്ററിലേക്ക്‌ മാറ്റിയിരിക്കയാണ്‌. കുട്ടികള്‍ ഇവിടുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ ജോലിചെയ്യാന്‍ പ്രയാസമല്ലേ? . അവിടെ നിങ്ങളുടെ കുഞ്ഞങ്ങള്‍ക്ക്‌ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരെ നോക്കാന്‍ ആയമാര്‍ ഉണ്ട്‌, നല്ല ഭക്ഷണവും.'

`സാര്‍, എന്റെ ഇളയകുഞ്ഞിന്‌ ആറുമായമേ ആയിട്ടുള്ളു. അവന്‌ മുലകുടി മാറിയിട്ടില്ല. എന്റെ കുഞ്ഞിനെ ഞാന്‍തന്നെ നോക്കിക്കൊള്ളാം.'

`എനിക്ക്‌ എന്തുചെയ്യാന്‍ സാധിക്കും? എല്ലാം മുകളില്‍നിന്നുള്ള ഓര്‍ഡറാണ്‌. എനിക്ക്‌ അനുസരിക്കാതെ പറ്റത്തില്ല. അതുകൊണ്ട്‌ നീപോയി ലൈനില്‍നില്‍ക്ക്‌. നിയമത്തെ അനുസരിച്ചില്ലെങ്കില്‍ ശിക്ഷ വലുതായിരിക്കുമെന്ന്‌ അറിയാമല്ലോ.'

എന്തുചെയ്യണമെന്നറിയാതെ സാറ തിരിഞ്ഞു നടന്നു. ഓഫീസര്‍ പറഞ്ഞതുപോലെ ഗാര്‍ഡുകള്‍ മറ്റ്‌ അമ്മമാരോടും പറഞ്ഞു. `നിങ്ങള്‍ വിഷമിക്കേണ്ട, കുഞ്ഞുങ്ങളെ നിങ്ങള്‍ നോക്കുന്നതിലും ഭംഗിയായി ഞങ്ങള്‍ നോക്കിക്കൊള്ളാം.'

`ഇനി എപ്പോളാണ്‌ ഞങ്ങടെ മക്കളെ കാണാന്‍ പറ്റുക?' ഒരു സ്‌ത്രീ ചോദിച്ചു.

`വളരെ പെട്ടന്നുതന്നെ.പിന്നെ നിങ്ങള്‍ക്ക്‌ അവരെ കണ്ടുകൊണ്ടുതന്നെയിരിക്കാം.' അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം പാവം അമ്മമാര്‍ക്ക്‌ അന്നേരം മനസിലായില്ല.

അന്നുരാത്രിമൊത്തം സാറ വിലപിച്ചുകൊണ്ടേയിരുന്നു. നാസികള്‍ പറയുന്നതൊന്നും വിശ്വസിക്കാന്‍ വയ്യ. അവളുടെ കുഞ്ഞിനെ മൃഗീയമായി പിടിച്ചുവലിച്ച ചെകുത്താന്മാര്‍ അവരെ നല്ലതുപോലെ നോക്കിക്കൊള്ളുമെന്ന്‌ എങ്ങനെ വിശ്വസിക്കും? പച്ചമനുഷ്യരെ വെടിവെച്ചുകൊന്ന കാട്ടാളന്മാരുടെ കൈകളിലാണ്‌ പിഞ്ചുകുഞ്ഞുങ്ങളെ ഏല്‍പിച്ചിരിക്കുന്നത്‌.

സാറയെ എന്തുപറഞ്ഞ്‌ ആശ്വസിപ്പിക്കണമെന്ന്‌ അലീനക്ക്‌ അറിയില്ലായിരുന്നു. കുഞ്ഞുങ്ങളെ അവള്‍ക്ക്‌ ഇഷ്‌ടമാണ്‌. ചെക്കോസ്‌ളാവേക്യയില്‍ തന്റെ വീട്ടിലായിരുന്നപ്പോള്‍ അയലത്തെ പിള്ളാരെല്ലാം അവളുടെ കൂട്ടുകാരായിരുന്നു.

`അലീനക്ക്‌ ഇപ്പോഴും കുട്ടിപ്രായം കഴിഞ്ഞിട്ടില്ല,' കുട്ടികളോടൊപ്പം കളിക്കുന്നത്‌ കാണുമ്പോള്‍ അയലത്തെ സ്‌ത്രീകള്‍ പറയും.

ഇപ്പോള്‍ സാറയുടെ ദുഃഖം അവളുടേതുംകൂടിയാണ്‌. ദുഃഖിക്കാനല്ലാതെ മറ്റെന്തുചെയ്യാന്‍ സാധിക്കും ഈ നരകത്തില്‍?

ചെക്കോസ്‌ളാവേക്യയിലുള്ള തന്റെ അച്ഛനമ്മമാരെപ്പറ്റി അലീന ഓര്‍ത്തു. ഹിറ്റ്‌ലര്‍ തന്റെ രാജ്യവും ആക്രമിച്ചെന്ന്‌ കേട്ടു. അങ്ങനെ സംഥവിച്ചെങ്കില്‍ തന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഇപ്പോള്‍ എവിടെയായിരിക്കും? അവര്‍ വീടുവിട്ട്‌ എങ്ങോട്ടെങ്കിലും ഓടിപ്പോയിക്കാണുമോ? അതോ അവരെ നാസികള്‍ പിടികൂടി വല്ല കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും ആക്കിക്കാണുമോ? ആലോചിക്കുമ്പോള്‍ അവള്‍ക്കും ഥയം തോന്നുകയാണ്‌.


(തുടരും....)

പന്ത്രണ്ടാം ഭാഗം വായിക്കുക...
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-13: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക