Image

അനാരോഗ്യം മല കയറ്റത്തില്‍ കല്ലും മുള്ളും; സഹായമായി ഡോളി

അനില്‍ പെണ്ണുക്കര Published on 23 November, 2014
അനാരോഗ്യം മല കയറ്റത്തില്‍ കല്ലും മുള്ളും; സഹായമായി ഡോളി
ഇരുമുടിക്കെട്ടുമായി പതിനെട്ട്‌ പടി ചവുട്ടി സന്നിധാനമെത്തി സ്വാമി അയ്യപ്പനെ കണ്ട്‌ സായൂജ്യമടയാന്‍ കഴിയുന്നത്‌ ഒരു പുണ്യം തന്നെയാണ്‌. പലപ്പോഴും അനാരോഗ്യം മല കയറ്റത്തില്‍ കല്ലും മുള്ളും ആകാറുണ്ട്‌. ഇവര്‍ക്ക്‌ സഹായകരമായാണ്‌ ദേവസ്വം ബോര്‍ഡ്‌ ഡോളി സര്‍വീസ്‌ ഒരുക്കിയിരിക്കുന്നത്‌. രണ്ടായിരത്തോളം പേര്‍ ഇപ്പോള്‍ തന്നെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌.

പമ്പയില്‍ നിന്നും സന്നിധാനം വരെയുള്ള അഞ്ച്‌ കിലോമീറ്ററാണ്‌ ഡോളി സര്‍വീസ്‌ ലഭ്യമാകുന്നത്‌. ചൂരല്‌ കൊണ്ട്‌ നിര്‍മിച്ച കസേര രണ്ട്‌ കഴകളിലായി ബന്ധിച്ചാണ്‌ ഡോളി തയ്യാറാക്കുന്നത്‌. നാലാളുകള്‍ ചേര്‍ന്നാണ്‌ ഡോളി എടുക്കുന്നത്‌.

പമ്പ അന്നദാന മണ്ഡപം, ചെളിക്കുഴി, നീലിമല എന്നിവിടങ്ങളില്‍ നിന്ന്‌ ഈ സേവനം ലഭ്യമാകും.ദേവസ്വം ബോര്‍ഡിന്റെ ഓഫീസില്‍ മുന്‍കൂറായി പണമടച്ച്‌ രസീത്‌ കൈപ്പറ്റണം.

യാത്രക്കാര്‍ക്ക്‌ സേവനം കൃത്യമായി ലഭിക്കുന്നു എന്നുറപ്പാക്കാന്‍ പലയിടത്തും പരിശോധനകളുമുണ്ട്‌. 24 മണിക്കൂറും ഡോളി സേവനം ലഭിക്കും.

ഒരു തൊഴിലിനപ്പുറം അയ്യപ്പ സേവയായാണ്‌ ഡോളി എടുക്കുന്ന കരുണനും ഗണേശനും ദിലീപ്‌ കുമാറുമൊക്കെ തങ്ങളുടെ സേവനത്തെ കാണുന്നത്‌. ഒരു ദിവസം തന്നെ പല തവണ മല ചവുട്ടാന്‍ കഴിയുന്നത്‌ അയ്യപ്പന്‍െറ അനുഗ്രഹമായാണ്‌ ഇരുപത്‌ വര്‍ഷമായി ഡോളി സേവനം നടത്തുന്ന ചിന്നപ്പയും സുന്ദരന്‍ ചെട്ടിയാരുമൊക്കെ വിശ്വസിക്കുന്നത്‌. ഒരു ദിവസം രണ്ട്‌ മുതല്‍ മൂന്ന്‌ വരെ സര്‍വീസുകള്‍ ഒരു ഡോളി സംഘം നടത്തും.ഇത്‌ വരെ 306 ഡോളികള്‍ക്കാണ്‌ പാസ്‌ നല്‍കിയിട്ടുള്ളത്‌.

ആയിരത്തി ഇരുനൂറിലധികം തൊഴിലാളികള്‍ ഡോളിയുമായി ഉപജീവനം നടത്തുന്നു. ഇതില്‍ അറുപത്‌ ശതമാനം പേരും തമിഴ്‌നാട്ടില്‍ നിന്നാണ്‌. പീരുമേട്‌, കാട്ടാക്കട, കുമളി, പാറശാല എന്നിവിടങ്ങളില്‍ നിന്നുളള തൊഴിലാളികളുമുണ്ട്‌്‌. അതത്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ നിന്നും തിരിച്ചറിയല്‍ രേഖകളുമായി എത്തുന്നവര്‍ക്ക്‌ മാത്രമേ ദേവസ്വം ബോര്‍ഡ്‌ പാസ്‌ നല്‍കു.
അനാരോഗ്യം മല കയറ്റത്തില്‍ കല്ലും മുള്ളും; സഹായമായി ഡോളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക