Image

ധന്യം, ചരിത്രമുറങ്ങുന്ന ഈ അമ്മവീട്‌ (കുര്യന്‍ തോമസ്‌ കരിമ്പനത്തറയില്‍)

Published on 23 November, 2014
ധന്യം, ചരിത്രമുറങ്ങുന്ന ഈ അമ്മവീട്‌ (കുര്യന്‍ തോമസ്‌ കരിമ്പനത്തറയില്‍)
ഇത്‌ കുട്ടനാട്ടിലെ വെളിയനാടുള്ള പഴയ തോപ്പില്‍ തറവാട്‌. വിശുദ്ധപദവിയിലേയ്‌ക്ക്‌ ഉയര്‍ത്തപ്പെട്ട ചാവറ പിതാവിന്റെ അമ്മവീട്‌. വിശുദ്ധിയുടെ ദിവ്യപ്രകാശത്തോടൊപ്പം ഇത്‌ കാലത്തിനായി കരുതിവെച്ചത്‌ അക്ഷരക്കാഴ്‌ചയുടെ വിസ്‌മയങ്ങള്‍.

വെളിയനാട്‌ തോപ്പില്‍ കുര്യന്‍ കുരുവിള എന്ന ഇക്കോച്ചന്‍ 1824 ല്‍ അത്തിക്കളത്തില്‍ പണികഴിപ്പിച്ചതാണ്‌ പാരമ്പര്യശൈലിയിലുള്ള ഈ തറവാട്‌. ഇക്കോച്ചന്റെ പിതാവ്‌ തോപ്പില്‍ കുര്യച്ചന്റെ സഹോദരിയായിരുന്നു ചാവറയച്ചന്റെ അമ്മ മറിയം. ചോതിരക്കുന്നേല്‍ തോപ്പില്‍ ഇട്ടി കുരുവിള-അന്ന ദമ്പതികളുടെ പത്തുമക്കളില്‍ അഞ്ചാമത്തെ സന്താനം.

'പട്ടത്തിനു പഠിക്കാനായിരുന്നു' കുഞ്ഞുന്നാളിലേ ചാവറ വീട്ടിലെ കുറിയാക്കോസിന്റെ മോഹം. കുടുംബത്തില്‍ ചേട്ടന്‌ ഒരു പെണ്‍കുഞ്ഞ്‌ മാത്രം. ശേഷിച്ച ഏക ആണ്‍തരിയും പുരോഹിതനായാലുള്ള കുടുംബത്തിന്റെ സ്ഥിതിയെക്കുറിച്ച്‌ സന്ദേഹമുണ്ടായപ്പോള്‍ കുറിയാക്കോസിലെ പുണ്യപുരുഷനെ ദീര്‍ഘദര്‍ശനം ചെയ്‌ത്‌ നേര്‍വഴി ഉപദേശിച്ചത്‌ അമ്മാച്ചനായ തോപ്പില്‍ കുര്യച്ചനാണ്‌. കുര്യച്ചന്റെ മൂത്തപുത്രനായ ഇക്കോച്ചന്‌ (1804) കുറിയാക്കോസിനെക്കാള്‍ ഒരു വയസ്സ്‌ മൂപ്പുണ്ടായിരുന്നു.

അത്തിക്കയത്തിന്റെ അകത്തളത്തിലാണ്‌ ചാവറ അച്ചന്റെ വാഴപ്പിണ്ടി മാതൃക അക്ഷരവിപ്ലവത്തിന്റെ ആദ്യക്ഷരി കുറിച്ചത്‌. ഗുട്ടന്‍ബര്‍ഗിന്റെ അച്ചടി വിദ്യ അക്കാലത്ത്‌ ഇന്നാട്ടുകാരുടെ കാണാമറയത്തായിരുന്നു. ആകെയുള്ളത്‌ ബഞ്ചമിന്‍ ബെയ്‌ലിയുടെ ഉത്സാഹത്തില്‍ പ്രോട്ടസ്റ്റന്റുകാര്‍ തുടക്കം കുറിച്ച കോട്ടയത്തെ സി. എം. എസ്‌. പ്രസ്സും (1822) പിന്നെ തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസ്സും (1836).

'പൊസ്‌തകമടിപ്പാനുള്ള...അധിക ഉത്സാഹ'മുള്ള തോപ്പില്‍ കുര്യനെക്കുറിച്ചും സി. എം. എസ്‌. പ്രസ്സ്‌ കാണാന്‍ രണ്ടു തവണ ശ്രമിച്ചു പരാജയപ്പെട്ടതിനെക്കുറിച്ചും ചാവറയച്ചന്റെ മാന്നാനം നാളാഗമത്തിലുണ്ട്‌(പുറം 132). തിരുവനന്തപുരം ഗവ: പ്രസ്സിലും ശ്രമങ്ങള്‍ നടത്തി. 'പിന്നെ കെള്‍വിയാലും കണ്ടവര പലരൊടും ചൊദിച്ച വെലകള്‍ ഓരൊന്ന നടത്തി'(പുറം 133), ഇത്‌ ചാവറച്ചന്റെ തന്നെ വാക്കുകള്‍.

സി. എം. എസ്‌. പ്രസ്സിലെ ശിവരാമന്‍ എന്ന പാണ്ടിതട്ടാനെ ഇക്കോച്ചനാണ്‌ തറവാട്ടുനിലവറയില്‍ എത്തിച്ചത്‌. ആദ്യം വാഴപ്പിണ്ടിയില്‍ ഒരു മാതൃക ഉണ്ടാക്കി കാട്ടി. തട്ടുകള്‍ തടിയിലും തമ്മിലുറപ്പിക്കാനുള്ള അച്ചുതണ്ട്‌ ഇരുമ്പിലും തീര്‍ത്തു. അക്ഷരങ്ങള്‍ ശിവരാമന്‍ കൊത്തിയുണ്ടാക്കി. ബാക്കി ചരിത്രമാണ്‌. 1864 ജൂലൈ 3 ന്‌ പ്രസ്സിന്‌ റെസിഡന്റ്‌ കല്ലന്‍ സായ്‌വിന്റെ അനുമതി. തുടര്‍ന്ന്‌ റോമില്‍ നിന്നുള്ള അനുവാദവും.

വെളിയനാട്‌ സ്വന്തമായി ഒരു പ്രസ്സും ഇക്കോച്ചന്‍ തുടങ്ങി. അതിനുള്ള 1861 ജൂലൈ 19 ലെ അനുമതി ഉത്തരവില്‍ ദിവാന്‍ മാധവറാവുവിന്റെ കൈയ്യൊപ്പുണ്ട്‌. അവിടെ അച്ചടിച്ച പുസ്‌തകങ്ങള്‍ വള്ളത്തില്‍ തൃശൂര്‍, കുന്നങ്കുളം പ്രദേശങ്ങളില്‍ വരെ വിറ്റഴിക്കുമായിരുന്നു.

റോക്കൂസ്‌-മേലൂസ്‌ ശീശ്‌മകള്‍ക്കെതിരായ ചാവറയച്ചന്റെ പ്രതിരോധ സമരത്തിന്റെ മുന്നണിയില്‍ ഇക്കോച്ചനുമുണ്ടായിരുന്നു. ആദരസൂചകമായി വരാപ്പുഴയിലെ ബര്‍ണ്ണര്‍ദീനോസ്‌ മെത്രാനും ജരാര്‍ദ്‌ മൂപ്പച്ചനും പല തവണ തോപ്പില്‍ തറവാട്ടിലെത്തി. പ്രസിദ്ധീകരണങ്ങള്‍ മാന്നാനത്ത്‌ പ്രസ്സില്‍നിന്നും മുടങ്ങാതെ അത്തിക്കളത്തിലേക്ക്‌ അയച്ചു കൊടുക്കുമായിരുന്നു. അവ അവിടെ നിധിപോലെ ഇന്നും സൂക്ഷിക്കുന്നു.

1878 ആഗസ്റ്റ്‌ 14 ന്‌ മരിച്ച ഇക്കോച്ചന്‌ അഞ്ചുമക്കളായിരുന്നു. മൂത്ത മകനായ ദൊമിനിങ്കോസിന്‌ മകന്‍ പത്രോസടക്കം നാലുമക്കള്‍. പത്രോസിന്റെ നാലുപെണ്‍മക്കളില്‍ ഇളയവള്‍ ചേച്ചമ്മ അവകാശിയായി തറവാട്ടില്‍ താമസിച്ചു. ഭര്‍ത്താവ്‌ പുളിങ്കുന്ന്‌ തൈവീട്ടിലായ വാടയ്‌ക്കല്‍ കുഞ്ഞോമ്മാച്ചനെന്ന വി. റ്റി. തോമ. തൊണ്ണൂറ്റൊമ്പതിലെ (1924) വെള്ളപ്പൊക്കത്തില്‍ വലിയ കേടുപാടുകള്‍ വന്ന തറവാട്‌ അദ്ദേഹം പുതുക്കിപ്പണിതപ്പോള്‍ നിലവറയടക്കം ചരിത്രമുറങ്ങുന്നതെല്ലാം പഴയപടി പരിരക്ഷിച്ചു.

പിന്നെ ചാവറ പിതാവ്‌ വിശുദ്ധിയിലേയ്‌ക്ക്‌ നടന്നടുത്ത 168 വര്‍ഷങ്ങള്‍. അത്തിക്കളത്തിന്റെ അകത്തളങ്ങളില്‍ ചാവറയച്ചന്‍ കൊളുത്തിയ അക്ഷരദീപം എന്നും പ്രകാശം ചൊരിയുന്നു. ഗ്രന്ഥകാരനും കാര്‍ട്ടുണിസ്റ്റും മലേഷ്യയില്‍ റബ്ബര്‍ ടെക്‌നോളജിസ്‌റ്റുമായിരുന്ന പീറ്റര്‍ തോമസും (അപ്പച്ചന്‍) നൈനാച്ചനും ഇപ്പോള്‍ ഇവിടെ താമസിക്കുന്നു. ഇവരുടെ സഹോദരനാണ്‌ കാര്‍ട്ടൂണിസ്റ്റ്‌ ടോംസ്‌. അദ്ദേഹത്തിന്റെ അനശ്വര കഥാപാത്രങ്ങളായ ബോബനും മോളിയും മലയാള മനസ്സിലേയ്‌ക്ക്‌ കടന്നു കയറിയത്‌. അത്തിക്കളത്തിലെ നാലേക്കര്‍ പുരയിടത്തിന്റെ വേലി തകര്‍ത്താണ്‌.

വിശുദ്ധിയുടെ ഈ നറുനിലാവില്‍ അത്തിക്കളവും തെളിഞ്ഞു നില്‍ക്കുന്നു.

ചിത്രങ്ങള്‍ : സജീവ്‌ മാധവന്‍
ധന്യം, ചരിത്രമുറങ്ങുന്ന ഈ അമ്മവീട്‌ (കുര്യന്‍ തോമസ്‌ കരിമ്പനത്തറയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക