Image

മുല്ലപ്പെരിയാര്‍: സഹായം എത്തിക്കുമെന്ന്‌ ഫൊക്കാന

Published on 14 December, 2011
മുല്ലപ്പെരിയാര്‍: സഹായം എത്തിക്കുമെന്ന്‌ ഫൊക്കാന
ന്യൂയോര്‍ക്ക്‌: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കഴിയുന്നത്ര എന്തു സഹായവും എത്തിക്കാന്‍ ഫൊക്കാന പ്രതിജ്ഞാബദ്ധമാണെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള പറഞ്ഞു. 35 ലക്ഷം മനുഷ്യരുടെ ജീവന്റെ പ്രശ്‌നമാണിത്‌. അമേരിക്കയിലെ വിദഗ്‌ധരുടേതടക്കമുള്ള സേവനങ്ങള്‍ ഇക്കാര്യത്തില്‍ ലഭ്യമാക്കാന്‍ ശ്രമിക്കും.

എന്തായാലും ഇക്കാര്യത്തില്‍ പ്രക്ഷോഭമാര്‍ഗ്ഗം ഉചിതമല്ലെന്ന്‌ പിള്ളയും ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളിയും പറഞ്ഞു. തമിഴരുമായുള്ള നമ്മുടെ ഉറ്റബന്ധത്തിന്‌ കോട്ടം തട്ടാന്‍ ഇടവരരുത്‌. രാഷ്‌ട്രീയക്കാര്‍ ഈ പ്രശ്‌നത്തില്‍ മുതലെടുപ്പ്‌ നടത്തുന്നതും ശരിയല്ല. ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയാണ്‌ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടത്‌- അവര്‍ ചൂണ്ടിക്കാട്ടി.

ഈമാസം അവസാനം നടക്കുന്ന നോര്‍ക്ക കോണ്‍ഫറന്‍സിലും, അടുത്തമാസം ആദ്യം ജയ്‌പൂരില്‍ നടക്കുന്ന പ്രവാസി കോണ്‍ഫറന്‍സിലും ഫൊക്കാനയുടെ മിക്കവാറുമെല്ലാ നേതാക്കളും പങ്കെടുക്കുന്നുണ്ട്‌. `ഭാഷയ്‌ക്കൊരു ഡോളര്‍' പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകളും ഉടന്‍ വിതരണം ചെയ്യും.

ഇവയല്ലാതെ കേരളത്തില്‍ പ്രത്യേകമൊരു കണ്‍വെന്‍ഷനില്ല. അതുകൊണ്ട്‌ എന്തെങ്കിലും കുറവുള്ളതായി തോന്നുന്നില്ല. കേരളത്തില്‍ കണ്‍വെന്‍ഷന്‍ നടത്തിയാല്‍ കുറച്ചു പബ്ലിസിറ്റി കിട്ടും. പക്ഷെ അതല്ലല്ലോ സംഘടനയുടെ ലക്ഷ്യം.

ഹൂസ്റ്റണില്‍ അടുത്ത ജൂലൈയില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന കണ്‍വെന്‍ഷന്‌ ഇതിനകം 200-ല്‍ പരം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തു. 500-ല്‍പ്പരം കുടുംബങ്ങളെയാണ്‌ പ്രതീക്ഷിക്കുന്നത്‌. 72000 ചതുരശ്ര അടിയുള്ള ഹോട്ടല്‍ ഫൊക്കാനയ്‌ക്കായി ബുക്കുചെയ്‌തു കഴിഞ്ഞു.

സമ്മേളനത്തിലേക്ക്‌ ഫോമാ നേതാക്കളെ ക്ഷണിക്കും. ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ ഹൂസ്റ്റണിലെ അസോസിയേഷനില്‍ അംഗവുമാണ്‌. ഫോമാ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്താല്‍ അവരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്കും സന്തോഷമേയുള്ളൂ.

സംഘടനാ നേതാക്കള്‍ തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. സംഘടനയുടെ ഭിന്നിപ്പില്‍ ജനങ്ങള്‍ക്ക്‌ വിഷമമുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്‌. നല്ലൊരു പങ്കിന്‌ ഏത്‌ കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന്‌ സംശയമുണ്ട്‌. ഒരിടത്തുപോയാല്‍ എതിര്‍വിഭാഗം പിണങ്ങുമെന്നവര്‍ കരുതുന്നു. ഇത്തരം അവസ്ഥയൊക്കെ മാറാനും പൊതു പ്രവര്‍ത്തനങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്‌ചവെയ്‌ക്കാനും സംഘടനകള്‍ യോജിക്കുന്നതാണ്‌ നല്ലതെന്ന്‌ പിള്ള പറഞ്ഞു.

കണ്‍വെന്‍ഷനില്‍ നാലുനേരം ഇന്ത്യന്‍ ഭക്ഷണം ലഭ്യമാക്കാന്‍ സൗകര്യങ്ങളൊരുക്കിയെന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത.
മുല്ലപ്പെരിയാര്‍: സഹായം എത്തിക്കുമെന്ന്‌ ഫൊക്കാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക