Image

അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-5 - എ.സി. ജോര്‍ജ്

Published on 26 November, 2014
അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-5 - എ.സി. ജോര്‍ജ്
നാട്ടില്‍ നിന്ന് വരുന്ന ഏതു ദിവ്യനെയും ഏത് കൊച്ചു പുസ്തക, അല്ലെങ്കില്‍ എഞ്ചുവടി എഴുതിയവനേയും എയര്‍ ഫെയറും ഹോട്ടല്‍ അക്കമഡേഷനും, പൂമാലയും, പൂച്ചെണ്ടും കൊടുത്ത് ഇവിടെ പൊക്കാനാളുണ്ട്. അവരുടെ വദനങ്ങളില്‍ നിന്നുതിര്‍ക്കുന്ന അബദ്ധജഡിലങ്ങളായ ഉല്‍പ്പന്നങ്ങള്‍ പോലും ഇവിടത്തെ ചിലര്‍ക്ക് വേദവാക്യങ്ങളാണ്. ഇതെല്ലാം ചില വായനക്കാരില്‍ നിന്ന് കേട്ടത ്കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചല്ലൊ. ഇവിടത്തെ ചില പ്രവാസി എഴുത്തുകാരെന്തു പറയുന്നു, ചിന്തിക്കുന്നു  എന്നു പോലും പലരും ശ്രദ്ധിക്കുന്നില്ല. വായനക്കാരുടെയൊ എഴുത്തുകാരുടെയൊ സംവാദ ചര്‍ച്ചയിലൊ, ശില്‍പ്പശാലയിലൊ കയറി എന്തെങ്കിലും പറഞ്ഞാല്‍ അവെര കുറിപ്പ് കൊടുത്തൊ കൂവിയൊ, സമയം അതിക്രമിച്ചെന്ന് പറഞ്ഞ് ഇറക്കി വിടും.

എന്നാല്‍ നാട്ടില്‍ നിന്നെത്തിയ എഞ്ചുവടി രചയിതാവ് വിഷയം വിട്ട് കാട്ടില്‍ കേറി സംസാരിച്ചാലും മണിക്കൂറുകളെടുത്ത് ശ്രോതാക്കളെ സുഖസുഷുപ്തിയില്‍ ലയിപ്പിച്ചാലും കുഴപ്പമില്ല. സുഖമായി ഒന്നുറങ്ങാനുള്ള സാഹചര്യമൊരിക്കിയല്ലൊ എന്ന മുഖവുരയോടെ ഒരു പൂമാല കൂടെ കണ്ഠത്തില്‍ ചാര്‍ത്തും. പിന്നെ ഇവിടെ തന്നെ ആണെങ്കിലും ചിലര്‍ക്ക് ഒരുന്നത പരിവേഷം ലഭ്യമായി കഴിഞ്ഞാല്‍ അവര്‍ കാര്യമായി ഒന്നും എഴുതിയില്ലെങ്കില്‍ തന്നെയും അവരാകും എഴുത്തുകാരെ പഠിപ്പിക്കുന്നവരും ആചാര്യന്മാരും അവരെ കൂടി പൊക്കിയെടുത്ത് സാഹിത്യ പുംഗവന്മാര്‍ കേസരികള്‍ എന്നും പറഞ്ഞ് പൂജിച്ച് വന്ദിച്ചു പാടിപുകഴ്ത്തുകയായി.
ഇവിടെ എഴുതാത്ത എഴുത്തുകാരും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. കൊല്ലങ്ങളായി ഒരു ചെറിയ സാഹിത്യകുറിപ്പ് പോലും എഴുതാത്ത വമ്പന്മാര്‍ സാഹിത്യ സഭകളുടെ അധ്യക്ഷന്മാരായി കുപ്പായമിടുന്നു. ഓടിനടന്ന് വേദിയും വീഥിയും പ്രകമ്പനം കൊള്ളിക്കുന്നു. നഗ്നരായ ഇത്തരം രാജാക്കള്‍ സാഹിത്യ നഗ്നരാണെന്ന് പറയാന്‍ പലര്‍ക്കം മടിയാണ്, ഭയമാണെന്ന് ഒത്തിരി ഒത്തിരി വായനക്കാര്‍ ഈ ലേഖകനെ പിടിച്ചു നിര്‍ത്തി പറഞ്ഞതിലും കഴമ്പില്ലേയെന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.

ദിനം തോറും ലേഖനങ്ങള്‍, കവിതകള്‍, വാര്‍ത്തകള്‍, എഴുതുന്നവരും പത്തും പതിനഞ്ചും ഗ്രന്ഥങ്ങള്‍ വിവിധ വിഷയങ്ങളില്‍ എഴുതിയിട്ടുള്ള പ്രവാസി സാഹിത്യകാരന്മാരും രചയിതാക്കളും ഈ മുകളില്‍ സൂചിപ്പിച്ച പുണ്യപുരുഷന്മാരുടെ മുമ്പില്‍ ആരുമല്ല. ഇത്തരത്തിലുള്ള നീതി രഹിത അബദ്ധജടിലമായ കുല്‍സിത പ്രവര്‍ത്തനങ്ങളാണ് പ്രസിദ്ധീകരണ രംഗത്തെ മലീമസമാക്കുന്നതെന്ന് കുറച്ചെങ്കിലും അനുഭവസമ്പത്തും ഒപ്പം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വായനക്കാര്‍ പറയുന്നു. എല്ലാ വായനക്കാരും ഇതിനെതിരെ പ്രതികരിച്ചെന്നു വരികയില്ല. പ്രതികരിച്ചിട്ടെന്തു കാര്യം എന്ന രീതിയില്‍ നിസ്സംഗത പുലര്‍ത്തുന്ന വായനക്കാരാണധികവും. ചില വായനക്കാര്‍ പ്രസിദ്ധീകരണക്കാര്‍ക്കെഴുതുന്ന പ്രതികരണങ്ങള്‍ ഒരുതരത്തിലും വെളിച്ചം കാണുന്നില്ല. അവരെ പാടി പുകഴ്ത്തുന്നതു മാത്രം മിക്കവാറും അച്ചടിമഷി പുരളുന്നു. പലവിധ കാരണങ്ങളാല്‍ ഓണ്‍ലൈനില്‍ ആയാല്‍ കൂടെ എല്ലാ പ്രതികരണങ്ങളും ഇടാന്‍ പറ്റുകയില്ലെന്നു സാമാന്യതത്വം അംഗീകരിക്കുന്നു.

എന്നാല്‍ ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലെ പ്രതികരണ കോളമൊ കമന്റ് സെക്ഷനൊ അത്യന്തം രസകരവും വിജ്ഞാനപ്രദവുമാണെന്ന് ചില വായനക്കാര്‍ പറയുന്നു. ആ വിഭാഗത്തില്‍ ചിലര്‍ സ്വന്തം പേര് വെച്ചെഴുതുന്നു ചിലര്‍ തൂലികാ നാമത്തില്‍ അപരനായി പ്രത്യക്ഷപ്പെടുന്നു. ഏതായാലും അത്തരം ഒരു സെക്ഷന്‍ വായനക്കാര്‍ക്കായി അലോട്ട് ചെയ്തിരിക്കുന്നത് ഏറ്റവും അഭികാമ്യമാണെന്നും അതുവഴി കൂടുതല്‍ വായനക്കാര്‍ അത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുകയൊ ചെയ്യുക സ്വാഭാവികം മാത്രമാണ്.

ബഹുഭൂരിപക്ഷം വായനക്കാരന്റെ ദൃഷ്ടിയില്‍ തികച്ചും ശുഷ്‌കവും അപ്രസക്തവുമായ വാര്‍ത്തകളൊ കൃതികളൊ വളരെ പ്രാധാന്യത്തോടെ രണ്ടും മൂന്നും ദിവസങ്ങളില്‍ പ്രസിദ്ധീകരണത്തിന്റെ ടോഫു സെക്ഷനുകളില്‍ ബ്രേക്കിംഗ് ന്യൂസ് മാതിരി മിന്നിത്തിളങ്ങി ഫ്‌ളാഷ് ചെയ്യുന്നത് സന്ദര്‍ശകരെ ആ സൈറ്റില്‍ നിന്നകറ്റും. എല്ലാം പഴയത് തന്നെ. കാര്യമായി ഒന്നും അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് ജനം ചിന്തിക്കും. എന്നാല്‍ ജനത്തിന് അത്യന്തം ആകാംക്ഷയും അറിവും നല്‍കുന്ന എന്തെങ്കിലും പുതുമയുള്ളതായ കൃതികള്‍ അല്പം ജനശ്രദ്ധ പിടിച്ചു പറ്റാന്‍ കൂടുതല്‍ ഫ്‌ളാഷ് മോഡില്‍ കയറ്റിവിടുന്നതില്‍ കുഴപ്പമില്ല. ചില അവസരത്തില്‍ യാതൊരു ന്യൂസ് വാലിയൊ, അറിവൊ, ആശയമൊ, പുതുമയൊ തരാത്ത കൃതികള്‍ പ്രസിദ്ധീകരണത്തിന്റെ അടുത്ത സുഹൃത്ത് എഴുതി അല്ലെങ്കില്‍ ഒരല്‍പം ഗ്ലാമര്‍ സുന്ദരി എഴുതി എന്നു കരുതി ഗ്ലാമര്‍ ഫോട്ടോ സഹിതം ദിവസങ്ങളോളം ഫ്‌ളാഷ് ചെയ്യുന്നത് വായനക്കാരെ ബോറടിപ്പിക്കും, അകറ്റി നിര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല.

സുന്ദരി പെണ്‍കൊടിയുടെ ഗ്ലാമര്‍ ദൃശ്യം കണ്ണിനു ആനന്ദവും കര്‍പ്പൂര വെളിച്ചവുമായി തോന്നുന്ന കുറച്ചു പെണ്‍കോന്തന്മാര്‍ അത്തരം ഗ്ലാമര്‍ സുന്ദരി എഴുത്ത് ഫ്‌ളാഷിംഗ് തലകെട്ടില്‍ കേറി വായിച്ചൊ, വായിക്കാതെയൊ ആനന്ദസായൂജ്യമടയും. അവരുടെ രചനകള്‍ക്കടിയില്‍ സുന്ദരം, മോഹനം, ആശയഗംഭീരം, ബുക്കര്‍ പ്രൈസിന് പോലും പരിഗണിക്കേണ്ട കൃതി എന്നു റിമാര്‍ക്കടിച്ച ശേഷം മറ്റു ചില ഫോട്ടോ ജനിക്കല്ലാത്ത പല്ലു കൊഴിഞ്ഞ നരച്ച മുതുക്കന്‍ കോമരങ്ങളുടെ രചനകള്‍ എത്ര ഉല്‍കൃഷ്ടങ്ങളായാലും അതിനെതിരെ മോശം, ബഹുമോശം, ആശയമില്ല, അര്‍ത്ഥമില്ല, ഉപമയില്ല, ഉല്‍പ്രേഷയില്ല, പരിണാമഗുപ്തിയില്ല എന്നൊക്കെ നെഗറ്റീവ് കുറിപ്പട എഴുതി ഡിസ്‌ലൈക്കടിച്ച് ഫെയിസ് ബുക്കും കമ്പ്യൂട്ടറും ഓഫ് ചെയ്യും. അതു ശരിക്ക് മനസ്സിലാക്കിയ വയസരും വയസികളുമായ എഴുത്തുകാര്‍ ലൈക്കുകളും അവാര്‍ഡുകളും വാരിക്കൂട്ടാനായി അവര്‍ യൗവ്വനം തുള്ളി തുളുമ്പി നിന്ന കാലത്തെ മധുര പതിനേഴ് കാലഘട്ടത്തിലെടുത്ത ഗ്ലാമര്‍ ഫോട്ടോകള്‍ തന്നെ കൃതികളുടെ കൂട്ടത്തിലങ്ങ് അറ്റാച്ച് ചെയ്ത് കേറ്റി വിടും. അങ്ങനെ അവാര്‍ഡുകളും പുരസ്‌കാരങ്ങളും മീതേക്കു മീതെ വാങ്ങി സൂര്യതേജസ്സോടെ അവര്‍ മിന്നിത്തിളങ്ങി നില്‍ക്കും. അതാണ് ഗ്ലാമറിന്റെ സൂത്രം അല്ലെങ്കില്‍ കണ്‍കെട്ടുവിദ്യ. അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തില്‍ സ്വാധീനിക്കാനൊ കാശുമുടക്കാനൊ ശേഷിയും ശേമുഷിയും വേണം. അതില്‍ അസൂയ പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇങ്ങനെയൊക്കെ ഈ ലേഖകന്‍ കണ്ടുമുട്ടിയ ഒത്തിരി ഒത്തിരി സാദാ വായനക്കാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ സ്വയം മൂക്കത്തു വിരല്‍ വെച്ചുപോയി. 

നാട്ടിലെ മുറുക്കാന്‍ കടയിലൊ പെട്ടിക്കടയിലൊ യുഎസിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ചെക്കൗട്ട് കൗണ്ടറിന്റെ സൈഡില്‍ വെച്ചിരിക്കുന്ന പുസ്ത  ഫോട്ടോ ഗോസിപ്പ് സ്റ്റൈലിലെ മാര്‍ക്കറ്റിംഗ് പദ്ധതി ഇവിടൂത്തെ മലയാളി സീരിയസ് വായനക്കാരുടെയിടയില്‍ വിലപ്പോവില്ലെന്ന് കുറച്ചധികം വായനക്കാര്‍ അഭിപ്രായപ്പെടുന്നു. കാരണം ഇവിടത്തെ മലയാള വായനക്കാര്‍ അധികവും ഒരുതരം സീരിയസ് വായനക്കാരാണ്. പലര്‍ക്കും തറ ഗ്ലാമര്‍ മതിയെങ്കില്‍ ഗ്ലാമര്‍ ഫോട്ടോ കാണാനും മറ്റും അതിനു സ്‌പെഷ്യലൈസു ചെയ്ത എത്രയെത്ര ഗ്ലാമര്‍ സൈറ്റുകളുണ്ട്. എന്നും ഒരുപറ്റം
വായനക്കാര്‍ അഭിപ്രായപ്പെടുന്നു. മാന്യവായനക്കാര്‍ക്കു കാലോചിതവും സമയോചിതവുമായ യുഎസ്സിലെ  നന്ദിദിന - താങ്ക്‌സ് ഗിവിംഗ് ആശംസകള്‍.

                തുടരും)


അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-5 - എ.സി. ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക