Image

ജീവകാരുണ്യപ്രവൃത്തിക്കു പറ്റിയ സമയം ഇതുതന്നെ

ജോസ്‌ മാളേയ്‌ക്കല്‍ Published on 15 December, 2011
ജീവകാരുണ്യപ്രവൃത്തിക്കു പറ്റിയ സമയം ഇതുതന്നെ
അമേരിക്കയിലെന്നപോലെ തന്നെ ലോകമെമ്പാടും ഇപ്പോള്‍ ക്രിസ്‌മസ്‌ഹോളിഡേ സീസണ്‍ ആഘോഷിക്കുകയാണ്‌. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഹോളിഡേ മൂഡില്‍ ആര്‍ത്തുല്ലസിക്കുന്ന ആള്‍ക്കാര്‍ മാത്രം. സമ്മാനപ്പൊതികള്‍ വാങ്ങിക്കൂട്ടാന്‍ പാഞ്ഞുനടക്കുന്ന ക്രിസ്‌മസ്‌ ഷോപ്പിംഗുകാരെ ആകര്‍ഷിക്കാന്‍ കടകമ്പോളങ്ങള്‍ ഏറ്റവും പുതിയ സാധനങ്ങള്‍ നിരത്തി കമനീയമായി അലങ്കരിച്ചിരിക്കുന്നു.

ഷോപ്പിംഗ്‌ മാളുകളില്‍ തിരക്കോടു തിരക്ക്‌. ജോലിസ്ഥലങ്ങളില്‍ ആള്‍ക്കാര്‍ തങ്ങളുടെ ഓഫീസ്‌ ക്യുബിക്കിളുകളില്‍നിന്നും താങ്ക്‌സ്‌ ഗിവിങ്ങിന്റെ ഡക്കറേഷനുകള്‍ മാറ്റി പകരം ക്രിസ്‌മസിന്റെയും, അവധിക്കാലത്തിന്റെയും ബഹുവര്‍ണ വസ്‌തുക്കള്‍കൊണ്ട്‌്‌ അലങ്കരിക്കുന്നു. വീടുകളില്‍ വൃത്തിയാക്കലിനൊപ്പം തന്നെ ക്ലോസറ്റുകളില്‍ വര്‍ഷങ്ങളായി പൊടിതട്ടി, ഉപയോഗിക്കാതിരിക്കുന്ന തുണിത്തരങ്ങളും, ഷൂസ്‌ ഐറ്റംസും പാവങ്ങളെ സഹായിക്കാനായി മാറ്റിവക്കുന്നു. അതുപോലെതന്നെ
ടിന്നുകളില്‍ ലഭിക്കുന്ന ഉപയോഗയോഗ്യമായ ഭക്ഷണസാധനങ്ങളും, കാലാവധി കഴിയാത്ത സീരിയല്‍പോലുള്ള ബ്രേക്ക്‌ഫാസ്റ്റ്‌ ഐറ്റംസും ഹോളിഡേ ചാരിറ്റികള്‍ക്കു ദാനം ചെയ്യുന്നു.

അമേരിക്കക്കാര്‍ (മലയാളികളും ഇതില്‍ ഉള്‍പ്പെടും) ഷോപ്പിംഗിനായി ഏറ്റവും കൂടുതല്‍ പണവും സമയവും ചെലവഴിക്കുന്ന സീസണ്‍. യുവജനങ്ങളും, കുട്ടികളും, മുതിര്‍ന്നവരും പരസ്‌പരം സൗഹാര്‍ദ്ദസൂചകമായി ഗിഫ്‌റ്റുകള്‍ കൈമാറുന്നതിനു തെരഞ്ഞെടുക്കുന്ന സമയവും ഇതുതന്നെ. ഓഫീസുകളില്‍ പോളിയാനയുടെ രൂപത്തില്‍ ഗിഫ്‌റ്റ്‌ എക്‌സ്‌ചേഞ്ചുകള്‍ തകൃതിയായി നടക്കുന്നു. ബന്ധുമിത്രാദികള്‍ ഒത്തുകൂടി വീടുകളിലും, കമ്യൂണിറ്റി ഒന്നടങ്കം ദേവാലയങ്ങളിലും, ജീവനക്കാരെല്ലാം ഒരുമിച്ച്‌ ഓഫീസുകളിലും ഉഗ്രന്‍ പാര്‍ട്ടികള്‍ നടത്തുന്ന സമയം. ഹാള്‍വേകളില്‍ പാര്‍ട്ടികളെക്കുറിച്ചുള്ള അടക്കം പറച്ചിലുകളും, ഗിഫ്‌ടു വാങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും മാത്രം. അതിശൈത്യത്തെ വരവേല്‍ക്കാന്‍ പ്രകൃതിയും അതിലെ ചരാചരങ്ങളും ഹിബര്‍നേഷനിലേക്കു പോവുകയാണെങ്കിലും, മനുഷ്യരുടെയിടയില്‍ ഒരു പുതുപുത്തന്‍ ഉണര്‍വ്‌ എങ്ങും ദൃശ്യമാണ്‌.

ഒക്ടോബര്‍ മാസം പിറന്നുവീണാല്‍ പിന്നെ അവധിക്കാലതിരക്ക്‌ ആരംഭിക്കുകയായി അമേരിക്കയില്‍. ഒന്നിനു പിറകെ ഒന്നായി കൊളംബസ്‌ ഡേ, വെറ്ററന്‍സ്‌ ഡേ, താങ്ക്‌സ്‌ ഗിവിംഗ്‌, ക്രിസ്‌മസ്‌, ന}ഈയര്‍ എന്നിങ്ങനെ അവധികളുടെയും, ആഘോഷങ്ങളുടെയും ഘോഷയാത്ര. വാണിജ്യരംഗത്ത്‌ മില്യണുകളുടെ ബിസിനസ്‌ നടക്കുന്ന സമയം. ഗിഫ്‌ടുകള്‍ തേടി സൂപ്പര്‍മാര്‍ക്കറ്റുകളില്‍കൂടിയുള്ള പരക്കം പാച്ചിലുകള്‍ കണ്ടാല്‍ തോന്നും അമേരിക്കയിലാര്‍ക്കും സാമ്പത്തികമാന്ദ്യം കൊണ്ടു യാതൊരു കുഴപ്പവുമില്ലെന്ന്‌.

അവധിക്കാലതിരക്കിനും, ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കുമൊപ്പം തന്നെ സുഖസുഷുപ്‌തിയിലാണ്ടിരുന്ന ഹോളിഡേ ചാരിറ്റികളും തലപൊക്കുകയായി. നമ്മുടെ മെയില്‍ബോക്‌സിലും, ഇമെയില്‍ ഇന്‍ബോക്‌സിലും, ഫോണിലും എല്ലാം വിവിധ ചാരിറ്റികള്‍ക്കുവേണ്ടി ഡൊണേഷന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥനകള്‍ പ്രവഹിക്കുകയായി. വ്യക്തികളും, കലാസാംസ്‌കാരിക മതസംഘടനകളും, ദേവാലയങ്ങളും, ഓഫീസുകളും കാലം കനിഞ്ഞു നല്‍കിയ പുത്തന്‍ ഉണര്‍വിന്റെ ഉള്‍വിളി ഉള്‍ക്കൊണ്ട്‌ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്ന സീസണ്‍. പലവിധ സൗജന്യഓഫറുകളും, ബൈ വണ്‍ ഗറ്റ്‌ വണ്‍ ഫ്രീ പോലുള്ള വാഗ്‌ദാനങ്ങളും, ഡിസ്‌ക്കൗണ്ട്‌ കൂപ്പണുകളുമായി ഹോള്‍സെയില്‍ റീട്ടെയില്‍ കടകളും, ബിസിനസ്‌കാരും ഷോപ്പിങ്ങുകാരെ മാടിവിളിക്കുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മഹനീയതയും, ഉദാരമായി സംഭാവനനല്‍കിയാല്‍ ലഭിക്കുന്ന ഗുണങ്ങളുടെ വര്‍ണ്ണനകളുമായി എല്ലായിടത്തും ഫുഡ്‌ ഡ്രൈവ്‌, ടോയ്‌ ഡ്രൈവ്‌, ക്ലോത്തിംഗ്‌ ഡ്രൈവ്‌, ഷൂ ഡ്രൈവ്‌, എമ്പ്‌ളോയീസ്‌ കംബൈന്‍ഡ്‌ കാമ്പെയിന്‍ എന്നിങ്ങനെ പലതരത്തിലുള്ള കളക്ഷനുകള്‍ നടക്കുന്നു. കലാസാംസ്‌കാരികസംഘടനകള്‍ മല്‍സരിച്ച്‌ ചാരിറ്റി ഡിന്നറുകളും, ഫണ്ട്‌ റെയിസിംഗ്‌ പ്രോഗ്രാമുകളും നടത്തുന്നതും ഇപ്പോള്‍തന്നെ. ചാരിറ്റിക്കായി ഒരു ഡോളര്‍പോലും നല്‍കിയിട്ടില്ലാത്ത പലപുതുമടിശീലക്കാരും തങ്ങളുടെ വാലറ്റുകള്‍ തുറന്ന്‌ കയ്യയച്ചു സംഭാവനകള്‍ നല്‍കുന്ന സമയം. ഈ മനശാസ്‌ത്രം നന്നായറിയാവുന്ന പ്രസ്ഥാനങ്ങള്‍ ഈ സമയത്ത്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേമ്പ്രീകരിരശ. ഇതെല്ലാം കണ്ടാല്‍ തോന്നും ദാനം ചെയ്യാന്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രമേ പാടുള്ളുവെന്ന്‌. ഉത്സവപ്രതീതിയുണര്‍ത്തി ചുറ്റുപാടും നടക്കുന്ന കോലാഹലങ്ങള്‍ എന്തൊക്കെയാണെങ്കിലും ഒരു കാര്യം സത്യമാണ്‌. ജീവകാരുണ്യത്തിനായി ആള്‍ക്കാര്‍ കൈയ്യയച്ചു സംഭാവന നല്‍കുന്നത്‌ ഈ അവസരത്തിലാണ്‌.

എല്ലാ ചാരിറ്റിസംരംഭങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെ. ഉള്ളവരില്‍നിന്നും വാങ്ങി പാവപ്പെട്ടവരെ
സഹായിക്കുക, ഇല്ലാത്തവനു കൊടുക്കുക, അശരണര്‍ക്ക്‌ ആലംബമാവുക, കരയുന്നവരുടെ കണ്ണീരൊപ്പുക.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വ്യക്തിഗത സംഭാവനകള്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍
ലഭിക്കുന്നത്‌ താങ്ക്‌സ്‌ ഗിവിംഗ്‌ മുതല്‍ ന} ഈയര്‍ ഈവ്‌ വരെയുള്ള ദിവസങ്ങളിലാണെന്നാണു കണക്ക്‌.
ഇതിനുള്ള കാരണങ്ങള്‍ പലതാകാം. തങ്ങള്‍ക്കുചുറ്റും കണ്ടുമുട്ടുന്ന പലരേയുംകാള്‍ തങ്ങള്‍ എത്രയോ
അനുഗ്രഹിക്കപ്പെട്ടവരാണെന്നുള്ള തിരിച്ചറിവ്‌ പലരിലും ഈ കാലഘട്ടത്തിലാണുദിക്കുന്നത്‌. പലര്‍ക്കും
ജോലിയില്‍നിന്നും ബോണസായി അല്‍പം എക്‌സ്‌ട്രാ മണി കയ്യില്‍ വന്നു വീഴുന്ന സമയം കൂടിയാണിത്‌.
കൂടാതെ അടുത്ത ഏപ്രിലില്‍ അങ്കിള്‍സാമിന്റെ കരാളഹസ്‌തത്തില്‍നിന്നും രക്ഷനേടണമെങ്കില്‍ കയ്യയച്ചു
ദാനധര്‍മ്മങ്ങള്‍ ചെയ്യേണ്ടി വരുമെന്നുള്ള ഭയത്തില്‍ പലരും ഈ കാലത്ത്‌ തങ്ങളുടെ വാലറ്റും ചെക്കുബുക്കും അറിഞ്ഞുപയോഗിക്കും. കൊടുക്കാനുള്ള ഉള്‍പ്രേരണ എന്തുതന്നെയായാലും ആ നല്ല മനോഭാവത്തെ നാം അംഗീകരിച്ചാദരിച്ചേ പറ്റൂ.

സ്‌കൂള്‍ കുട്ടികളായിരുന്ന പ്രായം മുതല്‍ നമുക്കറിയാം നമ്മുടെ നാട്ടില്‍ പട്ടിണിയും ദാരിദ്ര്യവും മൂലം
ധാരാളം ആള്‍ക്കാര്‍ കഷ്ടപ്പെട്ടിരുന്നു. മൂന്നുനേരത്തെ ഭക്ഷണം ശരിയായി കഴിക്കുന്നതിനോ,
സ്‌കൂളിലേക്കാവശ്യമുള്ള പഠനസാമഗ്രികള്‍ വാങ്ങുന്നതിനോ, കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതിനോ, എന്തിനധികം നല്ല വസ്‌ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങി ധരിക്കുന്നതിനോ പലര്‍ക്കും സാധിച്ചിരുന്നില്ല. നഗ്നപാദരായി സ്‌കൂളില്‍ പൊയ്‌ക്കൊണ്ടിരുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.കയ്യില്‍കെട്ടുന്ന വാച്ചുകള്‍ പലര്‍ക്കും സ്വപ്‌നതുല്യമായിരുന്നു. എന്നാല്‍ ഇന്നു നാം തേനും, പാലും ഒഴുകുന്ന കാനാന്‍ ദേശത്തെത്തി സമ്പല്‍സമൃദ്ധിയില്‍ ജീവിക്കുമ്പോള്‍, നമ്മുടെ കുട്ടികള്‍ അല്ലലറിയാതെ വളരുമ്പോള്‍ നമ്മള്‍ പിന്നിട്ടുപോന്ന വഴികള്‍ മറന്നുകൂടാ. ഭക്ഷണസമയത്ത്‌ ഭിക്ഷയാചിച്ച്‌ ആരെങ്കിലും വീട്ടില്‍ കയറിവന്നാല്‍ ഉള്ളതില്‍പങ്ക്‌ അവര്‍ക്കുകൂടി നല്‍കി സന്തോഷത്തോടെ അവരെ പറഞ്ഞയക്കുന്ന നമ്മുടെ മാതാപിതാക്കളുടെ വിശാല മനസ്‌കത നാം കണ്ടിട്ടുള്ളതാണു. നാണയമായി ഭിക്ഷ കൊടുക്കാനില്ലെങ്കില്‍ അമ്മമാര്‍ അടുക്കളയില്‍നിന്നും അരിയോ മറ്റു ഭക്ഷണസാധനങ്ങളോ, വസ്‌ത്രങ്ങളോ എടുത്തുകൊണ്ടുവന്ന്‌ യാചകര്‍ക്കു കൊടുത്ത്‌ അവരെ നല്ല വാക്കുകള്‍ പറഞ്ഞ്‌ ആശ്വസിപ്പിച്ചുവിടുന്നതു ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്‌. അപ്പോള്‍ നിറമനസോടെ യാചകരും `അമ്മോ രക്ഷിക്കട്ടേ' എന്നു പ്രാര്‍ത്ഥിച്ചുപോകുന്നതും കണ്ടിട്ടുണ്ട്‌. സഹായം അഭ്യര്‍ത്ഥിച്ചുവരുന്ന ആരെയും വെറുംകയ്യോടെ ഒരിക്കലും തിരിച്ചയക്കാറില്ലായിരുന്നു നമ്മുടെ മാതാപിതാക്കളും പൂര്‍വികരും. ഇതുതന്നെയാണു ജീവകാരുണ്യത്തിന്റെ ഒന്നാം പാഠം. ഇതില്‍ക്കവിഞ്ഞ ഒരു നല്ല മാതൃക നമുക്കെവിടെ കിട്ടും. ചാരിറ്റി വീട്ടില്‍നിന്നുതന്നെയാണു തുടങ്ങേണ്ടത്‌. പ്രയാസത്തോടെയാണെങ്കിലും നാം അന്നൊക്കെ യാചകര്‍ക്കു നല്‍കിയിരുന്ന പത്തല്ലെങ്കില്‍ ഇരുപത്തിയഞ്ചു നയാപൈസതുട്ടിനു വിധവയുടെകൊച്ചുകാശിനേക്കാള്‍ മൂല്യമുണ്ടായിരുന്നു.

നിറമനസോടെ അതു കൊടുക്കുന്നവനും സ്വീകരിക്കുന്നവനും പൂര്‍ണസംതൃപ്‌തി ലഭിച്ചിരുന്നു. നമ്മുടെ മാതാപിതാക്കള്‍ കാണിച്ചുതന്നിരിക്കുന്ന ഈ മഹനീയ മാതൃക നമുക്കും ഈ വാഗ്‌ദത്തഭൂമിയില്‍ കാത്തു സുക്ഷിക്കുകയും നമ്മുടെ മക്കള്‍ക്ക്‌ ആ ശീലം പകര്‍ന്നു കൊടുക്കുന്നതിനു ശ്രമിക്കുകയും ചെയ്യാം.

ഇന്നു നമ്മള്‍ അമേരിക്കയില്‍ സമ്പല്‍സമൃദ്ധിയുടെ നടുവില്‍ ജീവിക്കുമ്പോള്‍ നമ്മെക്കാള്‍ ഭാഗ്യം
കുറഞ്ഞവരെയും, നമ്മള്‍ക്കൊപ്പം ദൈവാനുഗ്രഹം ലഭിച്ചിട്ടില്ലാത്തവരെയും സ്‌മരിക്കാനുള്ള അവസരം
കൂടിയാണീ ക്രിസ്‌മസ്‌, ന്യൂഈയര്‍ ഹോളിഡേ സീസണ്‍. ചുറ്റും കണ്ണോടിക്കുകയാണെങ്കില്‍ നമുക്കു കാണാന്‍ സാധിക്കും പല രീതിയില്‍ കഷ്ടതയനുഭവിക്കുന്ന ധാരാളം സഹോദരങ്ങള്‍ ഈലോകത്തിലുണ്ടെന്നും നമ്മള്‍ ആ നിര്‍ഭാഗ്യവാന്മാരെക്കാള്‍ എത്രയോ ഭാഗ്യം ലഭിച്ചവരാണെന്നും ഉള്ള പരമാര്‍ത്ഥം. ദാരിദ്ര്യവും, രോഗങ്ങളുംമൂലം നരകയാതന അനുഭവിക്കുന്നവര്‍, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍, നിരാലംബരായ വൃദ്ധജനങ്ങള്‍, അംഗവൈകല്യവും, ബുദ്ധിമാമ്പ്യവും ഉള്ളവര്‍, അല്‍പ്പം കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടേണ്ടിവരുന്നവര്‍, ശ്വസിക്കാന്‍ ശുദ്ധവായു ലഭ്യമല്ലാത്തവര്‍, അന്തിയുറങ്ങാന്‍ ഒരു കിടപ്പാടമില്ലാത്തവര്‍, പ്രകൃതിദുരന്തങ്ങളില്‍പെട്ട്‌ എല്ലാം നഷ്ടപ്പെട്ടവര്‍ അങ്ങനെ നീളുന്നു ഇല്ലായ്‌മകളുടെയും, വല്ലായ്‌മകളുടെയും പട്ടിക. ഇവരിലാരുടെയെങ്കിലും ജീവിതത്തില്‍ ഒരു കൈത്താങ്ങാവാന്‍ നമുക്കു സാധിച്ചാല്‍ അതീ ക്രിസ്‌മസ്‌ സീസണില്‍ നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയായിരിക്കും.`എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിലൊരുവനു നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌' (മത്തായി 25:40).`രണ്ടുടുപ്പുള്ളവന്‍ ഒന്നു ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ'. (ലൂക്കാ 3:11). മരുഭൂമിയില്‍ തന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തോട്‌ സ്‌നാപകയോഹന്നാന്‍ പറഞ്ഞതും ഇതുതന്നെയാണു. ദരിദ്രരില്‍ ദരിദ്രനായി പാതിരാവില്‍ അശരണരായ ആട്ടിടയരെ സാക്ഷിനിര്‍ത്തി ഒരു കാലിത്തൊഴുത്തില്‍ ഭൂജാതനായ യേശുദേവന്റെ തിരുപ്പിറവി അത്യാഡംബരപൂര്‍വം ആഘോഷിക്കാന്‍ ലോകമെങ്ങും തയാറെടുക്കുന്ന ഈ സമയത്ത്‌ ജിവകാരുണ്യപ്രവര്‍ത്തനങ്ങളും, ദൈന്യതയനുഭവിക്കുന്നവര്‍ക്ക്‌ സഹായഹസ്‌തം എത്തിക്കുക എന്ന മഹത്തായ ദൗത്യവും നമ്മുടെ ഹൃദയതലത്തിലും നിറഞ്ഞുനില്‍ക്കട്ടെ. ക്രിസ്‌മസ്‌ ആഘോഷങ്ങളില്‍നിന്നും ക്രിസ്‌തുവിനെ അകറ്റിനിര്‍ത്താതെ, ഉത്തമക്രൈസ്‌തവമുല്യങ്ങള്‍ നമ്മുടെ ജീവിതത്തിലും നമുക്കു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം.

ജീവകാരുണ്യപ്രവൃത്തിക്കു പറ്റിയ സമയം ഇതുതന്നെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക