Image

വര്‍ഷത്തിലെ നന്ദിനിയും ഹിറ്റ്: കുടുംബസദസുകളെ കീഴടക്കി ആശാ ശരത് (ആഷാ പണിക്കര്‍)

ആഷാ പണിക്കര്‍ Published on 15 November, 2014
വര്‍ഷത്തിലെ നന്ദിനിയും ഹിറ്റ്: കുടുംബസദസുകളെ കീഴടക്കി ആശാ ശരത് (ആഷാ പണിക്കര്‍)
കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ പ്രഫസര്‍ ജയന്തിയായി വന്ന ആശാശരത് കുടുംബസദസുകള്‍ക്ക് പ്രിയങ്കരിയായി മാറിയത് വളരെ പെട്ടെന്നായിരുന്നു. എന്നാല്‍ ദൃശ്യം എന്ന സിനിമയില്‍ ഐ.ജി ഗീതാ പ്രഭാകറായി വേഷമിടുന്നത് ആശയാണെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ ഇന്‍ഡസ്ട്രിയിലെ ചിലരെങ്കിലും നെറ്റി ചുളിച്ചു. സീരിയലില്‍ കണ്ണീര്‍ നായികയായ ഇവരെക്കൊണ്ട് ഇതു പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോ എന്നതായിരുന്നു പലരുടേയും ചിന്ത. എന്നാല്‍ സിനിമ റിലീസായി കഴിഞ്ഞപ്പോള്‍ അതിനൊപ്പം ഹിറ്റായത് ആശാശരത് അവതരിപ്പിച്ച കടുപ്പക്കാരിയായ പൊലീസ് ഓഫീസറുടെ കഥാപാത്രം കൂടിയായിരുന്നു. ചിത്രത്തിന്റെ വിജയം ആശയ്ക്ക് സമ്മാനിച്ചത് വളരെ വലിയൊരു ബ്രേക്കാണ്.  ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും കമലഹാസനൊപ്പം തമിഴ് പതിപ്പിലും ആശ അഭിനയിച്ചു. ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം നായികയായി എത്തിയ വര്‍ഷത്തിലും സ്വാഭാവികാഭിനയത്തിന്റെ മികച്ച അവതരണമാണ് ആശ കാഴ്ചവച്ചിട്ടുള്ളത്.

സാധാരണക്കാരന്റെ ജീവിതത്തില്‍ കണ്ടുപരിചയിച്ചിട്ടുള്ള കഥാപാത്രങ്ങളുമായാണ് വര്‍ഷം തിയേറ്ററുകളിലെത്തിയത്. അതുകൊണ്ടു തന്നെ മമ്മൂട്ടി അവതരിപ്പിക്കുന്ന വേണുവിനെയും ആശ അവതരിപ്പിച്ച നന്ദിനിയെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. വര്‍ഷം തിയേറ്റുകളില്‍ നല്ല അഭിപ്രായം നേടുന്നതിന്റെ സന്തോഷത്തിലാണ് ആശ. പടം റിലീസാകും വരെ ആകാംക്ഷയുടെ മുനയിലായിരുന്നു ഈ നടി.
മമ്മൂട്ടിയുടെ ഭാര്യയായി നന്ദിനി എന്ന കഥാപാത്രത്തയാണ് ആശ വര്‍ഷത്തില്‍ അവതരിപ്പിച്ചത്. ഏതൊരു സാധാരണ ഗ്രാമീണ മലയാളി ഭാര്യമാര്‍ക്കുള്ള എല്ലാ സ്വഭാവങ്ങളുമുള്ള കഥാപാത്രം. നല്ല വിദ്യാഭ്യാസമുള്ള വള്‍. ബാങ്കില്‍ ജോലി ഉണ്ടായിരുന്നിട്ടും കുടുംബജീവിതത്തിനു വേണ്ടി അതുപേക്ഷിച്ച സ്ത്രീ.  അയല്‍പക്കത്തെ വീട്ടില്‍ എന്തു നടക്കുന്നു എന്നറിയാന്‍ ഇത്തിരി കൂടുതല്‍ ആകാംക്ഷയും കുശുമ്പും കുന്നായ്മയും ഒക്കെയുള്ള ഒരു സ്ത്രീ. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഭര്‍ത്താവിനോട് കലഹിക്കുന്ന ഒരുവള്‍.  ഏകമകനെ പഠനത്തിലും പാഠ്യേതരകാര്യങ്ങളിലുമെല്ലാം മറ്റുള്ളവരേക്കാല്‍ മിടുക്കനാക്കണെമെന്ന വാശി. ഇതുപോലുള്ള പെണ്ണുങ്ങളെ നമ്മള്‍ ഇതിനു മുമ്പു കണ്ടിട്ടുണ്ടല്ലോ എന്നു തോന്നിപ്പോകും. അത്ര ഒറിജിനാലിറ്റിയോടെയാണ് ആശ നന്ദിനിയെ അവതരിപ്പിച്ചിട്ടുള്ളത്. ജീവന്റെ ജീവനായ മകന്റെ മരണ പിടിച്ചലയ്ക്കുന്ന അമ്മയുടെ ഹദയവേദനയും തുടര്‍ന്നുള്ള രംഗങ്ങളും തികഞ്ഞ കൈയ്യടക്കത്തോടെ ആശ അവതരിപ്പിച്ചിരിക്കുന്നു. അഭിനയ ചക്രവര്‍ത്തിയായ മമ്മൂട്ടിക്കൊപ്പം തകര്‍ത്തഭിനയിച്ചിരിക്കുന്നു ആശയെന്ന് ചിത്രം കണ്ടിറങ്ങുന്ന ആരും പറയും.

നന്ദിനിയെ കുറിച്ച് ചോദിച്ചാല്‍ താന്‍ വളരെ ആസ്വദിച്ചു ചെയ്ത വേഷമാണ് എന്നാണ് ആശയുടെ അഭിപ്രായം. പ്രത്യേകിച്ച് മാനറിസങ്ങളോ സംവിധായകന്റെ നിര്‍ദ്ദേശങ്ങളോ അങ്ങനെയൊന്നും വേണ്ടി വന്നില്ല ആശയ്ക്ക് നന്ദിനിയെ ഗംഭീരമാക്കാന്‍. കാരണം നന്ദിനിയാകാന്‍ ആശയ്ക്ക് അത്രയൊന്നും അഭിനയിക്കേണ്ടി വന്നില്ല എന്നതുതന്നെ കാരണം.  ആശാ ശരതിനുള്ള  പല സ്വഭാവങ്ങളും നന്ദിനിക്കുമുണ്ട്. വിവാഹിതരായ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോടും കുട്ടികളോടുമൊക്കെ കുറച്ചു പൊസസീവ്‌നെസ് കാണുമെന്നാണ് ആശയുടെ പക്ഷം. അതുപോലെ തിരിച്ചും. എന്നാലും അത് പരസ്പരമുള്ള സ്‌നേഹം കൂട്ടുക മാത്രമേ ചെയ്യൂ എന്നാണ് ആശയുടെ അഭിപ്രായം.

സാധാരണ നായികമാര്‍ സിനിമയിലേക്കു കടക്കുന്ന പ്രായത്തില്‍ നിന്നും വ്യത്യസ്തമായാണ് ആശ ചലച്ചിത്ര രംഗത്തേക്കു വന്നത്. അഭിനയിച്ച വേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എങ്കിലും
ആശാശരത് ഒരിക്കലും ഒന്നും നേരത്തേ പ്‌ളാന്‍ ചെയ്ത് സിനിമയില്‍ വന്ന ഒരാളല്ല. കുങ്കുമപ്പൂവ് സീരിയലിലെ കഥാപാത്രത്തിലൂടെ കേരളത്തിലെ കുടുംബസദസുകളുടെ മനം കവരാന്‍ കഴിഞ്ഞത് ആശയ്ക്ക് സിനിമയിലും കൂടുതല്‍ പ്രേക്ഷകരെ നേടിക്കൊടുത്തു. ദൃശ്യത്തിന്റെ കഥ കേട്ടപ്പോള്‍ അതിലെ വ്യത്യസ്തതയാണ് ആശയെ ആകര്‍ഷിച്ചത്. കുങ്കൂമപ്പൂവിലെ ഇമേജില്‍ നിന്നും തികച്ചും വിഭിന്നമായ വേഷം. അതുകൊണ്ട് ആ കഥാപാത്രം ചെയ്യാമെന്നു സമ്മതിക്കുകയായിരുന്നു.  അഭിനയിക്കുന്നതിന് പ്രായം തടസമാകുമെന്ന വിശ്വാസവും ആശയ്ക്കില്ല. ഏതു പ്രായത്തിലും ഒരാള്‍ക്ക് അഭിനയിക്കാന്‍ കഴിയും. അതിന്റെ ഏറ്റവും വലിയ തെളിവ് താന്‍ തന്നെയാണെന്നും ആശ പറയുന്നു.

മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിച്ചു കഴിഞ്ഞ ആശയ്ക്ക് ഇവരില്‍ നിന്നു ലഭിച്ച അറിവ് വളരെ വലുതാണ്. ആശയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ സാഗരതുല്യം.
രണ്ടു പേരും അവരുടേതായ രീതിയില്‍ അഭിനയിക്കുന്നവര്‍. കഥാപാത്രമായി രൂപാന്തരപ്പെടുന്നതിലെ അവരുടെ കഴിവാണ് ആശയെ വിസ്മയിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ആഴങ്ങളിലേക്ക് അവര്‍ കടന്നു ചെല്ലുന്നതിന്റെ വേഗത. അവരുടെ ജോലിയോടുള്ള സമീപനം, അത് എല്ലാവരും പഠിക്കേണ്ടതു തന്നെയാണെന്നാണ് ആശ പറയുന്നു. ഫീല്‍ഡില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും അവര്‍ക്ക് ജോലിയോടുള്ള ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും നമ്മള്‍ മാതൃകയാക്കണെമെന്നാണ് ആശ പറയുന്നത്. തങ്ങളുടെ കഥാപാത്രം മികവുറ്റതാക്കാന്‍ അവരെടുക്കുന്ന സ്‌ട്രെയ്ന്‍ പലപ്പോഴും തന്നെ വിസ്മയിപ്പിച്ചിട്ടുണ്ടെന്നും ആശ.  അതു കാണുമ്പോള്‍ ചിലപ്പോഴൊക്കെ നിരാശയും തോന്നിയിട്ടുണ്ടെന്ന് ആശ. ഇങ്ങനെയൊന്നും ചെയ്തു നോക്കാന്‍ തനിക്കു കഴിഞ്ഞില്ലല്ലോയെന്ന നിരാശ. മമ്മൂക്കയുടേയും ലാലേട്ടന്റെയുമൊക്കെ ജോലിയോടുള്ള ആത്മസമര്‍പ്പണം കാണുമ്പോള്‍ തനിക്കും ഏറെ സന്തോഷം തോന്നിയിട്ടുണ്ടെന്ന് ആശ വ്യക്തമാക്കുന്നു.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിച്ചെങ്കിലും അവരെ താരതമ്യം ചെയ്യാന്‍ ആശയില്ല.
രണ്ടു പേരും രണ്ട് തലത്തിലുള്ളവരാണ്. ലാലേട്ടന്‍ വളരെ സൗഹൃദപരമായി ഇടപെടുന്ന ആളാണ്.  വളരെ ലളിതമായി കാര്യങ്ങള്‍ കാണുകയും പെരുമാറുകയും ചെയ്യും.  മമ്മൂക്ക വളരെ സൗമ്യനാണ്. ആദ്യമൊക്കെ അദ്ദേഹം വളരെ സീരിയസാണെന്നായിരുന്നു തന്റെ വിശ്വാസം. എന്നാല്‍ വളരെ നര്‍മബോധമുള്ള മറ്റൊരു മമ്മൂക്കയെയാണ് തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് ആശ അത്ഭുതത്തോടെ പറയുന്നു.

ദൃശ്യം ആശയെ സംബന്ധിച്ച് വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു. കൂടാതെ അതിന്റെ കന്നഡ, തമിഴ് പതിപ്പുകളിലും അഭിനയിക്കാനുള്ള ഭാഗ്യവും ആശയ്ക്കുണ്ടായി. മലയാള പ്രേക്ഷകനു തന്നെ ദൃശ്യം കാഴ്ചവച്ചത് ഒരു വലിയ വിസ്മയമാണ്. ക്‌ളൈമാക്‌സില്‍ ഇത്രയേറെ കൈയ്യടി നേടിയ ഒരു സിനിമ ദൃശ്യം പോലെ സമീപ കാലത്ത് മലയാലത്തില്‍ വേറൊന്ന് ഉണ്ടായിട്ടുമില്ല. തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം ഇറങ്ങിയത്. ഇതില്‍ തെലുങ്ക് ഒഴികെയുള്ള ഭാഷകളില്‍ അഭിനയിക്കാനും ആശയ്ക്ക് സാധിച്ചു. തെലുങ്കിലും ആശയെ തന്നെയാണ് അവര്‍ ആദ്യം ക്ഷണിച്ചത്, പക്ഷേ എല്ലാത്തിന്റേയും ഷൂട്ട് ഒരേ സമയത്തായിരുന്നു അതുകൊണ്ട് ആശയ്ക്ക് അത് അല്‍പം വേദനയോടെയാണെങ്കിലും ഒഴിവാക്കേണ്ടി വന്നു.  ആദ്യമേ കമ്മിറ്റ് ചെയ്തത് കന്നഡയ്ക്കായിരുന്നു. അതിനാലാണ് തെലുങ്കിന്റെ ഭാഗമാകാന്‍ കഴിയാതെ പോയത്. രവി ചന്ദ്രന്‍, പ്രഭു ഗണേശന്‍ എന്നിവരായിരുന്നു ആശയ്‌ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ചത്. പി. വാസുവായിരുന്നു ഡയറക്ടര്‍. ആശയെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു കന്നഡയിലെ ദൃശ്യം. പരിചയമില്ലാത്ത ഭാഷ, പുതിയ ആളുകള്‍, പുതിയ സംവിധായകന്‍, അഭിനേതാക്കള്‍ അങ്ങനെയെല്ലാം കൊണ്ടും പുതുതായി ദൃശ്യം വീണ്ടും ഷൂട്ട് ചെയ്യുന്ന അനുഭവമാണ് കന്നഡയിലെ ദൃശ്യം ആശയ്ക്ക് സമ്മാനിച്ചത്.

 തമിഴിലും മലയാളത്തിലും ഗീത ഐപിഎസും കന്നഡയില്‍ രൂപ ഐപിഎസ് എന്നുമാണ് കഥാപാത്രത്തിന്റെ പേര്. കന്നഡയില്‍ അഭിനയിച്ചപ്പോള്‍ ഭാഷ ശരിക്കും ഒരു പ്രശ്‌നമായിരുന്നു. ഡയലോഗുകള്‍ മുഴുവന്‍  കാണാതെ പഠിക്കുകയായിരുന്നു. തമിഴില്‍ പക്ഷേ ഭാഷ ഒരു തടസമായില്ലെന്ന് ആശ. പരിചയമുള്ള ക്രൂവായിരുന്നു. ഡയറക്ടര്‍ ജീത്തു ജോസഫ്, ക്യാമറ സുജിത് വാസുദേവ്, എസ്തര്‍ തുടങ്ങി എല്ലാവരും ദൃശ്യത്തിലെ ആളുകള്‍ തന്നെ.  എന്നാല്‍ ആശയെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യം ചെറുപ്പം മുതല്‍ ആരാധിച്ചിരുന്ന കമല്‍ കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്നതു തന്നെയായിരുന്നു. എന്നാല്‍ ആശയെ വിസമയിപ്പിച്ചത് കമല്‍ഹാസന്റെ മലയാളത്തോടുള്ള സ്‌നേഹമായിരുന്നു. ഷൂട്ടീങ്ങ് കഴിയും വരെ കമല്‍ മലയാളത്തില്‍ മാത്രമാണ് സംസാരിച്ചതെന്ന് പറയുമ്പോള്‍ ആശയ്ക്ക് ഉലകനായകനോടുള്ള ബഹുമാനം ഇരട്ടിയാകുന്നു.

സീരിയലിലും സിനിമയിലും വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുമ്പോഴും ഇതൊക്കെ സാധിച്ചത് സ്വന്തം വീട്ടില്‍ നിന്നു ലഭിക്കുന്ന പിന്തുണ കൊണ്ടു മാത്രമാണെന്ന് ആശ എല്ലാ അഭിമുഖത്തിലും പറയാറുണ്ട്. വീട്ടുകാര്യങ്ങളിലും മക്കളുടെ പഠനകാര്യത്തിലും ആശ ഒരു വിട്ടുവീഴ്ചയും വരുത്താറില്ല. ഭര്‍ത്താവ്, മക്കള്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവരെല്ലാം ആശയ്ക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്. നവംബറില്‍ പെയ്ത 'വര്‍ഷം' തിയേറ്ററുകളില്‍ കുടുംബ സദസുകളുടെ കൈയ്യടി നേടി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ആശ. ഈ മാസം 28ന് ജീന്‍ മാര്‍ക്കോസിന്റെ ഏയ്ഞ്ചല്‍സും റിലീസാകും. അതിലും വളരെ മികച്ച വേഷമാണ് ആശയ്ക്കുള്ളത്.
വര്‍ഷത്തിലെ നന്ദിനിയും ഹിറ്റ്: കുടുംബസദസുകളെ കീഴടക്കി ആശാ ശരത് (ആഷാ പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക