Image

അക്ഷരസ്‌നേഹിയായ വി.ചാവറയച്ചന്‍- സണ്ണി മാമ്പിള്ളി

സണ്ണി മാമ്പിള്ളി Published on 29 November, 2014
അക്ഷരസ്‌നേഹിയായ വി.ചാവറയച്ചന്‍- സണ്ണി മാമ്പിള്ളി
ന്യൂജേഴ്‌സി : ചരിത്രത്തിന്റെ യുഗന്ധികളില്‍ ആകസ്മികമായി മാത്രം അവതരിക്കുന്നവരാണ് മഹാന്മാര്‍. അവരുടെ സര്‍ഗ്ഗസഞ്ചാര സ്മൃതികള്‍ അനേകര്‍ക്ക് വഴികാട്ടിയായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ആത്മീയതലത്തില്‍ മാത്രമല്ല, സാംസ്‌ക്കാരിക മേഖലയിലും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ, കത്തോലിക്കാ തിരുസ്സഭ പുണ്യപൂര്‍ണ്ണതയുടെ വിശുദ്ധപദവി നല്‍കി ആഗോളതലത്തില്‍ ആദരിച്ചതില്‍, മലയാളികളേവര്‍ക്കും അഭിമാനിക്കാം, ആനന്ദിക്കാം. മതത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ സവര്‍ണ്ണരേയും അവര്‍ണ്ണരേയും, ചണ്ഡാലനേയും ബ്രാഹ്മനേയും പണ്ഡിതനേയും പാമരനേയും ദൈവമക്കളായ് തുല്യതയില്‍ കണ്ട്. അളവുകളില്ലാത്ത, അതിരുകളില്ലാത്ത ദൈവസ്‌നേഹത്തിന്റെ നിര്‍മ്മല നിത്സരിയില്‍ നിര്‍ലീനമാക്കിയ തന്റെ സേവന ഫലങ്ങള്‍ സകലര്‍ക്കും സംലഭ്യമാക്കാന്‍ സാധിച്ചതാണ് വി.ചാവറയച്ചന്റെ ജീവിത വിജയരഹസ്യം.

1805 ഫെബ്രുവരി 10ന് കൈനകരിയില്‍ കുര്യാക്കോസ് ചാവറയുടെയും മറിയം തോപ്പിലിന്റേയും മകനായി കുര്യാക്കോസ് ഏലിയാസ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1818 ല്‍ പാലയ്ക്കല്‍ തോമ്മാ മല്‍പാന്റെ സെമിനാരിയില്‍ വൈദികപഠനത്തിനായ് ചേര്‍ന്നു. 1829 നവംബര്‍ 29ന് പട്ടം സ്വീകരിച്ച് വൈദികനായി. സഹപ്രവര്‍ത്തകരായ പാലക്കല്‍ തോമന്‍പ്പാനും പേരൂര്‍ക്കര തോമ്മാച്ചനും ചേര്‍ന്ന് കര്‍മെലെറ്റ് ഓഫ് മേരി ഇമ്മാക്യുലേറ്റ്(CMI) എന്ന പേരില്‍ സന്യാസസഭ സ്ഥാപിച്ചു.

സാധാരണ ജനങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കായി എല്ലാ ഇടവകയിലും വാര്‍ഷിക ധ്യാനങ്ങള്‍ നടത്തിയും, കൊന്തനമസ്‌ക്കാരം, കുരിശിന്റെ വഴി, നിത്യാരാധന തുടങ്ങിയ ഭക്തി മാര്‍ഗ്ഗങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്  സഭയിലാകമാനം അതിശയകരമായാരാത്മീക നവോത്ഥാനത്തിന് നാന്ദി കുറിക്കാന്‍ ചാവറയച്ചന് കഴിഞ്ഞു. മനുഷ്യന്റെ സര്‍വ്വതോന്മുഖമായ ഉയര്‍ച്ചയ്ക്ക് ആത്മീയ വളര്‍ച്ച മാത്രമല്ല, ബൗദ്ധീകതലത്തിലും സാമൂഹിക മേഖലയിലും മാറ്റങ്ങള്‍ വരുത്തണമെന്ന തിരിച്ചറിവാണ് ആത്മീയ മൂല്യങ്ങളിലും ആസ്തിക്യബോധത്തിലും അടിവേരോടിയ തന്റെ പ്രവര്‍ത്തനശൈലിക്ക് രൂപം നല്‍കുവാന്‍ ചാവറയച്ചന് കഴിഞ്ഞത്.

സഭയുടെ വികാരി ജനറാളായി സ്ഥാനമേറ്റപ്പോള്‍ പള്ളിയോടൊപ്പം കൂടവും(ചെറിയകെട്ടിടം) പണിയമെന്ന നിര്‍ബന്ധിത നിര്‍ദ്ദേശം എല്ലാ ദേശക്കാര്‍ക്കും നല്‍കുകയുണ്ടായി. അങ്ങിനെയാണ് പള്ളിയോടടുത്തുള്ള സ്‌ക്കൂളിന് പള്ളിക്കൂടം എന്ന പേരുണ്ടായത്.
സമൂഹത്തില്‍ ഉന്നത ജാതിയില്‍പെട്ടവന് മാത്രം ഗുരുകുല വിദ്യാഭ്യാസം നിലനിന്നിരുന്ന അക്കാലത്ത് ജാതി മതഭേദമെന്യേ എല്ലാവര്‍ക്കും ഒരു ബഞ്ചില്‍ ഒരു സ്‌ക്കൂളില്‍ ഒന്നിച്ചിരുന്നു പഠിക്കാനുള്ള വിപ്ലവകരമായ സാമൂഹികമാറ്റത്തിന് തുടക്കം കുറിച്ചത് ചാവറയച്ചനാണ്. ഗുരുകുല വിദ്യാഭ്യാസത്തില്‍ സംസ്‌കൃതം മാത്രം പഠിച്ചിരുന്നപ്പോള്‍ സ്‌ക്കൂളുകളില്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും പഠിപ്പിക്കാനുള്ള പാഠംപദ്ധതിക്ക് ചാവറയച്ചന് രൂപം നല്‍കി. താഴ്ന്ന ജാതിയില്‍പെട്ട മാതാപിതാക്കള്‍ കൂലിവേലക്ക് പോകുമ്പോള്‍ കൂടെ കുട്ടികളേയും കൊണ്ടു പോകുമായിരുന്നു. ഉച്ചക്കഞ്ഞി കുട്ടികള്‍ക്ക് കിട്ടുന്നതായിരുന്നു കാരണം. ഇത് മനസ്സിലാക്കിയ ചാവറയച്ചന്‍ ധനിക വീടുകള്‍ തോറും കയറിയിറങ്ങി ഓരോ ഭവനത്തില്‍ നിന്നും ഒരുപിടി ഇമി വാങ്ങിച്ച് അതുകൊണ്ട് സ്‌ക്കൂളില്‍ വരുന്ന ദരിദ്ര കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി കൊടുക്കുമായിരുന്നു. ഇന്നും ഗവ.സ്‌ക്കൂളുകളില്‍ നല്‍കി വരുന്ന ഉച്ചഭക്ഷത്തിന്റെ തുടക്കം ചാവറയച്ചനില്‍ നിന്നാണ്. രാവന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത ശേഷം കൂലിക്കായി കൈനീട്ടുമ്പോള്‍ പലപ്പോഴും ജോലിചെയ്തവര്‍ക്ക് കൂലികിട്ടുമായിരുന്നില്ല. ചാവറ പിതാവ് എല്ലാവരേയും വിളിച്ചുകൂട്ടി വേല ചെയ്യുന്നവന്‍ കൂലിക്കര്‍ഹരാണെന്ന സത്യം ധരിപ്പിച്ച് വിടുന്നൊരു പതിവായിത്തീര്‍ന്നു. കൂലിയായി കൊടുത്തിരുന്ന നെല്ലിന് പകരം അരി നല്‍കാന്‍ പ്രേരിപ്പിച്ചതും പാവങ്ങള്‍ക്ക് ഏറെസഹായകമായി.
ജനങ്ങളെ വായിക്കാന്‍ പഠിപ്പിച്ചാല്‍ മാത്രം പോരാ, തുടര്‍ന്നും വായിക്കാനുള്ളവ അവര്‍ക്കു നല്‍കണമെന്ന തീവ്രമായമായ ചാവറയച്ചന്റെ ആഗ്രഹം 1846 ജൂലൈ മൂന്നാം തീയതി ചവറ പിതാവ് രൂപകല്പനയേകിയ ക്രിസ്താനികളുടെ ആദ്യത്തെ പ്രസ്സ് വാകത്താനത്ത് സ്ഥാപിതമായി. ബൈബിള്‍ സന്ദേശങ്ങളും പ്രാര്‍ത്ഥകളും പ്രസ്സിലടിച്ച് വിതരണം ചെയ്യുകയായിരുന്നു ഈ പ്രസ്സിന്റെ ലക്ഷ്യം. ഈ പ്രസ്സിന്റെ പരിഷ്‌ക്കരിച്ച എഡിസണില്‍ നിന്നുമാണ് കേരളത്തിലെ ആദ്യദിനപത്രമായ “നസ്രാണി ദീപിക” പുറത്തിറങ്ങിയത്.

വിശുദ്ധനായി നാമകരണം ചെയ്യുന്ന ചാവറയച്ചന്‍ ആദ്ധ്യാത്മീക നവോദാവും സാമൂഹ്യ പരിഷ്‌കര്‍ത്താവും മാത്രമല്ല അവിടന്ന് നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു “അനസ്ത്യാസ്യയുടെ രക്തസാക്ഷ്യം” എന്ന മലയാളഭാഷയിലെ ആദ്യത്തെ ഖണ്ഡകാവ്യം ചാവറപിതാവിന്റെ തൂലികയില്‍ വിരിഞ്ഞതാണ്.

മലയാളഭാഷയിലെ പലശാഖകള്‍ക്കും തുടക്കം കുറിച്ചത് ചാവറയച്ചനാണ്. ഗ്രീക്ക് ലാറ്റിന്‍ ഭാഷയില്‍ വളരെ പ്രസിദ്ധമായ ഇടയനാടകങ്ങളുടെ ശൈലിയില്‍ പത്തോളം ലഘുനാടകള്‍ ചാവറയച്ചന്റേതായിട്ടുണ്ട്. പാലക്കല്‍ തോമ്മാ മല്‍പാനെക്കുറിച്ച് ചാവറയച്ചന്‍ എഴുതിയ ജീവചരിത്രം ഒരു മലയാളി മറ്റൊരു മലയാളിയെക്കുറിച്ച് എഴുതിയ ആദ്യത്തെ ജീവചരിത്രമാണ്. കുടുംബാംഗങ്ങള്‍ പരസ്പരം പലര്‍ത്തേണ്ട ചട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ചവറയച്ചന്‍ എഴുതിയ 'ഒരു നല്ല അപ്പന്റെ പാവകള്‍' ഇന്നും പ്രസക്തമാണ് ആത്മകഥാംശം തുളുമ്പുന്ന ആത്മാനുതാപം എന്ന പദ്യകൃതിയും വേദശാസ്ത്രവും ആരാധനയുമായി ബന്ധപ്പെട്ട ഒട്ടനവധി കൃതികളും അദ്ദേഹം രചിച്ചു. മലയാള ഭാഷ അത്രക്കൊന്നും വികസിച്ചിട്ടായിരുന്ന അക്കാലത്ത് ചാവറയച്ചന്റെ കൃതികള്‍ മലയാള ഭാഷയിലെ നാഴികക്കല്ലുകള്‍ തന്നെ.

ദിവ്യകാരുണ്യസന്നിധിയില്‍ നിന്നാര്‍ജ്ജിച്ചെടുത്ത ആത്മീയചൈതന്യവും നിശബ്ദത വിഷയങ്ങളില്‍ കാതോര്‍ത്തിരുന്ന് കരഗതമാക്കിയ ദൈവഹിതവും സമന്വയിപ്പിച്ച് സമാഹരിച്ച ദൈവീകശക്തിയാണഅ തന്നെ തേടിയെത്തിയ ആലംബഹീനരും ആശനശിച്ചവരും അനഥാര്ര്‍ക്കും, ആശ്വാസമായ അനുഭവമായ്, അനുഗ്രഹമായി ഭവിക്കുന്നത്. 1871 ജനുവരി മൂന്നിന് ദൈവീക ചൈതന്യം നിറഞ്ഞ ഈ പവിത്രാത്മാവ് പരമപിതാവിന്റെ പവിത്രസന്നിധിയിലെടുക്കപ്പെടുന്നു എങ്കിലും ഇന്നും വശ്യവിശുദ്ധിയുടെ വിശ്വപ്രഭ വീശി വിശ്വവിഹായസ്സില്‍ വിളങ്ങിനില്‍ക്കുന്നു. ഈയിടെ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ സാംസ്‌ക്കാരിക നായകരുടെ ഗണത്തില്‍ ചേര്‍ത്തംഗീകരിക്കുന്നതിനും വൈകിവന്ന ഈ വിവേകത്തെ നമിക്കാതെ വയ്യ.


അക്ഷരസ്‌നേഹിയായ വി.ചാവറയച്ചന്‍- സണ്ണി മാമ്പിള്ളി
Join WhatsApp News
Tom Mathews 2014-12-01 05:40:25
Dear Editor: It is refreshing to read Sunny Mampilly's occasional articles published in 'emalayalee'. He is blessed with a vast vocabulary and writing skills. I hope he would venture into writing short stories and eventually novel writing. Tom Mathews, New Jersey
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക