Image

ലിസി- പ്രിയദര്‍ശന്‍ വേര്‍പിരിയുന്നു

Published on 01 December, 2014
ലിസി- പ്രിയദര്‍ശന്‍ വേര്‍പിരിയുന്നു

കൊച്ചി: സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യ ലിസിയും 24 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ഇന്നലെ ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ലിസി തന്നെയാണ് ഇക്കാര്യം അടുത്ത സുഹൃത്തുക്കളെ അറിയിച്ചത്. കേസിന്റെ അടുത്ത ഘട്ടമായി ഇരുവരെയും ഉടന്‍ കൗണ്‍സലിംഗിനു വിളിക്കുമെന്ന് ലിസിയുടെ അഭിഭാഷകന്‍ ഷൈബി സി. കിടങ്ങൂര്‍ കേരളകൗമുദിയോട് പറഞ്ഞു. 

1990 ഡിസംബര്‍ 13നായിരുന്നു പ്രിയന്റെയും ലിസിയുടെയും വിവാഹം. 'ചിത്രം' എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ക്രിസ്തുമത വിശ്വാസിയായിരുന്ന ലിസി ഹിന്ദു മതം സ്വീകരിച്ച് ലക്ഷ്മിയെന്ന പേരു മാറ്റിയാണ് വിവാഹിതയായത്. തുടര്‍ന്ന് അഭിനയം വിട്ടു. കല്യാണി, ? സിദ്ധാര്‍ത്ഥ് എന്നീ രണ്ടു മക്കളാണ് ഇവര്‍ക്ക്. ചെന്നൈയിലായിരുന്നു താമസം. 

എണ്‍പതുകളില്‍ പ്രിയന്‍, ലാല്‍, ലിസി ടീമായിരുന്നു മലയാള ഹിറ്റ് സിനിമകളുടെ ചേരുവ. അന്ന് പ്രിയന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെ ലിസി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇരുവരും പിരിയാതിരിക്കാന്‍ മോഹന്‍ലാല്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബോളിവുഡിലെ ഹിറ്റ് മേക്കറായ പ്രിയന്റെ വിവാഹ മോചന വാര്‍ത്ത ദേശീയ മാദ്ധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 
അഭിപ്രായ വ്യത്യാസം തുടങ്ങുന്നത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ചതു മുതലാണ്. പ്രിയദര്‍ശന്റെ ടീമായ അമ്മ കേരള സ്‌െ്രെടക്കേഴ്‌സിന്റെ ഉടമയാണ് ലിസി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിവാഹമോചനത്തിന്റെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. 

 ആവശ്യപ്പെട്ടത് 80 കോടി 

വിവാഹ മോചനത്തിന് നഷ്ടപരിഹാരമായി ലിസി ആവശ്യപ്പെട്ടത് 80 കോടി രൂപയാണെന്നാണ് അറിയുന്നത്. ക്രിക്കറ്റ് ടീമിന് പുറമേ ചെന്നൈയിലുള്ള 'ഫോര്‍ ഫ്രെയിംസ്' എന്ന ഫിലിം സ്റ്റുഡിയോയും സിംഗപ്പൂരിലെ സ്റ്റുഡിയോയും ഉള്‍പ്പെടെയുള്ള ബിസിനസ് സംരംഭങ്ങള്‍ താനാണ് വളര്‍ത്തി വലുതാക്കിയതെന്നും അതിനാല്‍ അതില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് തനിക്ക് വേണമെന്നുമാണ് ലിസിയുടെ ആവശ്യം. 


 ''പ്രിയനുമായി വേര്‍പിരിയുന്ന കാര്യം ഏറെ വിഷമത്തോടെ അറിയിക്കുന്നു. മക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഇക്കാര്യം അറിയാം. ജീവിതത്തിലെ ഏറെ വിഷമകരമായ സമയം ആയതിനാല്‍ ഏവരും ഞങ്ങളുടെ സ്വകാര്യത മാനിക്കണം,'' ലിസി അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക